ശർജീൽ ഇമാമും പൗരത്വ പ്രക്ഷോഭങ്ങളും

ഇന്ന് രാജ്യത്തിന്റെ ഏത് ഭാഗത്ത് നോക്കിയാലും നിങ്ങൾക്ക് ഒരു ‘ശാഹീൻബാഗ്’ കാണാൻ സാധിക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാത്രി – പകല്‍ഭേദമില്ലാതെ സമരങ്ങൾ കാണാൻ സാധിക്കും. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ആസാദി വിളികളും പാട്ടുകളും കൊണ്ട് സമ്പന്നമാണ് ഇന്ത്യയിലെ ഒട്ടുമിക്ക തെരുവുകളും. പല സംഘടനകളുടെയോ കൂട്ടായ്മകളുടെയോ പേരിലോ പാർട്ടികളുടെ കീഴിലോ മഹല്ലിന്റെ നേതൃത്വത്തിലൊക്കെ സമരങ്ങൾ നടക്കുന്നുണ്ട്.

പക്ഷെ “ചക്കാ ജാം” എന്ന വളരെ പ്രാക്ടിക്കലായ ഒരു ആശയത്തിലൂടെ ആര്‍.എസ്.എസിനെയും കേന്ദ്ര സർക്കാരിനെയും ഒരുപോലെ ബാക്ക്ഫൂട്ടിലാക്കിയ, ഇന്ന് ഇന്ത്യ മൊത്തം ഏറ്റെടുത്ത ഒരു സമരരീതിയുടെ മാസ്റ്റർ ബ്രെയ്‌നായ ശർജീലിനു വേണ്ടി എത്ര ഇടങ്ങളിൽ നിന്ന് ശബ്ദം ഉയരുന്നത് നിങ്ങൾ കേട്ടിട്ടുണ്ട് ? ജെ.എന്‍.യുവിലെ റിസേർച്ച് സ്കോളർ ആയ ശർജീൽ, ബീഹാർ, ആസ്സാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, യൂ പി, ഡൽഹി എന്നീ ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിലെ പോലീസ് ഒരുമിച്ച് കേസുകൾ ചാർത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. യു.എ.പി.എയും ചുമത്തിയിട്ടുണ്ട്. ഒരു പ്രസംഗത്തിന്റെ പേരിൽ, മനുഷ്യാവകാശങ്ങളുടെ സകല സീമകളും ലംഘിച്ച് കൊണ്ടാണ് ശർജീലിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഹിന്ദുരാഷ്ട്ര നിർമ്മിതിക്ക് തടസമായി നിൽക്കുന്ന ശർജീലിനെ പോലൊരാളെ ആര്‍.എസ്.എസ് എതിർക്കുന്നത് സ്വാഭാവികമാണ്. പക്ഷെ ആത്യന്തികമായി ഫാഷിസ്റ്റ് വിരുദ്ധർ എന്നവകാശപ്പെടുന്ന ഇടത് വലത് ലിബറൽ ഇടങ്ങളിൽ നിന്ന് അബദ്ധവശാൽ പോലും ശർജീൽ ഇമാമെന്നോ കഫീൽ ഖാനെന്നോ നിങ്ങൾ കേട്ടിട്ടുണ്ടാവാൻ സാധ്യതയില്ല. മാത്രമല്ല, ശർജീലിനെ പിന്തുണയ്ക്കുന്നവരുടെ വായടപ്പിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.

ശാഹീൻബാഗിൽ വെച്ച് കോൺഗ്രസിനെ ശക്തമായ ഭാഷയിൽ ശർജീൽ വിമർശിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് എന്താണെന്ന് ജനങ്ങൾക്കറിയാമെന്നും കോണ്ഗ്രസിന്റെ അജണ്ടകളെ തുറന്നുകാട്ടുകയാണ് ഉദ്ദേശമെന്നും പറഞ്ഞിട്ടുണ്ട്.

