ആ മുസ്‌ലിം വിദ്യാർത്ഥി ഏത് ചന്ദ്രനെ നോക്കിയാണ് ഭാവിയിലേക്ക് യാത്ര ചെയ്യേണ്ടത്?

“ചന്ദ്രയാൻ ദൗത്യത്തിൽ ഒറ്റ ജനതയായി നാം അഭിമാനിക്കുമ്പോഴും ഈ രാജ്യത്തെ ചില ജന്മങ്ങൾ ഇവിടെ ജീവിക്കേണ്ടവരല്ല എന്ന ആക്രോശമാണ് നാം കേൾക്കുന്നത്. മുഖത്തടിയേറ്റ ആ വിദ്യാർത്ഥി ഏത് ചന്ദ്രനെ നോക്കിയാണ്, ഏത് ആകാശത്തെ നോക്കിയാണ് ഭാവിയിലേക്ക് യാത്ര ചെയ്യേണ്ടത്?”
_ കെ പി ഹാരിസ്

തൃപ്ത ത്യാഗി എന്ന സ്ത്രീ അധ്യാപിക തന്റെ ക്ലാസ് റൂമിൽ ഇരുന്നുകൊണ്ട് ഒരു മുസ്‌ലിം വിദ്യാർഥിയെ എഴുന്നേൽപ്പിച്ച് നിർത്തുന്നു. സഹ വിദ്യാർത്ഥികളായ ഹിന്ദു കുട്ടികളെക്കൊണ്ട് ആ വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ പറയുന്നു. തന്റെ കൂട്ടുകാരന്റെ മുഖത്തടിക്കുന്നതിൽ പ്രയാസം അനുഭവിക്കുന്നത് കൊണ്ടോ എന്തോ ചില കുട്ടികളുടെ അടികൾക്ക് ശക്തി ഉണ്ടായിരുന്നില്ല. ഈ സന്ദർഭത്തിൽ “അടിയുടെ ശക്തി പോരാ കുറച്ചു കൂടി ശക്തിയിൽ ആഞ്ഞടിക്കുക” എന്ന് അധ്യാപിക ആക്രോശിക്കുന്നു. വിദ്യാർത്ഥികൾ അനുസരിക്കുന്നു. ക്ലാസിലുള്ള കുട്ടികൾ ഓരോരുത്തരായി വന്ന് ആ വിദ്യാർത്ഥിയുടെ മുഖത്തടിക്കുന്നു. വീണ്ടും ആ അധ്യാപിക ഉത്തരവ് പുറപ്പെടുവിക്കുന്നു, ഇങ്ങനെ നിങ്ങളുടെ സുഹൃത്തുക്കളായ മുസ്‌ലിം കുട്ടികളെ അടിക്കണമെന്ന്, അതാണ് സനാതനധർമ്മം എന്ന് അവരെ പഠിപ്പിക്കുന്നു. ബിജെപിയും യോഗി ആദിത്യനാഥും ഭരിക്കുന്ന ഉത്തർപ്രദേശിലെ, മുസഫർ നഗറിലെ നേഹ പബ്ലിക് സ്കൂളിൽ നടന്ന വംശീയ ആക്രമണത്തിന്റെ വാർത്തയാണ് നാം അറിഞ്ഞത്.

