ശ്വേതാഭട്ട് കരുതുന്നുണ്ടാകും, ഭർത്താവ് ജയിലിലടക്കപ്പെട്ട നിങ്ങളുടെ അവസ്ഥയിൽ ജനത്തിന് ആശങ്കയുണ്ടെന്ന്!

ഗുജറാത്ത് വംശഹത്യാവേളയിൽ തൻ്റെ വീട്ടിൽ അഭയം തേടിയ നൂറുകണക്കിന് മുസ്ലിങ്ങൾക്കൊപ്പം ചുട്ടെരിക്കപ്പെട്ട കോൺഗ്രസ് നേതാവ് സയ്യിദ് ഇഹ്‌സാൻ ജാഫ്രിയുടെ മകൾ നിഷ്‌റീൻ, സഞ്ജീവ് ഭട്ടിൻറെ ഭാര്യ ശ്വേതക്ക് എഴുതിയ കത്തിന്‍റെ പരിഭാഷ:

പ്രിയ ശ്വേതാ സഞ്ജീവ് ഭട്ട്,

ഇന്ത്യയിൽ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമെന്നാൽ നീണ്ടതും ഏകാന്തവുമായ യുദ്ധമാണ് – ഒരഭിമുഖത്തിൽ ടീസ്റ്റ സെറ്റൽവാദ് ഇത് പറഞ്ഞുകേട്ടപ്പോൾ ദിവസങ്ങളോളം ഞാനാ വാക്യം ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചു. ആ ഏകാന്തത ഞാൻ അനുഭവിച്ചറിഞ്ഞതാണെങ്കിലും എങ്ങനെ പ്രകാശിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. ഇതിനകം അറിഞ്ഞതല്ലെങ്കിൽ നിങ്ങളറിയണം, എത്രമേൽ വിജനമായ പാതയാണ് നിങ്ങളുടെ ഭർത്താവ് തെരഞ്ഞെടുത്തത് എന്ന്. എത്രമേൽ ദീർഘവും ഏകാന്തവും ദുഷ്ക്കരവുമായ പാതയാണ് നിങ്ങളെയും കുട്ടികളെയും കുടുംബത്തെയും കാത്തിരിക്കുന്നത് എന്ന്.

എൻ്റെ ഉമ്മക്ക് 23 വയസ്സുള്ളപ്പോഴാണ് അവർ അഹമ്മദാബാദ് നഗരത്തിലേക്ക് താമസം മാറ്റുന്നത്. 2002 ഫെബ്രുവരി 28ലെ ആ കരാളരാത്രിയിൽ, തൻ്റെ അറുപതാം വയസ്സിൽ, രാവിലെ മുതൽ ഉടുത്തിരിക്കുന്ന സാരിയോടെ അവർ വീടുവിട്ടിറങ്ങി. നാൽപത് വർഷത്തോളം നടന്ന അതേ തെരുവുകളിൽ ഓരോ വീടിൻറെ വാതിലിലും അഭയത്തിനായി അവർ മുട്ടിവിളിച്ചു. ഞങ്ങളുടെ വീടിരുന്ന ചമൻപുര മുതൽ ഗാന്ധിനഗർ വരെ, ഒരൊറ്റ വാതിലും അവർക്കായി തുറക്കപ്പെട്ടില്ല; ആരുമാരും അവരെ സ്വീകരിക്കാനായി കൈകൾ നീട്ടിയില്ല. (നടന്നുനടന്നു പിറ്റേന്നാണ്‌ അവർ ഗാന്ധിനഗറിൽ എത്തുന്നത്, അവരെ സ്വീകരിക്കാൻ ആകെ ഉണ്ടായിരുന്ന ഒരു കുടുംബസുഹൃത്തിൻറെ വീട്ടിൽ).

– നിങ്ങൾ കരുതുന്നുണ്ടാകണം, എൻ്റെ നാട് എന്ന് എപ്പോഴും നിങ്ങൾ പറയുന്ന നഗരം, എൻ്റെ നാട്ടുകാർ എന്ന് നിങ്ങൾ സംബോധന ചെയ്യുന്ന ആളുകൾ നിങ്ങൾ കടന്നുപോകുന്ന അവസ്ഥകളെപ്പറ്റി അനുതാപത്തോടെ നോക്കിയിരിക്കുന്നുണ്ടെന്ന്.

