ഹിറ്റ്ലർ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു? | എൻ എം ഹുസൈൻ

ജർമ്മനിയുടെ ചാൻസലറായി 1933 ജനുവരി മുപ്പതിന് അഡോൾഫ് ഹിറ്റ്ലർ അധികാരമേറ്റു. ആയിരം വർഷങ്ങൾ നാസി പാർട്ടി ജർമ്മനി ഭരിക്കുമെന്ന് ന്യൂറംബർഗ് റാലിയിൽ ഹിറ്റ്ലർ പ്രഖ്യാപിച്ചു . പക്ഷേ , പന്ത്രണ്ട് വർഷവും മൂന്ന് മാസങ്ങളും കഴിഞ്ഞപ്പോൾ ഹിറ്റ്ലറും ഭാര്യ ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു. തുടർന്ന് നാസി പാർട്ടിയിലെ രണ്ടാമത്തെ പ്രബല നേതാവായ ഗീബൽസും ഭാര്യയും അവരുടെ ആറു കുട്ടികളെ സയനൈഡ് ഇഞ്ചക്ഷൻ നൽകി കൊന്ന ശേഷം ആത്മഹത്യ ചെയ്തു. തുടർന്ന് നിരവധി നാസീ നേതാക്കളും അനുയായികളും ആത്മഹത്യ ചെയ്തു! ജർമ്മനിയിൽ ഹിറ്റ്ലറുടെ അതിവേഗ ഉയർച്ചക്കും അതിവേഗ തകർച്ചക്കും കാരണമെന്ത്? ജർമ്മനിയെക്കുറിച്ച് ജീവിതകാലം മുഴുവൻ ഗവേഷണം നടത്തിയ റിച്ചാഡ് ഇവാൻസ്, ഇയാൻ കെർഷോ, വില്യം ഷിറർ , ആന്റണി ബീവൊർ, പീറ്റർ ലോങ്ങ്റിക്ക് , ക്രിസ്റ്റോഫർ ബ്രൗണിങ്ങ് , സൗൾ ഫ്രീഡ്ലാൻറർ തുടങ്ങി അസംഖ്യം ചരിത്രകാരന്മാരുടെ പഠനങ്ങളിലൂടെയുള്ള ഗ്രന്ഥകാരന്റെ അന്വേഷണം. ഹിറ്റ്ലറുടെ ബോഡിഗാഡ് , പൈലറ്റ് , പേഴ്സണൽ സെക്രട്ടറി , പാചകക്കാരൻ തുടങ്ങിയവരുടെ ഓർമ്മക്കുറിപ്പുകളിലൂടെയും കൃതി കടന്നു പോകുന്നു.


BUY NOW

പുസ്തകത്തിൽ നിന്ന് …

1933 ജനുവരി മുപ്പതിന് ജർമ്മനിയുടെ ചാൻസലറായി അധികാരമേറ്റ അഡോൾഫ് ഹിറ്റ്ലർ ആയിരം വർഷങ്ങൾ നാസി പാർട്ടി ഭരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ പതിനാല് വർഷങ്ങൾ പോലും തികക്കാനാകാതെ 1945 ഏപ്രിൽ മുപ്പത്തിന് ഹിറ്റ്ലറും ഭാര്യ ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു! ഒരു ദിവസം കഴിഞ്ഞ്, ഹിറ്റ്ലർക്കു താഴെ ഏറ്റവും പ്രബല നാസീ നേതാവ് എന്നു വിശേഷിപ്പിക്കാവുന്ന പ്രചാരണമന്ത്രിയായ ഡോ.ജോസഫ് ഗീബൽസും ഭാര്യ മാഗ്‌ഡയും അവരുടെ ആറ് കുട്ടികളെ സയനൈഡ് ഇഞ്ചക്ഷൻ നൽകി കൊന്ന ശേഷം ആത്മഹത്യ ചെയ്തു !! നാസി ഭീകരതകളുടെ ആർക്കിടെക്റ്റ് എന്നു വിളിക്കാവുന്ന ഹൈനറിച്ച് ഹിമ്ളർ എന്ന ആഭ്യന്തരമന്ത്രിയും മറ്റു നിരവധി നാസി നേതാക്കളും ആത്മഹത്യ ചെയ്തു. ബെർലിൻ നഗരത്തിൽ മാത്രം 1945ൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായിരം വരുമെന്നാണ് കണക്ക്.

നാസി ശക്തി കേന്ദ്രമായിരുന്ന ഡെമിൻ (Demmin) എന്ന താരതമ്യേന ചെറിയൊരു നഗരത്തിൽ മാത്രം മൂന്ന് ദിവസങ്ങൾക്കിടയിൽ ആയിരം പേർ ആത്മഹത്യ ചെയ്തു ( Matt Reiman, Time Magazine, 2016 October 8 ) . ഈ നഗരത്തിലെ ജൂതന്മാരെ ആട്ടിയോടിച്ച് അവരുടെ സിനഗോഗ് ഫർണിച്ചർ കമ്പനിയാക്കിയ നാസികളോട് ചരിത്രം കണക്കു പറഞ്ഞത് ഇങ്ങനെയാണ്!

യൂറോപ്പിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായിരുന്നു ജർമ്മനി . എന്നാൽ ഹിറ്റ്ലർ അധികാരമേറ്റ് ഏതാനും വർഷങ്ങൾക്കകം 1939ൽ പോളണ്ടിൽ അധിനിവേശം നടത്തി രണ്ടാം ലോകയുദ്ധത്തിന് തുടക്കമിട്ടു. അഞ്ചു വർഷങ്ങൾ നീണ്ട യുദ്ധത്തിലെ കനത്ത തോൽവിയിൽ ജർമ്മനി തകർന്നടിഞ്ഞു. എല്ലാ അർഥത്തിലും യൂറോപ്പിലെ ഏറ്റവും നശിച്ച രാജ്യമായി മാറി. 1945നു ശേഷം നാസീ മാലിന്യങ്ങളിൽ നിന്നും രാജ്യത്തെ ശുദ്ധീകരിക്കാൻ ദശകങ്ങൾ നീണ്ട ഡീനാസിഫിക്കേഷൻ പ്രക്രിയകൾ വേണ്ടിവന്നു. ഇതിനു ശേഷമാണ് പിൽക്കാലത്ത് പുരോഗതി നേടാൻ ജർമ്മനിക്ക് സാധ്യമായത്. പത്തു വർഷങ്ങൾ കൊണ്ട് നാസികൾ നശിപ്പിച്ച രാജ്യത്തെ വീണ്ടെടുക്കാൻ അമ്പതു വർഷങ്ങൾ നീണ്ട കഠിനാധ്വാനം വേണ്ടിവന്നു!

ഏതുതരം ആക്രമണങ്ങളെയും പ്രതിരോധിക്കുന്നത് ഐക്യരാഷ്ട്രസഭാ ചട്ടങ്ങൾ പ്രകാരം നിയമപരമായി ന്യായമായ കാര്യമാണ്. ലോകത്തെ ഏതു ധാർമ്മിക തത്വങ്ങൾ പ്രകാരവും നീതികരിക്കാവുന്ന നടപടിയാണ്. പക്ഷേ, അത്തരം പ്രതിരോധങ്ങൾ സംഘടിപ്പിക്കാൻ മിക്കപ്പോഴും ആക്രമിക്കപ്പെടുന്നവർക്ക് സാധിക്കണമെന്നില്ല. കാരണങ്ങൾ ഒന്നിലേറെയുണ്ടാകാം. ദുർബലന്മാരെയാണ് പൊതുവേ അക്രമികൾ ലക്ഷ്യം വെക്കുക. വ്യവസ്ഥാപിത ഭരണകൂടങ്ങൾ പോലീസ്, പട്ടാള , കോടതി, ഉദ്യോഗസ്ഥ പിന്തുണയോടെ വംശീയ ദ്രോഹങ്ങൾ സംഘടിപ്പിക്കുമ്പോൾ പ്രതിരോധിക്കുക സുസാധ്യമാകില്ല. എന്നാൽ , ചരിത്രത്തിൻ്റെ നൈതിക നിയമങ്ങൾ വ്യക്തികൾക്കെന്ന പോലെ സമൂഹങ്ങൾക്കും രാഷ്ട്രങ്ങൾക്കും ബാധകമാണെന്ന് നിരവധി ചരിത്ര സംഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളും സൈന്യവും പോലീസും ന്യായാധിപന്മാരും മാധ്യമങ്ങളും ശാസ്ത്രജ്ഞരും വ്യവസായികളും വംശഹത്യക്ക് കൂട്ടുനിന്നാലും വൈകിയാണെങ്കിലും ചരിത്രം ഇവരോട് കണക്കു ചോദിക്കുമെന്നത് നാസീ ചരിത്രത്തിലെ ഒന്നാം പാഠമാണ് ! ജൂതന്മാരെ തടവിലാക്കിയ അതേ തടങ്കൽ പാളയങ്ങളിലാണ് സഖ്യസേനകൾ നാസികളെയും തടങ്കലിലാക്കിയത് എന്നത് ഓർക്കുക. അതേ തടങ്കൽ പാളയങ്ങളിൽ കിടന്നാണ് പല നാസീ നേതാക്കളും മരിച്ചത് !

നാസി പാർട്ടിയുടെ അതിവേഗ വളർച്ചക്കും അതിനേക്കാൾ വേഗത്തിലുള്ള തകർച്ചക്കും കാരണങ്ങൾ എന്തൊക്കെയാണ്? 1920കളുടെ തുടക്കത്തിൽ ഒരു ചെറിയ സംഘടനയായിരുന്ന നാസി പാർട്ടി പത്തു വർഷങ്ങൾക്കിടയിൽ ജർമ്മനിയെ ഭരിക്കുന്ന പാർട്ടിയായി മാറിയതെങ്ങനെ? എണ്ണൂറ് ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധം തുടങ്ങാൻ ജർമ്മൻകാർ ഹിറ്റ്ലറെ പിന്തുണച്ചിരുന്നോ? എന്തുകൊണ്ട്? ഭൂരിപക്ഷം ജർമ്മൻകാരും നാസികളായിരുന്നോ? ഹിറ്റ്ലർ മാത്രമായിരുന്നോ ഇതിനുത്തരവാദി? മറ്റു നാസി നേതാക്കളുടെ പങ്ക് എത്രത്തോളം? ഹിറ്റ്ലർ ഏകാധിപതിയും സ്വേഛാധിപതിയും ആയതെങ്ങനെ? യൂറോപ്പിലെ അക്കാലത്തെ ഏറ്റവും വിദ്യാസമ്പന്നരും നാഗരികരുമായ ജർമ്മൻകാർ സ്കൂൾ ഡ്രോപൗട്ടായ ഹിറ്റ്ലറെ ചാൻസലറാക്കിയതെന്തുകൊണ്ട്? ഫ്യൂറെർ പറയുന്നതൊക്കെ അവർ വിഴുങ്ങിയതെന്തുകൊണ്ട്?


