സൽവാ ജുദം വിജയിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റുവിരുദ്ധർ പ്രചരിപ്പിക്കുക, ആദിവാസികൾ മാവോയിസ്റ്റ് പ്രസ്ഥാനത്തെ തകർത്തെന്നായിരിക്കും !

മാവോയിസ്റ്റുകളുമായുള്ള പോരാട്ടത്തിൽ വിജയം സാൽവാ ജുദുമിനായിരുന്നെങ്കിൽ ഒരുപക്ഷേ ചരിത്രം മറ്റൊന്നായേനെ….


ജെയ്‌സൺ സി കൂപ്പർ

സി പി ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണത്തിനെത്തിയ മനുഷ്യാവകാശ പ്രവർത്തകരെ തടഞ്ഞത് ആദിവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടഞ്ഞു എന്നാണ് ദേശാഭിമാനി വാർത്ത. ഈ പ്രചരണം ഏറ്റെടുക്കാൻ ജനാധിപത്യവാദികളും മറ്റ് കമ്മ്യൂണിസ്റ്റ് വിരുദ്ധരും ഉണ്ടാകുമെന്ന് ദേശാഭിമാനിക്ക് നന്നായി അറിയാം.

വാസ്തവത്തിൽ ജനകീയ ജാഗ്രത എന്ന ഏർപ്പാട് ദേശാഭിമാനിയല്ല, സാക്ഷാൽ സി.ഐ.എ തന്നെ തുടങ്ങിയത് തന്നെയാണ്. ലത്തീൻ അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ അടിച്ചമർത്താൻ തുടങ്ങിയ ഈ പദ്ധതി ഏറ്റവും സമർത്ഥമായി നടപ്പാക്കിയത് പെറുവിലായിരുന്നു. അബിമേൽ ഗുസ്മാന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് പാർട്ടി പെറുവിയൻ വിപ്ലവത്തിന്റെ വക്കിലെത്തിയപ്പോൾ അവരെ തകർക്കാൻ ഭരണകൂടം നിയോഗിച്ച കൊലയാളി സംഘങ്ങളെ മാവോയിസ്റ്റുകൾക്കെതിരായ കർഷകരുടെ സ്വയം പ്രതിരോധ സംഘങ്ങൾ ( Rondas Campesinas) എന്ന രീതിയിലാണ് അവതരിപ്പിച്ചത്.

പെറുവിയൻ മാവോയിസ്റ്റ് മുന്നേറ്റം അടിസ്ഥാനപരമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ ഇടയിലാണ് വളരെ ശക്തമായിരുന്നതെങ്കിലും ലോകത്തിലെ മറ്റെവിടെയുമെന്നപോലെ മാവോയിസ്റ്റുകൾക്കും ഭരണകൂട സൈന്യങ്ങൾക്കുമിടയിൽ പെട്ടുപോകുന്ന ജനങ്ങൾ എന്ന തരത്തിലുള്ള സാൻഡ് വിച്ച് സിദ്ധാന്തക്കാരും ദത്തുപുത്രന്മാരെ ജനങ്ങൾക്ക് ആവശ്യമില്ല എന്ന വാദക്കാരും അന്നും സജീവമായിരുന്നു. എങ്കിലും തങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് നുണകളാണെന്ന് ബോധ്യമുണ്ടായിരുന്ന ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളുടെ മനസാക്ഷികുത്ത് ഒഴിവാക്കിക്കൊടുത്തത് അമേരിക്ക അവതരിപ്പിച്ച റോണ്ടാസ് കാമ്പെസിനാസ് എന്ന വിജിലാന്റി സംഘങ്ങളായിരുന്നു.

മാവോയിസ്റ്റുകൾക്കെതിരെ ജനകീയ മുന്നേറ്റം എന്ന രീതിയിൽ അവർ ഇത് നന്നായി പ്രചരിപ്പിച്ചു. അമേരിക്കയുടെ കൃത്യമായ ഓപ്പറേഷനുകളും ഗുസ്മാന്റെ അറസ്റ്റും തളർത്തിയ മാവോയിസ്റ്റ് മുന്നേറ്റം കെട്ടടങ്ങിയതോടെ മാവോയിസ്റ്റുകളെ ജനങ്ങൾ തകർത്തു എന്നതായി അംഗീകൃത ചരിത്രം. ഇപ്പോൾ ദീർഘകാലത്തെ തിരിച്ചടികൾക്ക് ശേഷം പെറുവിയൻ മാവോയിസ്റ്റ് പാർട്ടി പുനഃസംഘടിപ്പിച്ച് പ്രവർത്തനം വീണ്ടും സജീവമാകുന്ന ഘട്ടത്തിൽ റോൺടാസ് കാമ്പെസിനാസും തലപൊക്കി തുടങ്ങുന്നുണ്ട്.

