കൊറോണ ബാധിച്ചു ചികിത്സയില് കഴിയുന്ന ബ്രാഡ്ലി സിഫ്ഫർ എഴുതുന്നു…
ഫിലാഡൽഫിയയിൽ താമസിക്കുന്ന പ്രോഡക്ട് ഡിസൈനറായ ബ്രാഡ്ലി സിഫ്ഫർ എന്ന യുവാവ് കൊറോണ ബാധിച്ചു ചികിത്സയിലാണ്, അദ്ദേഹം ട്വിറ്ററിൽ തന്റെ അനുഭവം എഴുതുന്നു…
പരിഭാഷ_ രഞ്ജിത് ശ്രുതി സമേത്
കഴിഞ്ഞയാഴ്ച ഞാൻ ന്യൂമോണിയയോടും കോവിഡ്-19 നോടും പൊരുതുകയായിരുന്നു. എന്റെ ജീവിതത്തിൽ മുൻപൊരിക്കലും ഞാൻ ഇത്രത്തോളും വയ്യാതിരുന്നിട്ടില്ല. “ചെറുപ്പക്കാർക്ക് അപകടമൊന്നുമില്ല. അവർക്ക് നേരിയ ലക്ഷണങ്ങളേ ഉണ്ടാകൂ” എന്ന് പറയുന്നതൊക്കെ ചുമ്മാതാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കടന്നുപോയ ദുരിതങ്ങളെപ്പറ്റി തുറന്നുപറയട്ടെ.
പത്ത് ദിവസം മുൻപാണ് ഇതെല്ലാം തുടങ്ങിയത്. എനിക്ക് പതിവില്ലാത്ത വിധം ക്ഷീണം തോന്നി. തലവേദന ഉണ്ടായതുകൊണ്ട് ഞാൻ Iboprofen കഴിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പനിയായി. ശ്വസിക്കാൻ ബുദ്ധിമുട്ടും തുടങ്ങി. പിറ്റേന്നായപ്പോഴേക്കും ഹൃദയത്തിന് താഴ്ഭാഗത്തായി നെഞ്ചിൽ തുടർച്ചയായ വേദന തുടങ്ങി. കിതയ്ക്കാതെ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ.
ഈ നേരമത്രയും ഞാൻ പുറത്തിറങ്ങിയില്ല. ഞാനെന്റെ ഡോക്ടറെ വിളിച്ചു. ഞങ്ങളുടെ ചുറ്റുപാടുമുള്ള രോഗപ്പടർച്ചയും എന്റെ രോഗലക്ഷണങ്ങളും മൂലം ഡോക്ടർ അപ്പോയിന്റ്മെന്റ് നൽകിയില്ല. ഹെൽത് ഡിപ്പാർട്മെന്റിനെ ബന്ധപ്പെടാൻ അവരെന്നെ നിർബന്ധിച്ചു. ഞാൻ നാല് വട്ടം വിളിച്ചപ്പോൾ ഒടുക്കം ഒരാൾ ഫോണെടുത്ത് അലറി “ഇവിടെ ഞങ്ങളുടെ പക്കൽ ഇനി ടെസ്റ്റ് കിറ്റുകളില്ല, ഒന്ന് വിളിക്കുന്നത് നിർത്ത്”
ഒരു മണിക്കൂറിന് ശേഷം എനിക്ക് ഒരു ഫോൺ വന്നു. അത് ഹെൽത് ഡിപാർട്മെന്റിൽ നിന്ന് മറ്റൊരാളായിരുന്നു. ആ സ്ത്രീ എന്റെ അവസ്ഥയും രോഗലക്ഷണങ്ങളും ചോദിച്ചറിഞ്ഞു. അവരെന്നോട് പിടിച്ചുനിൽക്കാനും എന്റെ കേസ് “നിരീക്ഷണ” ത്തിലാണെന്ന് അറിയിക്കുകയും ചെയ്തു. എന്റെ രോഗലക്ഷണങ്ങളും പനിയും കൂടുതൽ മോശമായിക്കൊണ്ടിരുന്നു.
