എരി; പ്രദീപിനെ വീണ്ടും വായിക്കുമ്പോൾ

Amazon Kindle പ്രസിദ്ധീകരിച്ച സനല്‍ ഹരിദാസിന്‍റെ ‘കീഴാള ഭൂതകാലത്തിന് ഒരാമുഖം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി, ഡൽഹി ദൂരദർശൻ ഡപ്യൂട്ടി ഡയറക്ടർ സാജൻ ഗോപാലൻ നടത്തിയ നിരീക്ഷണങ്ങൾ…

വളരെ യാദൃച്ഛികമായി ഒരു ദൂരദർശൻ അഭിമുഖത്തിൽ ആണ് പ്രദീപ് പാമ്പിരിക്കുന്നിനെ കാണുന്നത്.  എത്ര അനായാസമായി മനോഹരമായി ഈ ചെറുപ്പക്കാരൻ സംസാരിക്കുന്നു എന്നോർത്തു. അടുത്ത തവണ കോഴിക്കോട് പോകുമ്പോൾ പരിചയപ്പെടണം എന്നും തോന്നി.

എന്നാൽ പിന്നീട് കേൾക്കുന്നത് ഒരു ബസ് അപകടത്തിൽ പ്രദീപ് മരിച്ചു എന്ന വാർത്തയാണ്. ഞാൻ തരിച്ചിരുന്നു പോയി. പിന്നീട് തപ്പിയെടുത്തു പ്രദീപിന്‍റെ നോവൽ എരി വായിച്ചു. എന്തൊരു പ്രതിഭാശാലിയായ ചിന്തകനെയാണ് നഷ്ടപ്പെട്ടത് എന്ന് അപ്പോഴാണ് കൂടുതൽ വ്യക്തമായത്. ഈ പുസ്തകം കേരളത്തിൽ പരിമിതമായെങ്കിലും ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ഈ പുസ്തകം ഉയർത്തുന്ന സവിശേഷമായ ചിന്തകൾ വേണ്ടത്ര കേരളം മനസ്സിലാക്കി എന്ന് തോന്നുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സനൽ ഹരിദാസ് എഴുതിയ കീഴാള ഭൂതകാലത്തിന് ഒരു ആമുഖം എന്ന പഠനം പ്രസക്തമാവുന്നത്. എരിയിലെ ചരിത്ര ദർശനമാണ് സനൽ ഈ ചെറിയ ഗ്രന്ഥത്തിൽ പരിശോധിക്കുന്നത്.

നാം വായിക്കുന്ന ചരിത്രം വിജയി എഴുതിയ ചരിത്രമാണ് എന്ന് പറയാറുണ്ട്. കേരളത്തെ സംബന്ധിച്ചും ഇത് വളരെ പ്രസക്തമാണ്. ഇവിടെ പാഠവൽക്കരിക്കപ്പെട്ട ചരിത്രം അവർണ സമൂഹത്തെയും അവരുടെ ജ്ഞാന ആവിഷ്കാര രൂപങ്ങളേയും ഭൂതകാലത്തെയും പൂർണമായും അവഗണിക്കുന്നു എന്ന് സനൽ ചൂണ്ടികാണിക്കുന്നു. ഇങ്ങനെ അവഗണിക്കപ്പെട്ട കീഴാളരുടെ ചരിത്രത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്ന പുതിയ കാല നീതിബോധത്തിന്റെ സർഗാത്മക രൂപമാണ് പ്രദീപ് പാമ്പിരിക്കുന്നിന്റെ എരി എന്ന നോവൽ.

പറയവിഭാഗത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവാണ് എരി. ഇദ്ദേഹത്തെ അന്വേഷിച്ചുള്ള ഒരു ഗവേഷകന്റെ യാത്രയാണ് നോവൽ. അങ്ങനെ രണ്ടു നൂറ്റാണ്ടുകൾക്കപ്പുറവും ഇപ്പുറവുമുള്ള രണ്ടു ഗവേഷകർ തങ്ങളുടെ കീഴാള പ്രാതിനിധ്യത്തെ അടയാളപ്പെടുത്തുകയാണ്. മിത്തുകളും വാമൊഴി വഴക്കങ്ങളും ഓർമകളും ഭാവനയുമെല്ലാം ഈ യാത്രയിൽ കടന്നുവരുന്നുണ്ട്.

മൂന്നു അധ്യായങ്ങളായാണ് സനൽ ഈ പഠനം ക്രമീകരിച്ചിരിക്കുന്നത്. നിലനിൽക്കുന്ന ചരിത്രം എത്ര നീതിപൂർണമാണ് എന്നതാണ് ആദ്യത്തെ അന്വേഷണം. രണ്ടാമതു പരിശോധിക്കുന്നത് നോവലിന്റെ ചരിത്ര ദർശനമാണ്. മൂന്നാമതായി ഈ ബദൽ സമീപനങ്ങളെ അവതരിപ്പിക്കുന്നു.

