തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാന്‍ മാപ്പ് പറഞ്ഞു, ബാക്കിയെല്ലാം തെറ്റായ പ്രചരണങ്ങള്‍; റമീസ് മുഹമ്മദ്
വാരിയംകുന്നന് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദിനെതിരെ ഉയര്‍ന്ന അപവാദ പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍, തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും താൻ താൽക്കാലികമായി വിട്ടുനിൽക്കുകയാണ് എന്നു അദ്ദേഹം പറഞ്ഞു.
“എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും…” റമീസ് മുഹമ്മദ് ഫേസ്ബുക്കില്‍ എഴുതുന്നു…
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.
എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൗർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും. ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
എന്തുകൊണ്ട് റമീസ് ?
ഉമ്മുല്‍ ഫായിസ എഴുതുന്നു…
ദേശീയമായ ഒരു നോട്ടത്തിന്റെ ഭാഗമായി മുസ്ലിം ന്യൂനപക്ഷ ശരീരത്തെ നിരന്തരം സർവയലൻസിനു വിധേയമാക്കുകയും അതിൽ നിന്നു പുറപ്പെട്ടു വരുന്ന കുറ്റങ്ങൾ കണ്ടുപിടിച്ച് പരിഷ്കരിച്ച് നോർമലൈസ് ചെയ്യുന്ന ഒരു അച്ചടക്ക വ്യവഹാരമായി ഫെമിനിസത്തിന്റെയും സെക്കുലറിസത്തിന്റെയും പ്രയോഗങ്ങൾ മാറുന്നുവെന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അതിന്റെ ഒടുവിലത്തെ ഇരയാണ് തിരക്കഥാകൃത്ത് റമീസ്.
ഹോളിവുഡിൽ ഹാർവി വെയ്ൻസ്റ്റൈൻ വിവാദ കാലത്ത് സ്ലാവോയ് ഷിഷേക്ക് എഴുതിയ ലേഖനത്തിൽ പറയുന്ന ഒരു കാര്യമുണ്ട്.
2002- ൽ താലിബാനിൽ നിന്നു മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ എന്ന വ്യാജേന നടത്തിയ അമേരിക്കൻ അധിനിവേശത്തിൽ കൊല്ലപ്പെട്ട രണ്ടു ലക്ഷം പേരിൽ 75 ശതമാനം സ്ത്രീകളും കുട്ടികളും ആയിരുന്നു. തകർന്നത് ഇവരുടെ ഇക്കോ സിസ്റ്റമായിരുന്നു. ഈ കൂട്ടക്കൊലക്ക് വെളുത്ത ഫെമിനിസത്തിന്റെ പിന്തുണ ഉണ്ടായിരുന്നു.
എന്നാൽ ഹോളിവുഡിലെ ഒരു പ്രമുഖ നിർമാതാവ് ഏറ്റവും ശക്തകളായ പാശ്ചാത്യ ലോകത്തെ സ്ത്രീകളെ ദശകങ്ങളായി തന്റെ അധികാരം ഉപയോഗിച്ചു പീഡിപ്പിച്ചപ്പോഴും അതൊരു സംസ്കാരത്തിന്റെയും മതത്തെയും കുറ്റമായിക്കാണാതയും സിനിമാ വ്യവസായ മൊത്തം ബോംബിട്ടു തകർക്കാതെയും ഹാർവി വെയ്ൻസ്റ്റൈൻ എന്ന നടന്റെ വ്യക്തിപരമായി വീഴ്ചയായിക്കണ്ട് പരിഹരിച്ചു.
വ്യക്തികളാകാനും വീഴ്ചകൾ ഉള്ളതോടൊപ്പം തന്നെ അതു മാറ്റിവെച്ചു മുന്നോട്ടു പോകാനും ഒരു മുസ്ലിം പബ്ലിക് ഫിഗറിനു പറ്റില്ലെന്നാണോ പറയുന്നത്?
ഓരോ അനക്കവും അടക്കവുംമുസ്ലിം വ്യക്തിയുടെ ജീവിത കാലം മുഴുവനുള്ള ബാധ്യതായി മാറുന്നത് മലയാളി സംസ്കാരത്തിനകത്തു ഒളിഞ്ഞു കിടക്കുന്ന മുസ്ലിം വിരുദ്ധ മോറൽ പോലീസിംഗ് രാഷ്ട്രീയമാണ്.
ഒരു പ്രസംഗത്തിന്റെ പേരിൽ അബ്ദുന്നാസർ മഅദനിയെ പത്തുവർഷം വിചാരണയില്ലാതെ ജയിലിലിട്ടു പീഡിപ്പിച്ച നാട്ടിലാണ് നാമൊക്കെ ജീവിക്കുന്നത് എന്നോർക്കണം.