സംവരണമെന്നാൽ ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയല്ല

“സവർണ്ണ മുന്നോക്കക്കാരെ കേവല സാമ്പത്തിക യുക്തിക്കകത്തു കൊണ്ട് വന്ന് സംവരണം നൽകാനുള്ള കോടതി ഇടപെടൽ അന്യായവും നീതിന്യായ വ്യവസ്ഥകളോടുള്ള വെല്ലുവിളിയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനു നേരെയുള്ള തിരിച്ചടിയുമാണ്.”

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ സംഘ്പരിവാര അജണ്ടകൾ തിരുകിക്കയറ്റി രാജ്യമൊട്ടാകെ മതാടിസ്ഥാനത്തിൽ നിലനിർത്താനും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അടിമപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ബാക്കിപത്രമെന്ന നിലയിൽ വേണം ഇക്കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച “മുന്നോക്ക ജാതിയിൽ സാമ്പത്തികമായി പിന്നാക്കം” നിൽക്കുന്നവർക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ 201​9ലെ നിയമം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ ശരിവെച്ചതിനെ നോക്കിക്കാണാൻ.

2014ലെ രംഗരാജൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 29.5% ആളുകൾ ദാരിദ്ര്യരേഖക്ക് താഴെയാണ്. ഈ റിപ്പോർട്ട് പ്രകാരം വർഷത്തിൽ 17,000 രൂപയിൽ കൂടുതൽ ചിലവഴിക്കാൻ ശേഷിയില്ലാത്ത- കർഷകർ, കൂലിവേലക്കാർ, ഭൂരഹിതർ, നിരക്ഷരർ എല്ലാം അടങ്ങുന്ന- 36 കോടി ജനങ്ങൾ ഈ വിഭാഗത്തിൽ ഉണ്ട്. സാമ്പത്തിക സംവരണം ഏറ്റവും കൂടുതൽ ലഭ്യമാകേണ്ടത് ഈ വിഭാഗങ്ങൾക്ക് ആകേണ്ടിയിരിക്കുന്നു. എന്നാൽ, ബി.ജെ.പി കൊണ്ടുവന്ന സാമ്പത്തികസംവരണം ആത്യന്തികമായി ഈ 36 കോടി ജനങ്ങളിൽ എത്രപേർക്ക് ലഭ്യമാകും? സാമ്പത്തിക സംവരണത്തിനു അർഹതയുടെ പരിധി വർഷത്തിൽ 8 ലക്ഷം താഴെ വാർഷിക വരുമാനം, അഞ്ചു ഏക്കർ താഴെ കൃഷിഭൂമി, അതുപോലെ 1000 സ്ക്വായർ ഫീറ്റ് താഴെ വിസ്തീർണമുള്ള വീട് എന്നിവയൊക്കെയാണ്.

ഇന്ത്യയിൽ 95 % കുടുംബങ്ങളും ഈ വരുമാനപരിധിയിൽ ഉൾപെടുന്നവരാണ്. അതുപോലെ 86 ശതമാനം വീടുകളും 500 സ്ക്വായർ ഫീറ്റ് താഴെമാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും ഈ സാമ്പത്തികസംവരണ പദ്ധതിക്ക് അർഹരാണ്. സാമ്പത്തിക സംവരണം വിദ്യാഭ്യാസമേഖലയിലും, ജോലി ലഭ്യതയിലും ആകുമ്പോൾ, സ്വാഭാവികമായും ഫലത്തിൽ ഭൂരിപക്ഷം ഗുണഭോക്താക്കളും സാമ്പത്തികമായും സാമൂഹികമായും മുന്നിൽ നിൽക്കുന്നവർ മാത്രമായി മാറും.

മറ്റൊരു പ്രധാന വസ്തുത, നിലവിൽ സാമൂഹികസംവരണത്തിന് പരിഗണിക്കപ്പെടുന്ന ജാതി-മത വിഭാഗം, എത്ര തന്നെ സാമ്പത്തികമായി പിന്നോക്കത്തിൽ ആണെങ്കിലും, ഈ പുതിയ സാമ്പത്തിക സംവരണത്തിന് അർഹർ അല്ല എന്നുള്ളതാണ്. ഇന്ത്യയിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനവിഭാഗങ്ങൾ ഭൂരിപക്ഷവും സാമൂഹികസംവരണത്തിന് പരിഗണിക്കപ്പെടുന്ന ജാതി-മതത്തിൽ വിഭാഗങ്ങളിൽ ഉൾപെടുന്നവർ ആണ്. അതുകൊണ്ടു തന്നെ ദരിദ്രരായ ഈ 36 കോടി ജനങ്ങളിൽ ഭൂരിപക്ഷവും സാമ്പത്തിക സംവരണത്തിന്‌ അർഹരല്ലാതായി മാറുന്നു.

കമ്മ്യുണിസ്റ്റുകൾ എന്ന് സ്വയം അവകാശപെടുന്ന കേരളത്തിലെ സിപിഎം വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. മാത്രമല്ല ഈ പദ്ധതിക്ക് കേരളത്തിൽ രൂപം കൊടുക്കാൻ സിപിഎം മുന്നേ തന്നെ മുൻകൈ എടുത്തിട്ടുമുണ്ട്. അഗ്രഹാരങ്ങളിലെ ദാരിദ്ര്യവും ദയനീയതയും തേടിപോയ പാർട്ടിയിൽ നിന്നും ഇനി നമ്മൾ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ലന്ന് വ്യക്തം. ബ്രാഹ്മണ്യത്തോടും അതിന്റെ ജാതി മേൽക്കോയ്മകളോടും സ്വീകരിക്കുന്ന പ്രീണന സ്വഭാവത്തിൽ സിപിമും കോൺഗ്രസ്സും ബിജെപിയും ഒരുമിച്ച് നിൽക്കുന്നതും പരസ്പരം മത്സരിക്കുന്നതും കാണാനാവും.

സംവരണമെന്നത് സാമ്പത്തികമായ ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയല്ല. സംവരണത്തിന്റെ പ്രധാന ലക്ഷ്യം ഏതെങ്കിലും വ്യക്തികളേയോ വിഭാഗങ്ങളേയോ സാമ്പത്തികമായി സഹായിക്കുകയോ ഉയർത്തിക്കൊണ്ടുവരികയോ അല്ല. സംവരണത്തിന്റെ ആത്യന്തിക ലക്ഷ്യം വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യവും അധികാര പങ്കാളിത്തവും ഉറപ്പുവരുത്തുക എന്നതാണ്‌. സംവരണം നൽകാൻ മാത്രം പ്രാതിനിധ്യക്കുറവ്‌ ഇവിടത്തെ മുന്നാക്ക സമുദായക്കാർക്ക്‌ ഉണ്ടോ എന്നതും പ്രശ്നവത്കരിക്കേണ്ടതാണ്. മാനവജനത ചരിത്രത്തിൽ നടത്തിയ ഇടപെടലുകളിലൂടേയും സമര പോരാട്ടങ്ങളിലൂടെയും നേടിയെടുത്ത ജനാധിപത്യ സങ്കൽപ്പങ്ങളെയും സാമൂഹികനീതിയെയും തകർത്തുകൊണ്ട് ഹിന്ദുത്വ ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക സംവരണം തള്ളിക്കളയുക, പ്രതിരോധം തീർക്കുക.
_ പുരോഗമന യുവജന പ്രസ്ഥാനം

Follow us on | Facebook | Instagram Telegram | Twitter