സാമ്പത്തിക സംവരണം; ബ്രാഹ്മണ്യ-ഹിന്ദുത്വ ഫാസിസ്റ്റ് ഗൂഢാലോചന

2019 ജനുവരിയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതി പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ അംഗീകരിച്ചു. കോണ്‍ഗ്രസ്, സി.പി.എം, പാര്‍ട്ടികള്‍ മുതല്‍ ദലിത്- ബഹുജന്‍ പാര്‍ട്ടിയായ ബി.എസ്.പി വരെ സവര്‍ണ്ണ സംവരണത്തെ പിന്തുണച്ചു വോട്ട് ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നടപ്പിലാക്കുന്ന ഈ ബ്രാഹ്മണ്യ-ഹിന്ദുത്വ ഫാസിസ്റ്റ് പദ്ധതിയെ എതിര്‍ത്തുകൊണ്ടു “ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി” 2019 ജനുവരി 22ന് പുറത്തിറക്കിയ ലഘുലേഖ;

ഇന്ത്യന്‍ പാര്‍ലമെന്‍റ് ഭരണഘടനാഭേദഗതിയിലൂടെ സംവരണതത്വത്തെ അട്ടിമറിക്കുകയും മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണതത്വം ഭരണഘടനയുടെ ഭാഗവുമാക്കി മാറ്റിയിരിക്കുന്നു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യത്തേയും ജാതിചൂഷണത്തേയും കൂട്ടിക്കെട്ടിക്കൊണ്ടുള്ള കൗശലമാണ് സാമ്പത്തിക സംവരണവാദികള്‍ മുന്നോട്ട് വെയ്ക്കുന്നത്. ചൂഷണം നിലനില്‍ക്കുന്ന സമൂഹത്തില്‍ ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലാവുമെന്നത് യാഥാര്‍ത്ഥ്യമാണ്. പുത്തന്‍ സാമ്പത്തിക നയത്തിന്‍റെ ഭാഗമായി സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി തീരുകയും ചെയ്യും.

ഈ പ്രക്രിയ മര്‍ദ്ദിത ജാതികളിലെന്നപോലെ ഉയര്‍ന്ന ജാതികളിലും പ്രതിഫലിക്കും. സംവരണത്തിന്‍റെ ജാതിവിരുദ്ധ ഉള്ളടക്കത്തെ ഇല്ലാതാക്കുകയും ജാതിശ്രേണിയെ ശക്തിപ്പെടുത്തുകയും മര്‍ദ്ദിതജാതികളെ വീണ്ടും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യും. കേവല വോട്ടും തെരഞ്ഞെടുപ്പും മാത്രമാണ് ലക്ഷ്യം എന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഈ രാഷ്ട്രീയ നീക്കമാണ് കാണാതെ പോകുന്നത്. ഇതില്‍ ഭരണ-പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒരേ ശബ്ദവും ഒരേ നാവുമാണ്. മുന്നോക്ക ജാതിയിലെ ദരിദ്രരായ ജനങ്ങള്‍ തങ്ങളനുഭവിക്കുന്ന വര്‍ഗ്ഗപരമായ ചൂഷണങ്ങള്‍ക്കും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുമെതിരെ നടത്തുന്ന സമരങ്ങളെ മുരടിപ്പിക്കാനും വര്‍ദ്ധിതമായ തോതില്‍ മര്‍ദ്ദിത ജനതയുടെ ഐക്യസമരങ്ങളില്‍ നിന്നും ചെറുത്തുനില്‍പ്പുകളില്‍ നിന്നും ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവും ഈ ഭരണഘടനാ ഭേദഗതി ലക്ഷ്യം വെയ്ക്കുന്നു.

സാമ്പത്തിക സംവരണം – ബ്രാഹ്മണ്യ-ഹിന്ദുത്വ ഫാസിസ്റ്റ് ഗൂഢാലോചന

ഇന്ത്യന്‍ പാര്‍ലമെന്‍റും നിയമസഭകളും എല്ലാക്കാലത്തും ജനവിരുദ്ധ നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതില്‍ ഏകസ്വരം പുലര്‍ത്തിയിരുന്നതായി നമുക്ക് കാണാന്‍ കഴിയും. ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിയമപരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്നുമുതല്‍ തന്നെ അതിനെ അട്ടിമറിക്കാനുള്ള നീക്കവും നടന്നുവരുന്നു. മര്‍ദ്ദിത ജാതികളുടെ നിരന്തര സമരത്തിന്‍റെ ഫലമായിട്ടാണ് ജാതി സംവരണം തത്വത്തില്‍ അംഗീകരിക്കപ്പെട്ടത്. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് അധികാരത്തില്‍ കയറാന്‍ ഒരുങ്ങിനിന്ന ബ്രാഹ്മണ്യ – ദല്ലാള്‍ ഭരണകൂടവര്‍ഗ്ഗം ഗാന്ധിയുടെ നേതൃത്വത്തില്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമായ ഒരു പരിഷ്‌ക്കരണമായിരുന്നു ജാതി സംവരണം. മര്‍ദ്ദിത ജനതയുടെ രാഷ്ട്രീയ അവകാശം എന്ന നിലക്ക് ജാതിഘടനയുടെ അവസര സമത്വ നിഷേധം അവസാനിപ്പിക്കുന്നതിന് പകരം ജാതി സംവരണം സവര്‍ണ്ണരുടെ ഔദാര്യം എന്ന തലത്തിലാണ് ഗാന്ധിയും കൂട്ടരും കണ്ടത്.