കേരളത്തിന്റെ ഇതേവരെ എഴുതപ്പെട്ട ചരിത്രം ഹിംസാത്മകമാണെന്ന ഡോ കെ എസ് മാധവന്റെ നിരീക്ഷണത്തോടെയാണ് ആദ്യത്തെ അധ്യായം തുടങ്ങുന്നത്. ഇതേവരെ എഴുതിയതൊക്കെ കേരളത്തിലെ ഇടനാടിന്റെ മാത്രം ചരിത്രമാണ്. ക്ഷേത്രങ്ങൾക്ക്പുറത്തുള്ള അറിവുരൂപങ്ങളെ കണ്ടെടുക്കാത്ത രചനകളാണവ. ആദ്യകാല ചരിത്ര രചയിതാക്കൾ സൃഷ്ഠിച്ച പരിമിതികൾ മറികടക്കാൻ പിൽക്കാലത്തു വന്ന മാർക്സിസ്റ്റ് ചരിത്രകാരന്മാർക്കും കഴിഞ്ഞില്ലെന്നും ചൂണ്ടി കാട്ടുന്നുണ്ട്.

ഈ പരിമിതി മറികടക്കാനാണ് നോവലിൽ ഗവേഷകൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഓർമകളെയും വാമൊഴി സാഹിത്യത്തെയും ഏറെ അവലംബിക്കുന്നു. ആഫ്രിക്കയിലെ വംശ ചരിത്രങ്ങൾ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിനുവ അച്ചേബെ പോലുള്ള എഴുത്തുകാരെപ്പോലെ Historiographic Metafiction എന്ന വിഭാഗത്തിലാണ് എരി വരുന്നത് എന്ന് സനൽ അഭിപ്രായപ്പെടുന്നു. സത്യത്തിൽ പ്രദീപ് ഈ നോവൽ എഴുതിയത് തന്നെ തന്റെ ചരിത്രാന്വേഷണത്തിന്റെ ഭാഗമായാണ്. ആധുനിക കേരളം എങ്ങനെ രൂപപ്പെട്ടു എന്ന അന്വേഷണം. ഈ അന്വേഷണത്തിൽ അദ്ദേഹത്തെ ഞെട്ടിക്കുന്നത് ചരിത്രത്തിൽ നിന്ന് നിഷ്കാസിതരായ അനവധി സമുദായങ്ങളുടെ ചിത്രമാണ്.

സനൽ എഴുതുന്നു;
“ആശാരി, മൂശാരി, കൊല്ലൻ, കല്ലൻ, തട്ടാൻ, കല്ലാശാരി, കൽത്തച്ചൻ, കമ്മാള, കംമ്പാല, കരുവാൻ, മലയാള, കമ്മാള, പാണ്ടിക്കമ്മാള, തച്ചൻ, വിയോശാൻ, കക്കോട്ടി കന്നാൻ, എട്ടിലപ്പരിഷ, ചെമ്പോട്ടി, ഓടായി എന്നിങ്ങനെയുള്ള അനേകം ജാതികളുടെയും ഉപജാതികളുടെയും പരമ്പരാഗത ജ്ഞാനരൂപങ്ങൾ പിൽക്കാലത്ത് ആരാലും ഗണിക്കപ്പെടാതെ പോവുകയാണുണ്ടായതെന്നും നോവലിലെ ഗവേഷകൻ തന്റെ അന്വേഷണങ്ങൾക്കിടയിൽ കണ്ടെത്തുന്നുണ്ട്.”

പ്രദീപിനെക്കുറിച്ചു ശ്രീഹരി എഴുതിയ കവിതയിലെ
“കേകയിലെഴുത്തച്ഛ-
നെഴുതുന്നേരം കാൺമാ-
നില്ലയെൻ വംശത്തിന്റെ-
യക്ഷരമൊന്നും!”
എന്ന വരികളാണ് നമുക്ക് ഓര്‍മ വരിക.

എരിയുടെ അപഗ്രഥനത്തിലൂടെ കേരള ചരി ത്രത്തെക്കുറിച്ചുള്ള ഏറെ പഠനങ്ങളിലൂടെയും സാഹിത്യ സന്ദർഭങ്ങളിലൂടെയും സനൽ കടന്നു പോവുന്നു. ചെറുതെങ്കിലും ഗാഢമാണ് സനലിന്റെ വായന. എരി എന്ന നോവൽ വീണ്ടും വീണ്ടും വായിക്കപ്പെടണം അതിനു ഏറെ പ്രേരകമാണ് സനലിന്റെ ഈ പഠനം. കിൻഡിൽ ഉപയോഗിച്ചാണ് സനൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുത്തുകാർക്ക് ഇത് വലിയ സാധ്യതയാണ്. കിൻഡിൽ വേർഷൻ എളുപ്പത്തിൽ വാങ്ങാവുന്നതേ ഉള്ളൂ. നിങ്ങളുടെ ഫോണിൽ തന്നെ കിൻഡിൽ ഡൗൺലോഡ് ചെയ്യാമല്ലോ. നൂറു രൂപയാണ് വില.

ഇത്തരമൊരു പഠനം നടത്തിയ സനലിന് വളരെ നന്ദി. പ്രദീപിന്റെ ഓർമ്മകൾ കേരള സമൂഹത്തെ വീണ്ടും വീണ്ടും സ്വയം വിമർശനത്തിന് വിധേയമാക്കാൻ പ്രേരിപ്പിക്കട്ടെ.
_ ജി സാജൻ

ഈ ലിങ്കിലൂടെ പുസ്തകം വാങ്ങിയോ കിൻഡിൽ അൺലിമിറ്റഡ് വഴിയോ വായിക്കാവുന്നതാണ്:
കീഴാള ഭൂതകാലത്തിന് ഒരാമുഖം

Click Here