ഇനിയെത്രനാൾ ജീവിച്ചാലാണ് നിങ്ങൾ ചുമത്തിയ ഭീകരവാദി മുദ്ര മായ്ച്ചുകളയുക?

കഴിഞ്ഞ ദിവസം മുമ്പ് ബഹ്റൈനിൽ നിന്നും നാട്ടിലെത്തിയ അബ്ദുൽ ഖാദർ റഹീം എന്ന യുവാവിനെ ‘തീവ്രവാദി’യാക്കി ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങൾ. തൃശൂർ സ്വദേശിയായ അദ്ദേഹത്തിന് ശ്രീലങ്ക വഴി തമിഴ്നാട്ടിലെ തീവ്രവാദികളുമായിട്ടാണ് ബന്ധമുണ്ടായിരുന്നതെന്നായിരുന്നു മാധ്യമ വിചാരണകൾ. പുതിയ പേരുകളൊന്നും ഇതുമായി ബന്ധപ്പെട്ട് ഇല്ലാത്തതിനാലാവാം അദ്ദേഹത്തെ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദിയാക്കിയത്.

എന്തായാലും ലെറ്റർ ബോംബ് കേസിലെ മുഹ്സിൻ, കളിത്തോക്ക് കേസിലെ കോയ എന്നിവരെ പോലെ നിരപരാധിയാണെന്ന് തെളിയിക്കും മുമ്പേ ഇല്ലാത്ത ആഗോള ഭീകര സംഘടനാ ബന്ധം ചുമത്തി മാധ്യമ പിമ്പുകൾ റഹീമിനെയും തീവ്രവാദിയാക്കി. എൻ.ഐ.എ അടക്കമുള്ള ദേശീയ ഏജൻസികളടക്കം ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ ‘നിരപരാധി’യെന്ന് കണ്ട് വെറുതെ വിട്ടിരിക്കുന്നു.

പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് 15000 രൂപക്കുവേണ്ടി ചാരവൃത്തി ചെയ്തതിനാണ് കഴിഞ്ഞ ദിവസം 5 ഹിന്ദുത്വ ഭീകരരെ അഥവാ ബി.ജെ.പി -സംഘ്പരിവാറുകാരെ മധ്യപ്രദേശ് ATS അറസ്റ്റ് ചെയ്തത്. പക്ഷെ, ഇത്തരം യഥാർത്ഥ ഞെട്ടിക്കുന്ന വാർത്തകൾ ചരമകോളത്തിൽ പോലും നൽകാൻ മലയാള മാധ്യമങ്ങൾ തയ്യാറായോ ? ഇല്ല !

പറഞ്ഞുവന്നത്, ഇങ്ങനെയെത്ര പേർ ! നിരപരാധികളായവരെ തീവ്രവാദികളാക്കി അപസർപ്പ കഥകളും പരമ്പരകളും എഴുതി മാധ്യമങ്ങളും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി, രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി, അധികാര-മുഖ്യധാര രാഷ്ട്രീയക്കാരും സർവ്വോപരി RSS ഫാസിസ്റ്റുകളും രഹസ്യ-പരസ്യ അന്വേഷണ വിഭാഗങ്ങളും ചേർന്ന് തീവ്രവാദക്കഥകൾ മെനഞ്ഞുണ്ടാക്കുന്നു.

ഉമ്മ, ഭാര്യ, മക്കൾ, ബന്ധുക്കൾ എന്നിവരടങ്ങുന്ന അബ്ദുൽ ഖാദർ റഹീമിന്റെതടക്കമുള്ള കുടുംബം ഇനിയെത്രനാൾ ജീവിച്ചാലാണ് നിങ്ങൾ ചാർത്തിക്കൊടുത്ത രാജ്യദ്രാഹത്തിന്റെ- ഭീകരതയുടെ ഈ ‘തീവ്രവാദി മുദ്ര’ മായ്ച്ചുകളയാൻ സാധിക്കുക ?
_ ഷിഹാബ് ബിയ്യം

Leave a Reply