സംഘികൾ പിണറായിക്ക് ജയ് വിളിച്ച കോൾഡ് ബ്ലഡഡ് മർഡർ

ഇന്നേക്ക് രണ്ടുവർഷം മുൻപാണ് കുപ്പു ദേവരാജ്, അജിത എന്നീ നിരായുധരും രോഗികളുമായിരുന്ന രണ്ട് മാവോയിസ്റ്റുകളെ നിലമ്പൂർ വനമേഖലയിൽ വെടിവെച്ചുകൊന്നത്. അന്നും ആഭ്യന്തര ചുമതലയോടെ ഇതേ മുഖ്യൻ, ഇതേ പൊലീസ് മേധാവി. പ്രതിപക്ഷ മുന്നണി പിന്തുണച്ച കൊലപാതകത്തെ ബി.ജെ.പി പരിവാരം ഓൺലൈനിലും ഓഫ്‌ലൈനിലും ആഘോഷിച്ചു.

പൊലീസിനൊപ്പം സംഘികൾ അന്നും ക്രമസമാധാന ചുമതല സ്വയമേവ ഏറ്റെടുത്തിരുന്നു. അവരുടെ മൃതദേഹത്തെ സന്ദർശിക്കാൻ പൗരാവകാശ-രാഷ്ട്രീയ പ്രവർത്തകരെ അനുവദിക്കാതെയും മൃതദേഹം ദർശനത്തിന് വെക്കാൻ അനുവദിക്കാതെയും അവർ അക്ഷരാത്ഥത്തിൽ നിറഞ്ഞാടി. അന്ന് പിണറായിക്ക് ജയ് വിളിച്ച സംഘികൾ ഇന്ന് അപ്പന് വിളിക്കുകയാണ് എന്നത് വേറെ കാര്യം.

ഭരണമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ മാത്രമാണ് അംഗീകൃത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇതിനെതിരെ ശബ്‌ദിച്ചത്. നിലമ്പൂരിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന സമീപനമാണ് അവർക്ക് അന്നുമിന്നും. ഈ വർഷം നടന്ന 23ാം പാർട്ടി കോൺഗ്രസിലും അവർ അക്കാര്യം ഉയർത്തിയിരുന്നു.

അതൊരു കോൾഡ് ബ്ലഡഡ് മർഡർ ആയിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത രണ്ടുപേരെ കൊന്നുതള്ളി. പിന്നാമ്പുറം തിരഞ്ഞു ചെന്നാൽ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിൽ കുന്ദൻ കണ്ടെത്തുന്നത് പോലുള്ള ചില വസ്തുതകൾ മറനീക്കപ്പെടും. അതൊക്കെ ഏതാണ്ട് വെളിപ്പെട്ട കാര്യവുമാണ്.

ആ മൃതദേഹങ്ങളോട് പോലും മിനിമം മര്യാദ കാട്ടിയതുമില്ല. സംസ്ക്കാരത്തിനെത്തിയ അവരുടെ ഉറ്റവരോട് ഏറ്റവും കുറഞ്ഞ മാനുഷികത പോലും പുലർത്തിയില്ല. ദേവരാജിന്റെ സഹോദരനെ മാറിൽ പിടിച്ചു കുടഞ്ഞെറിയുന്ന ഒരു പൊലീസ് ഓഫീസറുടെ ചിത്രം അന്ന് സൈബറിടങ്ങളിൽ വൈറൽ ആയിരുന്നു.
_ ബച്ചൂ മാഹി

Follow us on | Facebook | Instagram Telegram | Twitter | Threads

Leave a Reply