മാധ്യമപ്രവർത്തനം ‘ഭീകരവാദ’മാകുന്ന കാലം!

ഹാഥ്റസിലേക്ക് വാർത്താ ശേഖരണത്തിനായി പോകുംവഴി ഉത്തർപ്രദേശിലെ മഥുര ടോൾബൂത്തിന് സമീപത്ത് വച്ച് യുപി പോലീസ്‌ തട്ടിക്കൊണ്ടുപോയ അഴിമുഖം റിപോർട്ടർ സിദ്ദിഖ് കാപ്പന്റെ കുടുംബാംഗങ്ങളെ, ഒക്ടോബർ 18ന് ‘ജേണലിസ്റ്റ്സ് ഫോർ ഫ്രീഡം’ മാധ്യമപ്രവർത്തക കൂട്ടായ്മയുടെ അംഗങ്ങള്‍ സന്ദർശിച്ചു ഐക്യദാർഢ്യം അറിയിച്ചു.

പൗരരെ കസ്റ്റഡിയിൽ എടുക്കുകയോ, അറസ്റ്റ് ചെയ്യുമ്പോഴോ പാലിക്കേണ്ട സുപ്രിംകോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് സിദ്ദിഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർഥി നേതാക്കളെയും ഇവരുടെ കാബ് ഡ്രൈവറെയും അറസ്റ്റ് ചെയ്ത് യുഎപിഎ, രാജ്യദ്രോഹ കേസ് എന്നീ ജനവിരുദ്ധ നിയമം ഉപയോഗിച്ച് ജയിലിലടച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ആണെന്നുള്ള വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും എഫ്‌ഐആർ വിവരങ്ങൾ യുപി പോലിസ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇവരെ ജയിലിൽ സന്ദർശിക്കാൻ അഭിഭാഷകർക്ക് കഴിഞ്ഞിട്ടില്ല. സിദ്ദീഖ് കാപ്പന്റെ അഭിഭാഷകനോട് ജയിലധികൃതർ കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങി വരുവാനാണ് പറയുന്നത്. കോടതി പറയുന്നത് അതിന്റെ ആവശ്യമില്ലെന്നാണ്. യുപിയിൽ പൊലീസും കോടതിയും ജനാധിപത്യത്തെയും നീതിയെയും ഈ വിധത്തിലാണ് തട്ടിക്കളിക്കുന്നത്. അതുകൊണ്ട് തന്നെ സിദ്ദിഖ് കാപ്പൻ ജയിലിൽ ആണോ, അതോ യുപി പോലിസിന്റെ അനധികൃത കസ്റ്റഡിയിൽ ആണോ എന്നത് ഇപ്പോഴും ചോദ്യമായി തുടരുകയാണ്. സിദ്ദീഖിന്റെ കുടുംബം ഇത് തന്നെയാണ് ചോദിക്കുന്നത്. ഈ സവിശേഷ സാഹചര്യത്തിൽ കേരള സർക്കാർ ഈ വിഷയത്തിൽ ഗൗരവപരമായി ഇടപെടേണ്ട സാഹചര്യമാണുള്ളത്. എന്നാൽ ഇതിൽ നിന്ന് മുഖംതിരിഞ്ഞു നിൽക്കുന്ന കേരള സർക്കാരിന്റെ നിലപാട് അപലപനീയമാണ്.

