പരാതി കൊടുത്താൽ നിന്നെ തീർക്കാൻ ഞങ്ങൾക്കറിയാം എന്ന് പൊലീസ്
കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കോഴിക്കോടേക്ക് ട്രെയിന്‍ കയറാന്‍ നില്‍ക്കുകയായിരുന്ന വര്‍ത്തമാനം പത്രത്തിന്റെ എഡിറ്റര്‍ ആസിഫ് അലിയെ “റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കാനെത്തിയതാണോ” എന്ന് ചോദിച്ചു പൊലീസ് പരസ്യമായി അപമാനിക്കുകയും കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയും തെറി വിളിക്കുകയും ചെയ്തു. പരാതി കൊടുത്താല്‍ തീര്‍ത്തുകളയുമെന്ന് പൊലീസ് വധഭീഷണി മുഴക്കുകയും ചെയ്തു. മെയ് 10ന് നടന്ന സംഭവത്തിൽ ആസിഫ് അലി നീതി തേടി മുഖ്യമന്ത്രിക്ക് നൽകിയ പരാതി;
From
ASAFALI VK
EDITOR
VARTHAMANAM DAILY
KOZHIKODE
9447270661
To
THE CHIEF MINISTER
KERALA
Sir,
ഇന്ന് (10.05.2022) ഉച്ചക്ക് 12 മണിക്ക് കോഴിക്കോടേക്കുള്ള ട്രെയിൻ കയറാൻ കൊല്ലം റയിൽവേ സ്റ്റേഷനിലെത്തിയ എന്നെ VISAKH V G എന്ന സിവിൽ പോലീസുകാരൻ തടഞ്ഞു നിർത്തി. ട്രെയിൻ കയറാൻ ധൃതിയിൽ ലഗേജുകളുമായി നടക്കുന്ന ഞാൻ കാര്യമറിയാതെ അമ്പരന്നു. വളരെ അപമര്യാദയിൽ പോലീസുകാരൻ ഐ ഡി കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയുണ്ടായി. മറ്റു യാത്രക്കാരൊക്കെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നു പോകുമ്പോൾ എന്നെ മാത്രം തടയുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ ”എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യാനാണ് യൂണിഫോമിട്ട് ഇവിടെ നിൽക്കുന്നതെന്ന്” പറഞ്ഞ് മറ്റു യാത്രക്കാരുടെ മുന്നിൽ വെച്ച് അപമാനിച്ചു. അതിനു ശേഷം എന്നെ ബലമായി റയിൽവേ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടു പോയി.
VISHAKH V G ഫോണിൽ വിളിച്ചു പറഞ്ഞത് പ്രകാരം സ്റ്റേഷൻ കവാടത്തിൽ രഞ്ജു ആർ എസ് എന്ന സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നാലോളം പോലീസുകാർ എന്നെ കൊണ്ടുവരുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നു. സ്റ്റേഷന് പുറത്ത് വെച്ച് തന്നെ രഞ്ജു ആർ എസ് എന്ന സബ് ഇൻസ്‌പെക്ടർ എന്റെ കോളറിൽ കയറിപ്പിടിച്ച് ഒരു കുറ്റവാളിയെ എന്നവണ്ണം സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തിൽ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി. വാരിയെല്ലിൽ പിടിച്ചമർത്തി ശ്വാസം മുട്ടിച്ചു. ചുറ്റുമുള്ള പോലീസുകാരും സബ് ഇസ്പെക്റ്ററും കേട്ടാലറക്കുന്ന അസഭ്യവർഷം നടത്തി. മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ച കൈ പിടിച്ച് ഞെരിച്ച് ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഞാൻ മാധ്യമ പ്രവർത്തകനാണെന്ന ഐഡി (editor , VARTHAMANAM DAILY ) ബാഗിൽ നിന്ന് ലഭിച്ചപ്പോൾ ഇത് നീ എവിടുന്നു സംഘടിപ്പിച്ചു എന്ന് ചോദിച്ചായി തെറിവിളീകൾ. കേരളാ ഗവൺമെൻറ് നൽകിയ ഐഡിയാണെന്നും ഈ കാണിക്കുന്ന atrocity ഞാൻ കംപ്ലയിൻറ് ചെയ്യുമെന്നും പറഞ്ഞപ്പോൾ എന്നെ നാലു ഭാഗത്തും വളഞ്ഞു നിന്ന് വീണ്ടും തെറി വിളിയായി. പരാതി കൊടുത്താൽ നിന്നെ തീർക്കാൻ ഞങ്ങൾക്കറിയാം എന്ന് വധഭീഷണി മുഴക്കി.
എനിക്ക് ട്രെയിൻ മിസ്സാവുമെന്ന് പറഞ്ഞപ്പോൾ “താൻ ബോംബ് വെക്കാൻ പോകുന്നയാളാണോ” എന്നൊക്കെ പരിശോധിച്ചിട്ട് വിടാം എന്ന് പറഞ്ഞ് ബാഗൊക്കെ തുറന്നു നോക്കി. entry ഇടാതെ വിടരുതെന്ന് കംപ്യുട്ടറിനു മുമ്പിൽ ഇരുന്ന ഉദ്യോഗസ്ഥനോട് രഞ്ജു ആർ എസ് എന്ന സബ് ഇസ്പെക്ടർ ആക്രോശിക്കുന്നുണ്ടായിരുന്നു. കഴുത്തിൽ ബലമായി പിടിച്ചു വെച്ചതു കാരണം എനിക്ക് നല്ല കഴുത്തു വേദനയും ശ്വാസതടസവും അനുഭവപ്പടുന്നുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. Xray എടുക്കുകയും, ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുകയും ചെയ്തു.
ജോലിയുടെ ഭാഗമായുള്ള എന്റെ യാത്ര മുടങ്ങി. നിരവധി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നിൽ വെച്ച് ഞാൻ അപമാനിതനായി. രഞ്ജു ആർ എസ് എന്ന സബ് ഇസ്പെക്ടർ, VISAKH V G എന്ന പോലീസുകാരൻ പറഞ്ഞതു പ്രകാരം സഹപ്രവർത്തകർക്കൊപ്പം നിന്ന് എന്നെ ദേഹോപദ്രവം ഏല്പിക്കുകയും അസഭ്യവർഷം നടത്തുകയും അധികാര ദുർവിനിയോഗം നടത്തി എൻറെ ആത്മാഭിമാനത്തെ കളങ്കപെടുത്തുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപെടുത്തുകയും ചെയ്തിരിക്കുന്നു. പോലീസെന്ന അധികാരം ഉപയോഗിച്ച് എന്നെ ഉപദ്രവിക്കുകയും അസഭ്യവർഷം നടത്തുകയും എന്റെ തൊഴിലിനെ നിന്ദ്യമായി പരിഹസിക്കുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തി എന്നെ തടഞ്ഞു വെക്കുകയും ചെയ്ത സബ് ഇൻസ്പെക്ടർ രഞ്ജു , VISAKH V G എന്ന പോലീസുകാർക്കും അവരോടൊപ്പം എന്നെ തെറിവിളിച്ച് തടഞ്ഞു നിർത്തിയ സ്റ്റേഷനിൽ യൂണിഫോമിലും അല്ലാതെയും നിന്ന പോലീസുകാർക്കും എതിരെ നടപടി എടുക്കണമെന്നും എനിക്ക് നീതി ലഭ്യമാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.