ജാസ്സീ ഗിഫ്റ്റ് പാടുമ്പോള്‍

ജാസ്സീ ഗിഫ്റ്റ് പാടുമ്പോള്‍
നാട്ടിലെ സംഗീതജ്ഞപ്രമുഖര്‍ക്ക് മാത്രമല്ല
സ്ഥലത്തെ പ്രധാന വിപ്ലവപ്പാട്ടുകാര്‍ക്കുകൂടി
ഉറക്കം നഷ്ടപ്പെടുന്നു…

2005 ആദ്യം ബോംബെയില്‍ ഒരു ചടങ്ങിന്‍റെ ഉദ്ഘാടനത്തിന് വന്ന മലയാള കവി മലയാള സിനിമയ്ക്ക് ഇംഗ്ലീഷ് പേരുകളിടുന്നവരും ജാസ്സീ ഗിഫ്റ്റിനെ പോലുള്ളവരുമൊക്കെ മലയാളത്തെ നശിപ്പിക്കുന്നതും അതിനൊത്ത്, നമ്മുടെ സമ്പന്നമായ കഥകളിയുടെയും കൂടിയാട്ടത്തിന്‍റെയും നൃത്ത പാരമ്പര്യം ഉപേക്ഷിച്ച്, ആണും പെണ്ണും ഒരേ താളത്തിലാടുന്നതും ഒക്കെ കണ്ട് മലയാളത്തിന്‍റെയും മലയാളിയുടെയും ഭാവിയെക്കുറിച്ചോര്‍ത്ത് വിലപിക്കുന്നത് കേള്‍ക്കാന്‍ ഇടയായി.

അതിന്‍റെ അടുത്ത ദിവസം ബോംബെയില്‍ തന്നെ മറ്റൊരിടത്ത് നടന്ന കവിയരങ്ങില്‍ അവതരിപ്പിക്കാന്‍ വേണ്ടി എഴുതിയതാണീ കവിത. കവിയോടും ബോംബെയിലെ ‘ഇരിപ്പ്’ എന്ന കവിതാ കൂട്ടായ്മയോടും ജോബി, മണിലാല്‍ തുടങ്ങിയവരോടും ശ്രീജിതയോടും പോപ്പിനോടുമൊക്കെ കടപ്പാട്.

കവിയരങ്ങില്‍ പ്രസ്തുത കവി, ‘നിങ്ങളുടെ തലമുറയ്ക്ക് വിപ്ലവം എന്താണെന്നറിയില്ല, ലാറ്റിന്‍ അമേരിക്കയില്‍ ഇപ്പോഴും വിപ്ലവം നടക്കുന്നുണ്ട്’ എന്നൊക്കെ പറഞ്ഞ്‌ പ്രതികരിച്ചു. സിനിമാറ്റിക് ഡാന്‍സ് നിരോധിച്ച വാര്‍ത്ത കേട്ടപ്പോള്‍ പഴയ കടലാസ് തപ്പിയെടുത്തതാണ്. കുറച്ചുഭാഗം ചിതലരിച്ചുപോയി. ഒരൂഹം വെച്ചും ഓര്‍മ്മയില്‍ നിന്നുമായി പൂരിപ്പിച്ചു. ഇതൊരു കവിതയാണെന്ന അവകാശവാദമില്ല.


സുദീപ് അൽമിത്ര

ജാസ്സീ ഗിഫ്റ്റ് പാടുമ്പോള്‍
നാട്ടിലെ സംഗീതജ്ഞപ്രമുഖര്‍ക്ക് മാത്രമല്ല
സ്ഥലത്തെ പ്രധാന വിപ്ലവപ്പാട്ടുകാര്‍ക്കുകൂടി
ഉറക്കം നഷ്ടപ്പെടുന്നു.