അയിത്തോച്ചാടനവും വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ലഭിക്കുക എന്നത് മാത്രമാണ് ഇത് ലക്ഷ്യമിട്ടത്. എന്നാല്‍ അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിത ജാതികള്‍ അവസരങ്ങള്‍ പിടിച്ചുപറ്റാന്‍ സ്വതന്ത്രമായി മുന്നേറുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് ഭരണവര്‍ഗ്ഗങ്ങള്‍ സംവരണം ഭരണഘടനാവകാശമാണ് എന്ന് അംഗീകരിക്കാന്‍ തയ്യാറായത്. പൂന പാക്ടിനെക്കുറിച്ച്, ഗാന്ധിയുടെ നിരാഹാര സമരത്തെ മുന്‍നിര്‍ത്തി, നെഹ്‌റു, പട്ടേല്‍, ബാലഗംഗാധര തിലകന്‍, ഇ.എം.എസ്. എന്നിവരുടെ സമീപനം ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളുടെ മനോഭാവം വ്യക്തമാക്കുന്നതാണ്.

നെഹ്‌റു പറഞ്ഞു: “ഒരു നിസ്സാര കാര്യത്തിന്‍റെ പേരില്‍ ആത്മ ത്യാഗത്തിനൊരുങ്ങുന്ന ഗാന്ധി സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ മഹത്തായ ലക്ഷ്യത്തെ അപ്രസക്തമാക്കുന്നു”. ഇ.എം.എസ്. നമ്പൂതിരിപ്പാട് പറഞ്ഞത്: “സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ വലിയൊരു ആഘാതമാണിത്. കാരണം, പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തില്‍ നിന്ന് ഇത് ഹരിജനങ്ങളുടെ ലക്ഷ്യത്തിനെന്ന നിസ്സാര കാര്യത്തിന്‍റെ പേരില്‍ വ്യതിചലിക്കുന്നു എന്നാണ്”. ഫലത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഒത്തുതീര്‍പ്പാണ് സംവരണത്തില്‍ പ്രതിഫലിക്കുന്നത്.

സംവരണം അടിസ്ഥാനപരമായി പരിഷ്‌ക്കരണ മുദ്രാവാക്യമായിരിക്കുമ്പോള്‍ തന്നെ ജാതി അടിച്ചമര്‍ത്തലും സംവരണ പ്രശ്‌നവുമായുള്ള അഭേദ്യ ബന്ധത്തെ ശരിയായി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംവരണം പരിപാലിക്കുകയും (തീര്‍ച്ചയായും വലിയ അട്ടിമറികളോടെ) ചെയ്തിട്ടും ഇന്ത്യയിലെ ജാതിഘടനയ്ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ നിശ്ചയിക്കപ്പെട്ട സംവരണ അനുപാതം പോലും പാലിക്കപ്പെടില്ല എന്ന് മണ്ഡല്‍ – സച്ചാര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളുടെ ബ്രാഹ്മണ്യ – ജാതീയ സമീപനത്തിന്‍റെ ഭാഗമായി തന്നെയാണ് സംവരണം ഉണ്ടെന്ന് പറയുമ്പോള്‍ പോലും ദലിത് – ആദിവാസി – ന്യൂനപക്ഷങ്ങളും ഉന്നത-തൊഴില്‍-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏഴയലത്ത് പോലും എത്താത്തത്.

കേരളം വഴികാട്ടിയാവുന്നു!