അന്ന് രാത്രി ഞാൻ എമർജൻസി റെസ്പോൺസിനെ വിളിച്ചു. എന്റെ ലക്ഷണങ്ങൾ കണ്ട് അവരെന്നോട് മാറി നിൽക്കാൻ പറഞ്ഞു. രാവിലെ ആയപ്പോഴേയ്ക്കും എന്റെ പനി 104 ഡിഗ്രി ആയി. എല്ലാം കണ്ടും കേട്ടും എന്റെ പ്രതീക്ഷ പതുക്കെ നഷ്ടമായിത്തുടങ്ങി. എനിക്ക് വല്ലാത്ത നിസ്സഹായത അനുഭവപ്പെട്ടു. അന്ന് വൈകിട്ട് ഡോക്ടറെ വിളിച്ചതു വരെയേ എനിക്കോർമ്മയുള്ളൂ. പിന്നെ എല്ലാം മങ്ങിയ ഓർമ്മയേയുള്ളൂ.
പിന്നീട് പറഞ്ഞവരിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞത്, ഞാൻ ആശുപത്രിയിലേക്ക് കാറോടിച്ചെത്തി. കാറിൽ നിന്നും പുറത്തിറങ്ങിയതും ബോധരഹിതനായി വീണു. അവിടെ ആ പാർകിംഗ് ലോട്ടിൽ. ICUയിലേയ്ക്ക് ഒരു വീൽചെയറിൽ തള്ളിക്കൊണ്ട് പോകുമ്പോഴാണ് പിന്നെ എനിക്ക് ബോധം വരുന്നത്. പിന്നെയും എനിക്ക് ബോധക്ഷയം സംഭവിച്ചു. പരിചയമില്ലാത്തൊരിടത്ത് ഉണർന്നത് ഞാനോർക്കുന്നു. മരിച്ചു എന്നാണ് ഞാൻ കരുതിയിരുന്നത്. ഒരു Anxiety Attack ഉണ്ടായി തീരെ ശ്വസിക്കാൻ പറ്റാതായപ്പോഴാണ് എനിക്ക് ജീവനുണ്ടെന്ന് എനിക്ക് തന്നെ തിരിച്ചറിവ് വരുന്നത്. എനിക്ക് ഓക്സിജനും മറ്റ് ദ്രവങ്ങളും ആന്റിബയോട്ടിക്കുകളുമെല്ലാം നൽകുന്നുണ്ടായിരുന്നു.
ഞാൻ എല്ലാ ടെസ്റ്റും എടുത്തു. തൊണ്ടയിൽ നിന്നും മൂന്ന് കോട്ടൺ സ്വാബുകൾ, രക്തസാമ്പിളുകൾ, കഫം, ECG എല്ലാം എടുത്തു. ആറ് മണിക്കൂറുകൾ ഞാൻ കാത്തിരുന്നു. അതെ, എനിക്ക് പോസിറ്റീവ് ആയിരുന്നു. എനിക്ക് ന്യൂമോണിയ കൂടി ഉണ്ടെന്ന് സ്ഥിരീകരിച്ചു, ആന്റിബയോട്ടിക്കുകൾക്ക് കുറിച്ച് തന്നു. എന്റെ അവസ്ഥ ഭേദപ്പെടുന്നുണ്ട്. എന്റെ പാർടണറെ കണ്ടിട്ട് ആഴ്ചകളാകുന്നു- എനിക്കവരെ മിസ് ചെയ്യുന്നുണ്ട്.
എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ട്, ഒപ്പം കടുത്ത നിരാശയും. എനിക്ക് സഹായം ലഭിയ്ക്കാൻ ഇത്രയ്ക്ക് ബുദ്ധിമുട്ടുണ്ടായത് എന്തുകൊണ്ടാണ്? ഞാൻ വൃദ്ധനായിരുന്നെങ്കിൽ ? എന്റെ പ്രതിരോധശേഷി അല്പമെങ്കിലും കുറവായിരുന്നെങ്കിൽ ?
ഗവൺമെന്റ് നമ്മളെ തോല്പിച്ചിരിക്കുന്നു. ഞാൻ ഭാഗ്യവാനാണ്. പക്ഷേ എല്ലാവരും ആകണമെന്നില്ല. അവർ ശക്തമായ ഇടപെടലുകൾ നടത്തേണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു. വാചകക്കസർത്തുകളല്ല, നടപടികൾ! ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഉഡായ്പ്പുകൾ നിർത്തി ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കൂ!
അവർ ചെയ്തില്ലെങ്കിൽ നമ്മൾ ചെയ്യണം. പുറത്തിറങ്ങാതിരിക്കൂ, വിവേകമുള്ളവരാകൂ. മണ്ടത്തരം കാട്ടി മരണം വാങ്ങിവെക്കരുത്. നമുക്കതിന് കഴിയും.