മഹാമാരിക്കാലത്തെ രാഷ്ട്രീയ തടവുകാർ

രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ പേരിൽ ജയിലിൽ പോവുക എന്നത് പൊതുവിൽ സമൂഹം മോശമായി കാണുന്ന ഒരു കാര്യമാണ്. സാമൂഹികമായ മാറ്റത്തിനും നീതിക്കും വേണ്ടി പോരാടി ഭരണകൂടം വർഷങ്ങളോളം ജയിലിലടച്ച ഒട്ടനവധി മനുഷ്യർ പിൽക്കാലത്ത് ലോകനേതാക്കളാകുന്നതും ജയിലുകളിൽ തന്നെ നരകിച്ച് മരിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. സ്പാനിഷ് നിയമവിദഗ്‌ദൻ ജിമിനെസ് ഡി അസ്വ (Luis Jiménez de Asúa) രാഷ്ട്രീയ തടവുകാരെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, “വിപ്ലവകരമായ മാറ്റത്തിന് വേണ്ടിയും സമൂഹത്തെ മുന്നോട്ട് നയിക്കാനും വേണ്ടി പ്രവർത്തിച്ചതിന് അറസ്റ്റിലായവരാണ് രാഷ്ട്രീയ തടവുകാർ.” ഇത്തരത്തിൽ ഭരണകൂടങ്ങളെ വിമർശിക്കുകയും അവക്കെതിരായി പ്രവർത്തിക്കുകയും ചെയ്തു എന്നാരോപിച്ച്‌ ഒരുപാട് മനുഷ്യരെ ജയിലുകളിലടച്ചിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിദൽ കാസ്ട്രോ, ഭഗത് സിംഗ്, മഹാത്മാഗാന്ധി തുടങ്ങിയ നേതാക്കൾ രാഷ്ട്രീയ തടവുകാരായിരുന്നു. അടുത്തകാലത്ത് ജയിലിൽ വെച്ച് കൊല്ലപ്പെട്ട പെറു വിപ്ലവകാരി ചെയർമാൻ ഗോൺസാലോ, ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ, പൗരത്വസമരത്തിൽ ജയിലടക്കപ്പെട്ടവർ എല്ലാം രാഷ്ട്രീയ തടവുകാരാണ്. നിലവിലുള്ള വ്യവസ്ഥിതിയുടെ മാറ്റത്തിനായി സമൂഹത്തിൻ്റെ പുരോഗതിക്കായി പ്രവർത്തിച്ചവരാണ് അവർ.

പക്ഷെ, എക്കാലത്തും രാഷ്ട്രീയ തടവുകാരെ ഭരണകൂടം “തീവ്രവാദികൾ” എന്ന് തന്നെയാണ് വിളിച്ചത്. ബ്രിട്ടീഷുകാരായാലും ഇന്ത്യൻ ഭരണകൂടമായാലും അവർക്ക് അസ്വീകാര്യരായവരെ ജയിലുകളിലടച്ചു. “ഒരു വിഭാഗത്തിന് തീവ്രവാദികളായവർ ജനങ്ങൾക്ക് സ്വാതന്ത്രസമര സേനാനികളായി”. സ്വാതന്ത്ര്യസമരകാലത്ത് ഭഗത് സിംഗിനെ ബ്രിട്ടീഷുകാർ ഭീകരവാദി എന്നാണു വിളിച്ചിരുന്നത്. എന്നാൽ ഭരണകൂടമാണ് തങ്ങളുടെ പൗരൻമാർക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്താറ്.

ജയിലിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഇല്ലാത്തതിനാൽ പൊതുവിൽ ജയിലിലുള്ളവർ എല്ലാം അവിടെ കിടക്കേണ്ടവരാണെന്നും അവർ മനുഷ്യാവകാശങ്ങൾ അർഹിക്കുന്നില്ല എന്നുമാണ് പൊതുബോധം കരുതുന്നത്. എന്നാൽ ജയിലിലെ ഏതൊരു തടവുകാരനും ആയിക്കോട്ടെ, അവരും മനുഷ്യനാണ് എന്ന് നമ്മൾ മറക്കുന്നു. 1894ൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ Indian Prison Actൻ്റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളും വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് റൂളുകളുണ്ടാക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഭരണം നടത്തുകയുമാണ് ചെയ്യുന്നത്. കേരളത്തിൽ KPR- Kerala Prisons and Correctional Services (Management ) Act, 2014 തുടങ്ങിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിൽ ഭരണം നടക്കുന്നത്. ഈ നിയമ പുസ്തകങ്ങളിലാണ് ഒരു തടവുകാരൻ്റെ അവകാശങ്ങളെ പറ്റിയും അയാൾ ചെയ്യേണ്ടതും ചെയ്യാത്തതുമായ കാര്യങ്ങളെ പറ്റിയും ഭക്ഷണം, വസ്ത്രം, താമസം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ വരെ വിവരിക്കുന്നത്. എന്നാൽ, ഇന്ന് ഇന്ത്യയിലെ ജയിലുകളിൽ കാണുന്ന ഭൗതികവും അല്ലാതെയുമുള്ള മാറ്റങ്ങൾക്ക് കാരണക്കാർ രാഷ്ട്രീയ തടവുകാരാണ്. അല്ലാതെ ഭരണകൂടം കനിഞ്ഞ് നൽകിയതല്ല. സ്വാതന്ത്ര്യസമര കാലത്ത് ജയിലിൽ കഴിയവേ രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കായി 63 ദിവസം നീണ്ട നിരാഹാര സമരം ചെയ്തു രക്തസാക്ഷിയായ ജതീന്ദ്രനാഥ് ദാസ്, ഭഗത് സിംഗ് തുടങ്ങിയ സഖാക്കൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കൊണ്ട് ബ്രിട്ടീഷുകാർ മുട്ടുമടക്കുകയാണ് ഉണ്ടായത്. ഇ.എം.എസും എകെജിയും തുടങ്ങി പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളും ജയിലുകളിൽ സമരം നടത്തുകയും അവർ ഭരണത്തിൽ വന്നപ്പോൾ പല പരിഷ്ക്കരണങ്ങളും നടത്തുകയും ചെയ്തു.

ജയിൽ സമരങ്ങൾക്ക് പുറമേ കോടതിയെ സമീപിച്ചും പുറത്ത് സമരം ചെയ്തും പല തരത്തിലുള്ള പരിഷ്ക്കരണങ്ങളും ഇടപെടലുകളും തടവുകാർക്ക് അനുകൂലമായുണ്ടായി. State of AP Vs Challa Ramakrishna Reddy എന്ന കേസിൽ സുപ്രീം കോടതി വളരെ വ്യക്തമായി തന്നെ പറയുന്നു, ഒരാൾ ശിക്ഷിക്കപെട്ടോ, വിചാരണ തടവുകാരനായോ കരുതൽ തടങ്കിലോ ജയിലിലോ കഴിഞ്ഞാലും അയാൾ മനുഷ്യനല്ലാതാകുന്നില്ല. അതുകൊണ്ട് തന്നെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ മൗലികാവകാശങ്ങൾക്കും അയാൾക്ക് അവകാശമുണ്ട്. ജയിലിൻ്റെ മതിലുകൾക്ക് പോലും മൗലികാവകാശങ്ങളെ പുറത്താക്കാൻ കഴിയില്ല എന്നും കോടതി പറയുന്നു. Nirmala Kumari Uppuganti Vs State of Maharashtra എന്ന കേസിൽ മാവോയിസ്റ്റ് നേതാവ് നിർമ്മലക്ക് ചികിത്സ നൽകണമെന്ന് പറഞ്ഞ് കോടതി പറയുന്നു, ‘”തടവുകാരൻ ആണെന്ന് കരുതി മനുഷ്യൻ അല്ലാതാകുന്നില്ല.” എന്ന്. ഇത്തരത്തിൽ മനുഷ്യാവകാശത്തെ മുൻനിർത്തിയാണ് കൊറോണയുടെ വ്യാപന സമയത്ത് ജയിലുകളിൽ മഹാമാരി പടർന്ന് പിടിക്കാനുള്ള സാഹചര്യമുള്ളതിനാൽ, ജയിലുകളിൽ തിരക്ക് കുറക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനും സുപ്രീം കോടതി സ്വമേധയാ കേസെടുത്തതും തടവുകാരെ ഇടക്കാല ജാമ്യത്തിലും പരോളിലും 3/2 ശിക്ഷ കഴിഞ്ഞവരെ വെറുതെ വിട്ടതും. എന്നാൽ അപ്പോഴും രാഷ്ട്രീയ തടവുകാർ തഴയപ്പെട്ടു(Suo – Moto writ Petition (c) No.1/2020).

