ഞങ്ങൾക്ക് തൊഴിൽ തരൂ…
ലക്ഷദ്വീപിൽ സർക്കാർ സർവീസിൽ നിന്നും പിരിച്ചു വിട്ട തൊഴിലാളികളുടെ പ്രതിഷേധം നടക്കുകയാണ്. “ഞങ്ങൾക്ക് തൊഴിൽ തരൂ” എന്നാവശ്യപെട്ടാണ് അവർ സമരം ചെയ്യുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
സർക്കാർ വകുപ്പുകളിൽ കരാർ ജോലി ചെയ്‌തിരുന്ന ആയിരക്കണക്കിന് ദ്വീപുനിവാസികളെയാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ ഫാഷിസ്റ്റ് വാഴ്ചയിൽ പിരിച്ചുവിട്ടത്. കൃഷി, മൃഗസംരക്ഷണം, ടൂറിസം തുടങ്ങിയ വകുപ്പുകളിൽ നിന്നായിരുന്നു കൂട്ട പിരിച്ചുവിടൽ. ടൂറിസം വകുപ്പിൽ നിന്നും മാത്രം 190 ഓളം പേരെ പിരിച്ചുവിട്ടു. പ്രഫുൽ പട്ടേലിന്റെ ഔദ്യോഗിക വസതിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ദ്വീപുകാരായ സെക്യൂരിറ്റി ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. പകരം അർദ്ധ സൈനിക വിഭാഗങ്ങളാണ് ഈ ചുമതല വഹിക്കുന്നത്. ഭരണകൂടത്തിന്റെ നടപടികളിൽ നിരവധി തൊഴിലാളി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. തൊഴിൽ നഷ്ടപ്പെട്ടതും കോവിഡ് കാലവും ഈ കുടുംബങ്ങളുടെ ജീവിതം താറുമാറാക്കി.
കൃഷി വകുപ്പിലെ 85 ശതമാനത്തോളം ജീവനക്കാരെ മാറ്റി നിയമിക്കാൻ തീരുമാനിച്ചതും ആശങ്കയുളവാക്കുന്നു. ഈ നടപടി ദ്വീപിലെ കാർഷികമേഖലയുടെ പ്രവർത്തനം തകരാറിലാക്കുമെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ പ്രതിഷേധങ്ങൾ നടക്കുമ്പോഴും കൂടുതൽ വകുപ്പുകളിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടികൾക്കൊരുങ്ങുകയാണ് മോദിയുടെ നേതൃത്വത്തിൽ ഫാഷിസ്റ്റ് ഭരണകൂടം.