അവർക്ക് നഷ്ടപരിഹാരം വിധിക്കാൻ കഴിയാത്ത പരിഹാസ്യമായ നിയമസംവിധാനം!
ഗുജറാത്തിൽ സിമി ബന്ധമാരോപിക്കപ്പെട്ട കേസിൽ 126 പേരെ കോടതി കുറ്റവിമുക്തരാക്കി…
സിമി ബന്ധമാരോപിച്ച് 2001ൽ അറസ്റ്റ് ചെയ്യപ്പെടുകയും UAPA ചുമത്തപ്പെട്ട് രണ്ട് വർഷത്തോളം ജയിൽവാസമനുഭവിക്കുകയും ചെയ്ത 126 പേരെ 20 വർഷം പിന്നിട്ട കേസിൽ നിന്ന് കോടതി കുറ്റവിമുക്തരാക്കി. ദീർഘകാല വിചാരണക്കിടയിൽ 4 പേർ മരണപ്പെട്ടു.
ഇന്ത്യൻ മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ എന്ന തലക്കെട്ടിൽ ഫോറം ഫോർ മൈനോറിറ്റി എജുകേഷൻ എന്ന എൻ.ജി.ഒ ഗുജറാത്തിലെ സൂറത്തിൽ സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയവരെയാണ് സിമി ബന്ധമാരോപിച്ചു 2001ൽ അറസ്റ്റ് ചെയ്തത്.
30 വയസിൽ താഴെയുള്ളവർ മാത്രം പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥി യുവജന പ്രസ്ഥാനമായ സിമി നിരോധനത്തിന്റെ മറവിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും 40ലധികം പ്രായമുള്ളവരായിരുന്നു. 70ഓളം വയസുള്ള മൗലാന അത്വാഉ റഹ്‌മാൻ വജ്ദിയുൾപ്പെടെ സിമി പ്രവർത്തകരല്ലാത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അറിയപ്പെടുന്ന സാമൂഹ്യ – സാമുദായിക പ്രവർത്തകരായിരുന്നു അധികവും.
അറസ്റ്റ് ചെയ്യപ്പെട്ട ശേഷം രണ്ട് വർഷത്തോളം വാർധക്യത്തിന്റെ അവശതകളുള്ള മൗലാനാ വജ്ദിയടക്കം തടവറയിലെ കഠിന പീഢനങ്ങൾക്കിരയായി. ശേഷം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ 20 വർഷം നീണ്ട കോടതി നടപടികൾക്കും വിചാരണക്കും ശേഷമാണ് സൂറത്ത് സെഷൻസ് കോടതി 126 പേരുൾപ്പെട്ട കേസിലെ മുഴുവൻ ആളുകളെയും നിരുപാധികം കുറ്റവിമുക്തരാക്കിയത്.
രണ്ട് വർഷത്തെ ജയിൽവാസവും 20 വർഷം നീണ്ട വിചാരണക്കും ശേഷം ആരോപിക്കപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനമോ, തീവ്രവാദ ബന്ധങ്ങളോ തെളിയിക്കാനാവാതെ നിരപരാധിത്വം പ്രഖ്യാപിക്കുമ്പോൾ 86 വയസായ വിജ്ഞാന വയോധികനടക്കം 126 പേർ അനുഭവിച്ച മാനഹാനിക്കും, സാമ്പത്തിക ശാരീരിക പീഢനങ്ങൾക്കും തത്തുല്യമായ നഷ്ടപരിഹാരം വിധിക്കാൻ കഴിയാത്ത നിയമസംവിധാനം സാമാന്യ നീതിയെത്തന്നെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?