ഖോരിയിലെ ഫാഷിസ്റ്റ് വേട്ട
ഇന്ത്യയിൽ ഹിന്ദുത്വ -കോർപ്പറേറ്റ് നയങ്ങൾക്കെതിരെ പ്രക്ഷോഭവും പ്രതിഷേധവും ഉയർത്തുന്നവർക്കെതിരെ ഭരണകൂട വേട്ട തുടരുകയാണ്. ഭീമാ കൊറേഗാവ് കേസിൽ മാർക്സിസ്റ്റ് ബുദ്ധിജീവികൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകർ, ഫെമിനിസ്റ്റുകൾ, അധ്യാപകർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ മൂന്നു വർഷമായി ജയിലിലാണ്. പൗരത്വവിരുദ്ധ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നയിച്ച വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും വിവിധ ജയിലുകളിൽ കഴിയുന്നു. ഈ രാഷ്ട്രീയന്തരീക്ഷത്തിൽ തന്നെയാണ് ഹരിയാനയിൽ നിന്നും ഫാഷിസ്റ്റ് വേട്ടയുടെ മറ്റൊരു വാർത്ത വരുന്നത്. വനസംരക്ഷണത്തിൻ്റെ പേരിൽ കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്ത ദരിദ്ര ജനതയെയാണ് ഹരിയാനയിൽ ജയിലിലടക്കുന്നത്.
ഹരിയാനയിലെ ഖോരി ഗ്രാമത്തിലാണ് ഭരണകൂട ഭീകരത നടക്കുന്നത്. വന സംരക്ഷണത്തിന്റെ മറവിൽ ഒരുലക്ഷത്തോളം ഗ്രാമവാസികളെയാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം ബിജെപി ഭരണകൂടം കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത്. അമ്പത് വർഷക്കാലമായി ഖോരിയിൽ താമസിക്കുന്ന ജനതയെയാണ് ഭരണകൂടവും സുപ്രീം കോടതിയും ഗ്രാമത്തിൽ നിന്നും തുടച്ചു നീക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ വീടുകൾ ഉൾപ്പെടെ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും മേഖലയിൽ വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് സംവിധാനങ്ങൾ വിച്ഛേദിക്കുകയും ചെയ്തു. ദരിദ്രരായ തങ്ങൾ ദീർഘകാലത്തെ അധ്വാനഫലമായി നിർമ്മിച്ച വീടുകളാണ് സർക്കാർ നിർദ്ദയം തകർത്തതെന്ന് ഗ്രാമീണർ പറയുന്നു.
ഡൽഹി-ഹരിയാന-അതിർത്തിയിലെ അരവല്ലി വനമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു തൊഴിലാളി-വാസസ്ഥലമാണ് ഖോരി. യഥാർത്ഥത്തിൽ പ്രദേശത്തെ മിക്ക വീടുകളും ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലാണ് വരുന്നത്. 1980കളിൽ ഈ പ്രദേശങ്ങളിലെ ഖനികളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഖോരിയിലെ ആദ്യത്തെ താമസക്കാർ. 1990നും 2009നും ഇടയിൽ സുപ്രീം കോടതി അരവല്ലിയിലെ ഖനനം നിരോധിക്കുകയും നിരവധി ഉത്തരവുകളിലൂടെ അരവല്ലികൾക്ക് നിയമപരമായ അധിക പരിരക്ഷ നൽകുകയും ചെയ്തു. ഇതുപ്രകാരം അനുമതിയില്ലാതെ നിർമ്മാണങ്ങൾ പാടില്ല. ഖനികൾ അടച്ചപ്പോൾ, ഖോരി നിവാസികൾ വിവിധ ഓഫീസുകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവിടങ്ങളിൽ ദൈനംദിനകൂലിത്തൊഴിലാളികളായി.