ആണുങ്ങള്‍ പെണ്‍വേഷം കേട്ടിയാടുന്നതും
പെണ്ണുങ്ങള്‍ ആണുങ്ങളെ മോഹിപ്പിക്കാന്‍
കാഴ്ചപ്പണ്ടമായി ചമഞ്ഞാടുന്നതും
മാത്രം കണ്ടുശീലിച്ചവര്‍ക്ക്
ആണ്‍കുട്ടികളും പെണ്‍കുട്ടികളും
ഒരേ താളത്തില്‍ ചുവടുവയ്ക്കുന്നത്
ഒരു പെരുത്ത വഷളത്തരവും
നമ്മള്‍ നമ്മുടേതെന്നു പഠിച്ചിട്ടുള്ള
സംസ്കാരത്തിനൊരു വെല്ലുവിളിയുമാകുന്നു.

ഗാനതരംഗിണിയില്‍ ഗാനശില്‍പികള്‍
പെണ്ണെന്ന ചരക്കിന്‍റെ ഭംഗിയും
മാതൃത്വത്തിന്‍റെയും സ്ത്രീത്വത്തിന്‍യും മഹത്വവും
കാതുകള്‍ക്ക് വെള്ളമിറക്കാനും
ത്യാഗം സഹിക്കേണ്ടത്
തങ്ങളുടെ പണിയല്ലെന്നുറപ്പാക്കാനും
ഒക്കെയായി
പലവിധത്തില്‍ എടുത്തിട്ടു പെരുമാറിയപ്പോള്‍
അധികം പഠിപ്പില്ലാത്ത ചില കൂട്ടുകാര്‍ പറഞ്ഞു
‘അര്‍ത്ഥമുള്ള പാട്ട് !’
കുറച്ചുകൂടി പഠിച്ചവര്‍ പറഞ്ഞത്
‘മീനിങ്ങുള്ള പാട്ട്’ എന്നാണ്.
ജാസ്സി പാടുമ്പോഴാകട്ടെ
അത് പാട്ടിന്‍റെ മരണമാവുന്നു.

ജാസ്സീ, നീ ഒരു വലിയ പാട്ടുകാരനല്ലായിരിക്കാം.
നീ പാടുന്ന പാട്ടുകളില്‍
‘മീനിങ്ങ്’ കുറവായിരിക്കാം.
നിന്‍റെ പാട്ടുകള്‍ക്ക്
ഏറെ ആയുസ്സില്ലായിരിക്കാം.
ബോബ് മാര്‍ലിയുടെയോ
ബോബ് ഡിലന്‍റെയോ
ഗദറിന്‍റെയോ പേരിനോടൊപ്പം
നിന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നത്
ആരുടെയോ വിവരക്കേടായിരിക്കാം.
എങ്കിലും
നമ്മുടെ സംസ്കാരത്തിന്‍റെ കാവലാളുകളായ
ഒരു സംഗീതപ്രതിഭയുടെയോ
ഒരു വിപ്ലവകവിയുടെയോ
പലനാട്ടിലും നമ്മുടെ പെരുമയെത്തിച്ച
ഒരു സിനിമാവിഷ്കാരകന്‍റെയോ
സ്വൈരം കെടുത്താനത് ധാരാളമാണെന്നിരിക്കെ
ജാസ്സീ, നീയിനിയും പാടുക.

കൂട്ടുകാരീ, നമുക്കും അന്നക്കിളിയോടോത്ത്
വര്‍ണ്ണക്കനവുകളേറിയാടാം.
നമുക്ക് കണ്ടുപരിചയമില്ലാത്ത,
ഒരിക്കലും നമ്മുടെതായിരുന്നിട്ടില്ലാത്ത
കഥകളിയുടെയും കൂടിയാട്ടത്തിന്‍റെയും താളത്തിലല്ല,
പ്രേക്ഷകപ്രമുഖരായ ആണ്‍കൂട്ടങ്ങള്‍ക്ക് സ്ഖലനമുണ്ടാക്കുന്ന
മോഹിനിയുടെ താളത്തിലുമല്ല
എന്‍റെയും നിന്‍റെയും
പ്രണയത്തിന്‍റെ താളത്തില്‍.
അതിനൊത്തു നമ്മുടെ വയറ്റില്‍ ചുവടുവയ്ക്കുന്ന
നാളെയുടെ സ്പന്ദനത്തിന്‍റെ താളത്തില്‍.
_ സുദീപ് അൽമിത്ര

Leave a Reply