BUY NOW

ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ച് ഹിറ്റ്ലറുടെ പ്രസംഗങ്ങൾ കേട്ടു വളർന്ന ഒരാളാണ് കോൺറാഡ് ഹൈഡൻ ( 1901-1966) . ലുദ്വിഗ് മാക്സിമിലിയൻ യൂണിവേഴ്സിറ്റിയിൽ നിയമവും ഇക്കണോമിക്സും പഠിച്ച വ്യക്തി. 1944ൽ ഹിറ്റ്ലറെക്കുറിച്ച് ആദ്യത്തെ സമഗ്രമായ ജീവചരിത്രം എഴുതിയയാൾ. ഹിറ്റ്ലറുടെ പ്രസംഗങ്ങളെ ‘അസംബന്ധങ്ങളുടെ പ്രവാഹം’ ( flood of non-sense ) എന്നാണ് ഹൈഡൻ വിശേഷിപ്പിച്ചത്. എന്നിട്ടും വിദ്യാസമ്പന്നരായ ജർമ്മൻകാർ അവയത്രയും വിശ്വസിച്ചത് എന്തുകൊണ്ട്? സ്വയം ശരിയായി തോന്നിയതുകൊണ്ടോ അതോ നിർബ്ബന്ധിതാവസ്ഥയിലോ? പ്രചാരണങ്ങളിൽ കുടുങ്ങിയതുകൊണ്ടാണോ? ഗീബൽസ് പറയുന്നതെല്ലാം നിഷ്കളങ്കരായത് കൊണ്ട് അംഗീകരിക്കുകയാണോ ചെയ്തത്? ഇതിൻ്റെ സാമൂഹിക ശാസ്ത്രകാരണങ്ങൾ എന്തൊക്കെയാകാം? ചരിത്രകാരന്മാർ ഇതെക്കുറിച്ച് എന്തു പറയുന്നു? ഈ പുസ്തകത്തിൻ്റെ അന്വേഷണ വിഷയങ്ങൾ ഇവയൊക്കെയാണ്.

വോൺ സൈമൺ എന്ന ജർണലിസ്റ്റ് കിഴക്കൻ ബെർലിനിലെ ഒരു അപ്പാർട്ടുമെന്റിലെത്തി. ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു കഥാപാത്രം അവിടെയാണ് താമസിക്കുന്നത്. അദ്ദേഹത്തെ നേരിൽ കണ്ട് ഇന്റർവ്യൂ തയാറാക്കുകയാണ് ലക്ഷ്യം . ജർമ്മനിയിലെ പ്രമുഖ വാരിക ‘ ഡിയഷ്പീഗ’ (Der SpiegeI)യുടെ ലേഖകനാണ് സൈമൺ . റോച്ചെസ് മിഷിനെയാണ് ഇന്റർവ്യൂ ചെയ്യേണ്ടത്. അഡോൾഫ് ഹിറ്റ്ലറുടെ ബോഡിഗാഡായിരുന്നു മിഷ്! സൈമൺ ഇന്റർവ്യൂ ചെയ്യാനെത്തുന്നത് 2007ൽ . അപ്പോൾ അദ്ദേഹത്തിന് 90 വയസ്. പിന്നെയും ആറു വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം മരിച്ചത്. ബോഡി ഗാഡായി ജോലി ചെയ്യുമ്പോൾ മിഷിന്റെ പ്രായം ഇരുപത്തേഴ്!

സുരക്ഷക്കാണല്ലോ ബോഡിഗാഡുകൾ. എന്നാൽ അമ്പത്താറാം വയസിൽ ഹിറ്റ്ലർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നെങ്കിലും പിന്നെയും അൻപത്തൊന്ന് വർഷങ്ങൾ കഴിഞ്ഞ് ബോഡിഗാഡിന് തൊണ്ണൂറ്റാറാം വയസ്സിൽ സുഖമരണം! കാലത്തിന്റെ കണക്കു പുസ്തകം ഏതു ഗണിതശാസ്ത്രജ്ഞനാണ് വ്യാഖ്യാനിക്കാനാവുക? (മിഷിന്റെ മരണവാർത്ത The Guardian , Associated Press News , 2013 Sept. 6, BBC News , New York Times , Los Angeles Times ൽ എല്ലാം വന്നിരുന്നു) .

മിഷും ജോഹെന്നസ് ഹെൻഷലും ഹിറ്റ്ലറുടെ യാത്രകളിൽ ഒപ്പമുണ്ടാകും. ” ഞങ്ങൾ രാവും പകലും ഹിറ്റ്ലറോടൊപ്പമുണ്ടാകും. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവരിൽ ഏറ്റവും അടുത്ത് ഇടപഴകിയവർ ഞങ്ങളാണ് ” ( Hitler was never without us day and night .We were the closest people who worked with him) എന്നും അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് .

ആറു വർഷങ്ങൾ ചാൻസലർ ഓഫീസിലും ക്ലോംപ്ലക്സിലും ഹിറ്റ്ലറോടൊത്ത് താമസം . 1945 ഏപ്രിൽ 30ന് ഭാര്യയോടൊപ്പം ഹിറ്റ്ലർ ആത്മഹത്യ ചെയ്യുന്നതുവരെ അണ്ടർ ഗ്രൗണ്ട് ബങ്കറിൽ അവരെ സേവിച്ച ശേഷം മിഷ് അവിടെ നിന്നും പോന്നു . നേതാവിനെപ്പോലെ ആത്മഹത്യ ചെയ്യാനല്ല , ജീവിക്കാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

സയനൈഡ് കഴിച്ച ശേഷം ഹിറ്റ്ലർ തലയിലേക്ക് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തപ്പോൾ ടെലിഫോൺ അറ്റന്റ് ചെയ്യുകയായിരുന്നു മിഷ്. അതിനാൽ ശബ്ദം കേട്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ടെലിഫോണിൽ ബോധപൂർവ്വം ഉച്ചത്തിൽ സംസാരിച്ചതാണെന്നും ബങ്കർ ഒരു മരണനിലയമായി ഫീല് ചെയ്യാതിരിക്കാനാണെന്നും മിഷ് പറഞ്ഞു. എന്നാൽ ഫോൺ കോൾ കഴിഞ്ഞ് എത്തിയപ്പോൾ ആരോ ഇങ്ങനെ ഷൗട്ട് ചെയ്യുന്നത് കേട്ടു , ” അത് സംഭവിച്ചുവെന്നാണ് തോന്നുന്നത്” ! മറ്റുള്ളവർ വെടിയൊച്ച കേട്ടിരിക്കാം . ഹിറ്റ്ലറുടെ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളായ മാർട്ടിൻ ബോർമാൻ എല്ലാവരോടും നിശബ്ദരാകാൻ ആവശ്യപ്പെട്ടു. ശേഷം ഹിറ്റ്ലറുടെ മുറി തുറക്കാൻ പറഞ്ഞു. മിഷും ഹിറ്റ്ലറുടെ മുറിയിലേക്ക് ചെന്നു . മേശപ്പുറത്ത് തല ചെരിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ ഹിറ്റ്ലറെ കാണുന്നു. തൊട്ടടുത്ത് സോഫയിൽ കാൽമുട്ട് നെഞ്ചോടു ചേർത്ത് തല ഹിറ്റ്ലറുടെ നേർക്ക് തിരിഞ്ഞ് മരിച്ച നിലയിൽ ഭാര്യ ഇവാ ബ്രൗണിനെയും. വൈറ്റ് കോളർ ഫ്രില്ലുള്ള ഡാർക്ക് ബ്ലൂ ഡ്രസ്സ് ധരിച്ച ബ്രൗൺ . ആ രംഗം ഒരിക്കലും മറക്കില്ലെന്ന് മിഷ് പറയുന്നത് കേൾക്കുമ്പോൾ ( ഞാൻ മിഷിന്റെ വീഡിയോകൾ കണ്ടിരുന്നു) 1945ൽ ബങ്കറിലെത്തിയ പോലെ തോന്നും. അദ്ദേഹം വിവരിക്കുന്നത് അനുഭവമാണല്ലോ. പിന്നീടവർ ഹിറ്റ്ലറുടെ മൃതദേഹം പൊതിഞ്ഞ് എന്റെ മുന്നിലൂടെയാണ് കൊണ്ടു പോയതെന്ന് മിഷ് പറയുന്നു. ” മുകളിലോട്ട് വരൂ, അവർ ബോസിനെ കത്തിക്കാൻ കൊണ്ടു പോകുന്നു ” എന്ന് ആരോ ഷൗട്ട് ചെയ്യുന്നുണ്ടായിരുന്നു. അവിടെ ഗസ്റ്റപ്പോയിലെ മ്യുള്ളറെ കണ്ടു. അങ്ങനെ പുറത്ത് കാണാറുള്ള ഒരാളല്ല അദ്ദേഹം. അതുകൊണ്ട് താനങ്ങോട്ട് പോയില്ലെന്ന് മിഷ് പറഞ്ഞു. അവിടെ നിന്നാൽ അവസാന സാക്ഷികളെന്ന നിലയിൽ നമ്മളും വധിക്കപ്പെടാമെന്ന് മിഷ് മെക്കാനിക്കായ ഹെൻഷലിനോട് അടക്കം പറഞ്ഞു കൊണ്ട് മാറിക്കളഞ്ഞു.