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളം എല്ലാ കാര്യത്തിലും No.1 ആണ് എന്ന ഒരു വരുത്തി തീർക്കൽ സിപിഎമ്മിനും സിൽബന്ധികൾക്കുമുണ്ട്. രാഷ്ട്രീയ പ്രവർത്തകരെയും ചിന്തിക്കുന്ന വിദ്യർഥികളെയും എതിരാളികളെയും വേട്ടയാടാനും UAPA ചുമത്തി അകത്തിടാനും രാഷ്ട്രീയ തടവുകാരെ അടിച്ചമർത്താനും പിണറായിയും സർക്കാരും മോദിക്ക് പഠിക്കുകയാണ്. സിപിഎമ്മിന്റെ UAPA വിരുദ്ധ നിലപാട് ഇരട്ടത്താപ്പാണ് എന്ന് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ വന്ന വിധിയിൽ കൂടുതൽ വ്യക്തമായി.

കേരളത്തിലെ രാഷ്ട്രീയ തടവുകാരും സമരങ്ങളും

കേരളത്തിലെ രാഷ്ട്രീയ തടവുകാർക്കെതിരെ പല മനുഷ്യാവകാശ ലംഘനങ്ങളും കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിലുണ്ടായി. അതിൽ എടുത്ത് പറയണ്ട ഒന്നാണ് മവോയിസ്റ്റ് നേതാവ് രൂപേഷിന്റേത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതും കക്കൂസ് വരെ മറക്കാത്തതുമായ ക്യാമറ നിരീക്ഷണം, നഗ്നരാക്കിയുള്ള പരിശോധന, 24 മണിക്കൂറും പൂട്ടിയിടൽ തുടങ്ങിയ മനുഷ്യാവകാശ- ഭരണഘടനാ ലംഘനങ്ങൾക്കെതിരെ രൂപേഷും മറ്റു 25 UAPA തടവുകാരും സമരം ചെയ്തു. രൂപേഷ് നിരാഹാരം സമരം ചെയ്യുകയും കോടതിയെ സമീപിക്കുകയും ചെയ്തു. സ്റ്റേറ്റ് അറ്റോർണി അടക്കം ഹാജരായ കേസിൽ രൂപേഷ് ഒറ്റക്കാണ് വാദം നടത്തിയത്. സർക്കാരിനും ജയിലിനും കനത്ത തിരിച്ചടി നേരിട്ടുകൊണ്ട് രൂപേഷിന് അനുകൂലമായി കൊച്ചി NIA കോടതിയിൽ നിന്നും വിധി വന്നു. ഈ വിധിക്കെതിരെ അപ്പീൽ പോയിരിക്കുകയlണ് CPM നേത്യത്വം നൽകുന്ന സർക്കാർ. സ്വന്തം കേസുകൾ വാദിക്കുന്ന പശ്ചാത്തലത്തിൽ നിയമ വെബ് സൈറ്റുകൾ ഉപയോഗിക്കാൻ ഇൻ്റർനെറ്റ് സൗകര്യം ലഭിക്കുന്നതിന് NIA കോടതിയിൽ നിന്ന് രൂപേഷ് അനുമതി നേടിയെടുത്തതും ഒരു ചരിത്ര സംഭവമാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ മാവോയിസ്റ്റ് എന്നാരോപിച്ചു ജയിലിലടക്കപ്പെട്ട രാജീവൻ കൊറോണ ടെസ്റ്റ് നടത്താനും