ഭഗത് സിംഗിന്റെ പാതയിൽ മനുഷ്യസ്നേഹികള്‍ വസന്തകാലത്തിനായി പോരാട്ടം തുടരുന്നു

തന്‍റെ ജീവനെക്കാളേറെ നിരാലംബരായ സ്വന്തം ജനതയെ സ്നേഹിച്ചു. ജനങ്ങളുടെ സ്വപ്നങ്ങള്‍ പൂവിടുന്ന ഒരു വസന്തകാലത്തിനായി തന്‍റെ ജീവന്‍ ബലി കൊടുത്തു…


ഫിറോസ് ഹസ്സന്‍

ഭഗത് സിംഗ് ഗാന്ധിയെ പോലെ ജനങ്ങളുടെ ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിരോധത്തെ അഹിംസ പറഞ്ഞുകൊണ്ട് തടഞ്ഞു നിര്‍ത്തിയില്ല. അദ്ദേഹം ഇ.എം.എസ് നമ്പൂതിരിപാടിനെ പോലെ ബ്രിട്ടീഷുകാരുടെ പാര്‍ലമെന്‍റിലേക്കു മത്സരിച്ചു തോല്‍ക്കാന്‍ നിന്നില്ല.

അദ്ദേഹം നെഹ്രുവിനെപോലെയോ ഡോ. രാജേന്ദ്രപ്രസാദിനെപോലെയോ ബ്രിട്ടീഷുകാരുടെ മുനിസിപാലിറ്റികളുടെ പ്രസിഡണ്ടുമാരായി ജനങ്ങളെ ഭരിക്കാന്‍ കൂട്ട് നിന്നില്ല. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലെ ബ്രിട്ടീഷുകാര്‍ കനിഞ്ഞു നല്‍കിയ അഹമ്മദാബാദ് സാനിറ്റേഷന്‍ കമ്മീഷണര്‍ ആയി തൃപ്തിപെട്ടില്ല . ഒടുവില്‍ അദ്ദേഹം വീര സവര്‍ക്കറെപോലെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് തന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതുമില്ല.

ഒരു അടിമയായി ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിക്കുന്നതിനേക്കാള്‍ ദേശാഭിമാനം ഉയര്‍ത്തിപിടിച്ചു പോരാടാനായിരുന്നു ഭഗത്തിന്‍റെ തീരുമാനം. ബ്രിട്ടീഷ് സാമ്രാജ്യത്വം കനിഞ്ഞു നല്‍കുന്ന അപ്പകഷ്ണങ്ങളില്‍ തൃപ്തിപെടാതെ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യക്ക് വേണ്ടി പോരാടാനാണ് അദ്ദേഹം തയ്യാറായത്. ഒരു ഒറ്റുകാരന് കിട്ടുന്ന സ്ഥാനമാനങ്ങളെക്കാള്‍ രക്തസാക്ഷിത്വത്തിന്‍റെ അനശ്വരതയിലാണ് ഭഗത് സിംഗ് വിശ്വസിച്ചത് .

തന്‍റെ ജീവനെക്കാളേറെ നിരാലംബരായ സ്വന്തം ജനതയെ സ്നേഹിച്ചു. ജനങ്ങളുടെ സ്വപ്നങ്ങള്‍ പൂവിടുന്ന ഒരു വസന്തകാലത്തിനായി തന്‍റെ ജീവന്‍ ബലി കൊടുത്തു. ഭഗത്തിന്‍റെ പാത തിരഞ്ഞെടുത്ത മനുഷ്യസ്നേഹികള്‍ ഇന്നും പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒറ്റുകാരും രാജ്യദ്രോഹികളും ജനങ്ങളെ വഞ്ചിക്കുന്നതിലും അടിച്ചമര്‍ത്തി ചൂഷണം ചെയ്തു ഭരിക്കുന്നതിലും മത്സരിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ഒടുവില്‍ പോരാളികള്‍ ചൂഷണരഹിതമായ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുക തന്നെ ചെയ്യും.

Leave a Reply