BUY NOW

ജർമ്മനിയിലെ നാസി നേതാക്കളിൽ ഹിറ്റ്ലർ കഴിഞ്ഞാൽ രണ്ടാമത്തെയാൾ എന്നു കരുതാവുന്ന വ്യക്തിയാണ് ഡോ.ജോസഫ് ഗീബൽസ്. നാസി വീക്ഷണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ തന്ത്രപ്രധാനമായ പ്രചാരണങ്ങൾ ആസൂത്രണം ചെയ്തത് പ്രൊപഗണ്ടാ മിനിസ്റ്ററായ ഗീബൽസായിരുന്നു. അതുകൊണ്ടാകാം ഗീബൽസിന്റെ ഏറ്റവും വിശദമായ ജീവചരിത്രം ( 900 പേജുകൾ) എഴുതിയ ഡേവിഡ് ഇർവിങ്ങ് പുസ്തകത്തിന്റെ പേര് ‘ നാസി ജർമ്മനിയുടെ മാസ്റ്റർമൈന്റ് ‘ എന്നാക്കിയത്. ഹിറ്റ്ലറോടൊപ്പം തുടക്കം മുതലേ ഗീബൽസ് ഉണ്ടായിരുന്നു. ഒരു പക്ഷേ ഗീബൽസിനെപ്പോലൊരു പ്രചാരതന്ത്രജ്ഞൻ ഇല്ലായിരുന്നെങ്കിൽ ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ ആധിപത്യം ഉറപ്പാക്കാൻ ഹിറ്റ്ലർക്ക് സാധിക്കുമായിരുന്നില്ല എന്നു തന്നെ കരുതാം.

” എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു , എങ്ങനെ മരിക്കണമെന്നും അറിയാം ” എന്നു പറഞ്ഞു കൊണ്ട് ഇനി മുതൽ ജോലിക്കു വരേണ്ടതില്ല എന്ന് ഡോ.ഗീബൽസ് മിഷിനെ അറിയിച്ചുവെത്രെ.( Von RaIf Simon , The Secrets of Hitler’s Last Living Aid , Der Spiegel , 2007 July 30 ) എങ്ങനെ ജീവിക്കണമെന്നല്ലാതെ എങ്ങനെ മരിക്കണമെന്നറിയാത്ത ജനലക്ഷങ്ങളെ സഖ്യസേനയുടെ ബോംബർ വിമാനങ്ങൾക്കും തീ തുപ്പുന്ന ടാങ്കുകൾക്കും എറിഞ്ഞു കൊടുത്ത ഗീബൽസിന്റെ വാചകമടിക്ക് ഒരു ദിവസം കൂടിയേ ആയുസ് ഉണ്ടായുള്ളൂ.

ഹിറ്റ്ലറുടെ ആത്മഹത്യക്കു ശേഷം അതേ വഴിയാണ് പ്രചാരണ മന്ത്രിയായ ഡോ.ഗീബൽസും തിരെഞ്ഞെടുത്തത്. ഗീബൽസും ഭാര്യ മാഗ്ഡയും ആറു കുട്ടികളുമാണ് ബങ്കറിലുണ്ടായിരുന്നത്. കുട്ടികളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് ഗീബൽസ് ആഗ്രഹിച്ചതായി മിഷ് പറഞ്ഞു. ഹന്ന റീററ്ഷ് എന്ന പൈലറ്റ് അവരെയും കൊണ്ട് ബെർലിൻ വിടാൻ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാര്യ മാഗ്‌ഡ അതിന് അനുവദിച്ചില്ലെത്രെ! ഹിറ്റ്ലറോടുള്ള വിധേയത്വം കാരണം കുടുംബ സമേതം ആത്മഹത്യ ചെയ്യാനായിരുന്നു അവർക്ക് താൽപര്യം!

ഹിറ്റ്ലറുടേയും ഭാര്യ ഇവ ബ്രൗണിൻ്റേയും മൃതദേഹങ്ങൾ കത്തിച്ച ശേഷം എല്ലാവരും തിരിച്ചെത്തി. മാഗ്ഡ കുട്ടികളെയും കൂട്ടി അണ്ടർ ഗ്രൗണ്ട് ബങ്കറിലെത്തി. മുകളിൽ മറ്റുള്ളവർ കാണുമെന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് മിഷ് പറയുന്നു. മറ്റാരെങ്കിലും കണ്ടാൽ അവരെ തടയുമായിരുന്നു. അതുകൊണ്ടാകാം ഇതെന്ന് മിഷ് വിചാരിച്ചു.

ബങ്കറിന്നകത്തേക്ക് മറ്റാർക്കും പ്രവേശനമില്ലായിരുന്നു. താഴെ എത്തിയ ശേഷം അവർ കുട്ടികളെ കൊല്ലാനുള്ള തയാറെടുപ്പ് തുടങ്ങി. ഹിറ്റ്ലറുടെ പേഴ്സണൽ സർജനായ ഡോ: സ്റ്റംഫെഗറെയും കൂട്ടി കുട്ടികളുടെ അടുത്തെത്തി. മധുരമുള്ള എന്തോ ജ്യൂസ് കുട്ടികൾക്ക് കുടിക്കാൻ കൊടുത്തു. ശേഷം സെക്യുരിറ്റി ഗാഡിനേയും കൂട്ടി അവർ കുട്ടികൾ കിടക്കുന്ന മുറിയിലെത്തി. ഡോക്ടർ കുട്ടികൾക്ക് സയനൈഡ് ഇഞ്ചക്ഷൻ നൽകി. അവരോരോരുത്തരും അവശരായി കണ്ണുകൾ ചിമ്മി മരണത്തിലേക്ക് വഴുതി വീണു . മാഗ്ഡ വാതിലും അടച്ച് കരഞ്ഞുകൊണ്ട് മുറിക്കു പുറത്തേക്ക് വന്നത് കണ്ടുവെന്ന് മിഷ് ഓർമ്മിക്കുന്നു. ദു:ഖം മറക്കാനായി പിന്നീടവർ ചീട്ടുകളിയിൽ മുഴുകിയതായും മിഷ് വെളിപ്പെടുത്തുന്നു! (ബി.ബി.സി.ക്കു വേണ്ടി Steven Rosenberg ന്റെ ഇന്റർവ്യൂ 2009 September 3)


BUY NOW

നാസി ജർമ്മനിയുടെ ചരിത്രം ഇത്തരം നിരവധി ദുരന്തങ്ങൾ നിറഞ്ഞതാണ്. ചരിത്രത്തിൽ ഒരു ജനതയും ഒരു ദശാബ്ദത്തിനിടയിൽ ഇത്രയേറെ ദുരന്തങ്ങളും ദുരിതങ്ങളും കൂട്ടക്കൊലകളും അനുഭവിച്ചിട്ടുണ്ടാകില്ല. ഹിറ്റ്ലർ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യവർഷങ്ങൾ ജൂതന്മാർ അടക്കമുള്ള അനാര്യ ജനവിഭാഗങ്ങളെ നശിപ്പിക്കാനുള്ള തകൃതിയായ ശ്രമങ്ങളായിരുന്നു. പിന്നീട് അയൽ രാജ്യങ്ങൾക്കെതിരെ യുദ്ധം തുടങ്ങി. ഹിറ്റ്ലറുടെ ‘ മെയ്ൻ കാംഫ് ‘ വായിച്ച ആർക്കും മനസ്സിലാകുന്ന കാര്യങ്ങൾ അയൽ രാജ്യങ്ങളിലെ രാഷ്ട്രതന്ത്രജ്ഞർക്കും ഗ്രാഹ്യമായിരുന്നു. നിവൃത്തിയില്ലാതെ അവരും കരുക്കൾ നീക്കിത്തുടങ്ങി. തിരിച്ചടിയാരംഭിച്ചു. എല്ലാം ഒന്നാകെ മാറി മറിഞ്ഞപ്പോൾ 1945ൽ നാസി ജർമ്മനി സമ്പൂർണമായും തകർന്നടിഞ്ഞു. യൂറോപ്യൻ ചരിത്രത്തിലെ ഈ ദുരന്ത കാലത്തിന്റെ വിവിധ വശങ്ങളാണ് ഈ പുസ്തകത്തിലെ അധ്യായങ്ങളിൽ പരിശോധിക്കുന്നത്.

1945 തുടക്കത്തിൽ തന്നെ രണ്ട് റഷ്യൻ സൈനിക വ്യൂഹങ്ങൾ ബെർലിൻ ലക്ഷ്യമാക്കി നീങ്ങി. ഗ്യാരി സുക്കോവിന്റെയും ഇവാൻ കൊനേവിന്റെയും നേതൃത്വത്തിൽ. യുദ്ധം കൊടുമ്പിരികൊണ്ട ഏപ്രിൽ 15ന് മാത്രം പത്തുലക്ഷം പീരങ്കിയുണ്ടകൾ ജർമ്മൻ സൈന്യത്തിനു നേരെ പാഞ്ഞുവെന്നാണ് കണക്ക്. യുദ്ധചരിത്രത്തിൽ ഇങ്ങനെയൊരു ദിനം വേറെ കാണാനാവില്ല. റഷ്യൻ സേന ജർമ്മൻ തലസ്ഥാനമായ ബെർലിൻ കീഴടക്കി . അവർ ഹിറ്റ്ലറേയും അന്വേഷിച്ച് ചാൻസലർ ബിൽഡിങ്ങ് ലക്ഷ്യമാക്കി നീങ്ങുകയാണ്.

മിഷ് ബോഡിഗാഡിനൊപ്പം ടെലിഫോൺ ഓപ്പറേറ്ററും കൂടിയായിരുന്നു. തന്റെ ജോലിയും ബങ്കറിന്റെ ആയുസും അവസാനിച്ചെന്ന് തോന്നിയതുകൊണ്ടാകാം അവിടെയുണ്ടായിരുന്ന ഫോൺ സിസ്റ്റം നശിപ്പിച്ച ശേഷം അവസാനമായി യാത്ര ചോദിക്കാൻ സുഹൃത്തായ ഹെൻഷലിന്റെ അടുത്തെത്തി. ബങ്കറിലെ ആശുപത്രിയിലേക്കുള്ള വെള്ളവും ഇലക്ട്രിസിറ്റിയും നോക്കേണ്ട ചുമതല മെക്കാനിക്കായ ഹെൻഷലിനായിരുന്നു. അതിനാൽ അപ്പോഴും ഹെൻഷലിന് പോകാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തോട് യാത്ര പറഞ്ഞ ശേഷം ബങ്കറിന്റെ ഒരു കിളിവാതിലിലൂടെ മിഷ് പുറത്തു കടന്നു. നേരേ പോയത് ഇപ്പോഴത്തെ ബെർലിനിലെ നോർബനോഫ് റെയിൽവേ സ്റ്റേഷന് അടുത്തുള്ള വീട്ടിലേക്ക്.

