പ്രൊഫ. ജി എന്‍ സായ്ബാബയുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം
പ്രൊഫ ജി എന്‍ സായ്ബാബയുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി, പുരോഗമന യുവജന പ്രസ്ഥാനം, ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍-പാഠാന്തരം എന്നീ സംഘടനകളുടെ പത്രപ്രസ്താവന.
നാഗ്പ്പൂർ സെൻട്രൽ ജയിലിൽ UAPA പ്രകാരം തടവിൽ കഴിയുന്ന പ്രഫസർ ജി എന്‍ സായ്ബാബക്ക് മരുന്നും വസ്ത്രങ്ങളും പുസ്തകങ്ങളും അടക്കമുള്ള പ്രാഥമിക അവകാശങ്ങൾ നിഷേധിച്ചിരിക്കുകയാണ്. നിഷേധിക്കപ്പെട്ട മുഴുവൻ അവകാശങ്ങളും അടിയന്തിരമായി പുനസ്ഥാപിച് നൽകണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ന് (21-10-2020) മുതൽ നിരാഹാര സമരമാരംഭിച്ചിരിക്കുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് കോടികളുടെ പരസ്യം ചെയ്യുന്ന ഈ ഭരണകൂട സംവിധാനങ്ങൾ സ്വന്തം ജനതയെ എത്രത്തോളം മനുഷ്യത്വ വിരുദ്ധമായാണ് കൈകാര്യം ചെയ്യുതുകൊണ്ടിരിക്കുന്നത് എന്ന് ഇന്ത്യൻ തടവറകളിൽ നിന്നും അലയടിക്കുന്ന ശബ്ദങ്ങളിലൂടെ എളുപ്പത്തിൽ വായിക്കാൻ പറ്റും. നിരോധിത സംഘടനായായ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ട് എന്നാരോപിച്ചായിരുന്നു 2014ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
വിചാരണ തടവുകാരനായി തുടർന്ന അദ്ദേഹത്തിന്‍റെ കേസിൽ 2017ലെ വിധിയിലൂടെ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവുകാരനായി നാഗ്പൂർ സെൻട്രൽ ജയിലിൽ തുടരുകയാണ്. 90 ശതമാനം അംഗപരിമിതനായ വീൽചെയറിൽ മാത്രം സഞ്ചാരം സാധ്യമാകുന്ന പരസഹായമില്ലാതെ ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത ഇന്ത്യയിലെ തന്നെ മികച്ച അധ്യാപകരിലൊരാളായ മനുഷ്യാവകാശ പ്രവർത്തകൻ പ്രൊഫസർ സായ്ബാബക്ക് നീതി ലഭ്യമാക്കണം എന്നും അദ്ദേഹം ഉന്നയിക്കുന്ന അടിസ്ഥാന ആവിശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സായ്ബാബയുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ഇന്ന് വൈകുന്നേരം 5നു മലപ്പുറം പാണ്ടിക്കാട് അങ്ങാടിയിൽ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും നടക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.