സോപ്പിനും മാന്യമായ പെരുമാറ്റത്തിനും വേണ്ടി നിരാഹാര സമരം ചെയ്യുന്ന സാഹചര്യമുണ്ടായി. എന്നാൽ അദ്ദേഹത്തിനെതിരെ പ്രതികാര നടപടിയാണുണ്ടായത്. സമരത്തെ തുടർന്ന് രാജീവനെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഭീമ കൊറേഗാവ് കേസിൽ പിതാവിന്റെ മരണാനന്തര അനുസ്മരണത്തിൽ പങ്കെടുക്കാൻ ജാമ്യം ലഭിച്ച അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിംഗ് പാടിയ പാട്ട് The Wire പുറത്തുവിട്ടിരുന്നു. അതിൽ അദ്ദേഹം പറയുന്നുണ്ട്, “പനി ആയിക്കോട്ടെ, കൊറോണയായിക്കോട്ടെ, മറ്റെന്തും ആയിക്കോട്ടെ, ജയിലിൽ ഡോക്ടറുടെ അടുത്ത് പോയാൽ, ഹോസ്പിറ്റലിൽ പോകമെന്ന് പറഞ്ഞാൽ കോടതി ഉത്തരവുമായി വരു എന്ന് പറയും…” എത്ര നിസാരമായ സംഗതികളായാലും ജയിലധികൃതർ അതിനെ സങ്കീർണ്ണമുള്ളതാക്കുന്നു. വിയ്യൂർ ജയിലിൽ മാവോയിസ്റ്റ് എന്നാരോപിച്ചു ജയിലിലടക്കപ്പെട്ട 63 വയസ്സുള്ള ഇബ്രാഹിം സമാനമായ രീതിയിൽ ചികിത്സയും ജാമ്യവും നിഷേധിക്കപെട്ട് കഴിയുകയാണ്. സ്റ്റാൻ സ്വാമിക്ക് വേണ്ടി കപട കണ്ണീരുകൾ ഒഴുക്കിയ പിണറായി വിജയനും സിപിഎമ്മും ഇബ്രാഹിമിൻ്റെ കാര്യത്തിൽ, അദ്ദേഹത്തിൻ്റെ വീട്ടുകാരും മനുഷ്യാവകാശ പ്രവർത്തകരും കൊടുത്ത നിവേദനത്തിന് മറുപടി നൽകാതെ മൗനം നടിക്കുകയാണ്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ താഹക്കും സമാനമായ അനുഭവമുണ്ടായി. കോടതി അനുവദിച്ചിട്ടും പല്ലിൻ്റെ ചികിത്സക്കായി ദിവസങ്ങളോളം കാത്തുനിൽക്കേണ്ടി വന്നു. അടിസ്ഥാനപരമായ അവകാശങ്ങൾക്ക് പോലും സമരം ചെയ്യേണ്ടിവരുകയും പലപ്പോഴും ഭരണകൂടത്തെ മുട്ടുകുത്തിക്കുകയും ചെയ്യാറുണ്ട് രാഷ്ട്രീയ തടവുകാർ. ഇതിന് ശിക്ഷയായി ലഭിക്കുക ദിവസങ്ങളോളമുള്ള പൂട്ടിയിടലുകളും മർദ്ദനങ്ങളും മറ്റു മാനസികവും ശാരീരികവുമായ പീഢനങ്ങളുമാണ്. പുറത്ത് അവർ ജനങ്ങൾക്കുവേണ്ടി എങ്ങനെയാണോ പോരാടിയത്, പൊതുഅവകാശങ്ങൾ രാഷ്ട്രീയ തടവുകാർക്ക് മാത്രമല്ല, എല്ലാവർക്കും ലഭ്യക്കാൻ വേണ്ടി അവർ പോരാടി.