ഹിറ്റ്ലറുടെ സ്വകാര്യ വിമാനത്തിന്റെ പൈലറ്റായിരുന്നു ഹാൻസ് ബൗർ. അദ്ദേഹത്തിന് കാര്യമായ പരിക്കുള്ളതിനാൽ തന്റെ വീട്ടിൽ ചികിൽസിക്കാനുള്ള സൗകര്യവും മിഷ് ചെയ്തു കൊടുത്തു. തൊട്ടടുത്ത ദിവസം സോവിയറ്റ് സൈനികരെത്തി. ബൗറിനെ ചോദ്യം ചെയ്തു. ഹിറ്റ്ലറുടെ ബോഡിഗാഡായിരുന്നു മിഷ് എന്ന കാര്യം ബൗർ സൈനികരോട് പറഞ്ഞു. അവർ മിഷിനെ പിടികൂടി മോസ്കോയിലേക്ക് കൊണ്ടുപോയി. പിന്നെ ചോദ്യം ചെയ്യലും പീഢന മുറകളും. 1941ൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനിലേക്ക് അധിനിവേശം നടത്തിയല്ലോ. ഓപ്പറേഷൻ ബർബോസ എന്നായിരുന്നു പേര്. അതിഭീകരമായ പീഢനങ്ങളാണ് റഷ്യക്കാർക്ക് നേരെയുണ്ടായത്‌ . ഇരുന്നൂറ് ലക്ഷം റഷ്യക്കാർ ഹിറ്റ്ലർ അടിച്ചേൽപ്പിച്ച യുദ്ധത്തിൻ്റെ ഫലമായി കൊല്ലപ്പെട്ടു. അതിന്റെ പ്രതികാരമാകാം മിഷിനും അനുഭവിക്കേണ്ടി വന്നത് . പീഢനം സഹിക്കാതായപ്പോൾ സോവിയറ്റ് സെക്യുരിറ്റി വകുപ്പായ NKVDയുടെ തലവൻ ലാവ്റെന്റി ബെറിയക്ക് ഒരപേക്ഷ നൽകി. തനിക്ക് ദയവായി വധശിക്ഷ നൽകണമെന്ന് ! എട്ടുവർഷത്തെ ജയിൽ ശിക്ഷക്കു ശേഷം അവർ വിട്ടയച്ചു. 1953ൽ മിഷ് ബെർലിനിൽ തിരിച്ചെത്തി. സുഹൃത്തിന്റെ പെയിന്റിങ്ങ് ബിസിനസ് ഏറ്റെടുത്ത് രണ്ടാം ജീവിതം തുടങ്ങി. അദ്ദേഹത്തിന്റെ അനുഭവങ്ങൾ വിവരിക്കുന്ന Hitler’s Last Witness എന്ന കൃതിയിലെ മറ്റു വിശദാംശങ്ങൾ ആദ്യ അധ്യായങ്ങളിലുണ്ട്.

ആമുഖമായി ഒരാളെപ്പറ്റി ഇത്രയും കുറിച്ചതിന്റെ കാരണം വായനക്കാർക്ക് ബോധ്യമാകുമെന്ന് കരുതുന്നു. ഒന്ന്, ആ വ്യക്തിക്ക് ഈ കൃതിയുടെ മുഖ്യ പ്രമേയവുമായുള്ള ബന്ധം. രണ്ട് , പലപ്പോഴും ചരിത്ര രേഖകളേക്കാൾ വിലപ്പെട്ടതും വിസ്മയകരവുമാണ് ഇത്തരം വ്യക്തിപരമായ അനുഭവങ്ങൾ . സത്യസന്ധമായ ഓർമ്മക്കുറിപ്പുകളിലൂടെയാണ് ഇവ ചരിത്രത്തിന്റെ ഭാഗമാകുന്നത്. ഈ കൃതിയിലെ പല അധ്യായങ്ങളിലും ഇത്തരം ഓർമ്മക്കുറിപ്പുകളും ആത്മകഥകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഒരു ചരിത്രരേഖയിലും കുറിക്കപ്പെടാതെ പോയ യഥാർഥ സംഭവങ്ങൾ പുറം ലോകമറിയുന്നത് ഇവയിലൂടെയാണ്.
ചരിത്ര പഠനങ്ങളിൽ നിന്നു ഭിന്നമായ പല പ്രത്യേകതകളും ഓർമ്മക്കുറിപ്പുകൾക്കുണ്ട് . മനുഷ്യരുടെ ഏറെ വിചിത്രവും അസാധാരണവുമായ പെരുമാറ്റങ്ങൾ അവയിൽ കാണാം. മനശാസ്ത്രജ്ഞരുടെ ഏറ്റവും വികസിതമായ സിദ്ധാന്തങ്ങൾ പോലും അവക്ക് കൃത്യമായ വിശദീകരണം നൽകാനാകാതെ ഒരു വേള നിശബ്ദമായെന്നും വരാം. ചരിത്ര ഗവേഷണ ഫലങ്ങൾ, ഓർമ്മക്കുറിപ്പുകൾ , ആത്മകഥകൾ , രാഷ്ട്രീയ വിശകലനങ്ങൾ , യുദ്ധ വിവരണങ്ങൾ , ചരിത്രരേഖാ പരിശോധനങ്ങൾ , സിദ്ധാന്ത വിമർശനങ്ങൾ തുടങ്ങി നിരവധി മേഖലകളിലൂടെ ഈ കൃതിയിലെ അധ്യായങ്ങൾ കടന്നു പോകുന്നു.

മിഷിന്റെ അനുഭവങ്ങളെപ്പോലും അതിശയിപ്പിക്കുന്നതാണ് എലേന ഷവ്സ്കയയുടെ ഓർമ്മക്കുറിപ്പ്. തന്റേയും ഭാര്യയുടേയും മൃതദേഹങ്ങൾ ദഹിപ്പിക്കണമെന്ന് ഹിറ്റ്ലർ വിൽപത്രത്തിൽ പറഞ്ഞിരുന്നു (വിശദാംശങ്ങൾ ഒന്നാം അധ്യായത്തിൽ) . അതിനാൽ മരണശേഷം ബങ്കറിനകത്തുണ്ടായിരുന്ന സഹപ്രവർത്തകർ രണ്ടു മൃതദേഹങ്ങളും ദഹിപ്പിച്ചു. അവശേഷിച്ച ഹിറ്റ്ലറുടെയും ഭാര്യ ഇവാ ബ്രൗണിന്റേയും തലയോട് ഷവ്സ്കയയാണ് ആദ്യമായി പരിശോധിച്ചത് ! ബെർലിനിലെ ചാൻസലർ ബങ്കർ കീഴടക്കിയ ശേഷം ഇതൊക്കെ ആദ്യമായി കണ്ടെത്തുന്നത് സോവിയറ്റ് സൈനികരും ഉദ്യോഗസ്ഥരുമാണ്. അവരോടൊപ്പം ഉണ്ടായിരുന്ന ജർമ്മൻ ഭാഷ നന്നായറിയാവുന്ന റഷ്യക്കാരിയാണ് ഷവ്സ്കയ. ജർമൻ സേനയെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ട ഡിമിട്രി ലീയുഷെങ്കോ എന്ന ആർമി ജനറലിന്റെ സൈനിക വ്യൂഹത്തിലെ വാർ ഇന്റർപ്രെട്ടർ ആയിരുന്നു അവർ. ചാൻസലർ ബിൽഡിങ്ങിലെ അവശിഷ്ടങ്ങൾക്കിടയിൽ ഹിറ്റ്ലറുടെ അവശിഷ്ടങ്ങൾ അന്വേഷിക്കാനും ഐഡന്റിഫിക്കേഷൻ ഉറപ്പുവരുത്താനും ഏൽപ്പിക്കപ്പെട്ട സംഘത്തിലെ അംഗം.

മെയ് 4ന് ഇവാൻ ചുരാക്കോവ് എന്ന സൈനികനാണ് ഹിറ്റ്ലറുടെ കത്തിയനിലയിലുള്ള ശരീരം കാണുന്നത്. നാലു ദിവസങ്ങൾ കഴിഞ്ഞ് കേണൽ വാസിലി ഗോർബുഷിൻ ചെറിയൊരു ബോക്സ് അവരെ ഏൽപ്പിച്ചു. ഹിറ്റ്ലറുടെ താടിയെല്ലുകളായിരുന്നു അതിൽ. ഹിറ്റ്ലറുടെ പേഴ്സണൽ ഡെന്റിസ്റ്റായ ഹ്യൂഗോ ബ്ലാഷേയുടെ അസിസ്റ്റന്റ് കാത്തേ ഹ്യൂസെർമാനെ അവർ നേരത്തേ കണ്ടിരുന്നു. അദ്ദേഹം ഹിറ്റ്ലറുടെയും ബ്രൗണിന്റേയും മൃതദേഹങ്ങൾ തന്നെയാണതെന്ന് ഉറപ്പു വരുത്തി. സഖറോവ് അവാർഡ് ജേതാവായ ഷവ്സ്കയ ഇക്കാര്യങ്ങളെല്ലാം വിവരിച്ചുകൊണ്ട് എഴുതിയ കൃതിയാണ് Memoirs of a Wartime Interpreter . 1960കളിൽ റഷ്യൻ ഭാഷയിൽ ഇറങ്ങിയ ഈ കൃതി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് 2018ലാണ്.


