ദലിത് പ്രൊഫസറുടെ ജീവൻ ഹിന്ദുത്വ ഭീകരർക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടം

ബുധനാഴ്ച വൈകുന്നേരം കോഴിക്കോട് നോർത്ത് ബീച്ചിൽ വെച്ചാണ് അഭിഭാഷകയും പ്രൊഫസറും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി വീണ്ടും ആക്രമിക്കപ്പെടുന്നത്. ആര്‍.എസ്.എസുകാരനാണ് തന്നെ ആക്രമിച്ചതെന്നും പൊലീസ് പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ബിന്ദു അമ്മിണി മാധ്യമങ്ങേളോട് പറഞ്ഞു. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ വാഹനം ഓടിക്കാനറിയാത്ത താൻ എങ്ങനെയാണ് വാഹനവുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടാക്കുക എന്ന് ബിന്ദു അമ്മിണി ചോദിക്കുന്നു. “പ്രതിയായ ആളെക്കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പൊലീസുകാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്? പൊലീസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതി ആശുപത്രിയിലേക്ക് പോവുന്നത്. എന്നിട്ടും പ്രതിയെക്കുറിച്ച് അറിയില്ലെന്ന് പൊലീസ് പറയുന്നതില്‍ ഒത്തുകളിയുണ്ട്”, ബിന്ദു അമ്മിണി പറഞ്ഞു. നിരന്തരം ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബിന്ദു അമ്മിണി എഴുതുന്നു…

കേരള സർക്കാരിന്റെ പ്രത്യേക സുരക്ഷ ലഭിച്ചു കൊണ്ടിരിക്കുന്ന ദളിത്‌ സ്ത്രീ ആണ്😂. സിപിഎം വിലക്ക് എടുത്തു ശബരിമല കയറ്റിയവൾ എന്ന്‌ രാഷ്ട്രീയ താല്പര്യമുള്ളവരുടെ ആരോപണം നേരിട്ടുകൊണ്ടിരിക്കുന്നു. അത് സിപിഎം അനുഭാവികൾ പോലും വിശ്വസിച്ചു പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ബിന്ദു അമ്മിണി എന്ന ഞാൻ ഒരു രാഷ്ട്രീയപാർട്ടിയിലും മെമ്പർ അല്ല. വിശ്വാസത്തിന്റെ പേരിൽ സിപിഎം, സിപിഐ തുടങ്ങി ഒരു ഇടതുപക്ഷ പാർട്ടിയും എന്നെ അടുപ്പിക്കാൻ തയ്യാറല്ല. എന്നെ പിന്തുണച്ചാൽ ജനകീയ പിന്തുണ നഷ്ടപ്പെട്ടാലോ എന്ന്‌ ഭയന്ന് എന്നെ തീർത്തും ഒഴിവാക്കാൻ തീരുമാനിച്ചവർ എന്റെ ജീവൻ നഷ്ടപ്പെവടേണ്ടി വന്നാലും ഒരു പ്രതിക്ഷേധകുറിപ്പ് പോലും ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

പിന്നെ കോൺഗ്രസ്‌ -സംഘപരിവാർ സംഘടനകൾ നിലപാടു വ്യക്തം ആണല്ലോ. ഭക്തിയുടെ പേരിൽ തല തല്ലിപ്പൊളിക്കാൻ നടക്കുന്നവർ. ഭരണകൂടത്തിന്റെ ഒത്താശ ലഭിക്കും എന്ന ഉറപ്പിനാൽ വീണ്ടും വീണ്ടും ആക്രമണത്തിന് മുതിരുന്നവരും അവരെ പിന്തുണക്കുന്നവരും.

