കോൺഗ്രസും ബിജെപിയും മുസ്‌ലിങ്ങൾക്ക് ഒരുപോലെ
ബിജെപിയും കോൺഗ്രസും മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഫലത്തിൽ ഒരുപോലെയാണ് എന്ന് പറയുന്ന നേരം എന്നെ ഐഎസ് തീവ്രവാദിയാക്കുന്ന കോൺഗ്രസുകാരുണ്ട്, തീവ്രവാദി എന്ന് വിളിക്കുന്ന മുസ്‌ലിം ലീഗുകാരുണ്ട്. ഐഎസ് ആരോപണം ഉന്നയിച്ചാലൊന്നും കോൺഗ്രസിന്റെ പാപക്കറ തീരില്ല എന്നാണ് ഹിന്ദുത്വ സെക്കുലറിസ്റ്റുകളായ കോൺഗ്രസിലെ ദേശീയ മുസ്‌ലിങ്ങളോട് എനിക്ക് പറയാനുള്ളത്. യുഎപിഎ നിയമം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ രണ്ടാം യുപിഎ സർക്കാർ ഭേദഗതി ചെയ്തപ്പോൾ അതിൽ എഴുതി വെച്ച ഒരു സംഭവമുണ്ട്;
നാസര്‍ മാലിക്
“വിചാരണ തടവിന് അന്വേഷണ ഏജൻസികൾക്ക് നിയമ പരിരക്ഷ എന്ന വകുപ്പ്”
ഇത് കേൾവിയിൽ നിസ്സാരം ആവാം. എന്നാൽ ഇതുകൊണ്ട് സംഭവിക്കുന്ന കാര്യം എന്തെന്ന് കൂടി അറിയണം. യുഎപിഎ ഭേദഗതി ചെയ്തത് തൊട്ട് നിരവധി മുസ്‌ലിങ്ങളും ദളിതരും ആദിവാസികളും വേട്ടയാടപ്പെട്ടു. കേരളത്തിൽ മാത്രം പാനായിക്കുളം, ഹൂബ്ലി കേസിൽ അകപ്പെട്ടവർ, നാറത്ത് കേസിൽ അകപ്പെട്ടവർ, തസ്‌ളീം, ഗൗരി, ഷാന്റോ ലാൽ അടക്കമുള്ളവർ വർഷങ്ങളും മാസങ്ങളും ജയിലിൽ അകാരണമായി ഈ നിയമത്തിന്റെ പേരിൽ കിടന്നു. ഇവർക്ക് ഒന്നും വിചാരണ തടവിലെ കാലയളവ് സ്റ്റേറ്റിന്റെ ഭീകരതയായി കണ്ട് നഷ്ട പരിഹാരത്തിന് പോവാൻ കഴിയാത്തത്, യുഎപിഎ പ്രകാരം വിചാരണാ തടവിന് നിയമ പരിരക്ഷ ഉണ്ടെന്നതാണ്.
ഈ ധൈര്യം കൊണ്ടാണ് വീണ്ടും വീണ്ടും സിദ്ധീഖ് കാപ്പന്മാർ ഉണ്ടാവുന്നത്. നാളെ വർഷങ്ങൾക്ക് ശേഷം ഇവരെ വെറുതെ വിട്ടാൽ പോലും തങ്ങളെ അത് ബാധിക്കില്ല എന്ന ബോധ്യം ഹിന്ദുത്വ ബ്യുറോക്രസിക്ക് കൃത്യമായും അറിയാം. അതുകൊണ്ട് തന്നെ അവർ ഇനിയും മുസ്‌ലിം വേട്ട തുടരും. എൻ.എസ്.എ, ടാഡ, പോട്ട തുടങ്ങിയ നിയമങ്ങൾ എങ്ങിനെ മുസ്‌ലിങ്ങൾ അടങ്ങുന്ന പാർശ്വവൽകൃത വിഭാഗങ്ങളെ എങ്ങിനെ വേട്ടയാടി എന്ന ചരിത്രം നന്നായി അറിയുന്ന കോൺഗ്രസ് തന്നെയാണ് ഇത്തരം ഒരു ആനുകൂല്യം മുസ്‌ലിങ്ങളെ വേട്ടയാടാൻ പാകപ്പെടുത്തിയ തരത്തിൽ യുഎപിഎ ഭേദഗതി ചെയ്തു കൊണ്ട് ഹിന്ദുത്വ ബ്യുറോക്രസിക്ക് സംഭാവന ചെയ്തത്. അതിന്റെ പേരിൽ ഉണ്ടാവുന്ന ഓരോ സിദ്ധീഖ് കാപ്പന്മാരും സക്കരിയമാരും മഅദനിമാരും ഗൗരിമാരും, കോൺഗ്രസ് ഉണ്ടാക്കിയ ഭരണകൂട ഭീകരത തന്നെയാണ്.
ഇനി ഇടതുപക്ഷം തരം പോലെ നിങ്ങൾക്ക് നല്ലതും ചീത്തയും ആവും. അതിനർത്ഥം ഈ പറയുന്ന ഹിന്ദുത്വ സെക്കുലർ എന്ന ബോധത്തിന് പുറത്ത് കടക്കാനുള്ള നിങ്ങളുടെ കമ്മ്യൂണിസ്റ്റ് വീര്യം ഒക്കെ എന്നോ ചോർന്ന് പോയി. പാർലമെന്ററി രാഷ്‌ട്രീയത്തിൽ കോൺഗ്രസ് പയറ്റുന്ന ഹിന്ദുത്വ നയം തന്നെ നിങ്ങൾക്ക് പറ്റാവുന്ന ഇടത്തിൽ നിങ്ങളും പയറ്റുന്നു.
ആരെ കൊണ്ട് പോയി യുഎപിഎ ചുമത്തി ജയിലിലടച്ചാലും തങ്ങളോട് ആരും ചോദിക്കില്ല എന്ന ആനൂകൂല്യം ആ നിയമം തന്നെ ഹിന്ദുത്വ അന്വേഷണ ഏജൻസികൾക്ക് നൽകുന്നു എന്നിരിക്കെ സിദ്ദിഖ് കാപ്പന്മാർ ഉണ്ടായി കൊണ്ടേയിരിക്കും. അന്വേഷണ ഏജൻസികൾക്ക് എന്തിന് ഈ അധികാരം നൽകി എന്നത് കൂടിയാവണം ചർച്ച. അതിനെതിരെ കൂടിയാവണം പോരാട്ടം. അങ്ങിനെ പോരാടാൻ ഇറങ്ങിയാൽ ഐഎസ് , അൽ ക്വയ്ദാ എന്നുള്ള വിളികളും കേൾക്കേണ്ടി വരും.