BUY NOW

പാർലമെന്റ് ബിൽഡിങ്ങ് ( Reichstag – ജർമ്മൻ ഭാഷയിൽ റൈസ്താഗ് ) കീഴടക്കാൻ നിയോഗിച്ച കുസ്നെട്ട്സോവിന്റെ തേർഡ് ആർമിയിലായിരുന്നു ഇവർ. മെയ് 2ന് ഇവർ പാർലമെന്റ് മന്ദിരവും ബങ്കറും കീഴടക്കി. ശേഷം ബെർലിനിൽ നിന്നും മോസ്ക്കോയിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുകയാണ്. ആ സമയത്ത് കമാൻറർ ക്ലിമങ്കോയുടെ കൂടെ ചില സൈനികർ ചാൻസലറി ഗാർഡന്റെ അടുത്തെത്തി. അപ്പോഴാണ് ഗീബൽസിന്റെ മൃതദേഹം കാണുന്നത്. ബങ്കറിന്റെ പ്രവേശന കവാടത്തിന്റെ അടുത്ത് പുതിയ മണ്ണിട്ട് മൂടിയത് ചുറാക്കോവ് എന്ന സൈനികൻ ശ്രദ്ധിച്ചു. അവിടെ പരിശോധിച്ചപ്പോഴാണ് ഒരാണിന്റേയും പെണ്ണിന്റേയും ശവശരീരങ്ങൾ കണ്ടത്. തിരക്കിട്ടുള്ള നോട്ടത്തിൽ അവർക്ക് ആരുടേതാണെന്ന് മനസ്സിലായില്ല. പിറ്റെ ദിവസം കേണൽ ഗോർബുഷിനും സംഘവും എത്തി ഇവയെല്ലാം സശ്രദ്ധം പരിശോധിച്ചു. ഹിറ്റ്ലറുടെയും ബ്രൗണിന്റേയും മൃതദേഹങ്ങളായിരുന്നു അവ. കൂടാതെ അവരുടെ രണ്ട് വളർത്തുനായകളുടെ ശവങ്ങളും അവിടെ നിന്നും കണ്ടെടുത്തു – അൽസേഷ്യനും സ്പാനിയലും. ഹിറ്റ്ലറുടെ പേഴ്സണൽ ഡെന്റിസ്റ്റിനെ കണ്ട് ഇക്കാര്യങ്ങൾ ഉറപ്പു വരുത്തിയത് ഷവ്സ്കയയും സഹപ്രവർത്തകരും കൂടിയാണ്.

വാസിലി ഗ്രോസ്മാൻ ശ്രദ്ധേയനായ മറ്റൊരു വാർടൈം പത്രപ്രവർത്തകനാണ്. റെഡ് ആർമി ന്യൂസ് പേപ്പറായ Krasnaya Zvezda ( റഷ്യൻ ഭാഷയിൽ ഇതിന്റെ അർത്ഥം റെഡ് ആർമി എന്നാണ്)യുടെ എഡിറ്ററായ ഗ്രോസ്മാൻ ആയിരം ദിവസങ്ങളാണ് രണ്ടാം ലോകയുദ്ധമുഖത്ത് ചെലവഴിച്ചത്‌. അദ്ദേഹത്തിന്റെ അനുഭവങ്ങൾ A Writer at War എന്ന കൃതിയിൽ കാണാം. ഇത്തരം അമൂല്യമായ ഒട്ടേറെ വിവരങ്ങൾ ഓർമ്മക്കുറിപ്പുകളിൽ കാണാം. പച്ചയായ അനുഭവങ്ങളുടെ കലവറകളാണവ. മറ്റൊരു സ്രോതസിൽ നിന്നും ലഭിക്കാത്ത വിവരങ്ങളും സംഭവ വിവരണങ്ങളും ഇവയിൽ കാണാം. ഈ കൃതിയിലെ ഇത്തരം വിവരണങ്ങൾ അനുഭവങ്ങളുടെ തീക്ഷണത വായനക്കാരിലേക്ക് പകർന്നേക്കും.

എന്നാൽ തികച്ചും വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോയവരുമുണ്ട്. നാസി ജർമ്മനിയുടെ ആർക്കിടെക്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആൽബെർട്ട് സ്പിയർ (1905-1981) ഉദാഹരണമാണ്. ആർക്കിടെക്റ്റ് എന്നാൽ ശില്പകലാവിദഗ്ധൻ എന്നാണല്ലോ അർഥം. എതു നിലക്കും മികവുറ്റ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. ബെർലിനിലെ ബിൽഡിംങ്ങ് ഇൻസ്പെക്ടറായി ഹിറ്റ്ലർ തന്നെയാണ് നിയമിച്ചത്. പിൽക്കാലത്ത് ആയുധ – യുദ്ധ നിർമ്മാണവകുപ്പിന്റെ മന്ത്രിയുമായി (1942 ഫെബ്രുവരി 8 മുതൽ 1945 ഏപ്രിൽ 30 വരെ). എന്നാൽ ഇതിനെല്ലാമുപരി, വംശീയ ഉന്മൂലനത്തിന്റെ കൂടി ആർക്കിടെക്റ്റായി ഇദ്ദേഹം പ്രവർത്തിച്ചു. രണ്ടാം ലോകയുദ്ധ ശേഷം അറസ്റ്റു ചെയ്യപ്പെട്ട് ന്യൂ റംബെർഗ് കുറ്റവിചാരണക്ക് വിധേയരായ 24 വാർ ക്രിമിനലുകളിലൊരാൾ! വധശിക്ഷയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ഇരുപത് വർഷത്തെ പടിഞ്ഞാറൻ ബെർലിനിലെ സ്പാൻഡ്യു ജയിലിൽ ശിക്ഷയും കഴിഞ്ഞ് 1966 ഒക്ടോബർ 1ന് പുറത്തിറങ്ങി. ഇദ്ദേഹത്തിന്റെ Inside the Third Reich എന്ന കൃതിയും Spandau : The Secret Diaries എന്ന കൃതിയും നാസി ഭീകരതയുടെ ഇൻസൈഡർ കാഴ്ചപ്പാട് നൽകുന്നുണ്ട്.

ഏതൊരു ശരാശരി ജർമ്മൻകാരനേയും നാസിസത്തിലേക്ക് ആകർഷിച്ച ഘടകങ്ങൾ തന്നെയാണ് സ്പിയറെയും സ്വാധീനിച്ചത്. ഒന്നാം ലോകയുദ്ധത്തിൽ തകർന്ന ജർമ്മനിയെ ലോകത്തെ വൻശക്തിയാക്കുമെന്ന ഹിറ്റ്ലറുടെ വാഗ്ദാനത്തിൽ അദ്ദേഹവും വീണു പോയി! വൻശക്തിയാകാനുള്ള ശ്രമത്തിൽ നോർവേയെ ആക്രമിച്ച് കീഴ്പ്പെടുത്തി വടക്കൻ ഇറ്റലി വരെ ജർമ്മൻ രാഷ്ട്രത്തിന്റെ അതിർത്തികൾ വിപുലീകരിക്കുമെന്ന് ഹിറ്റ്ലർ സ്വകാര്യ സംഭാഷണത്തിൽ സ്പിയറോട് പറഞ്ഞുവെത്രെ! അത് താൻ തന്നെ ചെയ്യുമെന്നും ഹിറ്റ്ലർ പറഞ്ഞതായി സ്പിയർ എഴുതുന്നു. ആദ്യം ജർമ്മനിയെ ഏറ്റവും ശക്തമായ രാഷ്ട്രമാക്കുക ( എത്ര വലിയ കൂട്ടക്കൊലകൾ നടത്തിയിട്ടാണെങ്കിലും എന്നത് ഹിറ്റ്ലറുടെ അടിസ്ഥാന പ്രമാണമായതിനാൽ പ്രത്യേകം പറയേണ്ടതില്ലല്ലോ ! ), ശേഷം യൂറോപ്പിലെ ഏറ്റവും ശക്തമായ രാഷ്ട്രമാക്കുക, ശേഷം ലോകത്തെ വൻശക്തിയാകുക . ഇതിനൊക്കെ വേണ്ട സൈനിക സജ്ജീകരണങ്ങൾ നടത്തുമ്പോൾ ലോകത്തെ ഇതര രാഷ്ട്രങ്ങൾ കൂർക്കം വലിച്ച് ഉറങ്ങുമെന്നായിരിക്കും ഏതൊരു രാജ്യത്തേയും നാസി മനോഭാവക്കാരായ വിഡ്ഢി നേതാക്കൾ വിചാരിക്കുന്നത്. അതിനുള്ള കഴിവേ അവർക്കുള്ളൂ എന്നതു തന്നെയാണ് ഏതൊരാൾക്കും നാസിയാകാനുള്ള ഒന്നാമത്തെ യോഗ്യത ! ഈ യോഗ്യതക്ക് മുന്നിൽ മറ്റെല്ലാ കഴിവുകളും നിഷ്പ്രഭമാണ് !! ലോകത്ത് നിരവധി രാജ്യങ്ങളും ജനവിഭാഗങ്ങളും ഉണ്ടെന്നും അവർക്കെല്ലാം മാന്യമായി ജീവിക്കാനും ഭരിക്കാനും അവകാശമുണ്ടെന്നും വിശ്വസിക്കുന്ന ഒരാൾ നാസി മനോഭാവക്കാരനാകില്ല. അഥവാ വിഡ്ഢിത്തം നിറഞ്ഞ നാസിആശയങ്ങൾ തലയിൽ കയറിയാൽ സാമാന്യബോധം പോലും പുറത്തേക്കൊഴുകും! ഹിറ്റ്ലർക്കും മറ്റു നാസി നേതാക്കൾക്കും സംഭവിച്ചതും മറ്റൊന്നല്ല.

യൂറോപ്പ് കീഴടക്കാൻ തനിക്കു സാധിക്കും എന്നു മാത്രമല്ല മറ്റാർക്കും അത് തടയാനാകില്ലെന്നും ഹിറ്റ്ലർ ആത്മാർഥമായും വിശ്വസിച്ചു . സോവിയറ്റ് റഷ്യക്കെതിരായ യുദ്ധം തുടങ്ങും മുമ്പ് ഹിറ്റ്ലർ ഫീൽഡ് മാർഷൽ വോൺ ബോക്കിനോട് പറഞ്ഞതെന്താണെന്നോ? ചുഴലിക്കാറ്റ് അടിച്ച പോലെ റഷ്യയെ തൂത്തുവാരുമെന്ന് എനിക്ക് ബോധ്യമുണ്ടെന്ന്! ബോധ്യമുണ്ടായി, സാമാന്യ ബോധമുണ്ടായില്ല എന്നു മാത്രം !! ഒടുവിൽ ബോധമുദിച്ചത് ആത്മഹത്യക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാകാനാണ് സാധ്യത. അപ്പോൾ പോലും സാമാന്യ ബോധമുണ്ടായി എന്നതിൽ ചിലർക്കെങ്കിലും സംശയം തോന്നാനിടയുണ്ട്. കാരണം പിൻഗാമിയോട് ഹിറ്റ്ലർ ഉൽബോധിപ്പിച്ചത് യുദ്ധം തുടരാനാണ് !!