ലിംഗ നീതി നടപ്പാക്കിന്നതിനു ചെറുതാല്ലാത്ത ഇടപെടൽ നടത്തിയ എന്നെ ആക്രമികൾക്ക് എറിഞ്ഞു കൊടുക്കുന്ന കേരള പോലീസിനെ ന്യായീകരിക്കാൻ എനിക്കാവുന്നില്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ഓർഡർ നിലനിൽക്കെ ആണ് ഞാൻ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരേ ഉത്തരവിൻ പ്രകാരം ആണ് എനിക്കും കനക ദുർഗക്കും സംരക്ഷണം ഉറപ്പാക്കാൻ പോലീസിന് ഉത്തരവാദിത്വം ഉള്ളത്. എന്നാൽ എന്റെ ഒപ്പം സുരക്ഷയ്ക്കായി ഉണ്ടായിരുന്ന വനിതാ പോലീസ് എന്നെ ഒരു പ്രതിയെ പോലെ കണക്കാക്കി പെരുമാറിയ സാഹചര്യത്തിലാണ് എനിക്ക് അവർക്കു എതിരെ പരാതി നൽകേണ്ടി വന്നത്. പരാതിക്കാരിക്ക് നീതി ലഭ്യമാക്കുന്നതിനു പകരം പ്രൊട്ടക്ഷൻ തന്നെ പിൻവലിച്ചു പ്രതികാരം തീർക്കുകയാണ് കേരള പോലീസ് ചെയ്തത്. പ്രൊട്ടക്ഷൻ പിൻവലിച്ചത് സംബന്ധിച്ച് യാതൊരു അറിയിപ്പും നാളിതുവരെ ലഭിച്ചിട്ടില്ല.

ഇതിൽ നിന്നും എന്താണ് ഞാൻ മനസ്സിലാക്കേണ്ടത്? എന്റെ ദളിത് ഐഡന്റിയുടെ പേരിൽ ഉള്ള വിവേചനം ആയിട്ടല്ലാതെ മറ്റെന്താണ്. സാമ്പത്തികമായി ഒരുപാട് മെച്ചപ്പെട്ട അവസ്ഥയിൽ നിൽക്കുന്ന ആളല്ല ഞാൻ. സുരക്ഷയ്ക്ക് വേണ്ടി കാറും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ ആവില്ല. സാധാരണ പൗരന്റെ ജീവന് യാതൊരു വിലയുമില്ല എന്നും. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഉള്ളവരുടെ ജീവൻ മാത്രമേ സംരക്ഷിക്കപ്പെടേണ്ടതുള്ളൂ എന്നും പറയാതെ പറയുകയാണ് കേരളാ പോലീസ്. ഇനി ആക്രമണം നടന്ന ശേഷം ഉള്ള പോലീസിന്റെ സമീപനമോ. ആദിവാസികളും ദളിതരും പരാതിക്കാരായി വരുന്ന കേസുകളിൽ എങ്ങനെ ആണോ സംഭവിച്ചു കൊണ്ടിരിക്കുന്നത് അത് തന്നെ. ശരിയായ അന്വേഷണം ഇല്ല. നടപടികൾ ഇല്ല. എന്ത് സുരക്ഷ ആണ് കേരളം ഉറപ്പാക്കുന്നത്. എറണാകുളം കമ്മീഷണർ ഓഫീസിനു മുൻപിൽ ആക്രമിക്കപ്പെട്ടപ്പോൾ എന്നെ തടഞ്ഞുവെച്ചു സുരക്ഷ ഒരുക്കിയ പോലീസ്. ഞാൻ ആക്രമിക്കപ്പെടാതെ ഇരിക്കാൻ എന്നെ തടഞ്ഞുവെക്കുക. ആക്രമികളെ സ്വതന്ത്രമായി വിടുക.

കേരളം സ്ത്രീകൾക്കും ദളിതർക്കും സുരക്ഷിതമല്ല എന്ന്‌ ഉറപ്പായിരിക്കുന്നു. ഈ അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ പ്രതിക്ഷേധം ഞാൻ രേഖപ്പെടുത്തുന്നു. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവൻ അക്രമികൾക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിക്ഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നു.

NB: സേഫ് സോൺ ആക്ടിവിസ്റ്റുകളും വ്യത്യസ്ഥരല്ല. എനിക്ക്‌ വേണ്ടി സംസാരിച്ചു അപകടത്തിൽ പെടാൻ തയ്യാറല്ലാത്ത എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നല്ലത് വരട്ടെ. എന്നെ ആക്രമിക്കുന്നവരെ ഞാൻ തന്നെ നേരിടാം എന്ന്‌ തീരുമാനിച്ചിട്ടുണ്ട്. നിയമം കയ്യിലെടുത്തു എന്ന്‌ പറഞ്ഞു വരേണ്ട. മറ്റു നിവർത്തി ഇല്ലാഞ്ഞിട്ടാണ്. സ്വയം രക്ഷ നോക്കേണ്ടേ.
_ അഡ്വ. ബിന്ദു അമ്മിണി

Photo Courtesy_ Kanishka Sonthalia, Time Magazine

Follow | Facebook | Instagram Telegram | Twitter