അദാനി വീര്‍ക്കുമ്പോള്‍ ചുരുങ്ങുന്ന ഗുജറാത്ത്
40-50 ശതമാനത്തിനിടയില്‍ കുട്ടികള്‍ ഭാരക്കുറവുള്ളവരാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 50 ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർ. വിദ്യാര്‍ത്ഥികളില്‍ പകുതിയിലേറെപ്പേരും തങ്ങളുടെ പ്രായത്തിനനുസരിച്ച് എഴുതാനോ വായിക്കാനോ അറിയാത്തവരാണെന്നതാണ് സത്യം. ജനങ്ങളില്‍ 65 ശതമാനവും തുറന്ന സ്ഥലങ്ങളിലാണ് മലവിസര്‍ജ്ജനം നടത്തുന്നത്…
ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും Part-8
_ കെ സഹദേവൻ
ഒരു ദശാബ്ദക്കാലത്തിലേറെ നിലനിന്ന (2001-2014) മോദി ഭരണത്തില്‍ ഗുജറാത്തിലെ സാമൂഹ്യക്ഷേമ-ദാരിദ്യനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നിലാണെന്ന സത്യം മോദിയുടെ വികസന പരിപാടികള്‍ ആരെ ഉദ്ദേശിച്ചുള്ളതാണ് എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. അക്കാലയളവിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. കേരളം (19.7%), പഞ്ചാബ്(20.9%), ഹിമാചല്‍ പ്രദേശ് (22.9%), ഹരിയാന(24.1%) എന്നീ സംസ്ഥാനങ്ങളെക്കാളും എത്രയോ താഴെയാണ് ഗുജറാത്തിന്റെ (31%) സ്ഥാനം. സാമൂഹ്യക്ഷേമ രംഗങ്ങളെ ഒന്നൊന്നായി പരിശോധിക്കുന്നത് മോദി വികസനത്തിന്റെ പൊള്ളത്തരങ്ങള്‍ മനസിലാക്കുന്നതിന് സഹായകമായിരിക്കും.
ആരോഗ്യം
തൊഴില്‍ മേഖലയിലെ കുറഞ്ഞ വേതനനിരക്ക് ജനങ്ങളുടെ വാങ്ങല്‍ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത് പ്രകടമായും ബാധിക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെയാണ്. സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത് എന്തെന്ന് നോക്കുക. 40-50 ശതമാനത്തിനിടയില്‍ കുട്ടികള്‍ ഭാരക്കുറവുള്ളവരാണെന്ന് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. (ചില്‍ഡ്രന്‍ ഇന്‍ ഇന്ത്യ, 2012-എ സ്റ്റാറ്റിസ്റ്റിക്കല്‍ അപ്രൈസല്‍). മേഘാലയ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളാണ് ഈ പട്ടികയില്‍ പെടുന്ന മറ്റ് സംസ്ഥാനങ്ങള്‍. 2011 ലെ ഹ്യൂമന്‍ ഡെവലപ്പ്മെന്റ് റിപ്പോര്‍ട്ട് പറയുന്നത്, ഗുജറാത്തിലെ പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നാണ്.
ശിശു മരണ നിരക്കിന്റെ കാര്യത്തില്‍ ഗുജറാത്ത് 11ാം സ്ഥാനത്താണ് എന്നതും മോദിയുടെ ഭരണത്തിന്റെ മഹാത്മ്യം വെളിപ്പെടുത്തുന്നുണ്ട്. ‘ഇന്ത്യയിലെ ശിശുക്കള്‍-2012’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ശ്രദ്ധിക്കുക: ‘ശിശുമരണ നിരക്ക് ഗുജറാത്തില്‍ ഇപ്പോഴും വളരെ ഉയര്‍ന്നതാണ്. 1000 കുട്ടികളില്‍ 44 പേര് മരിക്കുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. ഗ്രാമീണ മേഖലയിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ വളരെക്കുറവാണ് എന്നതുകൊണ്ടുതന്നെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ ശിശുമരണ നിരക്ക് വന്‍തോതില്‍ സംഭവിക്കുന്നു എന്നതില്‍ യാതൊരത്ഭുതവുമില്ല’.
യുനിസെഫിന്റെ 2012 റിപ്പോര്‍ട്ടില്‍ ഗുജറാത്തിനെ കുറിച്ച് സൂചിപ്പിക്കുന്നതിങ്ങനെ: ”അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 50ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരും നാലില്‍ മൂന്ന് കുട്ടികള്‍ വിളര്‍ച്ച ബാധിച്ചവരുമാണ്. ഗുജറാത്തിലെ അമ്മമാരില്‍ മൂന്നിലൊരാള്‍ അങ്ങേയറ്റത്തെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലെ ശിശു മരണനിരക്ക് അതേപടി തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്”.
