ഞങ്ങളോട് വോട്ടു ചോദിക്കാന് ഉളുപ്പില്ലേ സഖാക്കളേ ?

#Election

എന്തുകൊണ്ടാണ് എല്ലാം ശരിയാക്കാൻ നടക്കുന്ന നിങ്ങടെ സർക്കാരിന് ആദിവാസികൾടേം ദളിതർടേം ഒന്നും ശരിയാകണ്ട എന്ന് തോന്നുന്നത് ?


അലീന ആകാശമിഠായി

കേരളത്തിലെ കമ്മികളോടാണ്, ഏത് മുതലാളിത്തത്തിനെതിരെയാണ് നിങ്ങളുടെ പാർട്ടി പോരാടുന്നത് എന്ന് അറിയാൻ താൽപര്യമുണ്ട്. നിങ്ങളുടെ സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ സംഘടിത ട്രേഡ് യൂണിയനുകളല്ലേ ഹാരിസൺ മലയാളം കമ്പനീടെ ആളുകൾടെ കൂടെ ചേർന്ന് ചെങ്ങറഭൂസമര പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച്, ആ മൂവ്മെന്റിനെ ഇല്ലാതാക്കാൻ നോക്കിയത് ?

പന്ത്രണ്ടോളം വർഷമായിട്ടും അവരുടെ പ്രശ്നം പരിഹരിക്കാൻ നിങ്ങളുടെ നേതാക്കൾ (മുഖ്യമന്ത്രി ഉൾപ്പെടെ) നോക്കിയിട്ടുണ്ടോ ? വ്യാജരേഖ ചമച്ചാണ് ഹാരിസൺ മലയാളം ആ ഭൂമി കൈവശം വച്ചിരിക്കുന്നത് എന്ന് എല്ലാ തെളിവുകളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് എല്ലാം ശരിയാക്കാൻ നടക്കുന്ന നിങ്ങടെ സർക്കാരിന് ആദിവാസികൾടേം ദളിതർടേം ഒന്നും ശരിയാകണ്ട എന്ന് തോന്നുന്നത് ?

ചെങ്ങറയിലെ റബ്ബർ കാട്ടിൽ കെടന്ന് കുഞ്ഞുങ്ങൾ വെശന്ന് കരഞ്ഞപ്പോ ഭക്ഷണത്തിനും ജോലിക്കും വേണ്ടി പുറത്തുവന്ന മുതിർന്നവരെ മർദ്ദിച്ചത് നിങ്ങളല്ലേ ? സമരം ചെയ്തവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും വിതരണം ചെയ്യാൻ എത്തിയ സന്നദ്ധ പ്രവർത്തകരെ തല്ലിയോടിച്ചത് നിങ്ങളല്ലേ ?

“വേറൊരാളുടെ ഭൂമി കയ്യടക്കാനുള്ള അടവാണ് ചെങ്ങറ ഭൂസമരമെന്നും വിദേശ ഫണ്ടാണ് ഇതിന് ഉപയോഗിക്കുന്നത്” എന്ന് സമരക്കാരെ ആക്ഷേപിച്ചത് സിപിഎമ്മും സർക്കാരും അല്ലേ ? സമരപ്രവർത്തകരെ റബ്ബർ കള്ളന്മാരെന്ന് വിളിച്ച് പരിഹസിച്ചത് നിങ്ങടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ അല്ലേ ?

ഇതൊക്കെ ഇപ്പോ ചോദിച്ചില്ലെങ്കിൽ പിന്നെ എപ്പോ ചോദിക്കാനാണ് ? എന്നിട്ടും ഞങ്ങളോട് വോട്ടു ചോദിക്കാന് ഉളുപ്പില്ലേ സഖാക്കളേ ?

Leave a Reply