അഹമ്മദാബാദിലെ പൗരപ്രമുഖരും പിതാവിൻ്റെ ദീർഘകാല സുഹൃത്തുക്കളും ആയിരുന്നവരിൽ ഒരാൾപോലും അവരെ അന്വേഷിച്ചെത്തിയില്ല – അവരിൽ പലരും ഉമ്മയുടെ അടുക്കളയിൽ വിളമ്പിക്കൊടുത്ത ബിരിയാണിയും ഇറച്ചിക്കറിയും ബാപ്പക്കൊപ്പം ഇരുന്ന് ആസ്വദിച്ച് കഴിച്ചവരാണ്! ബാപ്പ ഒന്നിച്ചു പ്രവർത്തിച്ച, തെരഞ്ഞെടുപ്പുകളിൽ – കോടതിക്കേസുകളിൽ ഒരുമിച്ചു പോരാടിയ, റാലികളിലും ധർണ്ണകളിലും ഒന്നിച്ചണിനിരന്ന, ഹോളിയും ഈദും ദീപാവലിയും ഒന്നിച്ചാഘോഷിച്ച, പലപല കാര്യങ്ങളിലും കൂടെയുണ്ടായിരുന്ന അഹമ്മദാബാദിലെ ദശലക്ഷം വരുന്ന മനുഷ്യരിൽ ആരും… ഗാന്ധിനഗറിൽ അവരെ കണ്ടെത്തുകയും, ബാപ്പയുടെയും അദ്ദേഹത്തിൻ്റെ സമുദായത്തിൽപ്പെട്ട നൂറുകണക്കിന് പേരുടെയും നിഷ്ഠുരമായ ഹത്യയെക്കുറിച്ചുള്ള വാർത്ത അതിനകം പരക്കുകയും ചെയ്തതിന് ശേഷം കൂടി അവരെത്തേടി വന്നില്ല.

– നിങ്ങൾ കരുതുന്നുണ്ടാകണം, നിങ്ങളുടെ ഭർത്താവ് ഈ സംസ്ഥാനത്തും നഗരത്തിലുമാണ് സേവനം അനുഷ്ഠിച്ചത് എന്നത് കൊണ്ട്, നിങ്ങളുടെ ഭർത്താവിൻറെ വിദ്യാഭ്യാസവും സേവനവും രാജ്യസേവനത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സ്വപ്നവും സത്യസന്ധതയും അർപ്പണവുമെല്ലാം ഇവിടെ പരിഗണിക്കപ്പെടും; അങ്ങനെ ഈ ജനം നിങ്ങളുടെ പോരാട്ടത്തിൽ ഒന്നിച്ചണിനിരക്കും എന്ന്…

ഒരു മുൻ പാർലമെൻറ് അംഗവും കൂടെ 169 പേരും അത്രമേൽ ക്രൂരമായി ചുട്ടെരിക്കപ്പെടുക എന്ന ഭീതിദമായ കൃത്യം കാനഡയിലായിരുന്നു നടന്നതെങ്കിൽ, ജസ്റ്റിൻ ട്രൂഡോയും തൻ്റെ മന്ത്രിസഭ മൊത്തവും പാർലമെൻറ് അടച്ചുപൂട്ടി അതിലെ ഓരോ ഇരയേയും സഹായിക്കാനായി അണിനിരന്നേനെ. മിക്കവാറും വലിയ വ്യാപാരസ്ഥാപങ്ങൾ ഗുൽബർഗ് സൊസൈറ്റിയിലും സമീപപ്രദേശങ്ങളിലും വീടുകൾ പുനർനിർമ്മിക്കാനും വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനുമുള്ള പണി തുടങ്ങിയേനെ. അന്നുമിന്നും രാജ്യത്തെ ഏറ്റവും സമ്പന്നമായ മൂന്ന് ബിസിനസ്സ് ഐക്കണുകളെ എടുത്താൽ അവർ മൂന്നും ഗുജറാത്തിൽ നിന്നുള്ളവർ ആയിരിക്കും. എന്നാൽ ജീവകാരുണ്യപ്രവർത്തികൾ ചെയ്യുന്നതിൽ അഭിമാനം കണ്ടെത്തുന്ന അവരുടെ കുടുംബങ്ങളിലെ സ്ത്രീജനങ്ങൾ പോലും ഇരകളെ സഹായിക്കാൻ എത്തുകയോ സമ്പന്നരും പ്രശസ്തരുമായ മറ്റു വനിതകളുമായി ചേർന്ന് ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള ശ്രമം പോലും നടത്തിയില്ലെന്നതാണ് നേര്.

– നിങ്ങൾ കരുതുന്നുണ്ടാകണം, സാരി ഉടുക്കുന്നത് കൊണ്ടും നെറ്റിയിൽ മനോഹരമായി പൊട്ടണിയുന്നത് കൊണ്ടും നിങ്ങളെ അവർ മനുഷ്യനായി പരിഗണിക്കും; അമ്മ, ഭാര്യ, മകൾ എന്നീ നിലകളിൽ നിങ്ങൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കും; അങ്ങനെ നിങ്ങളുടെ പോരാട്ടത്തിൽ അവരും പങ്കുചേരും എന്ന്…

ദശലക്ഷക്കണക്കായ ഇന്ത്യൻ സ്ത്രീകൾ അതിരാവിലെ ഉണർന്നെണീറ്റ് നഗരങ്ങളിലോ പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ ഉള്ള ഏതെങ്കിലുമൊരു ആരാധനാലയത്തിൽ പോകുന്നത് പതിവാണ്. പക്ഷേ, ആരും ചിന്തിച്ചിരിക്കില്ല അന്നേദിവസം അവർ ഒരുമിച്ചു പങ്കുവയ്ക്കുന്ന നഗരത്തിൽ ഒരു സമുദായം മുഴുക്കെ, ഒന്നിരിക്കാനോ കുഞ്ഞുങ്ങൾക്കോ വൃദ്ധരായ അവരുടെ മാതാപിതാക്കൾക്കോ ഒന്ന് തലചായ്ക്കാനോ അൽപം സ്ഥലം അന്വേഷിച്ച് തെരുവുകളിൽ അലയുന്ന അവസ്ഥ വരുമെന്ന്.