ഹിറ്റ്ലർ കഴിഞ്ഞാൽ ജർമ്മനിയിലെ ഏറ്റവും ശക്തനായിരുന്ന ഹൈനറിച്ച് ഹിമ്ളർ (Heinrich Himmler – 1900- 1945) മറ്റൊരു കഥാപാത്രമാണ്. കൂട്ടക്കൊലയുടെ ആർക്കിടെക്റ്റ് എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.


BUY NOW

അത്യപാരമായ സംഘാടന ശേഷിയുണ്ടായിരുന്ന ഹിമ്ളർ എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് തീരുമാനിച്ചത്. പേരുമാറ്റി കൃത്രിമമായി ഒരു പേ ബുക്കുണ്ടാക്കി ഏതാനും കൂട്ടുകാരുമായി ജർമ്മനിയുടെ വടക്കെ അതിരിലേക്ക് നീങ്ങി. ചെക്ക് പോയിന്റിലെ ബ്രിട്ടീഷ് സൈനികർ ഇവരെ തടഞ്ഞു നിരത്തി രേഖകൾ ചോദിച്ചു. ജർമ്മൻ സൈനികർ നൽകിയ പേപ്പർ അവർ കാണിച്ചു. അതിൽ ഒരാളുടെ രേഖയിൽ Heinrich Hizinger എന്നാണ് എഴുതിയിട്ടുള്ളത്. നാസി എസ് .എസ് . സ്റ്റാമ്പാണ് അതിലുള്ളതെന്ന് ബ്രിട്ടീഷ് സൈനികർക്ക് പെട്ടെന്നു മനസ്സിലായി. ഇതിനെപ്പറ്റി ഇൻറലിജെന്റ്സ് വിഭാഗം അവർക്ക് നേരത്തേ വിവരം നൽകിയിരുന്നു. കാരണം ഇത്തരം സീലുള്ളവരെ മുൻപ് പിടികൂടിയിരുന്നു. അതിനാൽ ഈ സീൽ ശ്രദ്ധിക്കണമെന്ന സന്ദേശം എല്ലാ ചെക്ക് പോയിന്റിലേക്കും എത്തിയിരുന്നു. സംശയം തോന്നിയ സൈനികർ ഇവരെ മറ്റൊരു ക്യാമ്പിൽ ചോദ്യം ചെയ്യാൻ കൊണ്ടുപോയി. ഡ്യൂട്ടി ഓഫീസറായ ക്യാപ്റ്റൻ തോമസ് സെൽവസ്റ്റർ പലവട്ടം ചോദ്യം ചെയ്തു. രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഹിമ്ളർക്കും തോന്നി. സീനിയർ ഓഫീസറെ കാണണമെന്ന് ഇദ്ദേഹം പറഞ്ഞു. താൻ ഹിമ്ളർ ആണെന്ന് അദ്ദേഹം ഓഫീസറോട് സമ്മതിച്ചു. കോട്ടും ക്യാപ്പും മാറ്റി ശരിയായ രൂപത്തിൽ നിന്നു. ഇവരെ പിന്നീട് ല്യൂൻ ബെർഗിലെ ബ്രിട്ടീഷ് ആർമി ക്യാമ്പിലേക്ക് കൊണ്ടുപോയി. മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ വെൽസ് എത്തി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വായ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഹിമ്ളർ വഴങ്ങിയില്ല.തല വെട്ടിച്ച് മാറിക്കളഞ്ഞു. അതിനിടെ കവിളിന്റെ ഇടയിൽ നീല നിറത്തിൽ ടാബ്ലറ്റ് പോലുള്ള എന്തോ ഒന്ന് ഡോക്ടരുടെ ശ്രദ്ധയിൽപ്പെട്ടു.അതെന്താണെന്ന് നോക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തലവെട്ടിച്ച് ഹിമ്ളർ കുതറി മാറി . അതിനിടെ പല്ലിനിടയിലാക്കി അത് കടിച്ചു പൊട്ടിക്കുകയും ചെയ്തു. പതിനഞ്ച് മിനുട്ടുകൾക്കകം അദ്ദേഹം മരിച്ചു. ബെഡ്ഫോഡ്ഷെയറിലെ മിലിട്ടറി ഇന്റലിജന്റ്സ് മ്യൂസിയത്തിൽ ഹിമ്ളറെ കുടുക്കിയതിന് കാരണമായ വ്യാജരേഖ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌. ഹിമ്ളർ അപ്പോഴിട്ടിരുന്ന കോട്ടും അവിടെ കാണാം (BBC News , Gordon Coreraയുടെ റിപ്പോർട്ട് , 2020 May 23).

ഹിറ്റ്ലറുടെ ആത്മഹത്യക്കു ശേഷം അപ്പോൾ മൂന്നാഴ്ച കഴിഞ്ഞിരിക്കും. ഹിമ്ളറും ആത്മഹത്യ ചെയ്തു. പറ്റിയാൽ രക്ഷപ്പെടാൻ ശ്രമിക്കാമെന്നും പിടിക്കപ്പെട്ടാൽ ആത്മഹത്യ ചെയ്യാമെന്നുമുള്ള നയമായിരുന്നു ഹിമ്ളറുടേത് ! ലക്ഷക്കണക്കിന് മനുഷ്യരുടെ കൂട്ടക്കുരുതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയ ഹിമ്ളറുടെ ജീവിതം ഒരു സയനൈഡ് ഗുളികയിൽ അവസാനിപ്പിക്കേണ്ടി വന്നു!


BUY NOW

ഈ പുസ്തക രചന തുടങ്ങിയപ്പോൾ ഇത്തരം നിരവധി നാസി നേതാക്കളുടെ അനുഭവങ്ങളിലൂടെയും ചരിത്രത്തിലൂടെയും കടന്നു പോവുകയുണ്ടായി. വർഷങ്ങളായി മനുഷ്യപ്രകൃതം (Human Nature) എനിക്ക് വളരെ താൽപര്യമുള്ള വിഷയമാണ്. ആ മേഖലയെക്കുറിച്ച് പഠിക്കുമ്പോൾ പലയിടങ്ങളിലും മനസ്സ് സ്തബ്ധമായിപ്പോയിട്ടുണ്ട്. ഹിറ്റ്ലറുടെയും ഭാര്യ ഇവാ ബ്രൗണിന്റെയും കത്തിക്കരിഞ്ഞ മൃതദേഹമാണ് സഖ്യസൈനികർ കണ്ടത്. എന്നാൽ ഹിറ്റ്ലർക്ക് സംരക്ഷണം നൽകാനുള്ള ചുമതലയേറ്റ ബോഡിഗാഡായ റോചെസ് മിഷ് പത്രങ്ങൾക്കും ടി.വി. ചാനലുകൾക്കും അഭിമുഖങ്ങൾ നൽകിയും പുസ്തകമെഴുതിയും തൊണൂറ്റാറാം വയസ്സിൽ സുഖമരണം വരിക്കുന്നതായി കാണുമ്പോൾ ആരെങ്കിലും വിസ്മയിക്കാതിരിക്കുമോ?

ഹിറ്റ്ലറാണ് വംശീയഹത്യക്ക് ആരംഭം കുറിച്ചത് എന്ന് കരുതേണ്ട. ആര്യൻ വംശശുദ്ധിയെക്കുറിച്ചും വർണ്ണശുദ്ധിയെക്കുറിച്ചും നീച ജന്മത്തെക്കുറിച്ചും തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും കുറിച്ചും ധാരാളമായി സംസാരിച്ചവരും അതിന് ശാസ്ത്രീയവും വേദപ്രാമാണികതയും നൽകി ദുർവ്യാഖ്യാനിച്ചവരും മറ്റു രാജ്യങ്ങളിലുമുണ്ട്. പക്ഷേ, ഈ വംശീയ വിദ്വേഷം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് ആളിക്കത്തിച്ച് കൂട്ടക്കൊലകളിലൂടെ ഏറ്റവും പൈശാചികമായ ഫലം കൊയ്ത രാഷ്ട്രീയ നേതാവ് ഹിറ്റ്ലറാണെന്നതിൽ സംശയമില്ല.

ജർമ്മനിയിൽ വെറും ഒരു ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുണ്ടായിരുന്ന ജൂതന്മാരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ഇങ്ങനെ പോയാൽ ഭൂമിയിൽ നിന്നും ജർമ്മൻകാർ അപ്രത്യക്ഷരാകുമെന്നുമുള്ള കല്ലുവെച്ച നുണകൾ പ്രചരിപ്പിച്ചാണ് ഹിറ്റ്ലർ ആളെ കൂട്ടിയത്. ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതൽ നാശം ശത്രുക്കൾക്കും മിത്രങ്ങൾക്കും ഒരുപോലെ സമ്മാനിച്ച നേതാവ് എന്നതാണ് ഹിറ്റ്ലറെ ചരിത്രം കണ്ട അതിക്രൂരന്മാരിൽ ക്രൂരനാക്കുന്നത്. ക്രൂരതയിൽ അതുല്യനാക്കുന്നത്. രണ്ടാം ലോകയുദ്ധത്തിൽ മാത്രം മരിച്ചത് ശരാശരി എണ്ണൂറ് ലക്ഷം മനുഷ്യരാണ്. അന്നത്തെ ലോക ജനസഖ്യയുടെ മൂന്ന് ശതമാനം. ഒരു പക്ഷേ 1945 ഏപ്രിൽ 3ന് ഹിറ്റ്ലറും സംഘവും ആത്മഹത്യ ചെയ്യാൻ നിർബന്ധിതരായില്ല എന്നു സങ്കൽപ്പിക്കുക. യുദ്ധം ഏതാനും വർഷങ്ങൾകൂടി നീണ്ടുപോയി എന്നും സങ്കൽപ്പിക്കുക. എണ്ണൂറ് ലക്ഷം എത്രയായി ഉയരുമായിരുന്നു എന്നു കൂടി സങ്കൽപ്പിക്കുമ്പോഴാണ് നാസി വംശീയതയുടെ ഭീകരതയും അതിനെ ആരാധനയോടെ കാണുന്നവരുടെ മനോവൈകല്യങ്ങളും ബോധ്യമാവുക!

രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത ഇരുഭാഗത്തുമുള്ള പ്രമുഖ സൈനികരുടെ ഒട്ടേറെ കുറിപ്പുകളും ആത്മകഥകളും ജീവചരിത്രങ്ങളും ഇന്ന് ലഭ്യമാണ്. ചിത്രങ്ങളും യുദ്ധരേഖകളും മറ്റു സോഴ്സുകളും ആർക്കൈവ് ചെയ്ത ധാരാളം വെബ്സൈറ്റുകളുമുണ്ട്‌. ഇവയൊക്കെ റഫറൻസിന് പ്രയോജനപ്പെട്ടു.

