നിരോധനം പിൻവലിക്കാൻ കാരണം മീഡിയാവണ്ണിനൊപ്പം നില്‍ക്കുന്ന ജനങ്ങളുടെ പ്രതിഷേധം; സി എൽ തോമസ്

ജനങ്ങളുടെ പ്രതിഷേധവും മീഡിയവണ്ണിനൊപ്പം നിന്നുകൊണ്ട് ജനങ്ങൾ നൽകിയ വലിയ തോതിലുള്ള പിന്തുണയുമാണ് നേരത്തെ തന്നെ വിലക്ക് പിൻവലിക്കാൻ കാരണമായതെന്ന് മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സി എൽ തോമസ്. മീഡിയാവൺ ചാനലിന് ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ നിരോധനം വ്യാപക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീഡിയവണ്ണിന് ഏർപ്പെടുത്തിയ വിലക്കും പിൻവലിക്കലും; എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസിന്റെ വിശദീകരണം; മീഡിയാവൺ പ്രസിദ്ധീകരിച്ചത്

14 മണിക്കൂറിനുശേഷം മീഡിയവൺ വീണ്ടും ടെലിവിഷൻ സ്‌ക്രീനുകളിൽ തെളിഞ്ഞിരിക്കുന്നു. ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ ഈ നാട്ടിലെ ജനങ്ങളും ഞങ്ങളുടെ പ്രേക്ഷകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കന്മാരും സഹമാധ്യമങ്ങളും നൽകിയ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി ആദ്യമായി രേഖപ്പെടുത്തുകയാണ്. 48 മണിക്കൂർ വിലക്കാണ് മീഡിയവണ്ണിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയത്. 14 മണിക്കൂർ കഴിഞ്ഞപ്പോൾ ആ വിലക്ക് കേന്ദ്രസർക്കാർ സ്വമേധയാ നീക്കുകയും ചെയ്തു.

ഇക്കാര്യത്തിൽ ഞങ്ങൾക്കുള്ള സന്തോഷം ഞാനിവിടെ രേഖപ്പെടുത്തുകയാണ്. ജനങ്ങളുടെ പ്രതിഷേധവും, മീഡിയവണ്ണിനൊപ്പം നിന്നുകൊണ്ട് ജനങ്ങൾ നൽകിയ വലിയ തോതിലുള്ള പിന്തുണയുമാവാം നേരത്തെ തന്നെ ഈ വിലക്ക് പിൻവലിക്കാൻ കാരണമായതെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ജനകീയ വികാരത്തെ സർക്കാർ മാനിക്കുന്നു എന്നു കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ഈ 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് ഇന്നലെ വിലക്ക് നടപ്പാക്കിക്കഴിഞ്ഞാണ് ഞങ്ങൾക്ക് ഔദ്യോഗികമായി ലഭിക്കുന്നത്. 7.30 മുതൽ വിലക്കേർപ്പെടുത്തി ഞങ്ങളുടെ അപ് ലിങ്കിങ് സ്റ്റേഷനിലേക്ക് മന്ത്രാലയത്തിൽനിന്നുള്ള അറിയിപ്പ് വിടുകയും അവിടെനിന്ന് ഞങ്ങളറിഞ്ഞ് അപ്പോൾതന്നെ വിലക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു. അതിനുശേഷമാണ് ഇതിനെക്കുറിച്ചുള്ള വിശദമായ കത്ത് മീഡിയവണ്ണിന് കിട്ടിയത്.

പ്രിയ പ്രേക്ഷകരുടെ പിന്തുണ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ഞങ്ങൾ തിരിച്ചുവന്നതിനു ശേഷവും തുടർന്നങ്ങോട്ടും ഇതുവരെ മീഡിയവൺ പിന്തുടർന്നുവന്ന പാത അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ ഉറപ്പുനൽകുകയാണ്. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചുനിന്ന് സത്യത്തിലും നീതിയിലും അധിഷ്ഠിതമായ മാധ്യമപ്രവർത്തനം അതിശക്തമായി ഞങ്ങൾ തുടരുക തന്നെ ചെയ്യും. അതിനായി മുഴുവൻ ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

