ബിറേം; ഇല്ലാത്ത രാഷ്ട്രത്തിലെ പൗരന്മാരുടെ സ്വത്വാന്വേഷണം

“പ്രതീക്ഷിച്ചതുപോലെ പൊലീസെത്തുന്നുണ്ട്. പുതിയ തീർച്ചകളുടെ ഉത്സവരാവിനു ശേഷം. മുത്തച്ഛന്മാരുടെയും കൊച്ചുമക്കളുടെയും പാട്ടും നൃത്തവും പിന്നിട്ടശേഷം. അവിടെ കിടന്നുറങ്ങുന്നവരെ പൊലീസ് ഒഴിപ്പിക്കുന്നു. ടെന്റുകൾ പൊളിക്കുന്നു. കൂട്ടിവെച്ചതെല്ലാം തകർക്കാൻ ശ്രമിക്കുന്നു…”

ആസാദ്

ബിറേം ഒരു ഫ്രഞ്ചു സിനിമയാണ്. കാമില്ലേ ക്ലാവേൽ സംവിധാനം ചെയ്തത്. അറബിക്കും ഹീബ്രുവുമാണ് ഭാഷ. പലസ്തീൻ അനുഭവമാണത്. ആദ്യ സ്ക്രീനിംഗ് ശ്രീപത്മനാഭയിൽ ഇന്നലെ വൈകീട്ട് നടന്നു. നമ്മുടെ ചലച്ചിത്രോത്സവത്തിൽ. 1948ലെ പലസ്തീൻ യുദ്ധത്തിന്റെ മുറിവുകൾക്കും അവശിഷ്ടങ്ങൾക്കും ഇടയിൽ ഒരു കഥ രൂപപ്പെട്ടു. ഊടുവഴികളും ഒറ്റയടിപ്പാതകളും മൺനിരത്തുകളും നടന്നു പുതിയ കാലത്തെ പെൺകുട്ടി തന്റെ വീടും ദേശവും വീണ്ടെടുക്കാൻ ശ്രമിക്കുന്നു. നഗാം എന്നാണ് അവൾക്കു പേര്. ഇസ്രായേലിൽ കഴിയുമ്പോഴും തന്റെ വേരുകളിലേക്കുള്ള അമർത്താനാവാത്ത കുതിപ്പാണവൾക്ക്. മുത്തച്ഛൻ പഴയ വീടിന്റെ അവശിഷ്ടങ്ങൾ കാണിക്കുന്നു. തകർക്കപ്പെട്ട പഴയ ഗ്രാമം കൂട്ടിച്ചേർക്കണം. ബാക്കി നിൽക്കുന്ന ചുമരുകൾക്കും പൊടി നിറഞ്ഞ തളത്തിനും വീടിന്റെ താളവും ജീവനും നൽകാൻ അവൾ എപ്പോഴും അവിടെയെത്തി. ആപ്പിൾതോട്ടത്തിലെ വിരസമായ ജോലിയിൽനിന്നും തന്റെ നിയോഗത്തിലേക്ക് അവൾ നടന്നുകൊണ്ടിരുന്നു.

തീൻമേശയിലിരിക്കെ, പകലൊക്കെ എവിടെയായിരുന്നു നീയെന്ന് അവൾ ചോദ്യം ചെയ്യപ്പെടുന്നു. ബിറേമിലേക്ക് എന്തിനാണ് നിത്യവും പോകുന്നതെന്ന് അച്ഛനും അമ്മയും ഭയത്തോടെയാണ് അന്വേഷിക്കുന്നത്. പൊലീസ് പിടികൂടും. ജയിലിൽ അടയ്ക്കപ്പെടും. മായ്ക്കപ്പെട്ട രാജ്യത്തെപ്പറ്റി ഓർക്കുന്നത് കുറ്റകരമാണ്! പക്ഷേ, അവൾ അവിടേക്കു പോയി. മുത്തച്ഛനും അതാഗ്രഹിച്ചു. സമാന മനസ്സുള്ള സുഹൃത്തുക്കൾ കൂട്ടായി. ശിഥില രാഷ്ട്രത്തെ കൂട്ടിച്ചേർക്കുന്നതുപോലെ ഇഴകൾ തുന്നിച്ചേർത്തു. അതിനിടയിൽ മുത്തച്ഛൻ അവൾക്ക് ഒരു രഹസ്യ അറ കാണിച്ചുകൊടുത്തു. ഒരു ഗുഹാമുറി. യുദ്ധകാലത്തെ ഒളിത്താവളം. ചെറുത്തുനിൽപ്പിന്റെയും ദേശസ്വത്വത്തിന്റെയും വെമ്പലുകൾ പുതിയ തലമുറയിലേക്ക് പകരുകയായിരുന്നു അയാൾ. ഭയന്നും സമരസപ്പെട്ടും കഴിഞ്ഞുകൂടുന്ന രണ്ടാം തലമുറയുടെ ആലസ്യം കെടുത്തി പുതിയ കുതിപ്പുകളുണ്ടാക്കുകയാണ്.

പ്രതീക്ഷിച്ചതുപോലെ പൊലീസെത്തുന്നുണ്ട്. പുതിയ തീർച്ചകളുടെ ഉത്സവരാവിനു ശേഷം. മുത്തച്ഛന്മാരുടെയും കൊച്ചുമക്കളുടെയും പാട്ടും നൃത്തവും പിന്നിട്ടശേഷം. അവിടെ കിടന്നുറങ്ങുന്നവരെ പൊലീസ് ഒഴിപ്പിക്കുന്നു. ടെന്റുകൾ പൊളിക്കുന്നു. കൂട്ടിവെച്ചതെല്ലാം തകർക്കാൻ ശ്രമിക്കുന്നു. അതിനുശേഷവും പക്ഷേ അവളും ആൺസുഹൃത്തും അവിടേക്കുതന്നെ എത്തുന്നു. ഇല്ലാത്ത രാഷ്ട്രത്തിലെ പൗരന്മാരുടെ സ്വത്വാന്വേഷണം മനോഹരമായി ആവിഷ്കരിച്ച സിനിമയാണ് ബിറേം. മാർക് വെൽസും കാമില്ലേ ക്ലാവേലും ചേർന്നാണ് തിരക്കഥ എഴുതിയത്. മനോഹരമായ ദൃശ്യാനുഭവം. ഗൗരവതരമായ രാഷ്ട്രീയാഖ്യാനം.
_ ആസാദ്
12 ഡിസംബർ 2022

Follow us on | Facebook | Instagram Telegram | Twitter