ആരെയും പ്രതി ചേർത്ത് ജയിലിലടക്കുന്ന കേസ്!

കേരളത്തിലെ ഭീമകൊറേഗാവ് കേസായി അലൻ താഹാ കേസ് മാറ്റുന്നതിന് എൻഐഎയെ അനുവദിക്കരുത്. താഹാ ഫസലിന്റെയും വിജിത്ത് വിജയന്റെയും വിമോചനത്തിനായി ശബ്ദമുയർത്തുക. പിണറായി സർക്കാർ അവസരവാദം അവസാനിപ്പിച്ച് യുഎപിഎക്ക് എതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻ തയ്യാറാവണം…
_ പത്രപ്രസ്താവന പുരോഗമന യുവജന പ്രസ്ഥാനം

പന്തിരാങ്കാവ് എൻഐഎ കേസ് കേരളത്തിലെ ഭീമകൊറേഗാവ് കേസായി മാറുകയാണ്. 2019 ഒക്ടോബർ 28ന് നാല് കമ്മ്യൂണിസ്റ്റുകളെ കൂട്ടക്കൊല നടത്തിയ മഞ്ചക്കണ്ടി വ്യാജ ഏറ്റുമുട്ടലിലൂടെ വലിയ പ്രതിസന്ധിയിലായിരുന്ന ഭരണകൂടം വിഷയങ്ങളെ വഴിതിരിച്ചു വിടാനും, പ്രതിഷേധങ്ങളെ ഭീകരമായി അടിച്ചമർത്താനും വേണ്ടി പോലീസിനെ ഉപയോഗിച്ച് ആസൂത്രിതമായി നിർമിച്ച തിരക്കഥയാണ് കോഴിക്കോട് പന്തീരാങ്കാവ് എന്ന സ്ഥലത്ത് വെച്ച് മൂന്നുപേർ കൂട്ടം കൂടി നിന്നുവെന്നും പട്രോളിംഗിന് വന്ന പോലീസ് അന്വേഷിച്ചപ്പോൾ അതിൽ നിന്നും ഉസ്മാൻ എന്ന ഒരാൾ ഓടി രക്ഷപ്പെട്ടെന്നും മറ്റുള്ള രണ്ടു പേരുടെ കൈവശത്തു നിന്നും വീട്ടിൽ നിന്നുമായി നിരോധിത സംഘടനയുടെ ലഘുലേഖകൾ കണ്ടെടുത്തു എന്നു പറഞ്ഞു തുടങ്ങിയ കേസ് ഇന്ന് എൻഐഎക്ക് ആരെയും പ്രതി ചേർത്ത് ജയിലിൽ ഇടാൻ സാധിക്കുന്ന ഒരു ഭീകര കേസായി മാറിയിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് എൻഐഎ ഇന്നലെ കോഴിക്കോട് റ്റ്യുഷൻ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന വയനാട് സ്വദേശി വിജിത്ത് വിജയനെ അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ചു കാക്കനാട് സബ് ജയിലിൽ തടവിലാക്കിയിരിക്കുന്നു. താഹ ഫസൽ ഇപ്പോഴും ജാമ്യം നിഷേധിക്കപ്പെട്ടു ജയിലിലുമാണ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഉസ്മാൻ എന്നയാൾ അടക്കം മൂന്നുപേരെ പ്രതി ചേർത്ത് എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ നാലാം പ്രതിയായി ഒരാളെ അറസ്റ്റു ചെയ്തിരിക്കുന്നത് എന്നുള്ളത് പ്രത്യേക ശ്രദ്ധയർഹിക്കുന്നു. കാരണം ഇനിയും ഈ പ്രതിപ്പട്ടിക എൻഐഎക്ക് തോന്നും വിധം നീണ്ടു പോയേക്കാം. അതുകൊണ്ടു തന്നെ മഹാരാഷ്ട്രയിൽ നിരവധി സാമൂഹ്യ പ്രവർത്തകരെ ജയിലിലാക്കിയ എൻഐഎ തിരക്കഥയായ ഭീമകൊറേഗാവ് കേസിനോടാണ് ഈ കേസ് സാമ്യപ്പെട്ടിരിക്കുന്നത്.

2019 നവംബർ ഒന്നിനാണ് അലൻ, താഹാ എന്നിവരെ കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പൊലീസ് പിടികൂടിയത്. തുടർന്ന് പിണറായി പോലീസ് യുഎപിഎ ചുമത്തി കേസെടുത്തു. ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് രേഖകളും ലഘുലേഖയും ബാനറും വിവരങ്ങളടങ്ങിയ പെൻഡ്രൈവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു.

