ആർത്തവ ലഹളയല്ല, സവർണ്ണ ലഹള ! അങ്ങനെ തന്നെ പറയണം !

സമീപ ഭാവിയിൽ തന്നെ ശബരിമലയിൽ യുവതികൾ പ്രവേശിക്കും. തന്ത്രിയുടേയും മന്ത്രിമാരുടേയും ദേവസ്വം ബോർഡിന്റെയും പിന്തുണയോടെ തന്നെ. കാരണം സവർണ്ണ ഹിന്ദുത്വത്തിന് ലാഭമുളള ഏർപ്പാട് തന്നെയാണ് വിവിധ കാലഘട്ടത്തിൽ നടന്നിട്ടുളള ഹിന്ദുമത ആചാര പരിഷ്കരണങ്ങൾ. അത് ഹിന്ദുത്വയെ ബലപ്പെടുത്തിയിട്ടെ ഉളളു. അതുകൊണ്ട് തന്നെ സവർണ്ണ അപ്രമാദിത്വത്തിന് സ്വീകാര്യമായ അനുരഞ്ജനത്തിലൂടെ അത് നടക്കുക തന്നെ ചെയ്യും.

ഇപ്പോൾ നടക്കുന്നത് ജനാധിപത്യ സംവിധാനങ്ങളായ കോടതിയും ഭരണഘടനയും ബ്രാഹ്മണമേധാവിത്വത്തിനു മുകളിൽ എടുത്ത തീരുമാനത്തെ തളളിക്കളയാൻ നടത്തുന്ന സവർണ്ണരുടെ വെല്ലുവിളികളാണ്. അതുകൊണ്ട് തന്നെയാണ് യുവതികളുടെ ശബരിമല പ്രവേശം ഈ ഘട്ടത്തിൽ അനുകൂലിക്കുന്നത്. അത് വിവേചനത്തിനും, സവർണ്ണ ജാതി അപ്രമാദിത്വത്തിനും എതിരെ മനുസ്മൃതി മൂല്യങ്ങളെ മാറ്റി നിർത്തി ഭരണഘടന നടത്തിയ ഇടപെടലാണ്.

മുഖ്യമന്ത്രിയുടെ വനിത മതിൽ ഒരു അനുരഞ്ജനമാണ്, മുറിവേറ്റ ബ്രാഹ്മണിക്കൽ മൂല്യങ്ങളെ തഴുകുന്നത്. അതുകൊണ്ടാണ് ഭക്തകൾ മലകയറട്ടെ എന്ന് പറയുന്നവരും നവ റെഡി ടു വെയ്റ്റുകാരും ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരും അവിടെ സ്ഥാനം പിടിക്കുന്നത്. ഈ വിഷയത്തെ കൃത്യമായി അഡ്രസ്സ് ചെയ്ത അംബേദ്കർ രാഷ്ട്രീയം അവിടെ പിന്നേയും മറഞ്ഞ് പോകുന്നത്. ചെറുതെങ്കിലും ബ്രാഹ്മണിക്കൽ മൂല്യ വ്യവസ്ഥയെ ചോദ്യം ചെയ്ത് ഉയർന്നു വന്ന ഒരു പ്രതിരോധം ഇവിടെയുണ്ട്. അതിനെ കൃത്യമായി മനസ്സിലാക്കാതെ നടക്കുന്ന മതിലുകെട്ടൽ യാതൊരു പ്രതീക്ഷയും നൽകുന്നില്ല.

അതുകൊണ്ട് തന്നെയാണ് നിങ്ങൾ ബ്രാഹ്മണിക്കൽ മൂല്യ സങ്കല്പത്തെ പരിപാലിച്ച, പാതിവ്രത്യത്തെ പ്രതി ചോദ്യം ഉയർത്തിയ ആളുടെ മുന്നിൽ ആത്മഹത്യ ചെയ്ത അഭിമാനിനിയായ സീത എന്നൊക്കെ പറഞ്ഞ് കോരിത്തരിക്കുമ്പോൾ, ബ്ളൗസ്സിട്ടതിന് തല്ലുകൊണ്ടവരും കല്ലുമാല പറിച്ചെറിഞ്ഞവരും സ്കൂളിൽ പോയതിന് തല്ലുകൊണ്ടവരുമായ സ്ത്രീകളിലേക്ക് നോക്കാൻ ആവശ്യപ്പെടുന്നത്, വനിത മതിലിൽ രഹ്ന ഫാത്തിമയാണ് വേണ്ടത് എന്ന് പറയുന്നത്.

ആർത്തവ ലഹളയല്ല, സവർണ്ണ ലഹള…അങ്ങനെ തന്നെ പറയണം…

(സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകൾക്കും ആർത്തവകാല ശുചിത്വം ഉറപ്പ് വരുത്തൽ, പാഡുകളുടെ ലഭ്യതയും ഡിസ്പോസ് ചെയ്യാനുള്ള സൗകര്യവും , വൃത്തിയുളള ശൗചാലയങ്ങൾ പൊതുഇടങ്ങളിലും, സ്കൂൾ, കോളേജ് തൊഴിലിടങ്ങൾ എന്നിവിടെയും.., ഇതിനേക്കാൾ വലിയ വിപ്ളവം ആർത്തവത്തിന്റെ കാര്യത്തിൽ കേരളത്തിൽ നടക്കാനില്ല. കാലങ്ങളായി നടക്കുന്ന ഇത്തരം ചർച്ചകളും അതിനെ തുടർന്ന് ആരംഭിച്ചിട്ടുളള പ്രവർത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ട് പോകുകയാണ് പ്രധാനം.

രണ്ടാമത്തേത് കുടുംബങ്ങൾക്ക് ഉളളിൽ നിന്ന് നടക്കേണ്ട ലെെംഗീക വിദ്യാഭ്യാസമാണ്. പുരോഗമനം പടിക്ക് പുറത്ത് വച്ച മലയാളികൾക്ക് അതെത്രമാത്രം സാധ്യമാണ് എന്നതാണ്. ഇതാണ് ആർത്തവുമായി ബന്ധപ്പെട്ട് നടക്കേണ്ട വിപ്ലവങ്ങൾ എന്ന് തോന്നുന്നു. ശബരിമല വിഷയത്തിൽ ആർത്തവത്തെ റൊമാന്റിസെെസ് ചെയ്ത് ഹിന്ദുത്വ ബ്രാഹ്മണിക്കൽ വയലൻസുകളെ അപ്രധാനമാക്കുന്നത് ഗുണകരമല്ലന്ന് വിശ്വസിക്കുന്നു.)
_ ആശാ റാണി
#FbToday

Leave a Reply