കേൾക്കാം, കശ്മീരില്‍ വീടുകൾ തകർത്തുകൊണ്ടു സൈന്യം ചിരിക്കുന്നത്!

ലോകത്തെ തന്നെ പിടിച്ചുലച്ച കോവിഡ്-19 പോലൊരു മഹാമാരിക്കാലത്ത്, കശ്മീരിൽ കാലങ്ങളായുള്ള കടുത്ത നിയന്ത്രണങ്ങളും കഴിഞ്ഞ ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനും പുറമെ ലോക്ഡൗൺ കൂടി പ്രഖ്യാപിച്ച്‌ കൂടുതൽ ഞെരുങ്ങുകയായിരുന്നു കശ്മീരി ജനത. കോവിഡ് ബാധിച്ചു 793 പേര്‍ ജമ്മു കശ്മീരില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒമ്പത് പേര്‍ ഇതിനകം മരിക്കുകയും ചെയ്തു. പ്രകൃതി ദുരന്തമോ മഹാമാരിയോ എന്തുമാകട്ടെ, മറ്റേത് ജനതയേക്കാളും സംഘര്‍ഷ മേഖലയിലെ ജനങ്ങള്‍ ഭരണകൂട വേട്ടയും നേരിടേണ്ടി വരുന്നു. കശ്മീരിലെ സ്ഥിതിയും വ്യത്യസ്തമല്ല.

കഴിഞ്ഞ ആഴ്ചകളില്‍ സര്‍ക്കാര്‍ വിമതര്‍ക്കെതിരെയുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നു. അതിന് കോവിഡിന്‍റെ മറ എന്ന് പറയുന്നത് കശ്മീരിനെ സംബന്ധിച്ചു അപഹാസ്യമായിരിക്കും. കാരണം കശ്മീരിനെ ഒരു മറയുമില്ലാതെ തന്നെയാണ് ഭരണകൂടങ്ങള്‍ നേരിട്ടിട്ടുള്ളത്. അതിന് വിമതര്‍, ജനങ്ങള്‍ എന്ന വ്യത്യാസമില്ല.

വിമത നേതാവ് റിയാസ് നായികുവിനെ വധിച്ച ഇന്ത്യന്‍ സൈന്യം താഴ്വരയിലെ പ്രധാന ടൗണുകളിൽ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ആഗസ്റ്റ് അഞ്ചിന് ശേഷം പൂര്‍ണ്ണമായും വിച്ഛേദിച്ച ഫോണ്‍, ഇന്‍റര്‍നെറ്റ് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ സമീപകാലത്ത് പുനസ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് വേണ്ടവിധം ഉപയോഗ്യമല്ലാത്തവിധം കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു. റിയാസ് നായികുവിന്‍റെ വധത്തോടെ 2G പോലും അനുവദിക്കാതെ ഇന്‍റര്‍നെറ്റ് പൂര്‍ണ്ണമായും വീണ്ടും വിച്ഛേദിച്ചു.

വിമതർക്കെതിരെയുള്ള ഭരണകൂട വേട്ടയിൽ സൈന്യം ഇത്തവണയും തകര്‍ത്തത് നിരവധി വീടുകളായിരുന്നു. 2015ല്‍ കശ്മീര്‍ മീഡിയ സര്‍വീസിന്‍റെ ഒരു പഠനത്തില്‍ 22 വര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നരലക്ഷത്തോളം വീടുകള്‍ ഇത്തരത്തില്‍ കശ്മീരില്‍ തകര്‍ത്തിട്ടുണ്ട്. ഇന്ന് ആ സംഖ്യ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടാകും. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ മാത്രം 2015 നും 2018നുമിടയിൽ വെടിവയ്പിൽ 105 വീടുകളെങ്കിലും നശിച്ചതായി ഇന്ത്യ സ്പെൻഡ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. അത് വളരെ ചെറിയ ഒരു കണക്കാണ് എന്നു തോന്നുന്നു.

വിമതർ ഒളിച്ചിരിക്കുന്നു അല്ലെങ്കിൽ അഭയം നൽകുന്നു എന്നാരോപിച്ചും സൈനികരെ കൊലപ്പെടുത്തിയ പ്രതികാരം തീർക്കാനുമായും സാധാരണക്കാരുടെ വീടുകൾ തകർക്കുന്നു. സ്വന്തം വീടുകൾ കത്തിയമരുന്നത് കണ്ടു നിൽക്കാനേ കശ്മീരിക്ക് കഴിയു.

വിമതരെ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ സൈന്യം വീടുകൾക്ക് തകര്‍ക്കുന്ന സംഭവങ്ങളുണ്ട്. മുന്‍പ് പുല്‍വാമയില്‍ തന്നെ നടന്ന ഒരു സൈനികാക്രമണത്തില്‍, തകര്‍ന്ന തന്‍റെ വീട് ഒരു കച്ചവടക്കാരന്‍ പുനര്‍നിര്‍മ്മിച്ചു. മൂന്ന് മാസത്തിന് ശേഷം വിമതവേട്ടയില്‍ അദ്ദേഹത്തിന്‍റെ പുതിയ വീടിനു സൈന്യം തീയിട്ടു. ഓരോ സൈനിക നടപടിയിലും ഇത്തരത്തില്‍ അനേകം വീടുകള്‍ കത്തിയെരിയുന്നു. ഇതിനെല്ലാം നഷ്ടപരിഹാരം കിട്ടുമോ, ഇല്ല.

ലോക്ഡൗൺ നിയന്ത്രണം ജനങ്ങള്‍ക്കെയുള്ളൂ, സൈന്യത്തിനില്ല. കഴിഞ്ഞ ദിവസങ്ങളിലും വീടുകൾക്ക് നേരെ സൈന്യത്തിന്‍റെ ആക്രമണങ്ങളുണ്ടായി. വീടുകള്‍ തകര്‍ത്ത സൈന്യം ആഹ്ലാദത്തില്‍ ചിരിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ അപ്പര്‍ ക്ലാസും മിഡില്‍ ക്ലാസും ലോക്ഡൗൺ ആസ്വദിക്കുമ്പോള്‍ ഭൂരിപക്ഷം വരുന്ന ദരിദ്രവിഭാഗത്തിന്‍റെ വയറില്‍ തീയാളുകയാണ്. കശ്മീരിലാകട്ടെ വീടുകള്‍ക്ക് സൈന്യം തീയിടുന്നു.
_ മിര്‍സ

Click Here