അന്വേഷണസംഘത്തിൻ്റെ നാടകങ്ങൾ അവസാനിപ്പിക്കണം
ബഹുമാനപ്പെട്ട കേരളം മുഖ്യമന്ത്രി മുൻപാകെ വാളയാറിൽ പീഡിപ്പിച്ചു കൊല്ലപ്പെട്ട രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ സമർപ്പിക്കുന്ന അപേക്ഷ…
സർ,
വിഷയം: വാളയാർ കേസിന്റെ അന്വേഷണം സിബിഐക്കു വിടുന്നത് സംബന്ധിച്ച്
സൂചന: കേരള ഹൈക്കോടതിയിൽ കേരളം സർക്കാർ എടുത്ത സമീപനം
വാളയാർ കേസിന്റെ അന്വേഷണം സിബിഐക്കു വിടണം എന്ന എന്റെ ആവശ്യം വൈകിയാണെങ്കിലും അംഗീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചതാണ്. എന്നാൽ ഈ നടപടികളിൽ അട്ടിമറികൾ ആവർത്തിക്കുന്നു എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനുവരി 25നു കേരള സർക്കാർ ഇറക്കിയ ഇത് സംബന്ധിച്ച വിജ്ഞാപനത്തിൽ മൂത്ത കുട്ടിയുടെ മരണം മാത്രം ഉൾപ്പെടുത്തിയതിനെതിരെ എനിക്ക് കോടതിയിൽ പോകേണ്ടി വന്നു. അത് കേവലം ഒരു കയ്യബദ്ധമാണെന്നു സർക്കാർ വക്കീൽ പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. കാരണം ഇത് രണ്ട് പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ആണെന്നത് ആഭ്യന്തരവകുപ്പിന് അറിയാത്തതല്ല. മുൻകാലങ്ങളിൽ നടന്ന അട്ടിമറികൾ കൂടി ചേർത്തുവച്ചു വായിച്ചാൽ ആർക്കും അപകടം ബോധ്യപ്പെടും. രണ്ടാമത്തെ കുഞ്ഞിന്റെ മരണം ഒഴിവാക്കിയാൽ കേസ് അട്ടിമറിച്ച സോജൻ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാൻ കഴിയും എന്നതിനാൽ തന്നെയാണ് ആ ശ്രമം നടത്തിയത്, ഈ കേസിന്റെ വിചാരണ നടന്നിരുന്ന കാലത്തു ഇടതുപക്ഷ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റി കോടതിവിധി വഴി പുറത്തുപോയ മുൻ സർക്കാരിന്റെ കാലത്തെ പബ്ലിക് പ്രോസിക്യൂട്ടറെ താങ്കളുടെ ഓഫിസിൽ നിന്നുള്ള പ്രത്യേക ഉത്തരവ് പ്രകാരം നിയമിച്ചതും അട്ടിമറി ആയിരുന്നല്ലോ.
ഇപ്പോൾ വീണ്ടും കേസിൽ അട്ടിമറി നടത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന സംശയം ബലപ്പെടുകയാണ്. സിബിഐക്കു വിടുന്നത് പുനർ അന്വേഷണത്തിന് വേണ്ടിയാകണം എന്നും അത് കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഞാൻ ഹൈക്കോടതിയെ സമീപിച്ച കേസിൽ കേവലം തുടർ അന്വേഷണം മാത്രം സിബിഐ നടത്തിയാൽ മതി എന്ന നിലപാടാണ് സർക്കാർ വക്കീൽ എടുത്തതെന്നാണ് മനസ്സിലാകുന്നത്. അങ്ങനെ വരുമ്പോൾ ഈ കേസിൽ ഇപ്പോൾ നിലനിൽക്കുന്ന കുറ്റപത്രവും സാക്ഷിമൊഴികളും പരിഗണിക്കാൻ സിബിഐ ബാധ്യസ്ഥമാകും. കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റി സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അട്ടിമറിച്ചത് അതുപോലെ തുടരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സത്യം തെളിയണമെങ്കിൽ പൂർണ സ്വാതന്ത്ര്യത്തോടെ ഈ കേസിന്റെ പുനർ അന്വേഷണം നടത്താൻ സിബിഐക്കു കഴിയണം.
താങ്കളുടെ സർക്കാർ നിയോഗിച്ചിരിക്കുന്ന പ്രത്യേക അന്വേഷണസംഘം ഇപ്പോൾ നടത്തുന്ന അന്വേഷണവും ചോദ്യം ചെയ്യലും പോലുള്ള നാടകങ്ങൾ അവസാനിപ്പിക്കണം. ഇതിനു വേണ്ട നിർദ്ദേശങ്ങൾ താങ്കളുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം കേസ് അട്ടിമറി തുടരാനാണ് താങ്കളുടെ സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത് എന്ന് വിശ്വസിക്കേണ്ടി വരും
വിശ്വസ്തതയോടെ
വി. ഭാഗ്യവതി,
സെല്വപുരം,
അട്ടപ്പള്ളം,
പാമ്പൻ പള്ളം, വാളയാർ , പാലക്കാട്
9847553459