യുഎപിഎ കേസുകൾ പുന:പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചത് പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള രാഷ്ട്രീയ നാടകമായിരുന്നോ ?
യു.എ.പി.എ നിയമത്തിനെതിരെ കേരളത്തിൽ വ്യാപകമായി ഉയർന്നു വന്ന പ്രതിഷേധത്തിനൊടുവിലാണ് 2017 ജനുവരിയിൽ അന്ന് ഡിജിപിയായിരുന്ന ലോക് നാഥ് ബെഹ്റ യുഎപിഎ കേസുകൾ പുന:പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തതിനും രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി നോട്ടീസ് – പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിപിച്ചതിനും, മതപ്രഭാഷണത്തിനെതിരെയും മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധിച്ചതിനുമെല്ലാം യുഎപിഎ ചുമത്തിയ സാഹചര്യത്തിലാണ് പ്രതിഷേധങ്ങൾ ഉയർന്നതും പുനഃപരിശോധനാ പ്രഖ്യാപനം ഉണ്ടായതും…
അഡ്വ. തുഷാർ നിർമ്മൽ സാരഥി
നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലയും അടിക്കടി ആവർത്തിക്കുന്ന ലോക്കപ്പ് മർദ്ദനങ്ങളും യുഎപിഎ പോലുള്ള ജനവിരുദ്ധ നിയമങ്ങളുടെ വ്യാപകമായ ഉപയോഗവും മൂലം പ്രതിക്കൂട്ടിലായ പിണറായി സർക്കാറിനും കേരളാ പോലീസിനും പ്രതിരോധമായി മാറി ഈ പ്രഖ്യാപനം. പിണറായി സർക്കാറിന്റെ ജനാധിപത്യ സമീപനത്തിന്റെ ഉദാഹരണമായി ഈ തീരുമാനം സാമുഹ്യമാധ്യമങ്ങളിൽ വാഴ്ത്തപ്പെട്ടു. തുടർന്ന് 42 കേസുകളിൽ യുഎപിഎ നിലനിൽക്കില്ലെന്ന് കണ്ടെത്തിയെന്നും ആ കേസുകളിൽ യുഎപിഎ പിൻവലിക്കാൻ ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് നൽകുമെന്നും ലോക് നാഥ് ബെഹ്റ പറഞ്ഞിരുന്നു.
പിന്നീട് ടി.പി.സെൻകുമാർ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡിജിപിയായി തിരിച്ചെത്തുകയും അദ് ദേഹം വിരമിച്ചതിന് ശേഷം ലോക് നാഥ് ബെഹ്റ വീണ്ടും ഡിജിപിയാവുകയും ചെയ്തു. പുനഃപരിശോധനാ പ്രഖ്യാപനം വന്ന് രണ്ട് വർഷം പിന്നിടുമ്പോൾ പുനഃപരിശോധിക്കുമെന്ന് പറഞ്ഞ കേസുകളിൽ ചിലതിൽ കുറ്റപത്രം നൽകുകയും കോടതികളിൽ കേസ് വിളിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് പുനഃപരിശോധനാ നടപടിയുടെ ഫലമെന്തെന്ന് അറിയാൻ ആഭ്യന്തര വകുപ്പിൽ വിവരാവകാശ അപേക്ഷ നൽകിയത്. എന്നാൽ പുനഃപരിശോധനക്കായി സർക്കാർ തലത്തിൽ ഒരു പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ആഭ്യന്തര വകുപ്പ് നൽകുന്ന മറുപടി. ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാണെങ്കിൽ നൽകാനായി ഡിജിപിയുടെ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന് അപേക്ഷ കൈമാറിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. ആഭ്യന്തരവകുപ്പിൽ നിന്ന് ലഭിച്ച മറുപടിയിൽ നിന്നും അനുമാനിക്കാനാകുന്നത് ഡിജിപി ലോക് നാഥ് ബെഹ്റ പറഞ്ഞതു പോലെ 42 കേസുകളിൽ യുഎപിഎ നിലനിൽക്കില്ലെന്ന് കണ്ടെത്തിയത് സംബന്ധിച്ച് യാതൊരു വിവരവും സംസ്ഥാന സർക്കാറിന്റെ പക്കൽ ഇല്ല എന്നാണ്.
അങ്ങനെയെങ്കിൽ പുന:പരിശോധനാ പ്രഖ്യാപനം അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ ഇവയാണ്;
* യുഎപിഎ നിലനിൽക്കില്ലെന്ന് ഡി ജി പി പറഞ്ഞ 42 കേസുകൾ ഏതൊക്കെയാണ് ?
* പുന:പരിശോധനക്കായി സർക്കാർ കമ്മറ്റിയെ നിയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ പുന:പരിശോധന നടത്തിയതാരാണ് ?
* പുനഃപരിശോധന നടത്താൻ സർക്കാർ തീരുമാനമുണ്ടായിരുന്നില്ലെ ?
* പ്രതിഷേധങ്ങളെ തണുപ്പിക്കാനും വിമർശകരെ നിശബ്ദരാക്കാനുമുള്ള മറ്റൊരു രാഷ്ട്രീയ നാടകം മാത്രമായിരുന്നൊ പുന:പരിശോധനാ പ്രഖ്യാപനം ?
_ അഡ്വ. തുഷാർ നിർമ്മൽ സാരഥി