ഇന്ത്യയിൽ റോണ്ടാസ് കാമ്പെസിനാസിന്റെ രൂപമായിരുന്നു ഇന്ത്യൻ ഭരണകൂടം ആദിവാസി തന്നെയായ നിഷ്ഠൂരൻ മഹേന്ദ്ര കർമയുടെ നേതൃത്വത്തിൽ തുടങ്ങിയ സൽവാ ജുദം എന്ന കൊലയാളി സംഘങ്ങൾ. ആദിവാസി ഭൂമി ചുളുവിൽ വൻകിട കോർപ്പറേറ്റുകൾക്ക് എത്തിച്ച് ചോരപ്പുഴ ഒഴുക്കി പരീക്ഷിത്തിനെപ്പോലെ വാണ ഈ ജനവിരുദ്ധനെ സർവസുരക്ഷയും മറികടന്ന് മാവോയിസ്റ്റുകൾ ഉന്മൂലനം ചെയ്തതോടെയാണ് സൽവാ ജുദം പരീക്ഷണത്തിന് തിരിച്ചടി നേരിട്ടത്.

സുപ്രീംകോടതി കോടതി തന്നെ ഈ കൊലയാളി സംഘങ്ങൾ നിയമവിരുദ്ധമാണെന്നും പിരിച്ചു വിടാൻ ആവശ്യപ്പെടുകയും ചെയ്തതോടെ ആ അധ്യായം തൽക്കാലം അവിടെ അവസാനിച്ചു. മാവോയിസ്റ്റുകളുമായുള്ള പോരാട്ടത്തിൽ വിജയം സാൽവാ ജുദുമിനായിരുന്നെങ്കിൽ ഒരുപക്ഷേ ചരിത്രം മറ്റൊന്നായേനെ. ഇന്ത്യൻ മാവോയിസ്റ്റ് പ്രസ്ഥാനത്തെ ആദിവാസികൾ തകർത്തു എന്നതായേനെ നാം കേൾക്കുന്ന ചരിത്രം.

പറഞ്ഞു വന്നത് ഇത്തരം തട്ടിപ്പ് ഏർപ്പാടുകൾ അല്ല മാവോയിസ്റ്റ് പ്രശ്നം പരിഹരിക്കാൻ കൈക്കൊള്ളേണ്ടത് എന്നാണ്. മാവോയിസ്റ്റുകൾ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്നത്തെ ശരിയായി അഭിസംബോധന ചെയ്യുക എന്നതാണ് ഇവിടെ ചെയ്യേണ്ട കാര്യം. വാസ്തവത്തിൽ ഇന്ത്യൻ ഭരണകൂടവുമായി വെടിനിർത്തൽ കരാറിന് സന്നദ്ധത അറിയിച്ച മാവോയിസ്റ്റ് പാർട്ടിയുടെ നേതാവ് ആസാദ് പറഞ്ഞത് ഇന്ത്യൻ ഭരണകൂടം അവരുടെ ഭരണഘടനയെങ്കിലും നടപ്പിലാക്കാൻ തയ്യാറാണെങ്കിൽ വെടിനിർത്തലിന് തങ്ങളും തയ്യാറാണ് എന്നാണ്. പക്ഷെ ആസാദിനെ ഒരു വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയാണ് ഇന്ത്യൻ ഭരണകൂടം പ്രതികരണം അറിയിച്ചത്.

സി പി ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്ന ആവശ്യം സുപ്രീംകോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നതാണ്. അതല്ലാതെ മറ്റൊന്നുമല്ല. ഇത്തരം ഭരണഘടനാപരമായ ആവശ്യം പോലും നിരസിക്കപ്പെടുമ്പോഴാണ് മനുഷ്യാവകാശ പ്രവർത്തകർ വസ്തുതാന്വേഷണത്തിന് വരുന്നത്. അവരെ തടഞ്ഞ് സത്യം മൂടിവെക്കാമെന്ന് കരുതുന്നവർ സങ്കൽപ സ്വർഗങ്ങളിലാണ്.

നാട്ടുകാരാണ് മനുഷ്യാവകാശ പ്രവർത്തകരെ തടഞ്ഞത് എന്ന് പ്രചരിപ്പിക്കുന്ന ദേശാഭിമാനി കമ്മ്യൂണിസ്റ്റ് വിരുദ്ധ, സാമ്രാജ്യത്വ ശക്തികൾ പയറ്റി പരാജയപ്പെട്ട അടവുകളാണ് പ്രയോഗിക്കുന്നത്. ഇതല്ല ദേശാഭിമാനി ചെയ്യേണ്ടത്, ഇന്ത്യയിലെ സുപ്രീംകോടതി, അതെ ഇന്ത്യയിലെ സുപ്രീംകോടതി ഇക്കാര്യത്തിൽ നിർദ്ദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണം എന്ന് ആവശ്യപ്പെടുകയാണ്.

Leave a Reply