കൊറോണയുടെ വരവോടെ ഇന്ത്യയിലും ലോകമൊട്ടാകെയും കൂടിചേരലുകൾക്കും സമരങ്ങൾക്കും പരിമിതികളുണ്ടായി. ഇന്ത്യയിൽ CAA, NRC വിരുദ്ധ സമരങ്ങളെ അത് സാരമായി ബാധിച്ചു. ഷഹീൻബാഗ് സമരത്തെ കൊറോണയുടെ പേരിൽ പിരിച്ചുവിട്ടു. ലോക്ക് ഡൗണിൻ്റെ പേരിൽ ആളുകളെ നിർബന്ധിതമായി വീട്ടിൽ ഇരുത്തി. ഈ സാഹചര്യം മുതലെടുത്ത് CAA- NRC വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. വിവിധ സംഘടനകളെയും രാഷ്ട്രീയ പ്രവർത്തകരെയും കൊറോണയുടെ മറവിൽ വേട്ടയാടി. ഭരണകൂടം ഒളിഞ്ഞും പതുങ്ങിയും ചെയ്യുന്ന പല കാര്യങ്ങളും കൊറോണയുടെ മറവിൽ പ്രത്യക്ഷമായി ജയിലിന് പുറത്തും അകത്തും ചെയ്തു. ആളുകൾ കൂടുതൽ ദാരിദ്ര്യത്തിലേക്ക് കൂപ്പകുത്തി. ജോലി ഇല്ലാതായി, പട്ടിണിയായി, കൂട്ട പലായനങ്ങൾ നടന്നു. കൊറോണ ബാധിതരായിട്ടു പോലും മതിയായ ചികിത്സ ലഭിക്കാതെ മനുഷ്യർ ഈയാംപാറ്റകളെ പോലെ മരിച്ച് വീണു. ഭരണകൂടം കണ്ട ഭാവം നടിച്ചില്ല. ലഭിക്കേണ്ട അവകാശങ്ങളെ സർക്കാർ ഔദാര്യമായി അവതരിപ്പിച്ചു. മഹാമാരിക്കാലത്ത് ഭക്ഷ്യകിറ്റ് ലഭിച്ചവരെ, അവർ സിപിഎമ്മിന് വോട്ട് ചെയ്തില്ലെന്നാരോപിച്ചു സിപിഎം പ്രവർത്തകർ ” കിറ്റ് നക്കിയില്ലേ” എന്ന് ചോദിച്ച് അധിക്ഷേപിച്ചു. പൊലീസിന് സർവ്വ അധികാരവും നൽകി കൊറോണയെ ഒരു ക്രമസമാധാന പ്രശ്നമാക്കി.

പുറത്ത് സാഹചര്യം ഇങ്ങനെ ആയിരിക്കെ കൊറോണയുടെ മുൻപെ തന്നെ മോശമായ ജയിലുകളിലെ അവസ്ഥ എന്തായിരിക്കും? ഇന്ത്യയിൽ പല ജയിലുകളിലും തടവുകാരുടെയും പ്രത്യേകിച്ച് രാഷ്ട്രീയ തടവുകാരുടെ പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടായി. ലോകത്ത് മിക്ക ജയിലുകളിലും കലാപങ്ങൾ വരെയുണ്ടായി. നിലവിൽ ജയിലുള്ളവർക്ക് പുറമെ, കോവിഡിന്റെ മറവിൽ പൗരത്വ സമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റുകളും വിദ്യാർത്ഥികളും കൂടുതലായി ജയിലിലടക്കപ്പെട്ടു. ഗർഭിണിയായിരിക്കെ ജയിലിലായ കശ്മീരിയായ സഫൂറ സർഗാർ അനുഭവിച്ച ദുരിതങ്ങൾ നമ്മൾ അറിഞ്ഞതാണ്.

