വിചാരണയില്ലാതെ 6 വർഷം ജയിലിൽ

“ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവർ വരേയും ജാമ്യവും പരോളുമെല്ലാം നിർബാധം ഒപ്പിച്ചെടുക്കുന്ന നമ്മുടെ നാട്ടിലാണ് ഈ കടുത്ത അനീതി…. ”

യു.എ.പി.എ. എന്ന ഭീകര നിയമം ചുമത്തി, കഴിഞ്ഞ 6 വർഷമായി തൃശൂരിലെ വിയ്യൂര്‍ ജയിലിൽ തടവിലാണ് സഖാവ് ഇബ്രാഹിം. ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ കൂടാതെയുള്ള ഈ നീണ്ട തടവുകാലം അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കിയിരിക്കുന്നു. എൻ.ഐ.എ ചുമത്തിയ SC 3/2016 കേസിന്റെ പേരിലാണ് ഇങ്ങനെ അദ്ദേഹം ജയിലിൽ കിടക്കുന്നത്. കടുത്ത പ്രമേഹ രോഗിയായ സഖാവ് ഇബ്രാഹിമിന് ഹൃദ്രോഗവുമുണ്ട്. തടവിലാക്കപ്പെടുന്നതിനു മുമ്പ് തന്നെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ചികിത്സാര്‍ത്ഥം അദ്ദേഹം ദിവസം തോറും 22 ഗുളികകള്‍ വീതം കഴിക്കുന്നുണ്ട്. എന്നിട്ടും പ്രമേഹത്തിന്റെ തോത് നിയന്ത്രണ വിധേയമായിട്ടില്ല. ഇതിനാല്‍ പല്ലുകള്‍ മിക്കവാറും കൊഴിഞ്ഞു പോകുകയും ബാക്കിയുള്ളവ കേടു വരികയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ എല്ലാ പല്ലുകളും എടുത്തു കളഞ്ഞു. പകരം വെപ്പു പല്ലുകള്‍ വെയ്ക്കാന്‍ താമസം നേരിടുന്നതിനാല്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പല്ലുകള്‍ എടുത്ത് പത്തു ദിവസത്തിനകം തന്നെ അദ്ദേഹത്തിന്റെ തൂക്കം 7 കിലോ കുറഞ്ഞു.

ശാരീരികമായി അങ്ങേയറ്റം അവശനിലയിലായ അദ്ദേഹത്തിന്റെ പേരില്‍ രണ്ടു കേസുകളാണ് നിലവിൽ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. മേൽപ്പറഞ്ഞ എൻ.ഐ.എ കേസ്സു കൂടാതെ കോഴിക്കോട് സെഷൻസ് കോടതി മുൻപാകെ ഉണ്ടായിരുന്ന SC 548/2016 എന്ന കേസിലും അദ്ദേഹം പ്രതിയായിരുന്നു. എന്നാൽ കോഴിക്കോട് സെഷൻസ് കോടതി 21.10.20 20 ലെ ഉത്തരവ് പ്രകാരം അദ്ദേഹ മുൾപ്പടെയുള്ള മുഴുവൻ പ്രതികളുടെയും കേസ് ഡിസ്ചാർജ്ജ് ചെയ്തു . ഇപ്പോൾ എൻ.ഐ.എ കേസ്സു മാത്രമേ നില നിൽക്കുന്നുള്ളൂ. ആ കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ഇത്രയും നീണ്ട കാലം തടവില്‍ കഴിയുന്നത് എന്ന് ചുരുക്കം . കൊറോണയുടെ രണ്ടാം തരംഗം സംസ്ഥാനത്ത് അതി രൂക്ഷമായി തുടരുകയും ഇനി ഒരു മൂന്നാം തരംഗം കൂടി ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ ആശങ്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കേസിന്റെ വിചാരണ തടസ്സപ്പെടാനും അദ്ദേഹത്തിന്റെ വിചാരണ ത്തടവ് നീണ്ടു പോകാനുമുള്ള എല്ലാ സാധ്യതയുമുണ്ട്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ജീവനെക്കുറിച്ചു തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവർ വരേയും ജാമ്യവും പരോളുമെല്ലാം നിർബാധം ഒപ്പിച്ചെടുക്കുന്ന നമ്മുടെ നാട്ടിലാണ് ഈ കടുത്ത അനീതി എന്ന് ഓർക്കണം.

