ഭക്ഷണം വേണമെങ്കിൽ ജയ്ശ്രീറാം ചൊല്ലണം; ഭോപ്പാൽ ജയിലിലെ പീഢനങ്ങൾ

“അനുസരിക്കില്ലെന്നറിയാമെങ്കിലും പല അവസരങ്ങളിലും ജയ് ശ്രീരാം വിളിപ്പിക്കാൻ ശ്രമിച്ചതിനുശേഷം മാത്രമാണ് അവർക്ക് ഭക്ഷണമോ വെള്ളമോ നൽകാറുള്ളത്…”

എ എം നദ്‌വി

ഒരു ദശാബ്ദത്തിലേറെയായി ജയിലിൽ കഴിയുന്ന അഹമ്മദാബാദ് കേസിലെ 6 പേർ ഉൾപ്പെടെ, ജയിലിൽ കഴിയുന്ന നിരോധിത സിമി(സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)യിലെ 31 തടവുകാർക്ക് അനിശ്ചിതകാല വിചാരണയും തടങ്കൽ കാഠിന്യവും അപ്രഖ്യാപിത വിധി പോലെ ആയിരിക്കുന്നു. സിമി തടവുകാർക്ക് ഭക്ഷണം വേണമെങ്കിൽ ജയ് ശ്രീറാം ചൊല്ലാൻ നിർബന്ധിക്കപ്പെടുകയാണെന്ന് പല തവണ പരാതി ഉയർന്നതാണ്. ജയിൽ അധികൃതരുടെ “മനുഷ്യത്വരഹിതവും ക്രൂരവുമായ” പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ആറ് പേർ കഴിഞ്ഞ ഒരു മാസക്കാലം നിരാഹാര സമരം നടത്തിയിരുന്നു. ഭോപ്പാൽ സെൻട്രൽ ജയിൽ നിരാഹാര സമരം നടത്തിയിരുന്ന ഡോ. അബു ഫൈസൽ, കമറുദ്ദീൻ, കമ്രാൻ, ശാദുലി പി‌എ, ഷിബിലി എന്നിവരാണ് ഇപ്പോൾ വീണ്ടും പട്ടിണി പ്രതിഷേധ സമരത്തിലൂടെ പീഢനങ്ങൾക്കെതിരെ പ്രതികരിക്കുന്നത്. മാന്യമായ ഭക്ഷണം ലഭിക്കാത്ത തടവുകാരിൽ ചിലരുടെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് 2020 ഒക്ടോബറിൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയും അവർക്ക് സമരം ചെയ്യേണ്ടിവന്നു.

അനുസരിക്കില്ലെന്നറിയാമെങ്കിലും പല അവസരങ്ങളിലും ജയ് ശ്രീരാം വിളിപ്പിക്കാൻ ശ്രമിച്ചതിനുശേഷം മാത്രമാണ് അവർക്ക് ഭക്ഷണമോ വെള്ളമോ നൽകാറുള്ളത്. മാത്രമല്ല അവരുടെ കൺമുമ്പിൽ വെച്ച് പോലീസുകാർ വിശുദ്ധ ഖുർആനെ അപമാനിച്ച് പ്രകോപനം സൃഷ്ടിക്കുന്നതായും അവരുടെ ബന്ധുക്കൾ പരാതിപ്പെടുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി സാമൂഹ്യ സംഘടനകൾക്കും മാധ്യമങ്ങൾക്കുമവർ കത്ത് എഴുതി. ഇക്കഴിഞ്ഞ നാളുകളിൽ ഈരാറ്റുപേട്ട ശിബിലിയുടെയും ശാദുലിയുടെയും പിതാവ് പി എസ് അബ്ദുൽ കരീം മലയാള മാധ്യമങ്ങൾക്കും പ്രസ്താവന നൽകിയിരുന്നു. ബന്ധുക്കളുടെ കത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ;

1. ജയിലിനുള്ളിൽ സ്ഥിരമായി സിമി തടവുകാർക്ക് നേരെ വളരെ മോശമായ പെരുമാറ്റവും അധികാര ദുരുപയോഗവും നടക്കുന്നു

2. നിരന്തരമായി ഭീഷണിപ്പെടുത്തുന്നു.

3. വിശുദ്ധ ഖുർആനെയും മത ചിഹ്നങ്ങളെയും അപമാനിക്കുന്നു.

4. തുടർച്ചയായി 23 മണിക്കൂർ വരെ ഏകാന്ത തടവിലിടുന്നു.

5. ജയിലിനുള്ളിൽ വീണ്ടും വ്യാജ കേസുകൾ ചുമത്തുന്നു.

6. രോഗികളായ തടവുകാർക്ക് ചികിത്സ നിഷേധിക്കുന്നു.

7. ഉറങ്ങാൻ കിടന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞ് ഉണർത്തി രാത്രി മുഴുവൻ ഉറങ്ങാൻ സമ്മതിക്കാതെ പീഢനം തുടരുന്നു.

8. ബലാൽക്കാരമായി ഉറക്ക ഗുളിക നൽകുകയും ജയിലിനുള്ളിൽ നിന്ന് കേസുകൾക്കു അനുകൂലമായ മൊഴിയുണ്ടാക്കാനും ശ്രമിക്കുന്നു. ലഭിക്കാതിരുന്നാൽ രാത്രിയിലുടനീളം ഉറക്കം തടസപ്പെടുത്തുന്നു.

9. വീട്ടിലേക്ക് കത്തെഴുതാൻ അനുവാദമില്ല.

10. കുടുംബാഗങ്ങളായ സന്ദർശകരുടെ സമയം വെട്ടിച്ചുരുക്കുകയും സന്ദർശനവേളയിൽ അവരെ ശല്യപ്പെടുത്തുകയും ചെയ്യുന്നു.