പെട്ടെന്ന് അറസ്റ്റ് ചെയ്യപ്പെട്ട മിക്ക രാഷ്ട്രീയ തടവുകാർക്കും അഭിഭാഷകനെ ബന്ധപ്പെടാനോ, ജയിലിൽ ആവശ്യമായ വസ്ത്രങ്ങളും സാധനങ്ങളും എത്തിച്ചു കൊടുക്കുന്നതിനോ അനുവാദമുണ്ടായില്ല. ബന്ധുക്കളെ ഫോൺ ചെയ്യാൻ പോലും അനുവദിച്ചില്ല. അവരുടെ ജയിൽ ജീവിതം കൂടുതൽ നരകതുല്യമാക്കാനാണ് അധികൃതർ ശ്രമിച്ചത്. ഭീമാ കോറേഗാവ് തടവുകാരായ ഗൗതം നവ്‌ലാഖക്ക് ബന്ധുക്കൾ കണ്ണട എത്തിച്ചുകൊടുത്തിട്ടും നൽക്കാത്തതിന്റെ പേരിലും, പാർക്കിൻസൺസ് രോഗിയായ ഫാദർ സ്റ്റാൻ സ്വാമിക്ക് സ്ട്രോ അനുവദിക്കാത്തതിന്റെ പേരിലും “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം” നാണംകെട്ടു. ഗുരുതരാവസ്ഥകളിൽ വരവര റാവുവിന് ചികിത്സ നിഷേധിച്ചപ്പോൾ, സ്റ്റാൻ സ്വാമിക്ക് ജാമ്യം നൽകാതെ കൊലപ്പെടുത്തിയപ്പോൾ, ഇന്ത്യൻ ഭരണകൂടം എത്ര മനുഷ്യത്വവിരുദ്ധവും ഭീകരവുമാണെന്ന് ലോകം തിരിച്ചറിഞ്ഞു. എന്നാൽ ഫാദർ സ്റ്റാൻ സ്വാമിയെ കൊലപ്പെടുത്തിയ നരേന്ദ്ര മോദിയെ മാർപ്പാപ്പ കെട്ടിപ്പിടിക്കുന്നതും നമ്മൾ കണ്ടു.

കൊറോണ ഇന്ത്യയിൽ പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ തന്നെ തടവുകാരുടെ വിഷയത്തിൽ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ജയിലുകളിൽ തിരക്ക് കുറയ്ക്കാൻ High Power Commision-നെ ചുമതലപ്പെടുത്തി. എന്നാൽ UAPA -NIA കേസുകളിൽപ്പെട്ട രാഷ്ട്രീയ തടവുകാരും മറ്റും തഴയപ്പെട്ടു. മാത്രമല്ല, ഭരണകൂടത്തിന്റെ അനാസ്ഥ മൂലം, ഒരുപാട് മനുഷ്യർ ജയിലുകളിൽ കൊറോണ കോവിഡ്-19 ബാധിതരായി മരണപ്പെട്ടു. Common Wealth Human Rights Initiative (CHRI)ന്റെ കണക്ക് പ്രകാരം 68,264 തടവുകാർ കൊറോണയുടെ വ്യാപനം മുതൽ വിട്ടയക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഏകദേശം 1831 പേർ. 2021 മാർച്ച് ഒന്ന് മുതൽ മാത്രം തടവുകാരും ഉദ്യോഗസ്ഥരും അടക്കം 6,606 പേർക്ക് കൊറോണ പിടിച്ചു. 34 മരണങ്ങളുണ്ടായി.