67 വയസ്സു പിന്നിട്ട സഖാവ് ഇബ്രാഹിം തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് കാരനായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം . ഏതാണ്ട് എഴുപതുകൾ മുതൽ തന്നെ വിപ്ലവ ഇടതു രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ട് അതിന്റെ ഒരു സഹചാരിയും സഹായിയും ആയി രാഷ്ട്രീയ ജീവിതത്തിൽ നിറഞ്ഞു നിന്ന സഖാവിന്റെ സ്വദേശം വയനാട്ടിലെ മേപ്പാടിക്കടുത്തുള്ള നെടുങ്കരണയാണ്. തോട്ടം തൊഴിലാളി കൂടിയായ അദ്ദേഹം ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തൊഴിലാളികളെ കുടിയൊഴിക്കലിനെതിരെ വയനാട്ടിൽ 90 കളുടെ അവസാനം നടന്ന ഉജ്ജ്വലമായ സമരത്തിന്റെ നേതാവുകൂടി ആയിരുന്നു. ജനങ്ങൾക്ക് ഏറെ പ്രിയങ്കരനും അവരുടെ നിത്യജീവിത പ്രയാസങ്ങളിൽ പോലും സജീവ താങ്ങുമായ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബന്ധതയുടേയും വർഗ്ഗ ബോധത്തിന്റേയും പേരിലാണ് ഇന്നീ വിധം വേട്ടയാടപ്പെടുന്നത്. പതിറ്റാണ്ടുകളായി വയനാട്ടിലെ ഏറ്റവും ദരിദ്രരായ തോട്ടം തൊഴിലാളികൾക്ക് വേണ്ടി അവരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നിൽ നിന്ന ഏവർക്കും മാതൃകയായ ഒരു പൊതുപ്രവർത്തകനെ ഇത്തരത്തിൽ ക്രൂരവും ജനാധിപത്യവിരുദ്ധവുമായി കൈകാര്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യേണ്ടത് ഓരോ ജനാധിപത്യവാദിയുടേയും ബാധ്യതയാണ്.

കൊറോണയുടെ ആദ്യ തരംഗത്തില്‍ ചെയ്തതു പോലെ ഈ തരംഗത്തിലും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തടവുകാര്‍ക്ക് പരോളും ഇടക്കാല ജാമ്യവുമനുവദിക്കുകയുണ്ടായി. എന്നാല്‍ യു.എ.പി.എ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള തടവുകാരെ ഈ ആനുകൂല്യത്തില്‍ നിന്നും ഒഴിവാക്കിയതിനാല്‍ അദ്ദേഹത്തിന് പുറത്തു വരാന്‍ സാധിച്ചില്ല. പ്രമേഹവും ഹൃദ്രോഗവുമുള്ള അദ്ദേഹത്തിന് ഒരു കൊറോണ ബാധയെ അതിജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ആയതിനാല്‍ ആരോഗ്യ നിലയും പ്രയാധിക്യവും കണക്കിലെടുത്ത് യുഎപിഎ തടവുകാർക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇടക്കാല ജാമ്യം അനുവദിക്കേണ്ടെന്ന നയത്തിൽ ഇളവ് നൽകികൊണ്ടും, മാനുഷിക പരിഗണന നൽകി സഖാവ് ഇബ്രാഹിമിനെ തടവില്‍ നിന്ന് മോചിപ്പിക്കാന്‍ സർക്കാർ തയ്യാറാവണം.
#FreeIbrahim #FreeComradeIbrahim

Follow | Facebook | Instagram Telegram | Twitter