ഷമീറിനെ വധിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കുക; ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരവേ ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനങ്ങൾക്ക് വിധേയനായി ഷമീർ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ജനകീയ മനുഷ്യാവകാശപ്രസ്ഥാനം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.

കേരളത്തിലെ ജയിലുകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ശ്രദ്ധിക്കുന്നവർക്ക് ഈ കൊലപാതകത്തെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണുവാൻ കഴിയുകയില്ല. തിരുത്തൽ കേന്ദ്രങ്ങളാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നിയമവിരുദ്ധമായ ശിക്ഷാനടപടികളും നിത്യേന അരങ്ങേറുന്ന ഇടമാണ് കേരളത്തിലെ ജയിലുകൾ. തടവുകാരെ അച്ചടക്കത്തിന്റെ പേരിൽ അന്യായമായ ശിക്ഷാവിധികൾക്ക് വിധേയരാക്കുക , ജയിലിനകത്ത് അവർക്കവകാശപ്പെട്ട പരിമിതമായ മൗലികാവകാശങ്ങൾ പോലും അനുവദിക്കാതിരിക്കുക, കൃത്യമായി കോടതികളിൽ ഹാജരാക്കാതിരിക്കുക, ജയിലധികൃതരുടെ നിയമവിരുദ്ധ നടപടികൾക്കെതിരെ പരാതിപ്പെടുന്നവരെ അന്യായ പീഡനങ്ങൾക്കും ശിക്ഷാനടപടികൾക്കും വിധേയരാക്കുക തുടങ്ങിയ മനുഷ്യത്വ വിരുദ്ധമായ നടപടികൾ കേരളത്തിലെ ജയിലുകളിൽ പതിവാണ്. തടവുകാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനോടൊപ്പം തന്നെ ഭക്ഷണ ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങിക്കുന്നത് മുതൽ തടവുകാരെ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വരെ പല ജയിലുകളിലും കടുത്ത അഴിമതി നിലനിൽക്കുന്നു. അടിമസമാനമായ രീതിയിൽ തടവുകാരെക്കൊണ്ട് തങ്ങളുടെ സ്വകാര്യജീവിതത്തിലെ പണികൾ വരെ ചെയ്യിക്കുന്ന ജയിലുദ്യോഗസ്ഥരുമുണ്ട്.

ജയിലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് കല്ലുകൾ കൊണ്ടല്ല,മറിച്ച് നിയമത്താലാണ് എന്നാണ് സുനിൽ ബാത്ര കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചത്. നിയമത്താൽ നിർമ്മിതമായ ജയിൽ മതിലുകൾക്കകത്ത് നിയമരാഹിത്യം നിലനിൽക്കുന്നുവെന്ന് വരുന്നത് നിയമവാഴ്ചയുടെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് തന്നെ വിരുദ്ധമാണ്.

തടവുകാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതും സ്വകാര്യത അനുവദിക്കാത്തതും തടവുകാരെ കൂടുതൽ ഒറ്റപ്പെടുത്തുന്നതുമായ ജയിൽ സമ്പ്രദായങ്ങൾ പുതുതായി പ്രത്യേക സുരക്ഷാ ജയിലുകളുടെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ മാവോയിസ്റ്റ് തടവുകാരനായ രൂപേഷ് നൽകിയ ഹർജിയിൽ ഈ നടപടികൾ നിയമമനുവദിക്കാത്ത നടപടികളാണെന്ന് കൊച്ചി എൻ.ഐ.എ. കോടതി പ്രഖ്യാപിക്കുകയുണ്ടായി. തടവുകാർക്ക് തങ്ങളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്തൊക്കെയാണെന്നറിയാനുള്ള അവകാശമുണ്ടെന്നും ജയിൽ ചട്ടങ്ങൾ തടവുകാർക്ക് ലഭ്യമാക്കണമെന്നും പതിറ്റാണ്ടുകൾ മുൻപ് തന്നെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇന്നുമത് കടലാസിലെ വെറും വാക്കുകൾ മാത്രമായി അവശേഷിക്കുന്നു. പ്രാകൃതമായ അടിശിക്ഷ ഇപ്പോഴും ജയിലിലെ ശിക്ഷാനടപടികളിലൊന്നായി തുടരുകയാണ്. പുതിയ ജയിൽ നിയമമനുസരിച്ച് തടവുകാർ തങ്ങൾ നേരിടുന്ന വിവേചനങ്ങൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ സമരം ചെയ്യുന്നത് ജയിൽ കലാപമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ജയിലിനകത്തെ നിരാഹാര സമരം പോലും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് പുതിയ ജയിൽ നിയമം.

തിരുത്തൽ കേന്ദ്രങ്ങളാണെന്ന് അവകാശപ്പെടുമ്പോഴും അച്ചടക്കം നിലനിർത്തുന്നതിന്റെ പേരിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന പ്രവണതയാണ് പൊതുവിൽ കണ്ടുവരുന്നത്. എന്നാൽ ഈ ഉദ്യോഗസ്ഥർ നിയമാനുസൃതമായി തങ്ങളുടെ അധികാരം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഫലപ്രദമായ സംവിധാനങ്ങളൊന്നും തന്നെയില്ല. ഓരോ തവണയും ജയിലിലേയ്ക്ക് കടന്നുവരുന്ന തടവുകാരെ മർദ്ദിക്കുക എന്നത് ഒരവകാശമെന്ന പോലെ കൊണ്ടുനടക്കുന്ന ജയിലുദ്യോഗസ്ഥരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിന്നാണ് ഷമീറിന്റെ മരണത്തിലേയ്ക്ക് നയിച്ച കസ്റ്റഡി മർദ്ദനത്തെ മനസിലാക്കേണ്ടത്.

സ്വാതന്ത്ര്യസമരകാലം തുടർന്നിങ്ങോട്ട് നിരവധി ജനകീയ പോരാട്ടങ്ങളിലൂടെ നാം ആർജ്ജിച്ചെടുത്ത പുരോഗമന ജനാധിപത്യമൂല്യങ്ങളെ നിഷേധിക്കുന്നതാണ് കേരളത്തിലെ ജയിലുകളിലെ ദൈനംദിന പ്രവർത്തനങ്ങളെന്ന് നിസ്സംശയം പറയാൻ കഴിയും. ഈ സാഹചര്യത്തിൽ ജനാധിപത്യ വിരുദ്ധമായ ജയിൽചട്ടങ്ങൾ പിൻവലിച്ചും ജയിലിൽ നിയമവാഴ്ച ഉറപ്പുവരുത്തിയും അഴിമതിക്കാരും മർദ്ദകരുമായ ജയിലുദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിച്ചും മാത്രമേ ഷമീറിന് സംഭവിച്ചത് പോലുള്ള ദാരുണമായ സംഭവങ്ങളെ ഇല്ലാതാക്കാൻ കഴിയുകയുള്ളൂ. ഷമീറിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ ജയിൽ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് ജനകീയമനുഷ്യാവകാശ പ്രസ്ഥാനം കേരളസർക്കാറിനോട് ആവശ്യപ്പെടുന്നു.

Like This Page Click Here

Telegram
Twitter