മൂന്നിൽ രണ്ടായി ജയിലിലെ സംഖ്യ കുറച്ചെങ്കിലും വലിയ ഒരു വിഭാഗം തടവുകാർ ഇടുങ്ങിയ ജയിൽ സെല്ലുകളിൽ തിങ്ങിയമർന്നു തന്നെ കഴിയുന്നു. തടവുകാരെ സന്ദർശിക്കാൻ വരുന്ന ബന്ധുക്കളിലൂടെയും കേസിന്റെ ആവശ്യങ്ങൾക്ക് പുറത്തുകൊണ്ടു പോകുമ്പോഴും ആണ് തടവുകാർക്ക് പരിമിതമെങ്കിലും പുറംലോകം അനുഭവിക്കാൻ കഴിയുന്നത്. ഇതെല്ലം റദ്ദ് ചെയ്തു തടവുകാരെ ദിവസങ്ങളോളം ക്വോറൻറ്റീൻ എന്ന പേരിൽ ഏകാന്ത തടവറയിലടച്ചു. ജയിലിലെ അന്തരീക്ഷം ഇങ്ങനെ ആയിരിക്കെ ദിവസവും പുറത്തുപോയി വരുന്ന ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമായി ജയിലുകളിൽ കൊറോണ പടർന്നുപിടിക്കുന്നതിന്റെ കണക്കുകൾ വർദ്ധിച്ചു. അവർ, മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കാതെയും ശാരീരിക അകലം പാലിക്കാതെയും തടവുകാരോട് ഇടപഴകി. കൂടാതെ പുതിയതായി വന്ന തടവുകാരെ വേണ്ട രീതിയി ക്വോറൻറ്റീൻ ചെയ്യാതെയും തടവുകാരെ കുരുതി കൊടുത്തു.

ആസാമിലെ ഗുവാഹത്തി ജയിലിൽ പൗരത്വ സമര നേതാവ് അഖിൽ ഗോഗോയുടെ മോചനം ആവശ്യപ്പെട്ടു വിദ്യാർത്ഥി നേതാവ് ഷാർജീൽ ഇമാമുൾപ്പെടെ 1200 തടവുകാരാണ് നിരാഹാര സമരം ചെയ്തത്. ഭോപ്പാൽ ജയിലിൽ മലയാളി തടവുകാരായ അൻസാർ, ശാദുലി, ശിബിലി തുടങ്ങിയവരും അവകാശങ്ങൾക്കുവേണ്ടി നിരാഹാര സമരത്തിലായിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ചു വിയ്യൂർ ജയിലിൽ കഴിയുന്ന തമിഴ്‌നാടുകാരൻ ഡോക്ടർ ദിനേശ് മനുഷ്യാവകാശ പ്രവർത്തകനായ ഹരിയെ വിളിച്ചപ്പോൾ പറഞ്ഞകാര്യങ്ങൾ മഹാമാരി കാലത്തും സർക്കാർ തടവുകാരോട് ചെയ്യുന്ന മനുഷ്യത്വ ഹീനതയെ തുറന്നുകാണിക്കുന്നു. ചെറിയ സെല്ലുകളിൽ പുറംലോകവുമായി ബന്ധമില്ലാത്തെ കഴിയേണ്ടി വരുന്ന തടവുകാരുടെ, പ്രത്യേകിച്ചും രാഷ്ട്രീയ തടവുകാരുടെ സെല്ലുകളിൽ കോവിഡ് നിർദ്ദേശങ്ങൾ ഒന്നും പാലിക്കാതെ അഞ്ചും പത്തും ഉദ്യാഗസ്ഥർ നിരന്തരം കയറി റെയ്ഡ് ചെയ്യുകയും എല്ലാ വസ്തുക്കളിലും തൊടുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ആഴ്ച്ചയിൽ രണ്ടും മൂന്നും തവണ പ്രതികാരത്തോടെ ആവർത്തിക്കുകയും ചെയ്തു. യാഥാർത്ഥത്തിൽ ഇതിന് Epidemic Disease Act, IPC തുടങ്ങിയ നിയമങ്ങൾ പ്രകാരം, മനപൂർവ്വം രോഗം പടർത്തുന്നതിന് ജയിൽ ഉദ്യോഗസ്ഥർക്ക് എതിരായി കേസെടുക്കുന്ന വേണ്ടത്.

