രാജീവനെ ഭരണകൂടം എന്തു ചെയ്തു?


ഡോ. പി ജി ഹരി

വയനാട്ടിലെ പൊതുപ്രവര്‍ത്തകയും ആദിവാസി സമരസംഘമെന്ന സംഘടനയുടെ നേതാവുമായ ശ്രീമതി തങ്കമ്മയുടെ ജീവിതപങ്കാളിയും കണ്ണൂര്‍ സ്വദേശിയുമായ രാജീവൻ എന്ന പൊതുപ്രവര്‍ത്തകനെ കല്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന വിവരം പുറത്തുവന്നിട്ട് ഏകദേശം 20 മണിക്കൂറിലധികമായിരിക്കുന്നു. ഇതുവരെ ഏതെങ്കിലും കോടതിയിലോ മജിസ്ട്രേറ്റിനു മുന്നിലോ ഹാജരാക്കിയിട്ടില്ല എന്നു മാത്രമല്ല, മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് പോലീസ് മേധാവി നടത്തുന്ന ഔദ്യോഗിക വിശദീകരണമുണ്ടാകും എന്നു പറഞ്ഞതും നടന്നിട്ടില്ല.

എവിടെയാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നോ, കമ്പളക്കാട് പോലീസ് 2002ല്‍ ചാര്‍ജ്ജ് ചെയ്ത് ഒരു കേസ് എന്നതിന് അപ്പുറത്ത് എന്തെങ്കിലും വിവരങ്ങള്‍ ബന്ധുക്കൾക്കോ മാധ്യമങ്ങള്‍ക്കോ നൽകാനോ ഇതുവരെ പോലീസോ ജില്ലാ അധികാരികളോ തയ്യാറായിട്ടില്ല.

ആരെയും മാവോയിസ്റ്റുകളെന്നോ തീവ്രവാദികളെന്നോ മുദ്രകുത്തി വ്യാജ ഏറ്റുുമുട്ടലിലും പോലീസ് കസ്റ്റഡിയിലും ദാരുണമായി കൊല്ലപ്പെടുന്നത് പതിവ് തിരക്കഥയായ് മാത്രം അവസാനിക്കുന്ന നാട്ടില്‍, മുഖം നഷ്ടപ്പെട്ട തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള പോലീസ് വിഭാഗങ്ങളും ഭരണകൂടം സാമൂഹിക സംസ്കാരിക പ്രവര്‍ത്തകരെ ജയിലടച്ചിട്ടും മിണ്ടാതെ, അര്‍ണാബിന്റെ മനുഷ്യാവകാശത്തെ കുറിച്ച് പ്രതികരിച്ച കോടതിയും ഉളള നാട്ടില്‍, വിവരങ്ങള്‍ ചോദിക്കാതെ നമ്മള്‍ മൗനം പാലിക്കുന്ന ഓരോ നിമിഷത്തിനും രാജീവൻ എന്ന വ്യക്തി ചിലപ്പോള്‍ കൊടുക്കേണ്ടിവരുന്നത് സ്വന്തം ജീവനും പോലീസ് തയ്യാറാക്കുന്ന തിരക്കഥയിലെ കഥാപാത്രമാകലുമായിരിക്കും, വിവരങ്ങള്‍ അറിയാന്‍ മാധ്യമങ്ങള്‍ പോലും കാത്തിരിക്കേണ്ടിവരുന്ന ഈ നാട്ടില്‍.

