സാമ്പത്തിക സംവരണം; കമ്മ്യുണിസ്റ്റുകൾ വെച്ചു പുലർത്തേണ്ട സാമൂഹ്യ കാഴ്ചപാടിനെ അട്ടിമറിക്കുന്നു

“സംവരണം ഒരിക്കലും സാമ്പത്തിക അസമത്വത്തെ മുൻനിർത്തിയ ഒരു പദ്ധതിയല്ല. മറിച്ചത് സാമൂഹ്യ പിന്നോക്കാവസ്ഥയുടേയും ജാതീയ അടിച്ചമർത്തലിൻ്റെയും ചരിത്രപരമായ സാഹചര്യത്തെ മുൻനിർത്തി രൂപപ്പെടുത്തി വികസിപ്പിച്ച ഒരാശയമാണ്…”
_ പ്രസ്താവന, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

സാമ്പത്തിക സംവരണം സംബന്ധമായ പിണറായി സർക്കാർ ഉത്തരവ് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതും

സാമ്പത്തിക സംവരണവാദം ഇന്ന് വളരെ പ്രബലമാണ്. ബി.എസ്.പി അടക്കം ഏതാണ്ട് എല്ലാ പാർട്ടികളും ഇത്തരം നിലപാടിൻ്റെ വക്താക്കളാണ്. ഈ നിലപാടിൻ്റെ കൂടുതൽ ശക്തമായ ഒരിടപെടലാണ് ഇപ്പോഴത്തെ സവർണ്ണ സംവരണം. മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് (സവർണ്ണർക്ക് ) 10 ശതമാനം സംവരണം നൽകാൻ തീരുമാനിച്ച പിണറായി സർക്കാർ ഉത്തരവ് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഭരണഘടനാ മൂല്യങ്ങൾക്ക് എതിരും മാത്രമല്ല, അത് കമ്മ്യുണിസ്റ്റുകൾ വെച്ചു പുലർത്തേണ്ട സാമൂഹ്യ കാഴ്ചപാടിനെ അട്ടിമറിക്കുന്നതുമാണ്.

സംവരണം ഒരിക്കലും സാമ്പത്തിക അസമത്വത്തെ മുൻനിർത്തിയ ഒരു പദ്ധതിയല്ല. മറിച്ചത് സാമൂഹ്യ പിന്നോക്കാവസ്ഥയുടേയും ജാതീയ അടിച്ചമർത്തലിൻ്റെയും ചരിത്രപരമായ സാഹചര്യത്തെ മുൻനിർത്തി രൂപപ്പെടുത്തി വികസിപ്പിച്ച ഒരാശയമാണ്. പല നിലക്കും സംവരണം തന്നെ ഒട്ടേറെ ന്യൂനതകളുള്ളതും ഭാഗികവുമാണ്. അധികാരത്തിൻ്റെ ഇടനാഴിയിൽ തൻ്റെ ആളുണ്ടെന്ന തോന്നൽ മർദ്ദിത ജാതി വിഭാഗങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസത്തെ കുറിച്ചേ പ്രസിദ്ധമായ മണ്ഡൽ കമ്മീഷൻ പോലും പറയുന്നുള്ളൂ. 70 വർഷത്തെ ജാതിസംവരണത്തിൻ്റെ പ്രയോഗം കാര്യമായ ഒരു സാമൂഹ്യ വികാസത്തിന് വേണ്ടത്ര കിഴാള ജനതക്ക് ഉപകരിച്ചില്ല എന്നതും ഒരു വസ്തുതയാണ്. ഇതെല്ലാം പരിഹരിച്ച് വികസിപ്പിക്കുന്നതിന് പകരം അതിൻ്റെ അന്തസത്തയെ തന്നെ ചോർത്തികളയുന്നതാണ് ഇപ്പോഴത്തെ നീക്കം.

