വംശീയവിവേചനം നേരിടുന്ന തമിഴ്നാട്ടിലെ മുസ്‌ലിം തടവുകാർ

2008ൽ, അന്നത്തെ ഭരണകക്ഷിയായ ഡി‌എം‌കെ സർക്കാർ 10 വർഷം തടവ് അനുഭവിച്ച 1405 ജീവപര്യന്തം തടവുകാരെ വിട്ടയച്ചു. 2018ൽ വീണ്ടും എ‌.ഐ‌.ഡി‌.എം‌.കെ സർക്കാർ മുൻ തമിഴ്നാട് മുഖ്യമന്ത്രിമാരായ എം‌ജി‌ആറിന്റെയും അണ്ണാദുരൈയുടെയും ജന്മശതാബ്ദി ആഘോഷവേളയിൽ
10 വർഷം തടവ് പൂർത്തിയാക്കി 1750 ജീവപര്യന്ത തടവുകാരെ വിട്ടയച്ചു. പക്ഷേ, 2008ലും 2018ലും ഒരു മുസ്‌ലിം ജീവപര്യന്ത തടവുകാരനെ പോലും വിട്ടയച്ചിട്ടില്ല…

എ എം നദ്‌വി

തമിഴ് നാട്ടിലെ ജയിലുകളിൽ മതപരമായ വിവേചനം നേരിടുന്ന മുസ്‌ലിം ജീവപര്യന്ത തടവുകാർക്ക് നിയമപരമായി അവകാശപ്പെട്ട മോചനം തുടർച്ചയായി നിഷേധിക്കപ്പെടുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നു. മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വിട്ടയക്കാൻ തയ്യാറാവുന്ന തടവുകാരുടെ പട്ടികയിൽപ്പെടുത്തി മുസ്‌ലിം ജീവപര്യന്ത തടവുകാരെയും വിട്ടയക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന് നൽകിയ കത്തിൽ തമിഴ്‌നാട് സർക്കാരിനോട് ആവശ്യമുയർന്നു. തമിഴ്‌നാട്ടിലെ വിവിധ ജയിലുകളിൽ 20 വർഷത്തിലധികമായി കഴിയുന്ന ജീവപര്യന്തം തടവനുഭവിക്കുന്ന
38 മുസ്‌ലിം തടവുകാരെയും മോചിപ്പിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രിസണേഴ്സ് റൈറ്റ്സ് ഫോറം ഡയറക്ടർ പി പുകഴേന്തിയാണ് നിവേദനം നൽകിയത്.

കോയമ്പത്തൂർ സെൻട്രൽ ജയിൽ, വെല്ലൂർ സെൻട്രൽ ജയിൽ, പാളയംകോട്ട സെൻട്രൽ ജയിൽ, കടലൂർ സെൻട്രൽ ജയിൽ, ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ രണ്ട് പതിറ്റാണ്ട് പിന്നിടുന്ന 38 മുസ്‌ലിം ജീവപര്യന്ത തടവുകാർ മോചനത്തിന് യോഗ്യരാണെന്ന് നിവേദനത്തിൽ പറയുന്നു.

അറിഞ്ജർ അണ്ണായുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 2008ൽ, അന്നത്തെ ഭരണകക്ഷിയായ ഡി‌എം‌കെ സർക്കാർ 10 വർഷം തടവ് അനുഭവിച്ച 1405 ജീവപര്യന്തം തടവുകാരെ വിട്ടയച്ചു.
2018ൽ വീണ്ടും എ‌.ഐ‌.ഡി‌.എം‌.കെ സർക്കാർ മുൻ തമിഴ്നാട് മുഖ്യമന്ത്രിമാരായ എം‌ജി‌ആറിന്റെയും അണ്ണാദുരൈയുടെയും ജന്മശതാബ്ദി ആഘോഷവേളയിൽ
10 വർഷം തടവ് പൂർത്തിയാക്കി 1750 ജീവപര്യന്ത തടവുകാരെ വിട്ടയച്ചു. പക്ഷേ, 2008ലും 2018ലും ഒരു മുസ്‌ലിം ജീവപര്യന്ത തടവുകാരനെ പോലും വിട്ടയച്ചിട്ടില്ല. 2008ൽ മുസ്‌ലിം രാഷ്ട്രീയകക്ഷികളും മുസ്‌ലിം ജനകീയ സംഘടനകളും ഈ പ്രശ്നം ഉന്നയിച്ചിരുന്നെങ്കിലും ശിക്ഷാകാലാവധി തീരാൻ ദിവസങ്ങളും മാസങ്ങളും മാത്രം ബാക്കിയുള്ള ചിലരെ വിട്ടയച്ച് പ്രതിഷേധം തണുപ്പിക്കുകയായിരുന്നു

ഭരണഘടനയുടെ ആർട്ടിക്കിൾ 161 പ്രകാരം മാനുഷിക കാരണങ്ങളാൽ 20 വർഷം തടവ് അനുഭവിച്ച ജീവപര്യന്തം കുറ്റവാളികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് 1994ൽ അവതരിപ്പിച്ച പദ്ധതിയെക്കുറിച്ച് പ്രിസണേഴ്സ് റൈറ്റ്സ് ഫോറം നിവേദനം ഓർമിപ്പിക്കുന്നുണ്ട്. മുസ്‌ലിങ്ങളായ ജീവപര്യന്തം തടവുകാർക്ക് എസ്‌കോർട്ട് ഇല്ലാതെ പരോൾ ലഭിക്കാനുള്ള നിയമപരമായ അവകാശം പോലും അനുവദിക്കുന്നില്ലെന്നും നിവേദനം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ തടവറകളിലും ഇതിനെക്കാൾ മോശമാണ് സ്ഥിതി. സ്വാതന്ത്ര്യദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലും വിട്ടയക്കപ്പെടുന്ന തടവുകാരിൽ രാഷ്ട്രീയസ്വാധീനം മാത്രമേ പരിഗണിക്കാറുള്ളൂ. കെട്ടിച്ചമച്ച കേസുകളിൽപ്പെട്ട ജയിൽ റെക്കോഡിൽ നല്ല നടപ്പിന് പ്രശംസനീയരായ തടവുകാരെപ്പോലും പരിഗണിക്കാറില്ല. NIA / UAPA കേസുകളിൽപ്പെട്ടവർക്ക് മാനുഷിക പരിഗണനയേ ഉണ്ടാവാറില്ല.

മുസ്‌ലിം തടവുകാർക്ക് എസ്കോർട്ട് ഇല്ലാത്ത പരോൾ അനുവദിക്കാറില്ല എന്ന് മാത്രമല്ല കോടതി അനുവദിക്കുന്ന പരോൾ പോലും മുടക്കാനും സമയം ചുരുക്കാനും ഇന്റലിജൻസ് പ്രാദേശിക പോലീസ് വിഭാഗങ്ങൾ ഒത്ത് കളിക്കുകയാണ് പതിവ്. വിചാരണത്തടവുകാരുടെ പ്രശ്നങ്ങളെപ്പോലെ തന്നെ ഗൗരവ ചർച്ചയാവേണ്ടതാണ് ജയിലുകളിൽ വംശീയ സമീപനങ്ങളും വിവേചനവും കാരണം നിയമപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ശിക്ഷയനുഭവിക്കുന്ന തടവുകാരുടെ പ്രത്യേകിച്ച് യു.എ.പി.എ തടവുകാരുടെ പ്രശ്നങ്ങൾ.

Follow | Facebook | Instagram Telegram | Twitter