ജർമ്മൻകാരൊക്കെ നാസി മനോഭാവക്കാരാണെന്നോ ജർമ്മൻ ചരിത്രം നാസിമയമാണെന്നോ കരുതുന്നത് തികച്ചും അബദ്ധമാണെന്ന് കൂടി വ്യക്തമാക്കട്ടെ . ലോകത്തെ മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെ ജർമ്മൻകാരും അടിസ്ഥാനപരമായി നല്ല മനുഷ്യരാണ്. എന്നാൽ ഒരു പ്രത്യേക ചരിത്രഘട്ടത്തിൽ ഒരു വിഭാഗം മനുഷ്യരെ പിശാചുക്കളാക്കുന്ന ആശയങ്ങളും നേതാക്കളും അനുയായികളും നിരവധി അനുകൂല സാഹചര്യങ്ങളും ഒത്തൊരുമിച്ച് വന്നപ്പോൾ അവരിലൊരു വിഭാഗം പിശാചുക്കളെപ്പോലും നാണിപ്പിക്കുന്ന വിധം അധമന്മാരായി എന്നതാണ് യാഥാർഥ്യം. ഇത്തരം മനുഷ്യരാശിക്കെതിരായ ആശയപരവും പ്രായോഗികവുമായ ഏത് നീക്കങ്ങളെയും പ്രതിരോധിക്കാനുള്ള ബാധ്യത ആരും ഗൗരവപൂർവ്വം കണക്കിലെടുക്കാതാവുമ്പോൾ ഭീഷണി വളരാൻ തുടങ്ങും. നാസികളുടെ ശക്തിയേക്കാൾ മാനവികവാദികളുടെ ആശയപരവും പ്രായോഗികവും നേതൃപരവുമായ ദൗർബല്യങ്ങളാണ് ഇരുട്ടിൻ്റെ ശക്തികൾക്ക് അനുകൂലമായി ഭവിക്കുന്നത്.

ഉള്ളിൽ കടുത്ത വംശീയതയും പുറമേക്ക് ലോകോ സമസ്തയുമായി നടക്കുന്നവരുമുണ്ട്. എന്തെല്ലാം തകരാറുകളുണ്ടായാലും ഹിറ്റ്ലർ ജർമ്മൻ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിച്ചയാളും സ്വന്തമായി ഒരു ലോകവീക്ഷണമുണ്ടായിരുന്ന ആളുമല്ലേ എന്നൊക്കെ മയത്തിൽ ഇവർ ചോദിച്ചെന്നിരിക്കും. എന്തൊക്കെയായാലും ഹിറ്റ്ലറുടെ മെയ്ൻ കാംഫ് ഒരു സാഹിത്യ സംഭാവനയല്ലേ എന്നും അവർ ചോദിച്ചേക്കാം . യുദ്ധഭ്രാന്തനും അവിവേകിയും വംശീയവാദിയും നരഭോജിയുമായ ഒരാൾക്ക് പത്തുതലകളുണ്ടായിട്ടെന്താ സാറേ കാര്യം എന്ന് ചോദിച്ചാൽ ഇത്തരക്കാർ പരുങ്ങും. ഹിറ്റ്ലർ ജർമ്മൻകാരുടെ ക്ഷേമത്തിന് വേണ്ടിയല്ല യൂറോപ്യൻ രാജ്യങ്ങളുടെ മേൽ ആര്യ വംശീയാധിപത്യത്തിന് മാത്രമാണ് ശ്രമിച്ചതെന്ന് ഇവർക്കൊന്നും മനസ്സിലാകാഞ്ഞിട്ടല്ല. ഇക്കാര്യം ഗ്രഹിക്കാനുള്ള ബുദ്ധി റഷ്യക്കും ബ്രിട്ടനും ഫ്രാൻസിനും അമേരിക്കക്കും ഉണ്ടായതുകൊണ്ടാണ് നാസി ഭരണകൂടത്തെ അവർ തകർത്തെറിഞ്ഞത്. രണ്ടാം ലോകയുദ്ധത്തിൻ്റെ പശ്ചാത്തലം സാമാന്യമായി പഠിച്ചവർക്ക് ഇക്കാര്യം ബോധ്യമാകും. പുറത്തെടുക്കാനാകാതെ ഉള്ളിൽ അടിഞ്ഞുകിടക്കുന്ന വംശീയതക്ക് മുട്ടുശാന്തി കിട്ടാനുള്ള ധൈഷണിക വ്യായാമങ്ങൾ മാത്രമാണ് ഇത്തരം വെള്ളപൂശലുകൾ എന്ന് മറ്റുള്ളവർക്ക് ഗ്രാഹ്യമാകുമെന്ന കാര്യം പോലും ഇവർക്കറിയില്ല!


BUY NOW

ഒരു പക്ഷേ ഹിറ്റ്ലറെപ്പോലെ ഒരു നേതാവോ നാസി പാർട്ടിയെപ്പോലെ ഒരു പാർട്ടിയോ 1933-1945 പോലൊരു കാലഘട്ടമോ ലോകത്ത് ഇനി ആവർത്തിക്കപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാൽ വംശീയ വിദ്വേഷങ്ങളും വംശീയ ഉന്മൂലനങ്ങളും സംഹാരങ്ങളും ഏറിയോ കുറഞ്ഞോ സാഹചര്യത്തിന്റെ ആനുകൂല്യങ്ങളാൽ ഉണ്ടാകാനുള്ള സാധ്യത എക്കാലവും നിലനിൽക്കും. ഇത്തരം സാഹചര്യങ്ങൾ രൂപപ്പെടുന്നതിന്റെ കാരണങ്ങളെയോ പ്രക്രിയകളെയോ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ഫാഷിസവും നാസിസവും വളരാനിടയാകുന്ന ആഗോള – ദേശീയ- പ്രാദേശിക സാമൂഹിക സാഹചര്യങ്ങളോ ചരിത്ര സന്ദർഭങ്ങളോ പരിഗണിക്കാതെയുള്ള ഏതുതരം പ്രവർത്തനങ്ങളും അർഥശൂന്യമായി ഭവിക്കാനാണ് സാധ്യത.

നാസികൾ പരമ്പരാഗത മതവിശ്വാസങ്ങളെ തിരസ്കരിച്ച് പുതിയ കൾട്ടുകൾക്ക് രൂപം നൽകുകയുണ്ടായി. ബഹുജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. ഹിമ്ളറുടെ നേതൃത്വത്തിലാണ് പുതിയ നാസീ കൾട്ടുകൾക്ക് തുടക്കം കുറിച്ചത്. ആൽഫ്രഡ് റോസെൻബെർഗ് (1893-1946) ആയിരുന്നു താത്വികാചാര്യൻ. Myth of the Twentieth Century ( Der Mythus des Zwanzigsten Jahrhunderts)യാണ് പ്രധാന കൃതി. 1930ൽ പ്രസിദ്ധീകരിച്ചു. നാസിസത്തിന് ശാസ്ത്രീയും പ്രത്യയശാസ്ത്രപരവുമായ അടിത്തറ നൽകുന്ന കൃതിയെന്ന് ഗവണ്മെന്റ് അവാർഡ് നൽകി പ്രഖ്യാപിക്കുകയും ചെയ്തു . 1944ൽ തന്നെ പത്തുലക്ഷം കോപ്പികളാണെത്രെ വിറ്റഴിഞ്ഞത്. ഈ കൃതിയുടെ ഉപശീർഷകം നമ്മുടെ കാലഘട്ടത്തിലെ ആത്മീയ – ധൈഷണിക ഏറ്റുമുട്ടലുകൾ എന്നാണ്. നാസിസം പ്രചരിപ്പിക്കാൻ രൂപപ്പെടുത്തിയ കൾട്ടുകളും വിശ്വാസങ്ങളും എന്തൊക്കെയാണെന്നും അവയിൽ പലതും പിൽക്കാലത്ത് അവശേഷിച്ചത് എങ്ങനെയെന്നും ഈ കൃതിയിൽ അന്വേഷിക്കുന്നുണ്ട്.

ചരിത്രം നൽകുന്ന ഏറ്റവും വലിയപാഠം എന്താണ്? പൊതുവേ നൽകാറുള്ള കൗതുകകരമായ ഉത്തരമിതാണ്: ചരിത്രത്തിൽ നിന്നും മനുഷ്യർ പാഠം പഠിക്കാറില്ല എന്നതു തന്നെ! ഇവിടെ മനുഷ്യർ എന്നതിൽ എല്ലാ മനുഷ്യരും ഉൾപ്പെടുന്നു. ഏതു മതക്കാരായാലും രാഷ്ടീയ വീക്ഷണമുള്ളവരായാലും ഇത് വലിയൊരു സത്യമാണ്. ഒന്നാമതായി, ചരിത്രം പഠിക്കാൻ തന്നെ നേരമില്ല. പിന്നെയല്ലേ, അതിൽ നിന്നുള്ള പാഠം? ഒരു കാര്യം സൂചിപ്പിക്കാം. യൂറോപ്പിലുള്ള എല്ലാ ജർമ്മൻ വംശജരെയും കൂട്ടിച്ചേർത്ത് വലിയൊരു സാമ്രാജ്യമുണ്ടാക്കാനാണ് അഡോൾഫ് ഹിറ്റ്ലറും നാസികളും രണ്ടാം ലോകയുദ്ധം അതിഗംഭീരമായി തുടങ്ങിയത്. 1939 സെപ്തമ്പർ ഒന്നിന് ഹിറ്റ്ലർ പോളണ്ട് ആക്രമിച്ചു കൊണ്ട് രണ്ടാം ലോകയുദ്ധം ഉൽഘാടനം ചെയ്തു! 1945 ഏപ്രിൽ 30ന് ഹിറ്റ്ലറും ഭാര്യയും ആത്മഹത്യ ചെയ്യുകയും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു നാസീ നേതാക്കളും സ്വയം ജീവനൊടുക്കുകയും സെപ്തമ്പർ രണ്ടിന് യുദ്ധം ഒഫീഷ്യലീ അവസാനിക്കുകയും ചെയ്തു. അതിനിടെ അമേരിക്കൻ സൈന്യം തെക്കൻ ജർമ്മനിയും ബ്രിട്ടൻ പടിഞ്ഞാറ് – വടക്ക് ഭാഗങ്ങളും ഫ്രാൻസ് തെക്ക്-പടിഞ്ഞാറ് പ്രദേശങ്ങളും സോവിയറ്റ് സേന മധ്യഭാഗങ്ങളും പോളണ്ട് കിഴക്കൻ ഭാഗങ്ങളും കീഴടക്കി. 1949ൽ ജർമ്മനി രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു! സോവിയറ്റ് നിയന്ത്രണത്തിലുള്ള കിഴക്കൻ ജർമ്മനിയും ( German Democratic Republic) അമേരിക്കൻ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ ജർമ്മനിയും (Federal Republic of Germany ). ജർമ്മനിയെ ലോകാധികാരത്തിൻ്റെ നെറുകയിൽ സ്ഥാപിക്കാൻ ഇറങ്ങിത്തിരിച്ച ഹിറ്റ്ലറുടെ ഗതികേടിൻ്റെ ആഴം ചരിത്രത്തിൻ്റെ ഏതെങ്കിലും മാപിനികളാൽ അളക്കാനാകുമോ?