മാധ്യമ പ്രവർത്തനം ഈ രാജ്യത്ത് ക്രിമിനൽ ഗൂഡാലോചനയും ക്രിമിനൽ കുറ്റവും ആണെന്ന് ഒരിക്കൽക്കൂടി വെളിവാക്കുന്നതാണ് സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്. സിദ്ദിഖ് കാപ്പൻ അറസ്റ്റിലായ കേസിന്റെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് ഒക്ടോബർ 4നാണെന്നാണ് പൊലീസ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ ഒക്ടോബർ അഞ്ചാം തീയതിയാണ് സിദ്ദിഖ് കാപ്പൻ ഡൽഹിയിൽ നിന്ന് ഹാഥ്റസിലേക്ക് വാർത്തശേഖരണത്തിനായി പോകുന്നതും മഥുരയിൽ വച്ച് പോലിസ് കസ്റ്റഡിയിൽ എടുക്കുന്നതുമെന്നത് ഭരണകൂട ഗൂഡാലോചന വെളിപ്പെടുത്തുന്നതുമാണ്. ഈ വിഷയത്തിൽ സിദ്ദിഖ് കാപ്പൻ ജോലി ചെയ്യുന്ന സ്ഥാപനമായ “അഴിമുഖത്തിൽ” നിന്നുണ്ടായ, ഇപ്പോഴും തുടരുന്ന നിസ്സംഗത തീർത്തും ഭരണകൂട വിധേയത്വമാണ്. ഈ ഭരണകൂട വിധേയത്വം ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളിൽ നിന്നുണ്ടാകുന്നുവന്നത് തീർത്തും പ്രതിഷേധാർഹമാണ്. ഈ ഫാസിസ്റ്റ് കാലത്ത് ഇത് സമൂഹത്തെ ഭയത്തിലേക്ക് തള്ളിവിടാനും മുൻവിധികൾ തുടരാനും മൗനത്തിലാഴ്ത്താനും മാത്രമേ ഉപകരിക്കൂ എന്നത് അഴിമുഖം മാനേജ്‌മെന്റ് തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴും തുടരുന്ന നിസ്സംഗത വെടിഞ്ഞ് ജനാധിപത്യ സമൂഹത്തിന് ദിശാബോധം നൽകുന്നതിന് അഴിമുഖം തയ്യാറാവേണ്ടതുണ്ട്.

മോദി ഭരണത്തിൽ രാജ്യത്തെമ്പാടും മാധ്യമ പ്രവർത്തകർ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കശ്മീരിലും ഛത്തീസ്ഗഢിലും നിരവധി മാധ്യമ പ്രവർത്തകർ യുഎപിഎ പ്രകാരം വർഷങ്ങളായി തടവിൽ കഴിയുന്ന സാഹചര്യമാണുള്ളത്. ഹിന്ദു ആർമി നേതാവിനെ സാമൂഹിക മാധ്യമം വഴി വിമർശിച്ചു എന്നതിന്റെ പേരിൽ യുപി പോലിസ് തടവിലിട്ട ദലിത് മാധ്യമ പ്രവർത്തകൻ പ്രശാന്ത് കനോജിയ, കശ്മീരിൽ തടവിൽ കഴിയുന്ന ആസിഫ് സുൽത്താൻ, ഭീമാ കൊറേഗാവ് കേസിൽ വിചാരണ തടവിൽ കഴിയുന്ന ദലിത് മാധ്യമപ്രവർത്തകൻ സുധീർ ധാവലെ, ഗൗതം നവലാഖ എന്നിവർ ഇതിന് ഉദാഹരണമാണ്. മോദിക്ക് സ്തുതിപാഠകരാവാത്ത, ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരെ ‘ഭീകരവാദികളായി’ ചിത്രീകരിച്ച് തടവിലിടുന്നതിനെതിരെ മുഴുവൻ ജനങ്ങളും മാധ്യമ പ്രവർത്തകരും പ്രതികരിക്കാൻ തയാറാവണം. സിദ്ദിഖ് കാപ്പന്റെ മോചനത്തിന് വഴിവയ്ക്കുന്ന തരത്തിൽ മലയാളി മാധ്യമ പ്രവർത്തകർ തുടർച്ചയായ പ്രക്ഷോഭത്തിന് തയാറാവണം. തെരുവുകൾ മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള മാറ്റൊലികൾ തീർക്കുവാൻ മുന്നോട്ട് വരണമെന്നും ജേണലിസ്റ്റ്സ് ഫോർ ഫ്രീഡം ആവശ്യപ്പെടുന്നു.

: ജേണലിസ്റ്റ്സ് ഫോർ ഫ്രീഡം
19-10-2020

മൃദുല ഭവാനി
ഹാറൂൻ കാവനൂർ
അഭിലാഷ് പടച്ചേരി
മുഹമ്മദ് മിറാഷ്
പ്രശാന്ത് സുബ്രഹ്മണ്യന്‍
കെ എ സലീം
അഫ്സല്‍ പി എച്ച്
നജിയ ഒ
മുഹമ്മദ് ഹനീന്‍
റിജാസ് എം സിദ്ദിഖ്
ഖാദര്‍ കരിപ്പൊടി
ഹരി
യു എം മുഖ്താർ

Related Video
സിദ്ദിഖ് കാപ്പന്‍റെ മോചനത്തിന് കേരള സർക്കാർ ഇടപെടണം, എന്‍റെ അപേക്ഷയാണ്

Like This Page Click Here

Telegram
Twitter