ബുള്ളി ഭായ്; വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗം
മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുകയും ചിത്രങ്ങള്‍ ലേലത്തില്‍ വെയ്ക്കുകയും ചെയ്യുന്ന ‘ബുള്ളി ഭായ്’ ആപ്പ് പുറത്തിറക്കി സംഘപരിവാര്‍ ശക്തികള്‍ മുസ്ലിം സ്ത്രീകൾക്കെതിരായി വീണ്ടും അക്രമത്തിനു കോപ്പ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. ‘സുള്ളി ഡീൽ” എന്ന ആപ്പ് വഴി മുസ്‌ലിം സ്ത്രീകൾക്കെതിരെ വ്യാപകമായി അധിക്ഷേപം നടത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ‘ബുള്ളി ഭായ്’ ആപ്പുമായുള്ള വംശീയ വിദ്വേഷികളുടെ രംഗപ്രവേശനം. ‘സുള്ളി ഡീൽ” ആപ്പ് വിവാദമായിട്ട് ഇത്രയും മാസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. കേരളത്തിലേതുൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവരും പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുമായ മുസ്ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് അധിക്ഷേപ പ്രചാരണം നടത്തുന്നത്. സ്വതന്ത്രരായ സ്ത്രീകൾക്കെതിരെ ബ്രാഹ്മണ്യം നടത്തുന്ന വംശീയമായ ആക്രമണമാണ് ഇവിടെ നടക്കുന്നത്.
നേരത്തെ സുള്ളി ഡീൽ എന്ന വ്യാജ ആപ്പില്‍ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും നോയിഡയിലെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ പരാതിയും ഉയർന്നിരിക്കുന്നത്. ഇത്തരം കേസുകളില്‍ ശക്തമായ നടപടികള്‍ ഉണ്ടാവാത്തത് ബ്രാഹ്മണിക്ക് ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കുന്ന വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായിട്ടാണ്.
ഒരു മുസ്‌ലിം എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ ഇരട്ട അപരവൽക്കരണത്തിന് ഇരയാവുകയാണ്. ഇവിടെയാണ് നൂറ് മുസ്‌ലിം സ്ത്രീകളുടെ പേര് വെച്ചുകൊണ്ട് ബ്രാഹ്മണ്യ ഹിന്ദു ഫാസിസം മറ്റൊരു ആണത്തപ്രഘോഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മുസ്ലിം സ്ത്രീകൾക്ക് നേരെ നടക്കുന്ന ഈ ബ്രാഹ്മണ്യ ഹിന്ദുത്വ ആക്രമണത്തിനെതിരെ മുഴുവന്‍ മർദ്ദിത ജനതയും ഐക്യപ്പെട്ടുകൊണ്ട് ഒരു പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായുള്ള പോരാട്ടത്തില്‍ അണിനിരക്കുക..
_ പുരോഗമന യുവജന പ്രസ്ഥാനം