അഞ്ചു വർഷങ്ങൾക്കിടയിൽ എണ്ണൂറ് ലക്ഷം മനുഷ്യരുടെ മരണത്തിന് കാരണമായ രണ്ടാം ലോകയുദ്ധത്തിന് തുടക്കം കുറിച്ച നാസികളുടെ നേട്ടമാണിത്! ചരിത്രത്തിലെ അനിഷേധ്യമായ ഈ പാഠം ഗ്രഹിക്കാതെ ഇനിയും ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ ഫലം മറിച്ചാവില്ലെന്ന് കരുതാൻ സാമാന്യബുദ്ധി മതി. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന ആഴ്ചകളിൽ നാസികളുൾപ്പെടെ പതിനായിരക്കണക്കിന് ജർമ്മൻകാരാണ് ആത്മഹത്യ ചെയ്തത് ! നാസി സൈന്യത്തിലെ അൻപത് ലക്ഷം പേർ കൊല്ലപ്പെട്ടു!

എക്കാലത്തെയും നാസീ മനോഭാവക്കാർക്ക് ‘അഭിമാനി’ക്കാവുന്ന നേട്ടങ്ങൾ ! അതുകൊണ്ടാകാം ചരിത്രത്തിൽ ഇത്രയേറെ നാശമുണ്ടാക്കിയ മറ്റൊരാളില്ലെന്ന് നാസീ ജർമ്മനിയെക്കുറിച്ച് ഗവേഷണം നടത്തിയവരിൽ പ്രമുഖനായ ഷിഫീൽഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ: ഇയാൻ കെർഷോ അഭിപ്രായപ്പെട്ടത്.

മേൽ വിവരിച്ച കാര്യങ്ങളേക്കാൾ വിചിത്രമാണ് ഹിറ്റ്ലറുടെ ജർമ്മൻ ദേശീയവാദം.
ഹിറ്റ്ലർ യഥാർഥത്തിൽ ജർമ്മൻകാരനല്ല. അയൽ രാജ്യമായ ഓസ്ടിയക്കാരനാണ്. അവിടുത്തെ ബൗനൗ അം ഇൻ (Braunau am Inn) എന്ന ടൗണിലാണ് ജനിച്ചത് ( അപ്പർ ഓസ്ടിയയുടെ തലസ്ഥാനമായ ലിൻസിന്റെ ചരിത്രമറിയാൻ ഇവാൻ ബക്കിയുടെ Hitler’s Hometown: Linz, Austria 1908-1945 എന്ന കൃതി നോക്കാം. Indiana University Press , 1986) . ഓസ്ട്രിയക്കാരനായ ഹിറ്റ്ലർ ജർമ്മനിയിലേക്ക് കുടിയേറിയ വ്യക്തിയാണ്. സാക്ഷാൽ ജർമ്മൻകാരുടെ ദൃഷ്ടിയിൽ വരത്തൻ ! എന്നിട്ടാണ് ജർമ്മൻ ദേശീയ വികാരങ്ങൾ ഇളക്കിവിട്ട് അധികാരം കിട്ടിയപ്പോൾ ഓസ്ട്രിയയെ കീടഴക്കി ജർമ്മനിയോട് കൂട്ടിച്ചേർത്തത്! സ്വന്തം രാജ്യത്തു നിന്നും അന്യരാജ്യത്തേക്ക് കുടിയേറി അവിടെ അധികാരിയായ ശേഷം സ്വന്തം രാജ്യത്തെ ആക്രമിച്ച് കുടിയേറിയ രാജ്യത്തോട് കൂട്ടിച്ചേർക്കുക! ഇത്രയും വലിയ മറ്റൊരു ദേശദ്രോഹിയെ ചരിത്രത്തിൽ കാണാനാവുമോ? സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർക്ക് ഹിറ്റ്ലർ മാതൃകയാവുന്നതിൻ്റെ മനശാസ്ത്രപരമായ രഹസ്യം ഇതാണോ എന്ന് ഗവേഷണതൽപരർക്ക് അന്വേഷിക്കാവുന്നതാണ്.

ഇത്തരം അനുഭവ വിവരണങ്ങളോടൊപ്പം നിരവധി ചരിത്ര പഠനങ്ങൾ, യുദ്ധ രേഖകൾ, രഹസ്യാന്വേഷണ ഏജൻസികളുടെ ഡീ ക്ലാസിഫൈ ചെയ്ത ഫയലുകൾ, ന്യൂ റംബെർഗ് വാർ ക്രൈം ട്രൈബ്യൂണൽ വിധികൾ … ഇത്തരം നിരവധി സ്രോതസുകളുടെ വലിയൊരു ശേഖരം എനിക്ക് ലഭ്യമായിരുന്നു. Trials of the War Criminals എന്ന ശീർഷകത്തിൽ ലഭ്യമായ പതിനഞ്ച് വോള്യങ്ങൾ, Trial of Major War Criminalട എന്ന പേരിലുള്ള നാൽപ്പത്തിരണ്ട് വോള്യങ്ങൾ, Nazi Conspiracy and Agression എന്ന പേരിലുള്ള എട്ടുവോള്യങ്ങൾ എന്നിവയും ഇവയെക്കുറിച്ചുള്ള പിൽക്കാല പഠനങ്ങളും ചിലതു മാത്രമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവിചാരണ ന്യൂറംബെർഗ് ട്രയൽ ആയിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ പൊതുവായ വിലയിരുത്തൽ. നാസികളുടെ ഹോളോകോസ്റ്റ് അടക്കമുള്ള ചരിത്രത്തിലെ ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരെയാണ് വിചാരണ ചെയ്തത്. അമേരിക്ക, ബ്രിട്ടൻ, സോവിയറ്റ് യൂണിയൻ തുടങ്ങിയ സംഖ്യ രാജ്യങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച International Military Tribunal ആണ് ഇതു നടത്തിയത്. പിന്നീട് Nuremberg Military Tribunal-ന്റെ നേതൃത്വത്തിലും തുടർ വിചാരണകളുണ്ടായി.

ഇത്തരം പഠനങ്ങൾക്ക് പുറമെ രണ്ടാം ലോകയുദ്ധത്തെയും നാസി കാലഘട്ടത്തെയും കുറിച്ചുള്ള നിരവധി ഡീക്ലാസിഫൈഡ് രഹസ്യാന്വേഷണ രേഖകൾ ഇന്നു ലഭ്യമാണ്. FBl, CIA തുടങ്ങി യു.എസ്.ആർമി ഇൻറലിജെന്റ്സ് രേഖകൾ വരെ റഫറൻസിന് ഉപകാരപ്പെടും. 1999 ജനുവരി 11ന് ഇത്തരം രഹസ്യ രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ Nazi War Criminal Records Interagency Working Group ( IWG) രൂപീകൃതമായി . ബിൽ ക്ലിന്റൻ അമേരിക്കൻ പ്രസിഡന്റായിരിക്കെയാണ് ഇതിനുള്ള ശ്രമമുണ്ടായത്. ഇതിനെ തുടർന്ന് എൺപതുലക്ഷം രഹസ്യരേഖങ്ങൾ പുറത്തുവിട്ടു . ഇത്തരം രണ്ട് ലക്ഷത്തി നാൽപ്പതിനായിരം എഫ്.ബി.ഐ.പേജുകൾ പുറത്തുവിട്ടതായി 2004 മെയ് 13ലെ പ്രസ് റിലീസിൽ കാണാം.

ഈ മേഖലയിൽ നടന്ന പഠനങ്ങളും ലഭ്യമായ രേഖകളും ഇപ്പോഴും തുടരുന്ന ഗവേഷണങ്ങളുമെല്ലാം അമ്പരപ്പിക്കും വിധം വിപുലമാണ്. അതിൽ നിന്നും ഒരു തരിയെടുത്ത് രുചിച്ചു നോക്കാനേ എനിക്ക് സാധിച്ചിട്ടുള്ളൂ. അതിൻ്റെ ഫലമാണ് ഈ പുസ്തകം. പോളിസി സ്റ്റഡീസ്, പീസ് സ്റ്റഡീസ്, കോൺഫ്ലിക്റ്റ് റസലൂഷൻ, ഇൻറർനാഷണൽ റിലേഷൻസ്, മൾട്ടി കൾച്ചറലിസം, ഐഡൻ്റിറ്റി സ്റ്റഡീസ് തുടങ്ങി നിരവധി ഗവേഷണ മേഖലകൾ ഇന്ന് സജീവമാണ്. സ്വദേശത്തും വിദേശത്തും ഈ മേഖലയിൽ ധാരാളം ജോലിക്കാരെ ആവശ്യമുണ്ട് താനും. പുതിയ തലമുറയിലെ അക്കാദമീഷ്യന്മാരും വിദ്യാർഥികളും കൂടുതൽ പഠനങ്ങൾക്കായി മുന്നിട്ടിറങ്ങാൻ ഇത് പ്രേരണയാകട്ടെ എന്ന് ആഗ്രഹിക്കുകയാണ്.

_ ഹിറ്റ്ലർ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു?
എൻ.എം.ഹുസൈൻ


BUY NOW

Follow us on | Facebook | Instagram Telegram | Twitter | Threads