അക്ഷരം പഠിക്കാൻ വന്ന ആ മുസ്‌ലിം വിദ്യാർത്ഥിക്ക് ഏൽക്കേണ്ടിവന്ന അപമാനത്തിന്റെ ഭാരം അധ്യാപിക മനസ്സിലാകുമോ? ആ കുട്ടിയുടെ കണ്ണുനീർത്തുള്ളികൾ ഒരു അഗ്നിഗോളമായി ആ അധ്യാപികയെ വിഴുങ്ങിയാൽ അത്ഭുതപ്പെടാൻ കഴിയാത്ത വിധം പ്രകൃതി പോലും കോപിക്കില്ലേ? അക്ഷരം പകർന്നു കൊടുക്കേണ്ട സ്നേഹത്തിൻറെ സൗഹാർദത്തിന്റെ വരികൾ ചൊല്ലി പഠിപ്പിക്കേണ്ട നാവിൻ തുമ്പിൽ നിന്ന് അപര വിദ്വേഷത്തിന്റെ വായ്മൊഴികൾ പ്രസരിക്കുന്നത് എന്തുകൊണ്ടാണ്?. ഈ അധ്യാപിക പഠിപ്പിക്കുന്ന വംശീയവിദ്വേഷത്താൽ ആ വിദ്യാർത്ഥികൾ വളർന്നുവരുമ്പോൾ മനുഷ്യരെ വെടിവെച്ച് കൊല്ലാൻ പ്രേരിപ്പിക്കില്ലേ? മണിപ്പൂരിൽ യുവതികളെ നഗ്നയാക്കി നടത്തിച്ചത് ഇത്തരം അധ്യാപികമാരുടെ ക്ലാസ്സിൽ ഇരുന്ന വിദ്യാർത്ഥികൾ ആയിരിക്കുമോ?. കാൽപ്പാദം മുതൽ മൂർദ്ധാവ് വരെ വിദ്വേഷം പേറുന്ന ഒരു ജന്മം അധ്യാപികയുടെ കുപ്പായം ധരിച്ച് വിദ്യാർത്ഥികൾക്ക് വിഷം പകർന്നു നൽകുന്നു. വെറുപ്പിന്റെ വൃണം പൊട്ടിയൊലിച്ച് കുട്ടികളിലേക്ക് വ്യാപിക്കുന്നു. പുതിയ ഇന്ത്യയിലെ ഹനുമാൻ സേനകളെ സൃഷ്ടിക്കാൻ ഈ അധ്യാപികക്ക് പ്രചോദനം നൽകുന്നതെന്താണ്? മറ്റൊന്നുമല്ല, ഹിന്ദുത്വ ഭീകര പ്രത്യയശാസ്ത്രത്തിന്റെ പാഠശാലയിൽ നിന്ന് പുറത്തിറങ്ങുന്ന ഏതു മനുഷ്യനും എത്തിപ്പെടുന്ന ഒരു മാനസികാവസ്ഥയ്ക്ക് അപ്പുറം ഒന്നും ഈ അധ്യാപിക എത്തിയിട്ടില്ല എന്ന് നമുക്കറിയാം. അവർ ഒരു സ്ത്രീയാണ്, അതോടൊപ്പം അധ്യാപികയുമാണ്, പക്ഷേ അതെല്ലാം റദ്ദ് ചെയ്യപ്പെടും നിങ്ങൾ ഒരു ഹിന്ദുത്വയുടെ വക്താവ് ആവുകയാണെങ്കിൽ. കാരണം നിങ്ങളിലെ മനുഷ്യൻ മരിക്കുകയും മനുവിലെ ഭീകരൻ ജന്മംകൊള്ളുകയും ചെയ്യും എന്നർഥം.


BUY NOW

ഹിന്ദുത്വ ഭീകര പ്രത്യയശാസ്ത്രം ഒരു അധ്യാപികയായ സ്ത്രീയെ ഇത്രമാത്രം മാറ്റി തീർക്കുന്നുവെങ്കിൽ ആ പ്രത്യയശാസ്ത്രത്തിന്റെ ശക്തി നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഗാലൻ കണക്കിന് വെറുപ്പ് ഉൽപാദിപ്പിച്ച് അപര മനുഷ്യരെ കൊന്ന് തള്ളുന്ന ഒരു പ്രത്യയശാസ്ത്രം പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടില്ല എന്നർത്ഥം.

ചന്ദ്രയാൻ ദൗത്യത്തിൽ ഒറ്റ ജനതയായി നാം അഭിമാനിക്കുമ്പോഴും ഈ രാജ്യത്തെ ചില ജന്മങ്ങൾ ഇവിടെ ജീവിക്കേണ്ടവരല്ല എന്ന ആക്രോശമാണ് നാം കേൾക്കുന്നത്. മുഖത്തടിയേറ്റ ആ വിദ്യാർത്ഥി ഏത് ചന്ദ്രനെ നോക്കിയാണ്, ഏത് ആകാശത്തെ നോക്കിയാണ് ഭാവിയിലേക്ക് യാത്ര ചെയ്യേണ്ടത്? അപമാന ഭാരത്താൽ മുഖം താണുപോയ ആ വിദ്യാർത്ഥിയോട് നാം എങ്ങനെയാണ് ക്ഷമ ചോദിക്കുക? അടിക്കാൻ നിർബന്ധിതരായ ആ വിദ്യാർത്ഥികളിൽ കുത്തിവെച്ച വിഷം ഏത് വിഷസംഹാരി കൊണ്ടാണ് നമുക്ക് നീക്കം ചെയ്യാൻ സാധിക്കുക? അല്ലെങ്കിലും നമ്മൾ എന്തിനാണ് ഇത്ര ആത്മരോഷം കൊള്ളുന്നത്? ഹിംസ നമ്മുടെ രാജ്യത്തിൻറെ പൈതൃകമായി മാറിയിരിക്കുന്നു. വെറുപ്പ് ദേശീയ മുദ്രാവാക്യമായി മാറിയിട്ട് വർഷങ്ങളായി.

