കോവിഡ് കാലത്തും നീതി നിഷേധിക്കപ്പെട്ട രാഷ്ട്രീയ തടവുകാർ

സഖാക്കൾ ഇബ്രാഹിമിനേയും രൂപേഷിനേയും അനൂപിനേയും മറ്റു രാഷ്ട്രീയ തടവുകാരേയും വിട്ടയക്കുക…

അഡ്വ. ഷൈന പി എ

ആറു വർഷങ്ങൾക്കു മുമ്പ് ഒരു മെയ് 4നാണ് ഞങ്ങൾ അറസ്റ്റു ചെയ്യപ്പെടുന്നത്. മെയ് 5ന് ജയിലിൽ അടക്കപ്പെട്ടു. മൂന്നേകാൽ വർഷത്തിനു ശേഷം ജയിലിന്റെ മതിൽക്കെട്ടുകൾ താണ്ടി ഞാൻ പുറത്തെത്തിയെങ്കിലും രൂപേഷും ഞങ്ങളോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട മൂന്നുപേരിൽ രണ്ടു പേരും ഇനിയും ജയിലറകളിൽ തന്നെയാണുള്ളത്. ഞങ്ങൾക്കു ശേഷം അറസ്റ്റു ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും ഇപ്പോഴും തടവറയിൽ തന്നെ. അതിൽ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും പലവിധ സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് ജാമ്യ ബോണ്ടുകൾ കോടതികൾ സ്വീകരിക്കാത്തതിനാൽ പുറത്തു വരാനാകാതെ കിടക്കുന്നവരും ജാമ്യം നേടി പുറത്തിറങ്ങുമ്പോൾ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടവരുമുണ്ട്.

ആറു വർഷത്തിനു ശേഷവും കേരളത്തിലെ ഒരു കേസിലും വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. മിക്കവാറും കേസുകളിൽ തുടരന്വേഷണം എന്ന പേരിൽ കേസന്വേഷണം അനന്തമായി നീളുകയാണ്. പലതിലും ചാർജ് ഷീറ്റ് പോലും സമർപ്പിച്ചിട്ടില്ല. വിചാരണ കോടതികൾ വിടുതൽ നൽകിയ കേസുകളിൽ ഹൈക്കോടതിയിലും ഹൈക്കോടതി റദ്ദാക്കിയ കേസുകളിൽ സുപ്രീം കോടതിയിലും സർക്കാർ അപ്പീൽ നൽകി അവ തിരികെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.

65 വയസ്സു കഴിഞ്ഞ സഖാവ് ഇബ്രാഹിംക്ക കടുത്ത പ്രമേഹവും ഹൃദ്രോഗവും മൂലം കഷ്ടപ്പെടുകയാണ്. വിചാരണ യുക്തമായ ഒരു കാലയളവിൽ നടത്താൻ കഴിയാത്തത് ജാമ്യത്തിനുള്ള ഒരു അടിസ്ഥാന കാരണമാണെങ്കിലും മുൻകാലങ്ങളിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകൾ വിചാരണ കോടതിയും ഹൈക്കോടതിയും നിരസിക്കുകയാണുണ്ടായത്. ജയിലിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ മോചനം അടിയന്തിര പ്രാധാന്യമുള്ള ഒരു സംഗതിയാണ്.

Follow | Facebook | Instagram Telegram | Twitter