പൊതുസമൂഹം തടവുകാരുടെ അവസ്ഥകൾ മനസിലാക്കേണ്ടതുണ്ട്. അവർ നേരിടുന്ന വിവേചനം എന്തെന്ന് അറിയണം. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദിക്കേണ്ടതുണ്ട്. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കായി പോരാടിയ റോണാ വിൽസൺ ഉൾപ്പെടെയുള്ളവർ തടവിലാക്കപ്പെടുമ്പോൾ, അദ്ദേഹം പ്രവർത്തിച്ചിരുന്ന CRPP (Committee for Release of Political Prisoners)പോലുള്ള സംഘടനകൾ വേട്ടയാടപ്പെടുമ്പോൾ നമ്മൾ മിണ്ടാതാകുന്നു. മിണ്ടുന്നവരിൽ പലരും സെലക്ടീവ് ആണ്! മതവും ജാതിയും രാഷ്ട്രീയവും നോക്കി പ്രതികരിക്കുന്നു! അത്തരക്കാരായി നമ്മൾ മാറരുത്. കാരണം, ഈ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം സെലക്ടീവ് അല്ല. അവർക്കെതിരായി നില്കുന്നവരെയാകെ അത് വേട്ടയാടുന്നു.

മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ രാഷ്ട്രീയ തടവുകാർ പോരാട്ടത്തിലാണ്. ബിജെപി, സിപിഎം, കോൺഗ്രസ്സ് – ഏതു സർക്കാർ ആണെങ്കിലും ഭീകരനിയമങ്ങളുടെ ഉപയോഗത്തിലും ജയിലുകളുടെ അവസ്ഥകളിലും ഇവരെല്ലാവരും ഭായി ഭായി ആണ്. നമ്മുക്ക് ഉറച്ച ബോധ്യത്തോടെയും ഐക്യത്തോടെയും ശബ്ദിക്കാം. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനും UAPA പോലുള്ള ഭീകര നിയമങ്ങൾ പിൻവലിക്കാനും പോരാട്ടം തുടരുക തന്നെ ചെയ്യും.
_ അലൻ ഷുഹൈബ്, നിയമവിദ്യാർത്ഥി

Reference:
1. State Of Andhra Pradesh vs Challa Ramkrishna Reddy & Ors on 26 April, 2000
Bench: D.P.Wadhwa, S.S.Ahmad
https://indiankanoon.org/doc/731194/

2.
[Narmada Akka] Convict, under-trial no less of human being only because lodged in jail: Bombay High Court
https://www.barandbench.com/news/litigation/narmada-akka-convict-under-trial-no-less-of-human-being-only-because-lodged-in-jail-bombay-high-court

3. Coronavirus in India: Supreme Court takes suo moto cognisance of overcrowding in jails
https://www.businesstoday.in/latest/economy-politics/story/coronavirus-in-india-covid-19-supreme-court-suo-moto-cognisance-overcrowding-jails-prisons-252156-2020-03-16

4. STATE/UT WISE PRISONS’ RESPONSE TO THE CORONAVIRUS PANDEMIC IN INDIA
https://www.humanrightsinitiative.org/content/stateut-wise-prisons-response-to-covid-19-pandemic-in-india

5. Roopesh v. State of Kerala(SC No. 43/2017)

Kerala Court Permits Limited Internet Access To ‘Maoist’ Undertrial For Legal Research [Read Order] https://www.livelaw.in/news-updates/kerala-court-permits-limited-internet-access-to-roopesh-for-legal-research-165234

Follow | Facebook | Instagram Telegram | Twitter