118 A കേരളത്തിന്‍റെ UAPA ! പിൻവലിക്കുക
ഇതിൽ പല പ്രശ്നങ്ങളുണ്ട്. ഒന്നാമതായി, എന്തൊക്കെ തരം ഇടപെടലുകളെയാണ് ഭീഷണിപ്പെടുത്തൽ, അപമാനപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയായി പരിഗണിക്കപ്പെടുന്നത് എന്നതിലുള്ള അവ്യക്തതയാണ്. അതായത്, ഏത് ഇടപെടലിനെയും ഈ മൂന്നു വിഭാഗങ്ങളിലായി ആർക്കും നിർവചിക്കാം എന്നതാണ്. ഫലത്തിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉയർത്തുന്നതിനുള്ള ഒരാളിന്‍റെ അവകാശത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു…
അജയന്‍ മണ്ണൂര്‍
63 വർഷം പിന്നിടുന്ന കേരളത്തിന്‍റെ കപട പുരോഗമന മുഖം വ്യക്തമാക്കുന്നതാണ് കോവിഡ് 19-ന്‍റെ മറവിൽ പോലീസിന് അമിതാധികാരം നൽകുന്ന വിവിധ ഓർഡിനൻസുകൾ പുറപ്പെടുവിച്ചത് നാം നിശബ്ദമായി കണ്ടിരുന്നു. കോടതികളുടെ അധികാരമടക്കം 11 കാര്യങ്ങളാണ് നാല് മാസങ്ങൾക്ക് മുമ്പു പോലീസിന് നൽകിയത്. അതിന്‍റെ തുടർച്ചയും, കേന്ദ്ര ഭരണകൂടം ജനങ്ങളെ വേട്ടയാടാൻ UAPA ഉപയോഗിക്കുമ്പോൾ, സമാനമായ ഭീകര നിയമങ്ങൾ വിവിധ ഇന്ത്യൻ സ്റ്റേറ്റുകള്‍ നടപ്പിൽ വരുത്തിയിട്ടുണ്ട്. അതു മതിയാവാതെ വരുന്നു ജനങ്ങളുടെ പ്രതിഷേധങ്ങളെ മറികടക്കാൻ എന്ന് തീരുമാനിച്ച സോഷ്യൽ ഫാസിസ്റ്റ് പിണറായി വിജയൻ 118 A എന്ന ഒരു വകുപ്പ് കൂടി ചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബാലപീഡകരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സംരക്ഷിക്കുന്ന പോലീസ്, വാളയാർ, പാലത്തായി കേസുകളുടെ അട്ടിമറി ഏററവും അവസാനമായി എത്തുന്ന വാർത്തകൾ, ലോക്കപ്പ് കൊലകൾ, കോർപ്പറേറ്റുകളുടെ ഗുണ്ടാസംഘമായി പ്രവർത്തിക്കാൻ ജില്ലകൾ തോറും DYSPയുടെ സ്പെഷ്യൽ ടീം, പട്ടിക നീളുന്നതാണ്. വ്യാജ ഏറ്റുമുട്ടലിലൂടെ ജനകീയ പ്രവർത്തകരെ കൊന്നുതള്ളുന്ന പ്രത്യേക പോലീസ് കൊലയാളി സംഘം ആകർഷകമായ പേരിൽ ‘തണ്ടർബോൾട്ട്, കടുത്ത മനോരോഗികളും, ജന്മനാ ക്രിമിനലുകളും, നാർസിസ്റ്റുകളുമാണ് ഇത്തരം സംഘത്തിൽ. യഥാർത്ഥത്തിൽ ഇത് മലയാളിക്ക് അപമാനമാണ്. വംശവെറി ഇവരുടെ മുഖമുദ്രയാണ്.
ഈ സംവിധാനങ്ങൾ ഒന്നും മതിയാവാതെ വന്നപ്പോൾ കഴിഞ്ഞ നാല് വർഷത്തിൽ ഏറ്റവും കൂടുതൽ UAPA കേസ്സുകൾ ജനങ്ങൾക്കും, വിദ്യാത്ഥികൾക്കെതിരെ ചുമത്തിയ കേരളം, ഇതുമതിയാവാതെയാണ് 118 A എന്ന നിയമം പോലീസിന് നൽകാൻ പിണറായി തീരുമാനിച്ചത്. ദോഷം പറയരുതല്ലൊ, പ്രതിപക്ഷം ഇതിൽ ആമയും മുയലും കളിയിലാണ്.
ഈ കേരള പിറവിയിൽ നമുക്ക് കരിദിനമെന്ന് വിളിക്കാം. സംസ്ഥാന സർക്കാർ കേരളാ പൊലീസ് നിയമത്തിൽ 118 A എന്നൊരു പുതിയ ഭാഗം ചേർക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇത് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഒക്ടോബർ 21ന് പ്രസ്തുത നിയമ ക്യാബിനറ്റ് അംഗീകാരം നൽകിയ നിയമത്തിൽ ഇങ്ങനെ പറയുന്നു:
“ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.”