പൊതുവില്‍ പട്ടിണി കുറച്ചു കൊണ്ടുവരുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു എങ്കിലും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
2004-2010 കാലയളവില്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നേറാന്‍ ഒറീസ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് (20.2%) നാഷണല്‍ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതേസമയം ഗുജറാത്തില്‍ ഇത് 8.6% മാത്രമാണ്. ആസൂത്രണ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ 20 സംസ്ഥാനങ്ങളുടെ പട്ടികയില്‍ 11-ാമതാണ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ പട്ടിണി നിരക്ക് വര്‍ദ്ധിക്കുകയാണുണ്ടായത് എന്നും സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു.
വിദ്യാഭ്യാസം
വ്യാവസായിക മേഖലയിലെ കുതിച്ചുചാട്ടത്തെക്കുറിച്ച് വാചാലരാകുന്ന മോദി ഭക്തര്‍ പക്ഷേ സാമൂഹ്യക്ഷേമ മേഖലയിലെ നിക്ഷേപം സംബന്ധിച്ച് മൗനം പാലിക്കുന്നത് നമുക്ക് കാണാം. അതില്‍ ഏറ്റവും വലിയ ഉദാഹരണം വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയാണ്. വിദ്യാഭ്യാസ മേഖലയില്‍ വളരെ കുറഞ്ഞ നിക്ഷേപം മാത്രമേ മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാര്‍ നടത്തുന്നുള്ളൂ. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന് വിഘാതമാകുമെന്ന് ഫാസിസ്റ്റ് ശക്തികള്‍ക്ക് നന്നായറിയാം.
ഭാരതീയ ജനതാ പാര്‍ട്ടിയൂടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും സ്ഥിതിവിവരക്കണക്കുകള്‍ മറ്റൊന്നാണ് നമ്മോടു പറയുന്നത്. യുനൈറ്റഡ് നാഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം സ്ഥിതിവിവരക്കണക്കുകള്‍ നമ്മോട് പറയുന്നത്, പാഠശാലകളിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ച്ച നിലനിര്‍ത്തുന്നതില്‍ സംസ്ഥാനം 18-ാമത്തെ സ്ഥാനത്താണ് എന്നാണ്. കുട്ടികള്‍ പാഠശാലകളില്‍ തുടരുന്ന വര്‍ഷത്തിന്റെ കണക്ക് (School life expectancy of Children) കേരളത്തില്‍ 11.33 ആണെങ്കില്‍ ഗുജറാത്തില്‍ അത് 8.79 ആണ്. സാക്ഷരതാ നിരക്കില്‍ ഗുജറാത്തിന്റെ സ്ഥാനം 15ആണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്ന് യുനിസെഫ് അഭിപ്രായപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ പകുതിയിലേറെപ്പേരും തങ്ങളുടെ പ്രായത്തിനനുസരിച്ച് എഴുതാനോ വായിക്കാനോ അറിയാത്തവരാണെന്നതാണ് സത്യം. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങള്‍ കയ്യൊഴിയുന്നതിനെക്കുറിച്ചാണ് മോഡി ചിന്തിക്കുന്നത്. പ്രാഥമിക തലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിക്കൊടുക്കാത്ത സംഘപരിവാര്‍ സര്‍ക്കാര്‍ യൂനിവേഴ്സിറ്റികളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയില്‍ ആരംഭിക്കുന്നതിനെക്കുറിച്ചാണ് ഗൗരവപൂര്‍വ്വം ആലോചിക്കുന്നത്.
ശുദ്ധജലം, ശുചിത്വം
2011ലെ സെന്‍സസ് അനുസരിച്ച്, ഗ്രാമീണ മേഖലയിലെ 43% വീടുകളിലും കുടിവെള്ളം ലഭിക്കുന്നത് അവരുടെ തന്നെ താമസസ്ഥലങ്ങളില്‍ നിന്നാണ്. 16.7% പൊതുടാപ്പുകളില്‍ നിന്ന് ശുദ്ധജലം സ്വീകരിക്കുന്നു. നഗരങ്ങളില്‍ ഇതിനു തത്തുല്യമായ കണക്ക് 84%, 69% എന്നാണ്. ഗ്രാമീണ മേഖലയില്‍ 67% വീടുകള്‍ക്കും ശൗചാലയങ്ങളില്ല എന്നത് മറ്റൊരു വസ്തുത. ഈ മേഖലയിലെ ജനങ്ങളില്‍ 65%വും തുറന്ന സ്ഥലങ്ങളിലാണ് മലവിസര്‍ജ്ജനം നടത്തുന്നത്. സ്വാഭാവികമായും ജല മലിനീകരണത്തിന് ഇത് കാരണമാകുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനം പോലുള്ള കാര്യങ്ങളില്‍ അധികൃതര്‍ക്ക് യാതൊരു താല്‍പ്പര്യവുമില്ല. നഗരമാലിന്യങ്ങള്‍ ഗ്രാമീണ മേഖലകളിലെ തുറന്ന സ്ഥലങ്ങളില്‍ കൊണ്ട് തള്ളുക എന്നത് എല്ലായിടങ്ങളിലെയും പോലെ ഗുജറാത്തിലെയും സാധാരണ നടപടിയാണ്.
(തുടരും)