പ്രവാസികള്‍ അവര്‍ ഇന്ത്യൻ പൗരന്മാരാണ്, നാട്ടിലെത്തിക്കണം

കോവിഡ് പടരുന്ന സാഹചര്യത്തില്‍ അനേകം പ്രവാസികളാണ് നാട്ടില്‍ തിരിച്ചെത്താന്‍ കഴിയാതെ പ്രതിസന്ധി നേരിടുന്നത്. സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ യു.എ.ഇ തയ്യാറാണ്. എന്നാല്‍ ഈ നിര്‍ദ്ദേശത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉചിതമായ നടപടി എടുക്കുന്നില്ല. വൈറസ് ഭീതിയില്‍ കഴിയുന്ന പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ രോക്ഷം പുകയുകയാണ്…

പ്രവാസിയായ യൂനസ് ഖാന്‍ എഴുതുന്നു…

ആരുടെയും ഔദാര്യമല്ല ചോദിച്ചത്‌. സൗജന്യമായി എല്ലാവരെയും നാട്ടിലെത്തിയ്ക്കാനും പറഞ്ഞില്ല. പല കാരണങ്ങളാൽ ഇവിടെ തുടരാൻ കഴിയാതെ കുടുങ്ങിപ്പോയ ആയിരങ്ങളുണ്ട്‌. വിസിറ്റിൽ വന്ന് ജോലി ആകാതെ പോയവർ. ജോലി നഷ്ടപ്പെട്ട്‌ ശമ്പളമില്ലാതെ റൂമിൽ കഴിയുന്നവർ. വിസിറ്റിൽ വന്ന ഇൻഷുറൻസില്ലാത്ത രോഗങ്ങളുള്ളവർ, ഗർഭിണികൾ. ജോലി നഷ്‌ടപ്പെട്ട്‌ കുടുംബവുമായി കഴിയുന്ന വാടകയ്ക്ക്‌ പോലും മറ്റുള്ളവരെ ആശ്രയിയ്ക്കേണ്ടിവരുന്ന നിരവധി ആളുകൾ. ബിസിനസ്‌ യാത്രയ്ക്കിടെ പെട്ട്‌ പോയവർ, വിദ്യാർത്ഥികൾ ഇങ്ങനെ അടിയന്തിര സാഹചര്യം അനുഭവിയ്ക്കുന്ന നിരവധി മനുഷ്യർ – ഇന്ത്യൻ പൗരന്മാർ!

ഫ്ലൈറ്റ്‌ ടിക്കറ്റിനുള്ള വക എങ്ങനെയെങ്കിലുമൊക്കെ തട്ടിക്കൂട്ടിക്കോളാം. സാമ്പത്തിക ബാധ്യത ആലോചിച്ച്‌ ആരും പേടിയ്ക്കണ്ട. ഫ്ലൈറ്റുകൾ പറക്കാൻ റെഡിയാണ്. എമിറേറ്റ്സും എത്തിഹാദും പറക്കാനുള്ള അവരുടെ സന്നദ്ധത പറഞ്ഞുകഴിഞ്ഞു. ചാർട്ടർ ചെയ്ത്‌ വരാൻ പോലുമുള്ള സംവിധാനങ്ങൾ പ്രവാസിസംഘടനകൾക്കുണ്ട്‌.

നാട്ടിലെ നിരവധി സംഘടനകളും കൂട്ടായ്മകളും ക്വാറന്റൈൻ സംവിധാനങ്ങളൊരുക്കാൻ തയ്യാറാണു. അടഞ്ഞു കിടക്കുന്ന നൂറുകണക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങൾ താൽക്കാലികവാസകേന്ദ്രമാക്കാൻ റെഡിയാണു. പ്രളയകാലത്തെപോലെ നമ്മൾ അതിജീവിയ്ക്കും.

ബിൽഡിംഗിൽ ഒരാൾക്ക്‌ കോവിഡ്‌ വന്ന് ബിൽഡിംഗ്‌ അപ്പാടെ ലോക്‌ഡൗൺ ചെയ്‌ത്‌ അതോറിറ്റി എത്തിയ്ക്കുന്ന ഭക്ഷണത്തിനായി കാത്തിരിയ്ക്കേണ്ടി വരുന്ന ‘അൺപെയ്ഡ്‌ ലേബർ’ക്ക്‌ സ്വന്തം നാട്‌ ഒരു വലിയ പ്രതീക്ഷയാണ്. ലോകമെങ്ങുമുള്ള രാജ്യങ്ങൾ സ്വന്തം പൗരന്മാരെ തിരിച്ചു വിളിച്ചുകഴിഞ്ഞു. അതിനുള്ള സൗകര്യവും നൽകി. ഇന്ത്യയിൽ നിന്നും നിരവധി വിദേശികളെ അതത്‌ രാജ്യങ്ങൾ തിരികെ കൊണ്ടുപോയി.

ഇപ്പോൾ വേണ്ടത്‌ ഇന്ത്യൻ അതോറിറ്റിയുടെ പെർമ്മിഷൻ മാത്രമാണ്. ഫ്ലൈറ്റുകൾ ഇറങ്ങാനുള്ള അനുവാദം. അതുപോലും അനുവദിയ്ക്കില്ലെന്ന് പറയുന്നത്‌ ധിക്കാരമാണ്, വിവേചനമാണ്, നെറികെട്ട നന്ദികേടാണ്!

Click Here