ഇതിൽ പല പ്രശ്നങ്ങളുണ്ട്. ഒന്നാമതായി, എന്തൊക്കെ തരം ഇടപെടലുകളെയാണ് ഭീഷണിപ്പെടുത്തൽ, അപമാനപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയായി പരിഗണിക്കപ്പെടുന്നത് എന്നതിലുള്ള അവ്യക്തതയാണ്. അതായത്, ഏത് ഇടപെടലിനെയും ഈ മൂന്നു വിഭാഗങ്ങളിലായി ആർക്കും നിർവചിക്കാം എന്നതാണ്. ഫലത്തിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉയർത്തുന്നതിനുള്ള ഒരാളിന്‍റെ അവകാശത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
രണ്ടാമതായി, ഭീഷണി, അപമാനപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള പരാതികൾ ആർക്കു വേണമെങ്കിലും നൽകാം എന്നതും, ആരും നൽകിയില്ലെങ്കിൽത്തന്നെ പൊലീസിന് സ്വമേധയാ കേസെടുക്കാം എന്നതുമാണ്. കാരണം ഇതൊരു കോഗ്നിസബിൾ കുറ്റമാണ്. നിലവിലെ അപകീർത്തിപ്പെടുത്തൽ, മാനനഷ്ട കേസുകളിൽ അതിനു പാത്രമാകുന്നവർ നേരിട്ട് പരാതി നൽകണം എന്നതാണ് വ്യവസ്ഥ. അതായത്, ആരെയെങ്കിലും അകത്താക്കണമെങ്കിൽ ആർക്കും (പൊലീസിനും) നേരിട്ട് വിഷയത്തിൽ ഇടപെടാം എന്നതാണ്.
മൂന്നാമതായി, ഭേദഗതി ചെയ്തു ചേർക്കുന്ന ഭാഗത്ത് സമൂഹമാധ്യമം എന്നൊന്നും പറയുന്നില്ല എന്നതാണ്. അതായത് ഏതു മാധ്യമം വഴി മേല്പറഞ്ഞ കുറ്റം ചെയ്തെന്ന പരാതി ഉണ്ടായാലും നടപടി സ്വീകരിക്കാം. ഉദാഹരണത്തിന് പത്രമാധ്യമങ്ങളിൽ വരുന്ന വിമർശനാത്മക കാർട്ടൂണുകൾ, ടെലിവിഷൻ ചാനലുകളിലെ ചിത്രം വിചിത്രം, തിരുവാ എതിർവാ, വക്രദൃഷ്ടി തുടങ്ങിയ പരിപാടികൾ ഒക്കെ ഇതിന്റെ പരിധിയിൽ വരും. അപമാനപ്പെടുത്തലോ അപകീർത്തിപ്പെടുത്തലോ ആയി ആരെന്ത് പരാതി നൽകിയാലും ഇവർക്കെതിരെ നടപടി സ്വീകരിക്കാം.
റദ്ദാക്കിയ സെക്ഷൻ 66 A
ഇനി സുപ്രീം കോടതി നേരിട്ട് നിർവീര്യമാക്കിയ വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 66 A-യെ കുറിച്ചു പറയാം. 118A-യ്ക്കു സമാനമായ കേന്ദ്രനിയമം ആയിരുന്നു യുപിഎ കാലത്ത് നടപ്പിലാക്കിയ 66 A. അപമാനപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, അസൗകര്യമുണ്ടാക്കാൽ എന്നീ കുറ്റങ്ങൾക്ക് പിഴയോടു കൂടിയ മൂന്നു വർഷത്തെ തടവ് ആയിരുന്നു ശിക്ഷ. ഇതിൻപ്രകാരം 2012-ൽ ഷഹീൻ ധാഡ, റിനു ശ്രീനിവാസൻ എന്നീ രണ്ട് പെൺകുട്ടികളെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി കോൺഗ്രസിന്‍റെ പൃഥ്വിരാജ് ചവാൻ. എന്തായിരുന്നു കുട്ടികൾ ചെയ്ത തെറ്റ്? ബാൽ താക്കറെയുടെ മരണശേഷം പ്രഖ്യാപിക്കപ്പെട്ട ഹർത്താൽ വലിയ ബുദ്ധിമുട്ടായി എന്ന് ഷഹീൻ ഫേസ്ബുക്കിൽ എഴുതി; റിനു അത് ലൈക്ക് ചെയ്തു! ഈ മഹാപാതകത്തിനായിരുന്നു അറസ്റ്റ്!
തുടർന്ന് സുപ്രീംകോടതിയിൽ എത്തിയ കേസ് പരിഗണിച്ചത് ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വറും റോഹിങ്ടൺ നരിമാനും. അവർ വിധിച്ചത് ഇങ്ങനെ: 66A എന്നത് ഒരു കാടൻ നിയമമാണ്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും വിഘാതമായ ഈ നിയമം ജനാധിപത്യവിരുദ്ധമാണ്.
