ഇബ്രാഹിമിന് കരുതൽ വേണമെന്ന് ഡോക്ടർ, പക്ഷെ ജയിലിലാണ്!

മാവോയിസ്റ്റ് കേസിൽ യുഎപിഎ ചുമത്തി ആറു വർഷമായി വിയ്യൂർ ജയിലിലടച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് നേതാവ് ഇബ്രാഹിമിനെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഇബ്രാഹിമിന് ഈ സന്ദർഭത്തിൽ പ്രത്യേക കരുതൽ വേണമെന്ന് ഡോക്ടർ അറിയിച്ചിട്ടും ഭരണകൂടം വീണ്ടും ജയിലിലടച്ചിരിക്കുകയാണ്. മുൻപും ജയിലിൽ വെച്ച് നിരന്തരം ഗുരുതരാവസ്ഥകളിലൂടെ കടന്നുപോയ ഇബ്രാഹിമിന് പല്ലുകൾ കൊഴിഞ്ഞു പോയതിനാൽ ആവശ്യമായ ഭക്ഷണവും കഴിക്കാൻ സാധ്യമല്ല. ഡോക്ടർമാരുടെയും വീട്ടുകാരുടെയും പരിചരണത്തിൽ കഴിയേണ്ട ഈ അറുപത്തിയേഴ്‌ വയസുകാരന് ജാമ്യവും വിദഗ്ധ ചികിത്സയും നിഷേധിച്ചിരിക്കുകയാണ് സിപിഎം-സിപിഐ ഭരണകൂടം. ഇബ്രാഹിമിനെ നിത്യവും ജയിലിൽ സന്ദർശിക്കുന്ന സുഹൃത്തും ആക്ടിവിസ്റ്റുമായ സി എ അജിതൻ എഴുതുന്നു…

ഇന്ന് ഇബ്രാഹിം സഖാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോയി കണ്ടു. ജയിലിൽ നിന്നും ചികിത്സാ ആവശ്യത്തിന് വരുന്ന തടവുകാർക്കായി പ്രത്യേക വാർഡുണ്ട്. ആണുങ്ങൾക്കായുള്ള ഒമ്പതാം വാർഡിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ജയിൽ വാർഡ്. എസ്. ഐ അടക്കം മൂന്നു പോലീസുകാർ കാവലുണ്ട്. സഖാവിനെ കാണുന്നതിനുള്ള കോടതി ഉത്തരവ് കാണിച്ചപ്പോൾ പോലീസിന്റെ ഭാഗത്ത് നിന്നും “എന്താ ഏതാ എവിട്ന്നാ” എന്നിങ്ങനെയുള്ള കാര്യമായ ചോദ്യങ്ങളൊന്നുമുണ്ടായില്ല.


.
ഏകദേശം അരമണിക്കൂർ നേരം വളരെ സാവകാശത്തിൽ സഖാവുമായി സംസാരിക്കാൻ കഴിഞ്ഞു. വർത്തമാനത്തിടയിൽ നല്ല കിതപ്പുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചു മാത്രമായിരുന്നു സംസാരം. ആകെ ആവശ്യപ്പെട്ടത് നൂറു ഗ്രാം മിക്സർ മാത്രം. പോലീസിന്റെ അനുവാദത്തോടെ ഇത്തിരി നേന്ത്രപ്പഴവും ആപ്പിളും വാങ്ങി കൊടുക്കാൻ സാധിച്ചു.

കടുത്ത നെഞ്ചുവേദനയെതുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ്‌ സഖാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട്. എക്കോ ടെസ്റ്റിൽ കാര്യമായ പ്രശ്നമുണ്ട് പമ്പിംഗ് കുറവാണ്. ഇസിജിയിലും വേരിയേഷനുണ്ട്. ഷുഗർ 452 ആണ്. രണ്ടാം തവണയാണ് ഹാർട്ട് അറ്റാക്ക് കാണുന്നത്. ബ്ലോക്ക് ഉണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അത് വ്യക്തത വരുത്തുന്നതിന് ആൻജിയോഗ്രാം ചെയ്യേണ്ടതായി വരും.

ആശുപത്രിയിൽ നിത്യേന മരുന്ന് നൽകി കൊണ്ടിരിക്കുന്ന സിസ്റ്ററുമായി സംസാരിച്ചപ്പോഴും ഇന്ന് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുമായി വിവരങ്ങളന്വേഷിച്ചപ്പോഴും നല്ല കരുതൽ വേണമെന്നു തന്നെയാണ് അഭിപ്രായപ്പെട്ടത്.

പോലീസുകാരുമായുള്ള സംഭാഷണത്തിൽ ഒരുപക്ഷെ, ഇന്ന് സഖാവിനെ പേരുവെട്ടി ജയിലിലേയ്ക്ക് കൊണ്ടു പോകാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞു. വിദഗ്ധ ചികിത്സ ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ പേര് വെട്ടി ജയിലിലേയ്ക്ക് കൊണ്ടു പോകുന്നത് കുറ്റകരമായ കാര്യമാണ്‌.

നിറഞ്ഞ ചിരിയോടെ അതിലേറെ സന്തോഷത്തോടെയാണ്‌ സഖാവ് എന്നെ സ്വീകരിച്ചത്. യാത്ര പറഞ്ഞിറങ്ങുമ്പൾ ഒട്ടും പതറാതെ ഉറച്ച മനസ്സോടെ മുഷ്ടി ചുരുട്ടി ലാൽസലാം സഖാവെ….. എന്ന് പറഞ്ഞ് സഖാവ് വാർഡിലേയ്ക്ക് തിരിച്ചു നടന്നു.

Follow | Facebook | Instagram Telegram | Twitter