ഖോരിയിൽ നിന്നും ഇവരെ പുറത്താക്കാനുള്ള ഉത്തരവ് സുപ്രീം കോടതി നിരന്തരം ആവർത്തിച്ചു. 2020 ജൂണിൽ ഹരിയാന വനംവകുപ്പ് ദേശീയ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച ഒരു റിപ്പോർട്ടിൽ, പിഎൽപിഎ (പഞ്ചാബ് ലാൻഡ് പ്രൊട്ടക്ഷൻ ആക്റ്റ്) ഭൂമിയിലെ നിരവധി നിർമ്മാണ ലംഘന കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഫരീദാബാദിൽ മാത്രം 123 കേസുകളുണ്ട്. പിഎൽപിഎ പ്രദേശങ്ങളിൽ ഭൂവിനിയോഗം വളരെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഫരീദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ വികസന പദ്ധതികൾ സൂചിപ്പിക്കുന്നു. നിയമങ്ങളുടെ മറവിൽ കൂലിത്തൊഴിലാളികളെ അവരുടെ ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കാനും വീടുകൾ ഇടിച്ചു നിരത്താനും ശ്രമിക്കുന്ന ഭരണകൂടം, അതേസമയം ഈ മേഖലയിൽ സ്ഥിതി ചെയ്യുന്ന നിരവധി ഉന്നത വാണിജ്യ സ്ഥാപനങ്ങളെ നിയമ ഉത്തരവുകളാൽ ഒഴിഞ്ഞുപോകണമെന്നോ പൊളിച്ചു നീക്കുന്നതിനായോ ഭീഷണിപ്പെടുത്തുന്നില്ല.
ഖോരിയിൽ തൊഴിലാളികൾ താമസിക്കുന്നയിടം അരവല്ലി വനഭൂമിയിലെ കയ്യേറ്റമാണെന്നാണ് സുപ്രീംകോടതിയുടെ നിഗമനം, ആവശ്യമെങ്കിൽ ബലംപ്രയോഗിച്ചു കുടിയൊഴിപ്പിക്കാനും പ്രേരിപ്പിക്കുന്നു. കുടിയൊഴിപ്പിക്കലിൽ പരിഭ്രാന്തരായ ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്. ആരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്തിയാൽ അവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മർദ്ദിക്കുകയും ഒരാഴ്ചയോളം കഴിഞ്ഞാണ് വിട്ടയക്കുന്നതെന്നും അവർ പറയുന്നു. സ്വകാര്യ കമ്പനികളായിരുന്നു വെള്ളവും വൈദ്യുതിയും വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ 3 ആഴ്ചക്കാലമായി ഇവ നിർത്തിവെച്ചിരിക്കുകയാണ്. ഭരണഘടന പ്രദാനം ചെയ്യുന്ന ജീവിക്കാനുള്ള എല്ലാ മൗലികാവകാശങ്ങളും ഖോരിയിലെ ജനതക്ക് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വെള്ളവും വൈദ്യുതിയുമില്ലാതെ ജനജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു. സുപ്രീംകോടതിയുടെ വിനാശകരമായ ഉത്തരവിനെതിരെ ജൂൺ 22ന് ജന്തർ-മന്തറിലേക്ക്’ മാർച്ച് നടത്താൻ ശ്രമിച്ച ഗ്രാമവാസികളെ ഹരിയാന പൊലീസ് തടഞ്ഞു.
കോൺഗ്രസ് -ബിജെപി ഭരണകാലത്തെ ആവാസ് യോജന പദ്ധതികൾ എല്ലാം തന്നെ വീട് മൗലികാവകാശമായി പ്രഖ്യാപിക്കുന്നവയാണ്. ഭൂരഹിത-ഭവന രഹിത ദരിദ്രരെ സംബന്ധിച്ച് അവ വ്യാജ വാഗ്ദാനമായി തുടരുമ്പോഴാണ്, ഭരണഘടനാ സ്ഥാപനങ്ങൾ ഖോരിയിലെ കൂലിത്തൊഴിലാളികളുടെ പാർപ്പിടങ്ങൾ ഇടിച്ചുനിരത്തുന്നത്. വിവിധ പദ്ധതികളിൽ ഇന്ത്യയിലെ പുനരധിവാസ പാക്കേജുകൾ പരാജയമായിരിക്കെ, ആട്ടിയോടിക്കപ്പെട്ട ജനങ്ങൾ ചേരികളിൽ നരകജീവിതം നയിച്ചുകൊണ്ടിരിക്കെ, തങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവുമല്ല വേണ്ടതെന്നും തങ്ങൾ താമസിക്കുന്നിടത്ത് സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറയുന്നു.
കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച ഗ്രാമവാസികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കുടിയൊഴിപ്പിക്കൽ തടയണമെന്ന് ആവശ്യപ്പെട്ട് ജൂൺ 30നു നടന്ന കിസാന് പഞ്ചായത്തിലേക്ക് അതിക്രമിച്ചു കടന്ന പൊലീസ് ഗ്രാമീണരെ മർദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിലെ രണ്ട് മുസ്ലിം യുവാക്കളെയും പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചുവെന്നു അവർ പറയുന്നു. ഗ്രാമവാസികളും ഭഗത് സിംഗ് ചാത്ര ഏകത മഞ്ച്(BSCEM) എന്ന വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തകരും പതിനഞ്ചു ദിവസമായി കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്യുകയായിരുന്നു. സമരത്തിൽ പങ്കെടുത്ത BSCEM പ്രസിഡൻ്റ് രവീന്ദർ സിംഗ്, രാജീവ് കൗർ എന്നിവരെ ക്രൂരമായി മർദ്ദിച്ചു, ഇവരെയും, ഇവർക്ക് താമസ സൗകര്യം നല്കിയ വീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വനസമ്പത്ത് നശിപ്പിക്കുകയും പ്രകൃതി- ധാതു വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ സഹായവും ചെയ്തു കൊടുക്കുന്ന ഭരണകൂടം തന്നെയാണ്, പ്രദേശവാസികളെ വനസംരക്ഷണത്തിന്റെയും വികസനത്തിന്റെയും മറവിൽ കുടിയൊഴിപ്പിക്കുന്നതും. ഇന്ത്യൻ ഫാഷിസത്തെ വംശീയതയും ജാതീയതയും മാത്രമായി ചുരുക്കി കാണുന്ന വാദങ്ങളുണ്ട്. എന്നാൽ അത് വംശീയതയും ജാതീയതയും മാത്രമല്ല, പ്രധാനമായും കോർപ്പറേറ്റ്- മുതലാളിത്ത താൽപ്പര്യങ്ങളുമാണ്. ഇന്ത്യയിലെ വനമേഖലകളിൽ നിന്നും കുത്തകകളെയല്ല ഭരണകൂടം കുടിയൊഴിപ്പിക്കുന്നത്. അവിടങ്ങളിൽ ജീവിച്ചിരുന്ന നിർധനരായ ജനവിഭാഗങ്ങളെയാണ്. ഹിന്ദുത്വ -കോർപ്പറേറ്റ് ഭരണത്തിന് നേരത്തെ നേതൃത്വം നൽകിയിരുന്ന കോൺഗ്രസിന്റെ കാലത്ത് നടന്ന ഓപ്പറേഷൻ ഗ്രീൻ ഹണ്ട്, സൽവാ ജുദം തുടങ്ങി, ഇന്ന് ബിജെപി സർക്കാർ നടത്തുന്ന ഓപ്പറേഷൻ സമാധാൻ വരെ വനമേഖലയിലെ അധിനിവേശത്തിന്റെയും അടിച്ചമർത്തലിന്റെയും വിഭവക്കൊള്ളയുടെയും തുടർച്ചയാണ്. ഭരണവർഗങ്ങൾ എല്ലാം ഈ താല്പര്യങ്ങളെ സംരക്ഷിക്കുന്നുവെന്ന് ഖോരിയെന്ന ഗ്രാമം സാക്ഷ്യം പറയുന്നു. “നേതാക്കൾക്ക് ഞങ്ങളുടെ വോട്ട് വേണമായിരുന്നു, ഞങ്ങളുടെ വീടുകൾ തകർക്കുമ്പോൾ അവർ എവിടെയാണ്” എന്ന് ജനിച്ചുവളർന്ന ഗ്രാമത്തിൽ നിന്നും ബഹിഷ്കൃതരായ ജനത ചോദിക്കുന്നു.
_ ഏഷ്യൻ സ്പീക്സ്