ആൾക്കാർക്ക് അപകീർത്തിയോ അപമാനമോ ആയി എന്തെങ്കിലും പരിഗണിക്കപ്പെടാനുള്ള മാനദണ്ഡം പോലും വ്യാഖ്യാനിക്കപ്പെടാത്ത നിയമം അങ്ങനെ നീക്കം ചെയ്യപ്പെട്ടു. ഈ മാനദണ്ഡങ്ങൾ നിയമപാലകർ തീരുമാനിക്കുന്ന അവസ്ഥ അപകടകരമാണ്. നിയമം പാസാക്കാൻ ശ്രമിച്ച കപിൽ സിബൽ ഉൾപ്പടെയുള്ള നേതാക്കൾ അത് റദ്ദുചെയ്തതിനെ യാതൊരു സങ്കോചവും കൂടാതെ സ്വാഗതം ചെയ്തു. ആദ്യ നടപടിക്കു പിന്നാലെ 66A-യ്ക്കു സമാനമായ കേരളാ പൊലീസ് നിയമത്തിലെ 118D-യും സുപ്രീംകോടതി അസാധുവാക്കി.
ഒരു രഹസ്യം കൂടി പറയാം. സിപിഎം വെബ്സൈറ്റിൽ അവർ നൽകിയിരിക്കുന്ന ഒരു അവകാശവാദമുണ്ട്. 66A എന്ന കാടൻ നിയമത്തിനെതിരെ രാജ്യസഭയിൽ ആദ്യമായി സംസാരിച്ചത് തങ്ങളുടെ സ്വന്തം എംപി പി രാജീവ് ആണെന്ന്!
അങ്ങനെ ഇല്ലാതാക്കപ്പെട്ട കരിനിയമങ്ങൾ പുനഃസ്ഥാപിക്കാനാണ് സംസ്ഥാന സർക്കാർ 118A-യിലൂടെ ശ്രമിക്കുന്നത് എന്ന് ന്യായമായും സംശയിക്കാം. സർക്കാർ അതിനു പറയുന്ന ന്യായം നോക്കൂ: “2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.”
അതായത് ഫലത്തിൽ സുപ്രീംകോടതി റദ്ദാക്കിയ നിയമങ്ങൾ മൂലം എന്തായിരുന്നോ ഉദ്ദേശിച്ചിരുന്നത്, അത് പുനഃസ്ഥാപിക്കുന്നതിനാണ് 118A വരുന്നത്. സംശയലേശമെന്യേ പറയാം, ഈ നിയമം ഒരു ജനാധിപത്യ സംവിധാനത്തിൽ ഉചിതമല്ല. മുഖ്യധാരാ മാധ്യമങ്ങൾ വഴിയോ സമൂഹമാധ്യമങ്ങൾ വഴിയോ നടക്കുന്ന അപമാനകരവും അപകീർത്തികരവുമായ കാര്യങ്ങളെ അശ്ലീല പരാമർശങ്ങൾ, അവാസ്തവമായ കാര്യങ്ങൾ, ചിത്രങ്ങൾ അശ്ലീലമായി ഉപയോഗിക്കൽ എന്നിങ്ങനെ വ്യക്തമായി നിർവചിക്കപ്പെടുത്തിയ ശേഷം ആരോപണ വിധേയരായവരുടെ പരാതിയിന്മേൽ നടപടി സ്വീകരിക്കുന്ന വ്യവസ്ഥയാണ് ഭൂഷണം. അതിന് നിലവിലെ നിയമങ്ങൾ തന്നെ ധാരാളമാണ്. വ്യാജന്മാരെ നിയന്ത്രിക്കുകയാണെങ്കിൽ സമൂഹമാധ്യമങ്ങളെ സർക്കാർ ഐഡിയുമായി ബന്ധിപ്പിക്കുന്നത് പരിഗണിക്കൂ. സ്ത്രീസുരക്ഷയാണ് പരിഗണനയെങ്കിൽ അവരെ സംരക്ഷിക്കുന്ന നിയമങ്ങൾ ഉണ്ടാക്കണം; അല്ലാതെ ഒരു സമൂഹത്തിന്‍റെയാകെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇടുന്നതല്ല ജനാധിപത്യ വ്യവസ്ഥയിൽ അർത്ഥമാക്കുന്നത്.
ഈ ഭേദഗതി കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുചിതമാണ് എന്ന് അവരെത്തന്നെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം പ്രസിദ്ധീകരിച്ച പ്രകടന പത്രികയിൽ പറഞ്ഞിരുന്നത് എന്താണെന്ന് പറയാം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499-ആം വകുപ്പായ ക്രിമിനൽ അപകീർത്തിപ്പെടുത്തൽ റദ്ദാക്കുമെന്ന്. അതായത്, ഒരാൾ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതായി ആക്ഷേപമുണ്ടെങ്കിൽ പോലും ക്രിമിനൽ പരാതി നൽകാൻ കഴിയാത്ത സുന്ദരസുരഫില ഭാരതം! ഒപ്പം, രാജ്യദ്രോഹക്കുറ്റം കൂടി ഇല്ലാതാക്കുമെന്ന് പറഞ്ഞിരുന്നു, പിണറായി വിലാസം പരിഷ്കാരങ്ങൾ…
_ നിയമവിവരങ്ങൾക്ക് കടപ്പാട്