ഇവിടെ കാശ്മീർ ഫയൽസ് എന്ന നാലാംകിട വിദ്വേഷ സിനിമക്ക് ദേശീയ അവാർഡ് ലഭിച്ചിരിക്കുന്നു. നാളെ രാഷ്ട്രപതിയുടെ ഏറ്റവും നല്ല അധ്യാപികക്കുള്ള ദേശീയ അവാർഡിന് തൃപ്ത ത്യാഗിയും അർഹയാവില്ല എന്ന് നമുക്ക് പറയാൻ കഴിയില്ല. ഇത്തരത്തിലുള്ള ഒരു ദുരന്തത്തിന് നാളെ സാക്ഷിയാവേണ്ടിവരും എന്നുള്ള യാഥാർത്ഥ്യമാണ് ഇന്ത്യയുടെ യാത്ര നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഉയർന്ന ജാതിക്കാരന്റെ കിണറിൽ നിന്ന് വെള്ളം കോരി കുടിച്ചതിന് ദളിതനായ ഒരു ബാലനെ തല്ലിക്കൊന്ന നാട്, ദളിതനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബ്രാഹ്മണൻ നീണാൾ വാഴുന്ന നാട്. സവർണ്ണ ബ്രാഹ്മണ്യത്തിന്റെ പുഴുത്ത് നാറിയ ജാതിബോധത്തിൽ അപര ജന്മങ്ങളായ മുസ്‌ലിം വിദ്യാർത്ഥിക്കും മറ്റൊരു ജീവിതവും പ്രതീക്ഷിക്കേണ്ടതില്ല എന്നർത്ഥം.

കേരളീയരായ നാമെല്ലാവരും ഓണം ആഘോഷിച്ചു, ചവിട്ടിത്താഴ്ത്തിയവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും തിരിച്ചുവരവ് സ്വപ്നം കാണുന്ന പ്രതീക്ഷയാണ് ഓണം പങ്കുവെക്കുന്ന സങ്കൽപം. ആ സങ്കൽപ്പത്തിലേക്ക് എത്താൻ ഇനിയും എത്ര കാതം ദൂരത്താണ് നാം ഉള്ളത്? അല്ല നാം പിറകോട്ടാണോ സഞ്ചരിക്കുന്നത് എന്ന ചോദ്യമാണ് യുപിയിൽ നിന്നും കേൾക്കുന്ന വാർത്തകൾ. കേരളത്തിലെ ഒരു സ്ത്രീ അധ്യാപിക ക്ലാസ്സ് റൂമിൽ നിന്ന് വിഷം ചീറ്റാൻ കഴിയാത്തതിനാൽ, പുറത്തുവന്ന് വിഷം ചീറ്റിയപ്പോൾ ഫഹദ് എന്ന പിഞ്ചു ബാലനെ കഴുത്തറത്ത് കൊന്നിരുന്നു എന്ന വാർത്ത നാം മറന്നിട്ടില്ലെങ്കിൽ കേരളത്തിലെയും യുപിയിലെയും ഈ രണ്ട് ടീച്ചർമാരും മിത്തല്ല എന്നെങ്കിലും നാം അറിയേണ്ടതാണ്. അതിനാൽ ഇത്തരം വിഷപാമ്പുകൾ ഇനിയും മാളത്തിൽ ഒളിച്ചിരിപ്പുണ്ട് എന്ന പാഠമെങ്കിലും തിരിച്ചറിയാൻ സാധിക്കുന്നിടത്ത് മാത്രമെ നമ്മുടെ രോഷത്തിന് പോലും പ്രസക്തിയുള്ളൂ.
_ കെ പി ഹാരിസ്

Follow us on | Facebook | Instagram Telegram | Twitter | Threads