അതുകൊണ്ട് നമ്മുക്ക് ഇപ്പോള്‍ തന്നെ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടാം, “രാജീവന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും, വിവരങ്ങള്‍ പുറത്തവിടാനും ജീവന്‍ സംരക്ഷിക്കാനും”

പോരാട്ടത്തിൻ്റെ പ്രസ്താവന

പോരാട്ടം സംസ്ഥാന സമിതി അംഗവും ആദിവാസി സമരസംഘം സെക്രട്ടറിയുമായ തങ്കമ്മയുടെ ഭർത്താവ് സി കെ രാജീവനെ 2004ന് മുൻപുള്ള കർഷകസമരത്തിന്റെ ഭാഗമായ ലോംഗ് പെന്റിംഗ് വാറണ്ടിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് തങ്കമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി പരിശോധന നടത്തുകയും ചെയ്ത പോലീസ് നടപടി അപലപനീയമാണ്. രാജീവൻ കസ്റ്റഡിയിലാണെന്നോ, എന്തിനാണ് വന്നതെന്നോ പറയാതെ തങ്കമ്മയോട് അനുവാദം പോലും ചോദിക്കാതെ ഒരു സെർച്ച് വാറണ്ടിന്റെ പിൻബലം പോലുമില്ലാതെ തീർത്തും നിയമവിരുദ്ധമായ പരിശോധനയാണ് പോലീസ് നടത്തിയത്. ഇതിൽ ആദിവാസി സമൂഹത്തോടുള്ള കേരള പോലീസിന്റെ വംശാധിപത്യ മനോഭാവവും പ്രകടമാണ്. വീടിനകത്ത് കടന്ന് കയറി വീട്ട് സാധനങ്ങൾ വലിച്ച് വാരിയിട്ട് പരിശോധിച്ച പോലീസ് എടുത്തു കൊണ്ടുപോയത് പൊതുപരിപാടികളുടെ നോട്ടീസുകളും മറ്റുമാണ്. ഇതിൽ എന്ത് നിയമ വിരുദ്ധതയാണ് ഉള്ളടങ്ങിയിട്ടുള്ളതെന്ന് പോലീസ് മറുപടി പറയേണ്ടി വരും.

വിപ്ലവകാരികളെ വ്യാജ ഏറ്റുമുട്ടലുകളിൽ വധിച്ചും ജനകീയ പ്രവർത്തകരെ അടിച്ചമർത്തിയും മുന്നോട്ട് പോകുന്ന കപട ഇടതുപക്ഷത്തിന്റെ പോലീസ് രാജാണ് ഇവിടെ നടമാടുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മറ്റൊരു കേസിലും പ്രതിയല്ലാത്ത രാജീവന്റെ അറസ്റ്റും അതിനെ തുടർന്നുണ്ടായ പോലീസ് ഭീകരതയും. കേരളത്തിലെ ആദിവാസി ഊരുകളിൽ ഇരുട്ടിന്റെ മറവിൽ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളുടെയും വിതക്കുന്ന ഭീതിയുടെയും ഒരു തുടർച്ചയാണ് തങ്കമ്മയുടെ വീട്ടിലും നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പോലും ഇവർക്ക് ബാധകമായില്ല. ഇതനുവദിക്കുകയാണെങ്കിൽ ആദിവാസി ഊരുകൾ പോലീസ് ഭീകരതയുടെ നിഴലിൽ വീഴുന്ന കാലം വിദൂരമായിരിക്കില്ലെന്ന് നാം തിരിച്ചറിയണം.

രാജീവനെ കോടതിയിൽ ഹാജരാക്കാനും കുടുംബാഗങ്ങൾക്ക് സന്ദർശിക്കാനുമുള്ള സാഹചര്യമുണ്ടാക്കാനും ആദിവാസി മേഖലയിലെ ഇത്തരം അടിച്ചമർത്തലുകൾ അവസാനിപ്പിക്കാനും പൊതു സമൂഹം ശബ്ദമുയർത്തണം. തങ്കമ്മയുടെ വീട്ടിൽ നിയമവിരുദ്ധമായി കടന്ന് കയറിയ പോലീസ് നടപടിയെ പോരാട്ടം ശക്തമായ ഭാഷയിൽ അപലപിക്കുന്നു.
_ പി പി ഷാന്റോലാൽ
ജനറൽ കൺവീനർ
പോരാട്ടം

Like This Page Click Here

Telegram
Twitter