ഞെട്ടണ്ട, മുതലക്കണ്ണീരും വേണ്ടാ, അഭിനയിച്ച് ബുദ്ധിമുട്ടണ്ട

#SocialMedia

_ ഡോ. നെല്‍സണ്‍ ജോസഫ്

മധ്യപ്രദേശിലേക്ക് റെയിൽവേ ട്രാക്കുകളിലൂടെ തിരിച്ച് നടന്നുപോകവേ തളർന്ന് ആ ട്രെയിൻ ട്രാക്കിൽ തന്നെ കിടന്നുറങ്ങിയ മൈഗ്രന്‍റ് തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ കയറി പതിനഞ്ചോളം പേർ മരിച്ചു.

ഞെട്ടണ്ട, മുതലക്കണ്ണീരും വേണ്ടാ

ആ ഞെട്ടലിൽ ഒരു കോപ്പുമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് പറഞ്ഞത്. അഭിനയിച്ച് ബുദ്ധിമുട്ടണ്ട. ഇതാദ്യമായല്ല മൈഗ്രന്‍റ് തൊഴിലാളികൾ ഇങ്ങനെ മരിച്ചുവീഴുന്നത്.

മുൻപും മരണപ്പെട്ടിട്ടുണ്ട്. വാർത്ത കണ്ടെത്താൻ വലിയ പ്രയാസമൊന്നുമുണ്ടാവില്ല. കിലോമീറ്ററുകൾ കാട്ടിലൂടെയും വഴിയിലൂടെയും നടന്ന് വീടിനു കിലോമീറ്ററുകളകലെ മരിച്ചുവീണ പന്ത്രണ്ട് വയസുകാരി പെൺകുട്ടിയും സൈക്കിൾ ചവിട്ടി വഴിയിൽ വീണു മരിച്ച തൊഴിലാളിയുമൊക്കെ വാർത്തകളിൽ വന്നതാണ്.

കൈകൊട്ടിക്കളിയുടെയും പൂക്കളത്തിന്‍റെയുമൊക്കെ ബഹളത്തിൽ ചിലപ്പൊ മിസ്സായിപ്പോയിട്ടുണ്ടാവും. ഒന്ന് തിരഞ്ഞ് നോക്കിയാൽ മതി, കിട്ടും.

PM CARES എന്നൊരു ഫണ്ട് ഉണ്ടാക്കിയിട്ട് 41 ദിവസമായെന്ന് വിക്കിപീഡിയ പറയുന്നു. പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് എന്നതിന്‍റെ ചുരുക്കപ്പേരാണ്.

പ്രൈം മിനിസ്റ്റേഴ്സ് നാഷണൽ റിലീഫ് ഫണ്ട് എന്ന മറ്റൊരു ഫണ്ട് ഉണ്ടെന്നിരിക്കെ തന്നെയാണ് രണ്ടാമതൊന്ന് ഉണ്ടാക്കിയത്. അതിന്‍റെ മുഖ്യലക്ഷ്യമായി പറയുന്നത് ഇതാണ്,

” കൊവിഡ് പോലെയുള്ള, ഏതെങ്കിലും തരത്തിലുള്ള അടിയന്തിര അല്ലെങ്കിൽ ദുരിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുകയും ബാധിക്കപ്പെട്ടവർക്ക് ആശ്വാസം നൽകുകയും (” dealing with any kind of emergency or distress situation, like posed by the COVID-19 pandemic, and to provide relief to the affected “) ” എന്നതാണ്.

ഇതൊരു ദുരിതബാധിത സാഹചര്യമല്ല എന്നും അവർക്ക് ആശ്വാസം നൽകേണ്ട എന്നുമാണ് നിങ്ങൾ പറയുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല.

കുറച്ച് ചോദ്യങ്ങൾ കൂടിയുണ്ട്.

1) എത്ര രൂപയുണ്ട് ഇപ്പോൾ ആ ഫണ്ടിൽ ?

2) അതാരാണ് ഓഡിറ്റ് ചെയ്യുന്നത് ?

3) സി.എ.ജി പോലെയുള്ളവർ ഓഡിറ്റ് ചെയ്യുന്നില്ല എങ്കിൽ സുതാര്യത ?

4) എപ്പൊഴാണ് ഫണ്ട് ആവശ്യക്കാർക്ക് നൽകുക ?

5) ഇതുവരെ ആർക്കെങ്കിലും നൽകിയോ?

6) ഇപ്പോൾത്തന്നെ നൽകാനല്ലായിരുന്നെങ്കിൽ എന്തിനായിരുന്നു ഇങ്ങനെ ഒരു ഫണ്ട്. പ്രൈം മിനിസ്റ്റേഴ്സ് നാഷനൽ റിലീഫ് ഫണ്ട് പോരായിരുന്നോ ?

ചോദ്യങ്ങൾ നീളും…

ഉത്തരം വന്നാലും ഇല്ലെങ്കിലും…

കൊവിഡിന്‍റെ സമയത്തുതന്നെ മൈഗ്രന്‍റ് വർക്കർമാരോട് കൺസ്ട്രക്ഷൻ വർക്കിനായി നിൽക്കണമെന്ന് ആവശ്യപ്പെട്ട് അവസാനം സമ്മർദത്തിനു വഴങ്ങി ട്രെയിൻ തുടരേണ്ടിവന്നതും ഈ രാജ്യത്തു തന്നെയാണ്.

ലോക്ഡൗൺ ആരംഭിച്ച് 45 ദിവസമായിട്ടും തിരിച്ച് വീട്ടിലേക്ക് നടന്ന് പോവാൻ  മൈഗ്രന്‍റ് വർക്കർമാരെ നിർബന്ധിതരാക്കിയിട്ടുണ്ടെങ്കിൽ ഇതൊരു തോറ്റ രാജ്യമാണ്.

Click Here