ദ്വീപിലെ നിഷ്കളങ്ക ജനതയുടെ നന്മക്കായ് ഞങ്ങൾ വാർത്തകളെഴുതി

ലക്ഷദ്വീപിലെ പുതിയ സാഹചര്യത്തെ തുടർന്ന്, അവിടത്തെ ആദ്യ ഓൺലൈൻ മാധ്യമമായ www.dweepdiary.com – ൽ പ്രസിദ്ധീകരിച്ച ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ വാർത്താലിങ്കുകൾ വിലക്കിയതിനെ കുറിച്ച് ദ്വീപ് ഡയറിയുടെ പ്രസ്താവന:

മാധ്യമങ്ങൾ ജീവിക്കാത്ത ലക്ഷദ്വീപിലേക്ക് വാർത്തകളുടെ വാതിൽ തുറന്ന് എത്തിയ ലക്ഷദ്വീപിലെ ആദ്യ ഓൺലൈൻ മാധ്യമം ദ്വീപ് ഡയറി.കോം അൽപ സമയം കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇന്റർനെറ്റിൽ വിലക്കി. താങ്കൾ എൻ്റർ ചെയ്ത വെബ് അഡ്രസ്സ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം തടയപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് വായനക്കാർക്ക് ലഭിച്ചത്. വായനക്കാർ പ്രശ്നം ചൂണ്ടികാണിച്ചതിനെ തുടർന്ന് ഞങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാർ സൈറ്റ് പരിശോധിക്കുന്നതിനിടെ പോർട്ടൽ വീണ്ടും പഴയപടിയായി. എന്നാല് ചില പ്രത്യേക വാർത്താ ലിങ്കുകൾ വീണ്ടും തടയപ്പെടുന്നുണ്ട്. മാനേജ്മെൻ്റ് തുടർനടപടി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ഓൺലൈൻ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. തുടർന്നും ഇത്തരം തടസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ dweepdiary [at]gmail[dot]com എന്ന ഇ-മെയിലിൽ അറിയിക്കുക. ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഏകാധിപത്യഭരണ രീതിക്കും അതിന് കേന്ദ്രസർക്കാർ നൽകുന്ന മൗനസമ്മതത്തിനും എതിരെ ദ്വീപിലെ നിഷ്കളങ്ക ജനതയുടെ നന്മ മുന്നിൽ കണ്ട് നിരന്തരം വാർത്തകൾ എഴുതുന്ന ഓൺലൈൻ പോർട്ട്ൽ ആണ് ദ്വീപ് ഡയറി. 2013 മുതൽ എഴുത്തുകാരും സാഹിത്യകാരൻമാരും ഉൾകൊള്ളുന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം എന്ന രജിസ്റ്റർഡ് സൊസൈറ്റിയുടെ താഴെയാണ് ദ്വീപ് ഡയറി സ്ഥാപിതമായത്.

ദ്വീപ് ഡയറിയുടെ പ്രവർത്തനം വളരെ രസകരമാണ്. വളരെ മോശം ഇൻ്റർനെറ്റിൽ കഷ്ടപ്പെട്ടാണ് വാർത്താ വിതരണം. വൻകരയിലെ പോലെ വലിയ സംരഭങ്ങൾ ദ്വീപിൽ ഇല്ലാത്തത് കൊണ്ട് എല്ലാ മാധ്യമങ്ങളെയും പോലെ നടത്തിപ്പിന് ആശ്രയിക്കേണ്ട പരസ്യങ്ങൾ ലഭിക്കാറില്ല. വാർഷിക ഫീസ് ജീവനക്കാർ തന്നെ പിരിച്ച് എടുത്ത് നൽകുന്നു. സമ്പൂർണ്ണ ഫ്രീലാൻസ് മാതൃക. വെബ്സൈറ്റ് പുതുക്കൽ, ആപ്പ് play storeൽ ലഭ്യമാക്കൽ തുടങ്ങിയവയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളത് കൊണ്ട് നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 2012ൽ കവരത്തി സ്വദേശിയും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐടി മേഖലയിൽ ജോലി ചെയ്യുന്ന സബീർ എന്ന ചെറുപ്പക്കാരൻ ആണ് വെബ്സൈറ്റും ആപ്പും രൂപകല്പന ചെയ്ത് തന്നത്. കുറഞ്ഞ നെറ്റ് വർക്കിൽ പ്രവർത്തിക്കാൻ ശേഷിയുള്ള വെബ് പോർട്ടൽ, ഇൻ്റർനെറ്റ് ലഭിക്കുമ്പോൾ വാർത്തകൾ ലോഡ് ആയി പിന്നീട് ഓഫ് ലൈൻ വായനക്ക് ഉതകുന്ന മൊബൈൽ ആപ്പ് എന്നിവ അദ്ദേഹം ലഭ്യമാക്കി തന്നു. ഇന്ന് ദ്വീപിൻ്റെ ചലനങ്ങൾ വൻകരയിലെത്തിക്കാൻ ഉതകുന്ന വിധം ദ്വീപുകാരും മലയാളികളും ഉൾകൊള്ളുന്ന വലിയ കമ്മ്യൂണിറ്റി ഉള്ള ഫേസ് ബുക്ക് പേജ് വരെ ദ്വീപ് ഡയറിക്ക് സ്വന്തമായുണ്ട്. ദീപിന്റെ നാടൻ കാഴ്ചകളും മനോഹര വീഡിയോകളും പുറത്ത് വിടുന്ന vlogger മാരും ദ്വീപ് ഡയറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഈ വീഡിയോകളാണ് മലയാളികളെ ദീപ് ഡയറിയിൽ എത്തിച്ചത്. മറ്റിടങ്ങളിൽ കാണുന്ന പോലെയുള്ള പീഡന വാർത്തകളും ഇക്കിളി കഥകളും ഇല്ലാതെ ദ്വീപിൻ്റെ കാര്യങ്ങളാണ് പലപ്പോഴും വാർത്താ ബിന്ദു. ദ്വീപുകാരന്റെ മനസ് പോലെ നേരോടെ, നിർഭയം വാർത്തകൾ പ്രസിദ്ധീകരിച്ച് ലക്ഷദ്വീപിൻ്റെ ഡയറി ഇനിയും മുന്നോട്ട് കുതിക്കും.

Updatesന് ദ്വീപ് ഡയറിയുടെ ഫേസ്ബുക്ക് പേജ്
https://www.facebook.com/dweepdiary/

കക്ഷി, മത, ജാതി ഭേദമന്യേ ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി. തുടർന്നും സഹകരിക്കുക.

Follow | Facebook | Instagram Telegram | Twitter