യുഎപിഎക്ക് എതിരായ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ യുഎപിഎ ചുമത്തിയതിനെ തുടർന്ന് എൻഐഎയെ വിളിച്ചു വരുത്തുകയും കേസിൽ കഴിഞ്ഞ വർഷം ഏപ്രിൽ 27ന് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അലന് ഷുഹൈബ് ഒന്നാം പ്രതി. താഹാ ഫസൽ രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമായാണ് കുറ്റപത്രം. മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

എൻഐഎയുടെ എല്ലാ വാദങ്ങളും തള്ളിക്കൊണ്ട് നിരോധിത സംഘടനയുമായി ബന്ധപ്പെട്ട സാഹിത്യം കൈയ്യിലുള്ളതുകൊണ്ടോ അവരുടെ യോഗങ്ങളിൽ പങ്കെടുത്തിരുന്നു എന്നതുകൊണ്ടോ ഒരാളെ ആ പ്രസ്ഥാനത്തിന്റെ സജീവ അംഗമായി കണക്കാക്കാനാവില്ലെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടാത്തിടത്തോളം ഒരാളെ കുറ്റവാളിയായി കാണേണ്ടതില്ലെന്നും വ്യക്തമാക്കികൊണ്ട് എൻ.ഐ.എ കോടതി അനിൽ ഭാസ്‌കർ കഴിഞ്ഞ സെപ്റ്റംബറിൽ അലനും താഹയ്ക്കും ജാമ്യം അനുവദിക്കുകയുണ്ടായി.

എന്നാൽ എൻഐഎ നൽകിയ അപ്പീലിൽ ഭരണകൂടത്തിന്റെ നാവായിക്കൊണ്ടു ഹൈക്കോടതി താഹയുടെ ജാമ്യം നിഷേധിക്കുകയും “നിരോധിത സംഘടനയിലെ അംഗങ്ങളാണ് പ്രതികളെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായിട്ടില്ലെന്നത് സത്യമാണ്. പക്ഷേ, ഇതൊക്കെ രഹസ്യ സ്വഭാവമാർന്ന പ്രവൃത്തികളാണ്. ഇതിനുള്ള തെളിവുകൾ പെട്ടെന്ന് കിട്ടണമെന്നില്ല. തെളിവുകൾ അവശേഷിപ്പിക്കാതെ തീർത്തും രഹസ്യമായി ചെയ്യുന്ന കാര്യങ്ങളാണിത്. സാഹചര്യങ്ങളിൽനിന്നാണ് കാര്യങ്ങൾ ഗണിച്ചെടുക്കേണ്ടത്” എന്ന വിചിത്രവും മനുഷ്യാവകാശത്തെ ചവുട്ടിയരക്കുന്നതുമായ വിധി പ്രസ്താവിക്കുകയുണ്ടായി. അതായത് തെളിവില്ലാതെയും ആരെയും പ്രതി ചേർക്കാനുള്ള സർവ്വ സ്വാതന്ത്ര്യമാണ് കോടതി താഹായുടെ ജാമ്യം നിഷേധിച്ചു കൊണ്ടു എൻഐഎക്കും ഭരണകൂടത്തതിനും നൽകിയത്. അതിൽ ആദ്യത്തെ ഇരയാണ് വിജിത്ത് വിജയൻ എന്നുവേണം കരുതാൻ. കോടതികൾ പോലും ഫാസിസത്തിന്റെ നാവായി മാറിയ ഈ ബനാന റിപ്പബ്ലിക്കിൽ താഹായുടെയും വിജിത്തിന്റെയും മോചനത്തിനായി ശബ്ദമുയർത്തുക എന്നാൽ ജനാധിപത്യത്തിനായി ശബ്ദമുയർത്തുക എന്നു തന്നെയാണ് അർത്ഥമാക്കുന്നത്. അടിയന്തിരാവസ്ഥയെക്കാൾ ഭീകരമായ ഫാസിസ്റ്റ് അടിച്ചമർത്തൽ സാധ്യമാക്കുന്ന യുഎപിഎ നിയമത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെട്ട ശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങണമെന്നും താഹയുടെയും വിജിത്തിന്റെയും മുഴുവൻ രാഷ്‌ട്രീയ തടവുകാരുടെയും മോചനത്തിനായി ശബ്ദമുയർത്തണമെന്നും അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ പിണറായി സർക്കാർ അവസരവാദം അവസാനിപ്പിച് യുഎപിഎക്ക് എതിരെ നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
_ പുരോഗമന യുവജന പ്രസ്ഥാനം.
9207912001, 9496969445

Like This Page Click Here

Telegram
Twitter