സ്വന്തം വീടുകളിൽ നിന്ന് പുറന്തള്ളപ്പെട്ട സമുദായത്തിലെ ഒരുവിഭാഗം പരിക്കേറ്റ അവരുടെ കുട്ടികളെയോ മാതാപിതാക്കളെയോ കൈകളിലേന്തി ദിവസങ്ങളോളമായി ഇട്ട അതേ ഉടുപ്പിൽ തെരുവിൽ അലയുമ്പോൾ, മറ്റു ചിലർ കുന്നുകൂട്ടിയ കത്തിക്കരിഞ്ഞ ദേഹങ്ങൾക്കിടയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരമുണ്ടോ എന്ന് തിരയുമ്പോൾ, മറ്റുചിലർ മുസ്ലിം ഏരിയകളിൽ അഭയകേന്ദ്രമായി പരിവർത്തിക്കപ്പെട്ട സ്ക്കൂളുകളിലെ പരുത്ത നിലങ്ങളിൽ ഇരുന്ന്, ഒരൽപം മയങ്ങാനായി ശ്രമിക്കുമ്പോൾ, വേറെ ചിലർ ഖബർസ്ഥാൻറെ മൂലയിൽ സ്ഥലം കണ്ടെത്താനും ക്രമീകരിക്കാനും ഓടിനടക്കുമ്പോൾ, ഗുജറാത്തിലെ സ്ക്കൂളുകളും കോളേജുകളും സർവ്വകലാശാലകളും വാണിജ്യസ്ഥാപനങ്ങളുമെല്ലാം പതിവ് പോലെ പ്രവർത്തിക്കുകയായിരുന്നു; അവയിലൊക്കെ ജോലി ചെയ്യുന്ന മുഴുവൻ വനിതകളും യാതൊന്നും സംഭവിക്കാത്തപോലെ ഹാജരുണ്ടായിരുന്നു.

– നിങ്ങൾ കരുതുന്നുണ്ടാകണം, ഇപ്പറഞ്ഞ അതേ ജനം ഫാഷിസ്റ്റുകളുമായുള്ള പോരാട്ടത്തിൽ ഭർത്താവ് ജയിലിൽ അടക്കപ്പെട്ടിരിക്കെയുള്ള നിങ്ങളുടെ അവസ്ഥയിൽ ആശങ്കാകുലർ ആയിരിക്കുമെന്ന്!

മറ്റേതൊരു കാലത്തും രാജ്യത്തും ആയിരുന്നെങ്കിൽ, ഐ.പി.എസ് ഓഫീസർമാർ മാത്രമല്ല, ഗുജറാത്തിലെ ഉദ്യോഗസ്ഥർ മാത്രവുമല്ല, ഇന്ത്യാരാജ്യത്തെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും സമരരംഗത്തിറങ്ങി സഞ്ജീവ് ഭട്ടിനെതിരെയുള്ള ഈ പീഡനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടേനെ. ദൗർഭാഗ്യവശാൽ നിങ്ങൾ ഇന്ത്യയിലാണ് സുഹൃത്തേ. ഇവിടെ നമ്മിൽ വിദ്വേഷം ഊട്ടിയാണ് വളർത്തുന്നത്; അവ ജനങ്ങളെ വിഭജിക്കുക എന്ന ധർമ്മം കൃത്യമായി നിർവ്വഹിച്ചുകൊള്ളും. നമ്മെ കാത്തിരിക്കുന്ന ഏതെങ്കിലുമൊരു ദുരന്തം അനിവാര്യമാണ് എന്നാണെങ്കിൽ ഞാൻ പ്രാർത്ഥിക്കുന്നത് അതൊരു പ്രകൃതി ദുരന്തമായിരിക്കട്ടെ; മതപരമോ രാഷ്ട്രീയപരമോ ആയ വിദ്വേഷസൃഷ്ടിയായ ഒരു ദുരന്തം ആകാതിരിക്കട്ടെ എന്നാണ്. അത്തരം വിദ്വേഷത്തിൻ്റെ ഇരകൾക്ക് മാത്രമേ ഈ പാത എത്രമേൽ വിജനമെന്ന് കൃത്യമായി തിരിച്ചറിയുകയുള്ളൂ.

എൻ്റെ എല്ലാ സ്നേഹവും പ്രാർത്ഥനകളും നിങ്ങൾക്കും നിങ്ങളുടെ ദൃഢചിത്തനായ ഭർത്താവ് ശ്രീ. സഞ്ജീവ് ഭട്ട് സാറിനും ഒപ്പമുണ്ട്.

വിശ്വസ്‌തതയോടെ,
നിഷ്‌റീൻ ജാഫ്രി ഹുസൈൻ.


പരിഭാഷ_ ബച്ചൂ മാഹി

Leave a Reply