ഹിന്ദുത്വ ഭീകരതയോടുള്ള സമീപനവും എൻ.ഐ.എ ഭേദഗതി ബില്ലും

വോട്ടെടുപ്പിൽ ആരൊക്കെയാണ് ഭീകരവാദത്തിന് എതിരെ നിൽക്കുന്നതെന്നും ആരൊക്കെയാണ് കൂടെ നില്‍ക്കുന്നതെന്നും മനസിലാക്കാമെന്ന അമിത് ഷായുടെ ഭീഷണിക്കു മുമ്പിൽ മുട്ടുമടക്കി മുസ്‌ലിം ലീഗ് വോട്ടുചെയ്യാതെ മാറി നിൽക്കുകയും കോൺഗ്രസ് ബില്ലിന് അനുകൂല വോട്ട് ചെയ്യുകയുമായിരുന്നു…


മുഹമ്മദ് ജസീൽ

2009ലെ മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതൃത്വം നൽകിയ രണ്ടാം UPA സർക്കാർ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി-എൻ.ഐ.എ രൂപീകരിക്കുന്നത്. അന്നുവരെ നിലവിലുണ്ടായിരുന്ന TADAയും POTAയും സസൂക്ഷമം നിരീക്ഷിച്ചാൽ മനസിലാക്കാൻ സാധിക്കുന്നത് ഈ നിയമങ്ങളൊക്കെയും സമൂഹത്തിലെ ഒരു വിഭാഗം ജനതയെ ലക്ഷ്യംവെക്കുകയും കാലങ്ങളോളം അവരെ ജയിലിലടക്കുകയും ചെയ്തു എന്നതാണ്. എന്നാല്‍ ജയിലിലടക്കപ്പെട്ട ഭൂരിഭാഗം പേരും നീണ്ടകാലത്തെ വിചാരണ തടവ് അനുഭവിച്ച ശേഷം നിരപരാധിത്വം തെളിയിച്ചു പുറത്തുവരികയും ചെയ്തു. ഒരു കുറ്റവും തെളിയിക്കപ്പെടാതെ 20 വർഷത്തോളം വിചാരണ തടവുകാരായി ജയില്‍ശിക്ഷ അനുഭവിച്ചവരുണ്ട്. യു.എ.പി.എ പോലുള്ള നിയമങ്ങളുടെ ഭീകരതയാണ് ഇതിലൂടെ വെളിപ്പെട്ടത്.

എൻ.ഐ.എ നിലവിൽ വന്നതിനുശേഷമുള്ള കേസുകളുടെ ചരിത്രമെടുത്തു പരിശോധിക്കുകയാണെങ്കിൽ മുസ്‌ലിം ആരാധനാലയങ്ങൾ അക്രമിക്കപെട്ട സംഭവങ്ങളിലും മലേഗാവ്, സംഝോത എക്സ്പ്രസ് സ്ഫോടന കേസുകളിലുമെടുത്ത നിലപാടുകൾ എൻ.ഐ.എക്കെതിരെയാണ് വിരൽ ചൂണ്ടുന്നതാണ്. മലേഗാവ് സ്ഫോടന കേസിലെ മുഖ്യപ്രതിയെ വരെ എൻ.ഐ.എ വെറുതെ വിടാനൊരുങ്ങിയപ്പോൾ സുപ്രീം കോടതി തന്നെ വിഷയത്തിൽ നേരിട്ടിടപ്പെട്ടിരുന്നു. 68 പേർ കൊല്ലപ്പെട്ട സംഝോത സ്ഫോടന കേസിലും പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ എൻ.ഐ.എക്ക് സാധിച്ചില്ല.

സർക്കാർ കൊണ്ടുവരുന്ന ബില്ലുകളിൽ പൊതുവെ വോട്ടെടുപ്പ് നടക്കാറില്ലെങ്കിലും എന്‍.ഐ.എ ഭേദഗതി ബില്ലിന്‍റെ കാര്യത്തില്‍ അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടത്തോടെയാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്‌. വോട്ടെടുപ്പിൽ ആരൊക്കെയാണ് ഭീകരവാദത്തിന് എതിരെ നിൽക്കുന്നതെന്നും ആരൊക്കെയാണ് കൂടെ നില്‍ക്കുന്നതെന്നും മനസിലാക്കാമെന്ന അമിത് ഷായുടെ ഭീഷണിക്കു മുമ്പിൽ മുട്ടുമടക്കി മുസ്‌ലിം ലീഗ് വോട്ടുചെയ്യാതെ മാറി നിൽക്കുകയും കോൺഗ്രസ് ബില്ലിന് അനുകൂല വോട്ട് ചെയ്യുകയുമായിരുന്നു.

ഹിന്ദുത്വവാദികൾക്കും ഹിന്ദുത്വ സംഘടനകൾക്കും പങ്കുള്ള ഭീകരാക്രമണ കേസുകളിൽ കുറ്റവാളികളെ വെറുതെവിട്ടുകൊണ്ട് പക്ഷപാതപരമായ സമീപനമാണ് എന്‍.ഐ.എ എന്നും സ്വീകരിച്ചിട്ടുള്ളത്. അതേസമയം മറ്റു വിഭാഗങ്ങളെയും വിമതസ്വരങ്ങളെയും ലക്ഷ്യംവെക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യം നിലനിൽക്കുമ്പോൾ തന്നെയാണ് ബി.ജെ.പി നേതൃത്വം നൽകുന്ന സര്‍ക്കാര്‍ എൻ.ഐ.എക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നത്. സംഘടനകളെ കൂടാതെ വ്യക്തികളില്‍ കൂടി ഭീകരവാദം ചുമത്തുന്ന എന്‍.ഐ.എ ഭേദഗതി ബില്ലിനെ പ്രത്യക്ഷമായും പരോക്ഷമായും അനുകൂലിച്ചുകൊണ്ട് മുസ്‌ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുന്നത്.

Leave a Reply