സവർണ്ണ സംവരണത്തിലൂടെ നിലവിൽ എല്ലാ നിലക്കും മേധാവിത്വ പുലർത്തുന്ന ജാതി വിഭാഗങ്ങൾക്ക് 10 ശതമാനം കൂടി സംവരണം ലഭിക്കുകയാണ്. അപ്പോൾ സാമൂഹ്യ ആധിപത്യം ഉറപ്പിച്ചവരുടെ മേധാവിത്വം ഒന്ന് കൂടി ദൃഡപ്പെടുകയാണ് ഉണ്ടാവുക. ഉന്നത ഉദ്യോഗങ്ങളിൽ ജനസംഖ്യാനുപാതത്തേക്കാൾ മുന്നോക്ക ജാതിക്കാരാണ് എന്ന യഥാർത്ഥ്യം പകൽ പോലെ വ്യക്തമാണ്. മുന്നോക്ക ഹിന്ദു വിഭാഗങ്ങളുടെ സർക്കാർ ഉദ്യോഗത്തിലെ പ്രാതിനിധ്യം അവരുടെ ജനസംഖ്യാനുപാതത്തെക്കാൾ 42 ശതമാനം കൂടുതലാണ്. മുന്നോക്ക കൃസ്ത്യാനികളുടെ കണക്കാവട്ടെ 25 ശതമാനവും. 2006ൽ പുറത്തിറക്കിയ ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കേരള പഠന റിപ്പോർട്ടനുസരിച്ച് 27 ശതമാനത്തോളം വരുന്ന മുസ്‌ലിങ്ങളുടെ ജോലി പ്രാതിനിധ്യം വെറും 11.4 ശതമാനം മാത്രമാണ്. അതായത് 136 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉള്ളതിൽ തന്നെ അധിക ഉദ്യോഗസ്ഥരും താഴ്ന്ന തസ്തികകളിൽ തന്നെയാണ് എന്നതാണ് സത്യം.

മറ്റൊരു പ്രാധാന വസ്തുത 18നും 25നും ഇടയിൽ പ്രായമുള്ള കേരളത്തിലെ യുവാക്കളിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളതും മുസ്‌ലിം സമുദായത്തിൽ ആണെന്ന് ഈ പഠനം പറയുന്നു. ഇവർ ഏകദേശം 55 ശതമാനത്തോളം വരും.
എന്നാൽ മറുവശത്തോ, 1.3 ശതമാനമുള്ള മുന്നോക്ക ഹിന്ദുക്കൾക്ക് 3.1 ശതമാനനം പ്രാതിനിധ്യം ലഭിക്കുമ്പോൾ, 12.5 ശതമാനം അടുത്ത് വരുന്ന നായർ വിഭാഗം 21.1 ശതമാനം തൊഴിലുകളും കൈയ്യടക്കി വച്ചിരിക്കുന്നു. അതായത് മൊത്തം നായർ ജനസംഖ്യയുടെ 40 ശതമാനത്തിലും അധികം. 18.3 ശതമാനംവരുന്ന ക്രിസ്ത്യൻ സമുദായം 20.6 ശതമാനം തൊഴിൽ കയ്യടക്കി വച്ചിരിക്കുന്നു. പട്ടിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥ പങ്കാളിത്തം ജനസംഖ്യാനുപാതത്തെക്കാൾ 42 ശതമാനം കുറവാണ്. മാത്രമല്ല ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിച്ച തൊഴിലുകളിലധികവും താഴ്ന്ന തസ്തികകളിലെ ജോലികളുമാണ്.

ഇത്തരം വസ്തുതകളെയെല്ലാം തമസ്ക്കരിച്ചുകൊണ്ട് സവർണ്ണ സംവരണത്തിന് വേണ്ടി വാദിക്കുന്ന സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുന്ന വസ്തുതാ വിരുദ്ധത അവരെത്തി ചേർന്നിരിക്കുന്ന ജീർണ്ണതയെ ആണ് പ്രകടമാക്കുന്നത്. മുന്നോക്ക സംവരണത്തിൻ്റെ അടിത്തറയായി സർക്കാർ കണക്കാക്കിയ ശശിധരൻ നായർ കമ്മീഷൻ റിപ്പോർട്ട് അങ്ങേയറ്റം അപഹാസ്യമാണെന്ന് പലരും ഇതിനോടകം വിശദീകരിച്ച് കഴിഞ്ഞു. മുന്നോക്കകാരിലെ ദരിദ്രരെ അളക്കുന്ന അതിൻ്റെ മനദണ്ഡം മുതൽ വിമർശിക്കപ്പെട്ടു കഴിഞ്ഞു. ശശിധരൻ നായർ കമ്മീഷൻ്റെ നിലപാടുകൾ പരിശോധിച്ചാൽ ഇക്കാര്യം ആർക്കും വ്യക്തമാവും.

