ഇസ്രയേല്‍ ജയിലുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 5,700 പലസ്തീനികൾ
ഇസ്രായേല്‍ ജയിലുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏകദേശം 5,700 പലസ്തീന്‍ പൗരന്മാർ തടവില്‍ കഴിയുന്നതായി പലസ്തീന്‍റെ കണക്കുകള്‍ പറയുന്നു. ഇവരില്‍ വിചാരണയില്ലാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന അനേകം തടവുകാരുണ്ട്. തടവുകാരില്‍ 149 പേര്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണെന്ന് The Israeli Information Center for Human Rights in the Occupied Territories എന്ന സംഘടന പറയുന്നു. കുട്ടികളില്‍ 7 പേര്‍ക്ക് ഇസ്രയേലില്‍ അനധികൃതമായി താമസിച്ചു എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ബാക്കിയുള്ളവരെ ക്രിമിനല്‍ തടവുകാരായാണ് പൊലീസ് കണക്കാക്കുന്നത്.
2019 സെപ്തംബറിലെ Palestine Prisoners Centre for Studiesന്‍റെ റിപ്പോര്‍ട്ട് പ്രകാരം 40 സ്ത്രീ തടവുകാര്‍ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നു. മാസംതോറും 10-15 പലസ്തീന്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഫെലെസ്റ്റീന്‍ എന്ന എന്‍.ജി.ഒ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്തതിന് ശേഷം ഇവരില്‍ ചിലര്‍ക്ക് വീട്ടു തടങ്കല്‍ വിധിക്കുന്നു. ബാക്കിയുള്ളവരെ ജയിലിലടക്കുന്നു. സ്ത്രീ തടവുകാരില്‍ പലരും ലൈംഗിക ചൂഷണങ്ങള്‍ക്കിരയാകുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജൂലൈ 2 വ്യാഴാഴ്ച വെസ്റ്റ് ബാങ്കിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 8 പലസ്തീന്‍ പൗരന്മാരെയാണ് ഇസ്രയേൽ അധിനിവേശ സേന തടങ്കലിലാക്കിയതെന്ന് പലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി (പി.പി.എസ്) പറയുന്നു.
ഇസ്രയേൽ അധിനിവേശ സേന Wanted ലിസ്റ്റില്‍പ്പെടുത്തി പലസ്തീനികളെ തിരയുന്നതിന്‍റെ മറവില്‍ വെസ്റ്റ് ബാങ്കിലുടനീളം വീടുകൾ റെയ്ഡ് ചെയ്യുകയും ജനങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്യുന്നതായി പലസ്തീന്‍ ഇന്‍റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പലസ്തീൻ അതോറിറ്റിയുടെ പൂർണ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും സെർച്ച് വാറന്‍റ് ഇല്ലാതെ ഇസ്രയേല്‍ സൈന്യം അവരുടെ സ്വേച്ഛാധിപത്യപരമായ അധികാരങ്ങൾക്കനുസൃതമായി റെയ്ഡുകൾ നടത്തുന്നു. ഇസ്രയേലി അധിനിവേശ നിയമപ്രകാരം ആർമി കമാൻഡർമാർക്ക് വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന 3 ദശലക്ഷം പലസ്തീനികളിൽ പൂർണ്ണ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ അധികാരമുണ്ടെന്നാണ് അവകാശവാദം.