”നിയമവിരുദ്ധമായി മാധ്യമപ്രവർത്തനം മീഡിയവൺ നടത്തിയിട്ടില്ല. മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ അനുസരിച്ചു മാത്രമാണ് ഞങ്ങൾ പ്രവർത്തിച്ചത്. വിലക്കേർപ്പെടുത്തിയത് 1995-ലെ കേബിൾ ടി.വി ആക്ട് ലംഘിച്ചു എന്നാരോപിച്ചാണ്. ആ ആക്ടിൽ പറയുന്ന വിധത്തിൽ, വർഗീയകലാപം സൃഷ്ടിക്കാൻ തരത്തിലോ കലാപം ഒരു സ്ഥലത്ത് സംഭവിക്കുമ്പോൾ അത് വ്യാപിക്കാനുതകുന്ന തരത്തിലോ ഒരു വാർത്തയും മീഡിയവൺ കൊടുത്തിട്ടില്ല. ഡൽഹി കലാപത്തിനിടയിൽ നടന്ന സംഭവങ്ങളെ അതിന്റെ യഥാർത്ഥ രൂപത്തിൽ അവതരിപ്പിക്കുക മാത്രമാണ് മീഡിയവൺ ചെയ്തത്. അതിൽ ഇരകളായ മനുഷ്യരുടെ ദുഃഖം, രണ്ട് പക്ഷത്തുമുള്ള മനുഷ്യരുടെ വിഷമങ്ങൾ, മത സൗഹാർദത്തിന്റെ രജതരേഖകളായി തെളിഞ്ഞ കാര്യങ്ങൾ എല്ലാം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. ”

”വിലക്കേർപ്പെടുത്തിക്കൊണ്ട് മന്ത്രാലയം പുറത്തിറക്കിയ രേഖയിൽ അതിവിചിത്രമായ ചില ന്യായങ്ങൾ പറയുന്നുണ്ട്. ഡൽഹി പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തു, അത് ഡൽഹി പൊലീസിനെതിരായ വിമർശനമാണ്, ആർ.എസ്.എസ്സിനെ വിമർശിച്ചു തുടങ്ങിയ കാരണങ്ങൾ. വിലക്ക് നീക്കിയ സാഹചര്യത്തിൽ അത്തരം കാര്യങ്ങൾ ഇഴകീറി പരിശോധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ചിരിവരുന്ന തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞിട്ടാണ് വിലക്ക് ഏർപ്പെടുത്തിയത്. അക്കാര്യം തിരിച്ചറിഞ്ഞിട്ടു തന്നെയാവാം 48 മണിക്കൂറിന് ഏർപ്പെടുത്തിയ വിലക്ക് 14 മണിക്കൂറിനു ശേഷം പിൻവലിക്കാൻ മന്ത്രാലയം തയ്യാറായത്. അത് നല്ലൊരു സൂചനയായിത്തന്നെ കാണാവുന്നതാണ്. ഏതായാലും വാർത്താപ്രവർത്തനത്തിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് അത് ജനങ്ങളുടെ പക്ഷത്തുനിന്നു കൊണ്ട്, സത്യത്തിന്റെ അടിസ്ഥാനത്തുള്ള മാധ്യമപ്രവർത്തനം മീഡിയവൺ തുടരുക തന്നെ ചെയ്യും.”

”വിശദീകരണം ചോദിച്ചുകൊണ്ടുള്ള ഒരു കത്ത് നമുക്ക് കഴിഞ്ഞയാഴ്ച കിട്ടിയിരുന്നു. അതിന് വിശദമായ മറുപടി നൽകുകയും ചെയ്തു. കേബിൾ ടി.വി ആക്ടിലെ വ്യവസ്ഥകൾ ഒരു തരത്തിലും ലംഘിച്ചിട്ടില്ല എന്ന് മറുപടിയിൽ കാര്യകാരണസഹിതം വ്യക്തമാക്കിയിരുന്നു. നമുക്ക് തന്ന മെമ്മോയിൽ പറഞ്ഞിരുന്ന ഓരോ കാര്യത്തിനും വളരെ വിശദമായ മറുപടി മന്ത്രാലയത്തിന് നൽകിയിരുന്നു. അത് കണക്കിലെടുക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയത്.” വിലക്ക് നീക്കാൻ മീഡിയവൺ ഒരുതരത്തിലുള്ള അഭ്യർത്ഥനയും നടത്തിയിട്ടില്ലെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം സ്വമേധയാ വിലക്ക് പിൻവലിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും എഡിറ്റർ ഇൻ ചീഫ് സി എൽ തോമസ് കൂട്ടിച്ചേർത്തു.

ഡെൽഹിയിൽ സംഘ് പരിവാർ നടത്തിയ മുസ്‌ലിം വംശഹത്യ സംബന്ധിച്ച് ആർ.എസ്.എസിനെയും പൊലീസിനെയും വിമർശിച്ചു എന്നാരോപിച്ചാണ് 48 മണിക്കൂർ നേരത്തേക്ക് നരേന്ദ്ര മോദി സർക്കാർ മീഡിയാവണ്ണിന്റെ സംപ്രേഷണം വിലക്കിയത്. സമാനമായ കാരണങ്ങൾ പറഞ്ഞു ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയും രണ്ടു ദിവസം നിരോധിച്ചിരുന്നു. എന്നാൽ എതിർപ്പുകളെ തുടർന്ന് ഇരു ചാനലുകളുടെയും നിരോധനം പിൻവലിച്ചു.