സംവരണവിരുദ്ധ രാഷട്രീയത്തിന് സംവരണത്തോളം തന്നെ പഴക്കമുണ്ട്. അംബേദ്ക്കർ ഗാന്ധി തർക്കത്തിലും നമ്മുക്കിത് കാണാം. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 27 ശതമാനം സംവരണം നടപ്പാക്കാൻ തുടങ്ങിയതോടെ അതിശക്തമായ സംവരണ വിരുദ്ധതയും ഉയർന്നു വന്നു. ആർ.എസ്.എസ്സും അന്നത്തെ കോൺഗ്രസ്സ് മേധാവി നരസിംഹ റാവുവും ഇ.എം.എസ്സും ഒരേ പോലെ സാമ്പത്തിക സംവരണ വാദികളായതും നാമന്ന് കണ്ടു. രാജീവ് ഗോസ്വാമി എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയും അന്ന് വലിയ എതിർപ്പ് സംവരണത്തിനെതിരെ ഉയർത്തി കൊണ്ട് വന്നു. ജാതി സംവരണത്തെ എതിർത്ത് ഉയർന്നു വന്ന ഇത്തരം സമരങ്ങളിലൂടെ കൂടിയാണ് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വളർച്ച സാധ്യമായത് എന്ന് കൂടി നാം ഓർക്കണം.

ദീർഘകാലാടിസ്ഥാനത്തിൽ ഇവിടെയും ബി.ജെ.പിക്ക് ഏറെ ഗുണകരമായ ഒരു സാമൂഹ്യ അന്തരീക്ഷമാണ് സവർണ്ണ സംവരണവാദത്തിലൂടെയും അതിൻ്റെ പ്രയോഗത്തിലൂടെയും തങ്ങൾ ഒരുക്കുന്നത് എന്ന് സി.പി.എം ഓർക്കാത്തതോ, അതോ 4 വോട്ടിന് വേണ്ടി മറക്കുന്നതോ? ബി.ജെ.പി സർക്കാർ 103-ാം ഭരണഘടന ഭേദഗതിയിലൂടെ സവർണ്ണ സംവരണം കൊണ്ട് വരുന്നതിൻ്റെ മുന്നെ തന്നെ ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം മുന്നോക്ക സംവരണം നടപ്പിലാക്കിയതാണ് പിണറായി സർക്കാർ എന്നും നാം മറക്കരുത്.

എല്ലാ സാമൂഹ്യ വിഭാഗങ്ങൾക്ക് ഇടയിൽ നിന്നും ഇന്ന് ദരിദ്രരുണ്ടാകുന്നുണ്ട്. വർദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വം ഒരു യാഥാർത്ഥ്യവുമാണ്. തൊഴിൽ രഹിത വളർച്ചയാണല്ലോ പുത്തൻ സാമ്പത്തിക നയത്തിൻ്റെ ഫലം തന്നെ. ഇത് എന്തുകൊണ്ട് എന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാതെ, കേവലം എണ്ണത്തിൽ വളരെ കുറച്ച് വരുന്ന സർക്കാർ ഉദ്യോഗങ്ങളെ ഇതിന് പരിഹാരമായി കാണുന്നത് എങ്ങനെ? മാത്രമല്ല, നിലനിൽക്കുന്ന തസ്തികകൾ തന്നെ വെട്ടികുറക്കുകയും നിയമനനിരോധനം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഒരു മേഖല കൂടിയാണല്ലോ സർക്കാർ. ചുരുക്കത്തിൽ എല്ലാ നിലക്കും പ്രതിലോമകരമായ നിലവിലെ സവർണ്ണ സംവരണത്തിനെതിരെ മുഴുവൻ ജനാധിപത്യവാദികളും ഐക്യപ്പെട്ട് അണിനിരക്കുക.
_ ഹരി, പ്രസിഡന്റ്
സി പി റഷീദ്,സെക്രട്ടറി
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

Like This Page Click Here

Telegram
Twitter