ഇന്ത്യയില്‍ നടപ്പിലാക്കപ്പെടുന്ന എല്ലാ സാമ്രാജ്യത്വ-ആഗോളവല്‍ക്കരണ നയങ്ങളും ബ്രാഹ്മണ്യ-ഹിന്ദുത്വ സേവയും ശാസ്ത്രീയമായി നടപ്പില്‍ വരുത്തി മാതൃകയാവുന്നത് കേരളവും കപട ഇടത് പുരോഗമനകാരികളുമാണ് എന്നതില്‍ നാം ലജ്ജിച്ച് തലതാഴ്ത്തണം. ബ്രാഹ്മണ്യത്തില്‍ ശക്തമായ രണ്ട് തന്ത്രങ്ങളുണ്ട്, സ്വാംശീകരണവും നൈരന്തര്യവും. രണ്ടും നന്നായി നടപ്പിലാക്കി കാണിച്ചു കൊടുത്തത് കേരളത്തിലെ കപട ഇടതു സര്‍ക്കാരുകളാണ്. നമ്പൂതിരിപ്പാടിന്‍റെ പാര്‍ട്ടിയും സര്‍ക്കാരുമാണ് ജാതിസംവരണത്തിനെതിരെ ആദ്യത്തെ നിലപാടെടുത്തത്. സംവരണം സാമ്പത്തിക അടിസ്ഥാനത്തില്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്കുണ്ടായ പ്രചോദനം ചില്ലറയല്ല.

ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ആവേശത്തോടെ ഇതിനെ ഏറ്റെടുത്തു. അതിലെ കോളമിസ്റ്റായ എം വി കമ്മത്ത് ഇങ്ങനെ എഴുതുന്നു: “സംവരണത്തിന്‍റെ രാഷ്ട്രീയം സാമൂഹ്യഘടനയില്‍ വിതക്കുന്ന നാശം ഭാവനാതീതമാണ്. അല്‍പബുദ്ധികളെയും മസ്തിഷ്‌ക്ക ചോര്‍ച്ചയേയും പ്രോത്സാഹിപ്പിക്കുന്ന സംവരണം ജാതി സംഘര്‍ഷം രൂക്ഷമാക്കുകയാണ് സമീപഭാവിയില്‍ ഉണ്ടാകാനിടയുള്ള ശൂദ്രവിപ്ലവത്തെ പ്രതിരോധിക്കാന്‍ ധാര്‍മ്മികവും ആത്മീയവുമായ ശക്തികളെ വളര്‍ത്തേണ്ട ഘട്ടമാണിത്”.

മര്‍ദ്ദിത ജാതികളുടെ പ്രശ്‌നം ജാതീയ അവശതകളുടെ പ്രശ്‌നമായിട്ടല്ല പരിഗണിക്കേണ്ടതെന്ന പുതിയ വ്യാഖ്യാനങ്ങള്‍ പ്രബലമായി. പൊതുവില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്‍റെയും സാമ്പത്തിക അസമാനതകളുടെയും ഫലമായിട്ടേ ഇത് പരിഗണിക്കാവൂ എന്ന ബോധം ശക്തിപ്പെട്ടു. 1992ൽ ക്രീമിലെയർ എന്ന പേരില്‍ ബ്രാഹ്മണ്യ കോടതിയുടെ കല്‍പ്പനയുടെ രൂപത്തില്‍ നിയമവിധേയ പ്രഹരം സംവരണ തത്വത്തിന് മേല്‍ പതിച്ചു. 2008ല്‍ തസ്തികകളിലും സേവനത്തിനുമുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ ബില്‍ സംവരണ പരിധിയില്‍ നിന്ന് ഒഴിവാക്കി. വീണ്ടും ഹിന്ദുത്വശക്തികള്‍ക്ക് പ്രചോദനമായി കപട ഇടതു പുരോഗമനക്കാര്‍ രംഗത്ത് വന്നു. മുന്നോക്കക്കാരിലെ ദരിദ്രര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണം ഉറപ്പാക്കി. മാത്രമല്ല ദലിത് – ആദിവാസി-ന്യൂനപക്ഷങ്ങളെ സിവില്‍ സര്‍വ്വീസില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ നിയമം കൊണ്ടുവന്നിരിക്കുന്നു.

കേരളം ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് പ്രചോദനം നല്‍കുന്നതില്‍ എന്നും മുന്നിലാണ് എന്നത് മലയാളി സമൂഹത്തിന്‍റെ ദുരന്തമാണ്. ജാതിശ്രേണി ശക്തിപ്പെടുത്തുകയും ജാതിസംഘര്‍ഷത്തെ കൂടുതല്‍ തീവ്രമാക്കിക്കൊണ്ട് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ബദലായി മനു നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്‍റും നിയമസഭകളും ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്ന കാഴ്ചയും നമുക്ക് കാണാന്‍ കഴിയും. ഇതിനെ നാം പ്രതിരോധിച്ചേ മതിയാവൂ. ബ്രാഹ്മണ്യ-ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ സമരത്തിലൂടെയേ നമുക്ക് ജാതിനശീകരണവും മര്‍ദ്ദിത ജനതയുടെ സമത്വത്തിനുവേണ്ടിയുള്ള സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളൂ.
_ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി
2019 ജനുവരി 22

Like This Page Click Here

Telegram
Twitter