സംഘ് പരിവാരത്തിന് ലക്ഷ്യത്തിലേക്ക് എത്താൻ എതിരെ നിൽക്കുന്നവരെയെല്ലാം അവർ വകഞ്ഞുമാറ്റിയിട്ടുണ്ട്. തീർച്ചയായും ശർജീൽ അവർക്കൊരു കനത്ത വെല്ലുവിളിയാണ്. ഒരു വിട്ടുവീഴ്ചയുമില്ലാതെ ആര്‍.എസ്.എസിനെതിരെ എന്ന് പറയുന്നവർ എന്തുകൊണ്ടാണ് അവരുടെ ഇരകളുടെ കാര്യത്തിൽ മാത്രം സെലക്ടീവ് ആവുന്നത്. പ്രതിഭാഗത്ത് ആര്‍.എസ്.എസും, മറുഭാഗത്ത് ശർജീലും കഫീൽ ഖാനും കൊടിഞ്ഞി ഫൈസലും റിയാസ് മൗലവിയുമൊക്കെ ആവുമ്പോൾ എന്തുകൊണ്ടാണ് ഇടതുപക്ഷം മൗനികളാവുന്നത് ? ഇടത് സ്പെയ്‌സായ ജെ.എന്‍.യുവിൽ കനയ്യ കുമാറിനും ഐഷ ഘോഷിനും കിട്ടിയ പിന്തുണ അവരെക്കാൾ എത്രെയോ കാലിബറുള്ള ശർജീലിന് കിട്ടാത്തത് അയാളുടെ സ്വത്വം അല്ലാതെ മറ്റൊന്നുമല്ല.

അതുപോട്ടെ, ചന്ദ്രശേഖർ ആസാദിനെ പോലൊരു ദലിതനായ ആൾ ജയിലിൽ കിടന്നപ്പോൾ മുസ്‌ലിം സമുദായത്തിൽ നിന്ന് കിട്ടിയ പിന്തുണ, ശർജീൽ ഇമാമെന്ന മുസ്‌ലിം യുവാവ് ജയിലിൽ കിടക്കുമ്പോൾ ദലിത് സമൂഹം കൊടുക്കുന്നുണ്ടോ ? എന്തിന് പറയുന്നു, ആസാദിന് മുസ്‌ലിം സമൂഹം കൊടുത്ത പിന്തുണ ശർജീലിന് കൊടുക്കുന്നുണ്ടോ ? ശർജീൽ ഇമാമെന്ന മുസ്‌ലിം പൊളിറ്റിക്സ് പറയുന്ന ഒരാളെ പിന്തുണയ്ക്കുമ്പോ തങ്ങളുടെ സെക്കുലർ പടച്ചട്ടയ്ക്ക് കോട്ടം തട്ടുമോ എന്ന ഭയമാണ് ഇപ്പോഴും പല മുസ്‌ലിം സംഘടനകൾക്കും സമുദായത്തിനും.

കേവല സമരങ്ങൾ എന്നതിന് അപ്പുറത്തേക്ക് ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കുന്നതിന് വളരെ യുക്തിപരമായ സമര പദ്ധതികളുള്ള, ഇന്റലിജന്റായ, ഒരു ഇമാമവാൻ എല്ലാംകൊണ്ടും യോഗ്യനായ ഒരു ചെറുപ്പക്കാരനെ ഭരണകൂടത്തിന് എറിഞ്ഞു കൊടുത്തിട്ട് നിങ്ങൾ ചെയ്യുന്ന സമരങ്ങൾ കാപട്യം നിറഞ്ഞതാണ്.
_ ഉമർ ഫർഹാൻ

*ഏഷ്യന്‍ സ്പീക്സ്
ഫേസ്ബുക്ക്: https://www.facebook.com/asianspeaks
ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍:: https://twitter.com/asianspeaksmail

Leave a Reply