11. ലോക്ക് ഡൗൺ സമയത്ത് ജയിലിലെ എല്ലാ തടവുകാർക്കും ബന്ധുക്കളുമായി ഫോണിൽ സംസാരിക്കാൻ അനുമതിയുണ്ടായിട്ടും അവർക്ക് അത് നിഷേധിക്കുന്നു.

12. ജയിൽ അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും ഒരു പരാതി ബോക്സ് നൽകുന്നില്ല.

13. ജയിലിൽ പോലീസ് സിമി തടവുകാരെ അടിമകളെപ്പോലെയും മനുഷ്യത്വരഹിതമായും പരിഗണിക്കുന്നു.

ഇത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് (എൻ‌.എച്ച്‌.ആർ‌.സി) ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തിൽ ജയിലിലെ അധികാര ദുർവിനിയോഗവും ഉപദ്രവവും സംബന്ധിച്ച പരാതികൾ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മീഷൻ പരാതി ഗൗരവമായി എടുക്കുകയും 2017 ജൂണിൽ ഇക്കാര്യം അന്വേഷിക്കാൻ ഒരു ടീമിനെ അയയ്ക്കുകയും ചെയ്തിരുന്നു. അന്വേഷണ സംഘം തടവുകാർ, അവരുടെ കുടുംബങ്ങൾ, ജയിൽ അധികൃതർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിവരുമായി സംവദിച്ചു.

തുടർന്ന് ഇടവേളയ്ക്ക് ശേഷം അക്രമം വീണ്ടും വർദ്ധിച്ചുവെന്ന പരാതികളെ തുടർന്ന്, 2017 ഡിസംബറിൽ രണ്ടാമത്തെ ടീം ഒരു ഹ്രസ്വ തുടർ സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. തടവുകാരെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിക്കുകയാണെന്ന് എൻ‌എച്ച്‌ആർ‌സി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. നിരവധി തടവുകാർക്ക് ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കേറ്റ അടയാളങ്ങളുണ്ടായിരുന്നു, അത് സംബന്ധിച്ച് ജയിൽ ഉദ്യോഗസ്ഥർക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ല. തടവുകാരെ തുടർച്ചയായി ഉറക്കം നഷ്ടപ്പെടുത്തുന്നതായി പറയുന്ന വിവരണത്തിൽ ജയിലിലെ ഉദ്യോഗസ്ഥർ ഈ തടവുകാരോട് മതവൈരത്തോടെ പെരുമാറുന്നതായി സൂചിപ്പിക്കുന്നു, തങ്ങളുടെ ആദരണീയ മതവിശ്വാസത്തിനെതിരെ മുദ്രാവാക്യം വിളിക്കാൻ നിർബന്ധിക്കുകയും വിസമ്മതിച്ചാൽ മർദ്ദിക്കപ്പെടുകയും ചെയ്യുന്നുവെന്ന് തടവുകാർ പരാതിപ്പെടുന്നു.

അതിശയകരമെന്നു പറയട്ടെ, വിചാരണ നേരിടുന്ന 10 പ്രതികളുടെ;
(1.സഫ്ദർ നാഗോരി – സഹീറുൽ ഹസൻ ഉജ്ജൈൻ,എംപി
2. മുഹമ്മദ് അൻസാർ – അബ്ദുൾ റസാക്ക്, കേരളം
3. കമറുദ്ദീൻ നാഗോരി – ചന്ദ് മുഹമ്മദ് ,ഉജ്ജൈൻ, എംപി
4. അമിൽ പർവേസ് – കാസി സൈഫുദ്ദീൻ ഉജ്ജൈൻ, എംപി
5. കമ്രാൻ സിദ്ദിഖ്, എം‌പി
6. ഷിബ്‌ലി – അബ്ദുൾ കരീം, കേരളം
7. ശാദുലി – അബ്ദുൾ കരീം, കേരളം
8. ഹാഫിസ് ഹുസൈൻ – കർണാടക
9. മുഹമ്മദ് യാസീൻ – ഫരീദ് ഖാൻ
10. അഹമ്മദ് ബെയ്ഗ് മിർസ – ഹൈദരാബാദ്) മേൽ കുറ്റം ആരോപിക്കപ്പെടുന്ന
മധ്യപ്രദേശിലെ വിവിധ നഗരങ്ങളിലെ സ്ഫോടനങ്ങൾ നടക്കുമ്പോൾ ഇവർ അഹമ്മദാബാദിലെ സബർമതി ജയിലിലായിരുന്നു ഉണ്ടായിരുന്നത്. രാജ്യദ്രോഹം, ആയുധങ്ങൾ ശേഖരിക്കുക, ഇന്ത്യാ സർക്കാരിനെതിരെ യുദ്ധം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് പിന്നീട് ഇവർക്ക് മേൽ അടിച്ചേല്പിച്ചത്. കോടതി തീരുമാനപ്രകാരം പിന്നീട് ഇവരെ സബർമതി സെൻട്രൽ ജയിലിൽ നിന്ന് ഭോപ്പാൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. അഹമ്മദാബാദിൽ ഇപ്പോൾ നടന്നുവരുന്ന ഇവരുടെ വിചാരണ വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കുന്നുണ്ടെങ്കിലും സമാന്തരമായി ഭോപ്പാൽ സെൻട്രൽ ജയിലിൽ കടുത്ത പീഡനങ്ങൾ തുടരുകയാണ്.

Related Article
ഭോപ്പാൽ ജയിലിലെ മനുഷ്യാവകാശലംഘനങ്ങളും വിചാരണാതടവുകാരുടെ നിരാഹാരസമരവും

Like This Page Click Here

Telegram
Twitter