ഇവരുടെ ജീവന്‍ രക്ഷിക്കണം; രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി തെലങ്കാന പുകയുന്നു

ജയിലില്‍ കഴിയുന്ന സായിബാബയുടെയും വരവര റാവുവിന്‍റെയും ആരോഗ്യനില വഷളായി വരുന്നു. മതിയായ ചികിത്സക്ക് വേണ്ടിയുളള നിരന്തര ആവശ്യം കോടതികൾ കേൾക്കുന്നില്ല…
_ അജയൻ കുമാർ

തെലങ്കാന പുകയുകയാണ്, കക്ഷി രാഷ്ട്രീയത്തിനതീതമായി. കോവിഡ് കാലത്തെ മനുഷ്യാവകാശ -പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി ആന്ധ്ര-തെലങ്കാന തെരുവുകൾ രോഷാഗ്നി ഗാനങ്ങളാൽ മുഖരിതമാണ്.

ഭീമാ കൊറെഗാവ് കേസിന്‍റെ മറവിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ച വിപ്ലവ ജനകീയ കവിയും RDF-(Revolutionary Democratic Front) അഖിലേന്ത്യാ പ്രസിഡന്‍റും ആയിരുന്ന വരവരറാവു, മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനും RDF അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. ജി എൻ സായിബാബ എന്നിവർ രോഗബാധിതരാണ്.

മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം തീവ്രമാവുകയും അത് സൃഷ്ടിക്കുന്ന ഭീതിയിൽ നിന്ന് ജയിലുകളും മുക്തമല്ല.  സായിബാബയുടെയും വരവര റാവുവിന്‍റെയും ആരോഗ്യനില വഷളായി വരുന്നു. മതിയായ ചികിത്സക്ക് വേണ്ടിയുളള നിരന്തര ആവശ്യം കോടതികൾ കേൾക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാതലത്തിൽ പ്രചരണം ശക്തമായത്.

കോടതി വിധി വരാൻവേണ്ടി കാത്തിരിക്കുകയല്ല പ്രതിഷേധിക്കുന്നവർ. പ്രതിഷേധങ്ങള്‍ക്ക് മോഡലുകളില്ല. കോടതി വിധിക്കായി കാത്തിരിപ്പ് ഇല്ല. തെലങ്കാന, ആന്ധ്ര, മുംബൈ, റായ്പൂർ, കൽക്കത്ത, ഡൽഹി, ഭുവനേശ്വർ എന്നിവിടങ്ങളിൽ സമരം ജൈവീകമായി ഉയരുന്നു. മധുര, ചെന്നൈ എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാകുന്നു.

കോടതിവിധി എന്തുമാകട്ടെ, ഇവരുടെ ജീവന്‍ രക്ഷിക്കാനുള്ള സമരം വികസിക്കുന്നു. ആ വികാസത്തിലൂടെയാണ് കോവിഡ് കാലത്ത് 60 വയസ്സ് കഴിഞ്ഞ തടവുകാർക്ക് ജാമ്യം നൽകാൻ തീരുമാനമായത്. എന്നാൽ ഭരണകൂടം ആ തീരുമാനത്തിൽ വെള്ളം ചേർത്തു. UAPA കേസുളളവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല എന്നു അവര്‍ വ്യക്തമാക്കി. ഈ തിരുമാനം പുനപരിശോധിക്കാനും, വരവരറാവു അടക്കമുള്ള രാഷ്ട്രീയ തടവുകാർക്ക് ജാമ്യം നൽകാനുമാണ് പ്രതിഷേധങ്ങള്‍ ആവശ്യപ്പെടുന്നത്.

Click Here