കര്‍ണ്ണാടക വേറൊരു രാജ്യമാണോ?
കേരളത്തില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ്. ദക്ഷിണ കന്നഡ ആരോഗ്യ കുടുംബ ക്ഷേമ ഓഫീസറുടെ പേരില്‍ മംഗളൂരുവിലെ ഏഴ് മെഡിക്കല്‍ കോളേജുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മംഗലാപുരം -കാസർകോട് പാതയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മണ്ണിട്ട് തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നു മംഗലാപുരത്തെ ആശുപത്രികളിലേക്ക് രോഗികളുമായി പോവുന്ന ആംബുലന്‍സുകളും വാഹനങ്ങളും അധികൃതര്‍ തടയുന്നു. ഇക്കാരണത്താല്‍ ഏഴ് രോഗികളാണ് ചികിത്സ കിട്ടാതെ മരിച്ചത്.
അതിര്‍ത്തിയിലെ തടസം കേന്ദ്ര സർക്കാർ ഇടപെട്ട് അടിയന്തരമായി നീക്കണമെന്ന് കേരള ഹൈകോടതി ഉത്തരവിട്ടിരുന്നു. ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പാതയടച്ച കർണാടക സർക്കാരിന്റെ നടപടി മനുഷ്യജീവൻ അപകടത്തിലാക്കുന്നതാണെന്ന് തിരിച്ചറിഞ്ഞു ഉടന്‍ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അടിയന്തര ചികിത്സ വേണ്ടവരുടെ യാത്രക്ക് തടസമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കർണാടകം അതിർത്തി അടച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞത്. നടപടി കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ് എന്നും ഗവര്‍ണ്ണര്‍ സൂചിപ്പിച്ചു. നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരുമാകട്ടെ ഈ അടിയന്തരഘട്ടത്തില്‍ ഉചിതമായ നടപടിയെടുക്കാതെ രാഷ്ട്രീയം കളിക്കുകയാണ്. അത് തത്വത്തില്‍ കര്‍ണ്ണാടകയെ പിന്തുണക്കുന്നതും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതുമാണ്.
ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേരളത്തില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതേ സന്ദര്‍ഭത്തില്‍ അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. അതിർത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവിനെതിരേ കർണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എവിടെയാണ് പൗരൻ താമസിക്കുന്നതെന്ന് നോക്കാതെ അവരുടെ അവകാശങ്ങളെ ആദരിക്കാൻ രാജ്യത്തെ ഓരോ സംസ്ഥാനത്തിനും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറയുകയുണ്ടായി. എന്നാല്‍ ഒരു ശത്രുരാജ്യത്തെ ജനങ്ങളോട് എന്നപോലെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ കേരളത്തിലെ രോഗികളോട് പെരുമാറുന്നത്. ചികിത്സ നിഷേധിച്ച് രോഗികളെ കൊല്ലുന്നതിന് തുല്യമായ നടപടിയാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ഒരു ശത്രുരാജ്യം പോലും രോഗികളോട് അങ്ങനെ ചെയ്യില്ലെന്നിരിക്കെയാണ് കര്‍ണ്ണാടക എല്ലാ പരിധികളും ലംഘിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് സി.എ.എ, എന്‍.ആര്.സി തുടങ്ങിയ നിയമങ്ങള്‍ക്കെതിരെ മംഗളൂരുവില്‍ പ്രക്ഷോഭം നടന്നപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരെ പൊലീസ് തട്ടിക്കൊണ്ടു പോവുകയും മണിക്കൂറുകളോളം ബന്ദിയാക്കി വെക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ളവരാണ് പ്രശ്നമുണ്ടാക്കിയത് എന്നാരോപിച്ചു മംഗളൂരുവിലെ മലയാളികളെ ചോദ്യം ചെയ്തിരുന്നു.
ഇന്ത്യയില്‍ ഏത് സംസ്ഥാനങ്ങളിലും ഒരു ഇന്ത്യന്‍ പൗരന് യഥേഷ്ടം സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്നിരിക്കെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്നുള്ളവരെ ശത്രുരാജ്യത്തെ ജനങ്ങളോടെന്ന പോലെ കാണുന്നത്. ഒരേയൊരിന്ത്യ ഒരൊറ്റ ജനത, അഖണ്ഡ ഭാരതം എന്നൊക്കെ കൊട്ടിഘോഷിക്കുന്നത്, കൊറോണ പോലൊരു മഹാമാരി മുഴുവന്‍ മനുഷ്യരെയും പിടിച്ചുലച്ച സന്ദര്‍ഭത്തില്‍ ഭരണകൂടങ്ങള്‍ മറന്നുപോകുന്നതോ അതോ ആ സങ്കല്പത്തിന്റെ കാപട്യമാണോ തുറന്നുകാണിക്കുന്നത് ?