കൊറോണ വ്യാപിച്ചാൽ വരുന്ന മഴക്കാലത്ത് ചെല്ലാനം നിവാസികൾ എന്തുചെയ്യും ?

ലോകത്ത് കൊറോണ വ്യാപനം ഈ നിലയ്ക്ക് തുടർന്നാൽ അത് നിയന്ത്രണവിധേയമാക്കാൻ മാസങ്ങൾ വേണ്ടിവരും എന്ന് ഉറപ്പാണ്. നമ്മുടെ കേരളവും അതിൽ നിന്ന് മുക്തമായി നിൽക്കുകയുമില്ല. ആളുകൾക്ക് കൂട്ടംകൂടലൊന്നും ഇനി അടുത്ത കാലത്തൊന്നും സാധ്യമാകാത്ത സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. അങ്ങനെയൊരു സ്ഥിതിവിശേഷത്തിൽ വീടുള്ളവർക്ക് വീട്ടിലിരിക്കാം. പക്ഷെ വീട്ടിൽ നിന്നും ഇറങ്ങിയോടേണ്ടി വരുന്നവർക്കോ ?

രണ്ട് മാസം കൂടി കഴിഞ്ഞാൽ കടലിന്റെ സ്വഭാവം മാറും. ആർത്തലച്ചു വരുന്ന തിരമാലകൾക്ക് മുന്നിൽ ചെല്ലാനം നിവാസികൾ നിസ്സഹായരായി പോകുന്നത് അപ്പോഴാണ്. മാറിമാറി വന്ന സർക്കാരുകൾ കടൽഭിത്തിയുടെയും പുലിമുട്ടുകളുടെയും അറ്റകുറ്റപ്പണികൾ നടത്താതിരുന്നതും തികച്ചും അശാസ്ത്രീയമായി നിർമിച്ച ഹാർബറുമാണ് കാര്യങ്ങളെ വഷളാക്കിയത്. കടൽകയറ്റ പ്രശ്നത്തിൽ എക്കാലവും തികച്ചും നിരുത്തരവാദപരമായ സമീപനമെടുത്തിട്ടുള്ള ഭരണകൂടം സ്കൂളുകളിൽ തുറക്കുന്ന ക്യാമ്പുകളാണ് മഴക്കാലത്ത് ചെല്ലാനം നിവാസികൾക്ക് പിന്നെ അഭയം.

കൊറോണ വ്യാപനം ഈ നിലയ്ക്ക് തുടരുകയാണെങ്കിൽ പക്ഷെ ക്യാമ്പുകൾ തുറക്കുകയെന്നതും അസാധ്യമാകും. കൂറ്റൻ തിരമാലകൾക്ക് മുന്നിൽ ഒട്ടും ഫലപ്രദമല്ലെങ്കിൽക്കൂടി മണൽ നിറച്ചു വെക്കുന്ന പതിവും കൊറോണ കാലത്ത് നടക്കില്ല. അതെ, ആർത്തലച്ചു തിരമാലകൾ വരുമ്പോൾ ചെല്ലാനം നിവാസികൾ കൊറോണ കാലത്ത് എങ്ങോട്ടോടുമെന്നത് വലിയ ചോദ്യമാകുകയാണ്.

ഈ ഭയാനകമായ സാഹചര്യത്തിലാണ് കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ ചെല്ലാനം നിവാസികൾ നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക ഉത്തരവാദിത്വം പാലിച്ചുകൊണ്ട് വീടുകൾ സമരകേന്ദ്രങ്ങളാക്കി തുടരാൻ ചെല്ലാനം നിവാസികൾ തീരുമാനിച്ചത്. കഴിഞ്ഞ 146 ദിവസം തെരുവിൽ നടത്തിയ സമരം ഇന്നുമുതൽ താൽക്കാലികമായി വീടുകളിലാണ്.

അധികാരികൾ ഇത് കാണണം, താൽക്കാലിക പരിഹാര നടപടിയെന്ന നിലയിൽ 2017ൽ പ്രഖ്യാപിച്ച ജിയോ സിന്തറ്റിക് ട്യൂബ് കടൽഭിത്തി നിർമ്മാണമെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. ഇത് ചെല്ലാനം നിവാസികളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്.
_ ജെയ്സണ്‍ സി കൂപ്പര്‍

Click Here